CPL

മികച്ച തുടക്കം കളഞ്ഞ് കുളിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്, സൂക്ക്സിന്റെ മികച്ച തിരിച്ചുവരവിന് ശേഷം കളി മുടക്കി മഴ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മികച്ച തുടക്കം കൈവിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീമിന് 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സ് ആണ് മിന്നും തുടക്കം നല്‍കിയത്. 3.3 ഓവറില്‍ ജോണ്‍സണ്‍ ചാള്‍സ് പുറത്താകുമ്പോള്‍ ടീമിന്റെ സ്കോറും 35 റണ്‍സായിരുന്നു. മറുവശത്ത് നിന്നിരുന്ന ഷായി ഹോപിനെ കാഴ്ചക്കാരനാക്കിയായിരുന്നു ചാള്‍സിന്റെ വെടിക്കെട്ട്.

എന്നാല്‍ അധികം കൈവാതെ കോറെ ആന്‍ഡേഴ്സണ്‍(2), ഷായി ഹോപ്(19) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി 64/3 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും പിന്നീട് ജേസണ്‍ ഹോള്‍ഡറുടെ ആക്രമോത്സുക ബാറ്റിംഗ് ബാര്‍ബഡോസിന്റെ തുണയ്ക്കെത്തി. 12 പന്തില്‍ 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹോള്‍ഡറുടെ വിക്കറ്റ് കെസ്രിക് വില്യംസ് പുറത്താക്കി.

ഉടന്‍ തന്നെ ജോനാഥന്‍ കാര്‍ട്ടറെയും കൈല്‍ മേയേഴ്സിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി റോസ്ടണ്‍ ചേസ് ബാര്‍ബഡോസിന്റെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. അടുതത് ഓവറില്‍ റെയ്മണ്‍ റീഫറിനെ മാര്‍ക്ക് ദയാല്‍ പുറത്താക്കിയപ്പോള്‍ 98/3 എന്ന മികച്ച നിലയിലായിരുന്ന ബാര്ബഡോസ് 2 ഓവറിനുള്ളില്‍ 109/7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് ആഷ്‍ലി നഴ്സും മിച്ചല്‍ സാന്റനറും ചേര്‍ന്ന് 18.1 ഓവറില്‍ ടീമിനെ 131/7 എന്ന നിലയിലേക്ക് എത്തിച്ചപ്പോളേക്കും മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. 16 റണ്‍സ് നേടി ആഷ്‍ലി നഴ്സും സാന്റനര്‍ 8 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.