മഴയ്ക്കൊടുവില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്, പരമ്പരയില്‍ 2-0നു മുന്നില്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിനത്തില്‍ രണ്ടാം ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. രണ്ട് മത്സരങ്ങള്‍ പരമ്പരയില്‍ ശേഷിക്കെ ഇംഗ്ലണ്ട് 2-0നു പരമ്പരയില്‍ മുന്നിലാണ്. മഴ മൂലം ഏറെ വൈകി ആരംഭിച്ച മത്സരം 21 ഓവറായി ചുരുക്കുകയായിരുന്നു. ശ്രീലങ്ക 21 ഓവറില്‍ നിന്ന് 150/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 18.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കി. ആദില്‍ റഷീദാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 57 റണ്‍സ് 5.3 ഓവറില്‍ നിന്ന് കൂട്ടിചേര്‍ത്ത ശേഷം നിരോഷന്‍ ഡിക്ക്വെല്ല(36) പുറത്തായി. കുശല്‍ മെന്‍ഡിസിനെയും സദീര സമരവിക്രമയെയും(35) പുറത്താക്കിയ ആദില്‍ റഷീദ് മത്സരത്തില്‍ നിന്ന് 4 വിക്കറ്റാണ് വീഴ്ത്തിയത്. 34 റണ്‍സ് നേടിയ ദിനേശ് ചന്ദിമലിനെ പുറത്താക്കിയ ടോം കറന്‍ മത്സരത്തില്‍ നിന്ന് 3 വിക്കറ്റ് വീഴ്ത്തി. ദസുന്‍ ഷനക പത്ത് പന്തില്‍ നിന്ന് 21 റണ്‍സ് നേടി.

മറപുടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ നാലോവറില്‍ തന്നെ ജോണി ബൈര്‍സ്റ്റോയെയും ജോ റൂട്ടിനെയും നഷ്ടമായെങ്കിലും ജേസണ്‍ റോയിയും(41) ഓയിന്‍ മോര്‍ഗനും(58*) ചേര്‍ന്ന് മികച്ച നിലയിലേക്ക് ടീമിനെ നയിച്ചു. റോയ് 26 പന്തില്‍ നിന്നാണ് 41 റണ്‍സ് നേടിയത്. മോര്‍ഗനു കൂട്ടായി വിജയ സമയത്ത് 35 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് ക്രീസിലുണ്ടായിരുന്നു. അമില അപോന്‍സോയ്ക്ക് ശ്രീലങ്കന്‍ ബൗളര്‍മാരില്‍ രണ്ട് വിക്കറ്റ് നേടാനായി.

Previous articleമൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി സായി പ്രണീത്
Next articleഫൈനലില്‍ തോല്‍വി, ആകാശ് മാലിക്കിനു വെള്ളി