ഇംഗ്ലണ്ട് 236 റൺസിന് എല്ലാവരും പുറത്ത്, ഓസ്‌ട്രേലിയക്ക് വമ്പൻ ലീഡ്

England Australia Test

ഓസ്‌ട്രേലിക്കെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 236 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ 473 റൺസ് നേടിയ ഓസ്ട്രേലിയ ഇന്നിങ്സിന് മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ തകരുന്ന കാഴ്ചയാണ് മത്സരത്തിന്റെ മൂന്നാം ദിവസം കാണാനായത്. ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് 237 റൺസിന്റെ ലീഡ് ആണ് ഉള്ളത്. ഇംഗ്ലണ്ടിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഓസ്ട്രേലിയ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ തുടക്കത്തിൽ ഓപ്പണർമാർ ഇംഗ്ലണ്ടിന് പെട്ടെന്ന് നഷ്ടമായെങ്കിലും ക്യാപ്റ്റൻ ജോ റൂട്ടും ഡേവിഡ് മലനും ചേർന്ന് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 138 റൺസ് ചേർത്തെങ്കിലും തുടർന്ന് വന്ന ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ഡേവിഡ് മലൻ 80 റൺസ് എടുത്തും ജോ റൂട്ട് 62 റൺസ് എടുത്തും പുറത്തായി. തുടർന്ന് 34 റൺസ് എടുത്ത ബെൻ സ്റ്റോക്സും 24 റൺസ് എടുത്ത ക്രിസ് വോക്‌സും ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയൻ ബൗളർമാർ അതിന് അനുവദിച്ചില്ല. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 4 വിക്കറ്റും നാഥൻ ലിയോൺ 3 വിക്കറ്റും കാമറൂൺ ഗ്രീൻ 2 വിക്കറ്റും വീഴ്ത്തി.

Previous articleവാക്സിൻ എടുക്കുന്നത് നിർബന്ധമാണ് എന്ന് ക്ലോപ്പ്
Next articleകലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ജോ റൂട്ട്