5 വിക്കറ്റ് ജയം നേടി ദക്ഷിണാഫ്രിക്ക, ബാറ്റിംഗില്‍ തിളങ്ങി ഡുമിനി, ഡിക്കോക്ക്, ഡു പ്ലെസി

ശ്രീലങ്കയ്ക്കെതിരെ അനായാസ ജയം നേടി ദക്ഷിണാഫ്രിക്ക. ജെപി ഡുമിനുയടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 194 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം 31 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അകില ധനന്‍ജയയുടെ മൂന്ന് വിക്കറ്റ് നേട്ടം മാത്രമാണ് ശ്രീലങ്കന്‍ ബൗളര്‍മാരില്‍ നിന്നുള്ള മെച്ചപ്പെട്ട പ്രകടനം. തുടരെയുള്ള പന്തുകളില്‍ ഹാഷിം അംല, എയ്ഡന്‍ മാര്‍ക്രം എന്നിവരെ പുറത്താക്കിയ അകില ധനന്‍ജയ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചുവെങ്കിലും മൂന്നാം വിക്കറ്റില്‍ 86 റണ്‍സ് നേടി ക്വിന്റണ്‍ ഡിക്കോക്ക്-ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് ടീമിനെ വിജയത്തിനോട് അടുത്തെത്തിച്ചു.

ഡിക്കോക്കിനെയും ധനന്‍ജയ തന്നെയാണ് പുറത്താക്കിയത്. 47 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഓപ്പണര്‍ നേടിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഫാഫ് ഡു പ്ലെസിയെയും(47) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ ജീന്‍ പോള്‍ ഡുമിനി ശ്രീലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ സമ്മര്‍ദ്ദത്തിനുള്ള ടീമിന്റെ ശ്രമങ്ങള്‍ ഫലം കാണാതെ പോയി.

32 പന്തില്‍ നിന്ന് 53 റണ്‍സുമായി ഡുമിനിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഒപ്പം വില്യം മുള്‍ഡര്‍ 14റണ്‍സ് നേടി നിന്നു. ശ്രീലങ്കയ്ക്കായി അകില ധനന്‍ജയ നേടിയ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമേ സുരംഗ ലക്മല്‍ , ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial