10 വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി വിന്‍ഡീസ്

- Advertisement -

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 132 റണ്‍സിനു അവസാനിപ്പിച്ച് 14 റണ്‍സെന്ന ശുഷ്കമായ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നപ്പോള്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ നാണംകെടുത്തി ആതിഥേയരായ വിന്‍ഡീസ്. ബാര്‍ബഡോസിനു പിന്നാലെ ആന്റിഗ്വയിലും ഇംഗ്ലണ്ട് ബാറ്റിംഗ് ദുര്‍ബലമായപ്പോള്‍ 10 വിക്കറ്റിന്റെ ജയമാണ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തില്‍ തന്നെ വിന്‍ഡീസ് കരസ്ഥമാക്കിയത്.

119 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡോടെ 306 റണ്‍സിനാണ് വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനു ഇറങ്ങിയ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. നാല് വിക്കറ്റുമായി ജേസണ്‍ ഹോള്‍റും കെമര്‍ റോച്ചുമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. അല്‍സാരി ജോസഫിനു 2 വിക്കറ്റ് ലഭിച്ചു.

24 റണ്‍സ് നേടിയ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോ ഡെന്‍ലി 17 റണ്‍സും റോറി ബേണ്‍സ് 16 റണ്‍സും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കൊപ്പം ഇവര്‍ക്കാര്‍ക്കും ക്രീസില്‍ അധിക സമയം നില്‍ക്കുവാന്‍ വിന്‍ഡീസ് അവസരം നല്‍കിയിരുന്നില്ല. ആദ്യ ഇന്നിംഗ്സില്‍ 187 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായതെങ്കില്‍ അതിലും ദയനീയമായ പ്രകടനമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് പുറത്തെടുത്തത്.

കെമര്‍ റോച്ചാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement