രക്ഷകനായി മണ്‍റോ, ആദ്യ ടി20 ന്യൂസിലാണ്ടിനു

പാക്കിസ്ഥാന്റെ ചെറിയ സ്കോറെങ്കിലും ന്യൂസിലാണ്ടിന്റെ തുടക്കം പാളിയതോടെ സമ്മര്‍ദ്ദത്തിലായ ആതിഥേയരുടെ രക്ഷയ്ക്കെത്തി കോളിന്‍ മണ്‍റോ. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണ് 8/2 എന്ന നിലയില്‍ ആയ ന്യൂസിലാണ്ടിന്റെ രക്ഷയ്ക്ക് ടോം ബ്രൂസ്(26)-കോളിന്‍ മണ്‍റോ കൂട്ടുകെട്ട് എത്തുകയായിരുന്നു. 49 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ബ്രൂസ് പുറത്തായെങ്കിലും മണ്‍റോ തന്റെ വെടിക്കെട്ട് തുടര്‍ന്നു. 43 പന്തില്‍ 46 റണ്‍സ് നേടി മണ്‍റോ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ആദ്യ ടി20യില്‍ 7 വിക്കറ്റ് ജയം ന്യൂസിലാണ്ടിനു സ്വന്തമായി. റോസ് ടെയിലര്‍ 22 റണ്‍സുമായി മണ്‍റോയ്ക്ക് മികച്ച പിന്തുണ നല്‍കി. 13 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ടെയിലറും മണ്‍റോയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 49 റണ്‍സാണ് നേടിയത്. 25 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ന്യൂസിലാണ്ട് ജയം.

പാക്കിസ്ഥാനു വേണ്ടി റുമ്മാന്‍ റയീസ് രണ്ടും ഷദബ് ഖാന്‍ ഒരു വിക്കറ്റും നേടി. ബാബര്‍ അസമിന്റെയും(41), ഹസന്‍ അലിയുടെയും(23) ബാറ്റിംഗാണ് പാക്കിസ്ഥാനെ 105 എന്ന സ്കോറിലേക്ക് എത്തിച്ചത്. ന്യൂസിലാണ്ടിനായി മൂന്ന് വിക്കറ്റുമായി ടിം സൗത്തി, സെത്ത് റാന്‍സ് എന്നിവര്‍ ബൗളിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial