30 പന്തില്‍ 75 റണ്‍സുമായി റഖീം കോണ്‍വാല്‍, സൂക്സ് ജയം

ജമൈക്ക തല്ലാവാസിനെ വീണ്ടുമൊരു പരാജയത്തിലേക്ക് തള്ളിയിട്ട് സെയിന്റ് ലൂസിയ സൂക്സ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ സൂക്ക്സ് 16.4 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ടീമിനും അഞ്ച് വിക്കറ്റാണ് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ റഖീം കോണ്‍വാലും ആന്‍ഡ്രേ ഫ്ലെച്ചറും ചേര്‍ന്ന് നേടിയ മിന്നും തുടക്കമാണ് അനായാസ വിജയത്തിലേക്ക് സൂക്ക്സിനെ നയിച്ചത്. 8.4 ഓവറില്‍ 111 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് തകര്‍ന്നത്.

30 പന്തില്‍ 75 റണ്‍സ് നേടിയ റഖീം 8 സിക്സും 4 ഫോറും നേടി. ആന്‍ഡ്രേ ഫ്ലെച്ചര്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 25 റണ്‍സ് നേടി. തല്ലാവാസിന് വേണ്ടി ഒഷെയ്ന്‍ തോമസ് മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജമൈക്കയ്ക് വേണ്ടി ഗ്ലെന്‍ ഫിലിപ്പ്സ്(58), റോവ്മന്‍ പവല്‍(44) എന്നിവരാണ് റണ്‍സ് കണ്ടെത്തിയത്. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ ആന്‍ഡ്രേ റസ്സലിന് പരിക്കേറ്റത് ടീമിന്റെ 200 കടക്കുക എന്ന സാധ്യതകളെ തടസ്സപ്പെടുത്തി. ഷമാര്‍ സ്പ്രിംഗര്‍(14*), ഡെര്‍വാല്‍ ഗ്രീന്‍(17*) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 170 റണ്‍സിലേക്ക് നയിച്ചത്. ഒബേദ് മക്കോയ്, ഫവദ് അഹമ്മദ് എന്നിവര്‍ സൂക്ക്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.