ആധികാരിക വിജയവുമായി ഓസ്ട്രേലിയ, പരമ്പരയില്‍ ന്യൂസിലാണ്ടിനൊപ്പമെത്തി

Ausnz

ആരോണ്‍ ഫിഞ്ചിന്റെ മികവില്‍ ഓസ്ട്രേലിയ നേടിയ 156 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. 50 റണ്‍സ് വിജയം ഓസ്ട്രേലിയ സ്വന്തമാക്കിയതോടെ പരമ്പരയില്‍ ടീം ന്യൂസിലാണ്ടിന് ഒപ്പമെത്തി. കീവീസ് ടോപ് ഓര്‍ഡറില്‍ ആര്‍ക്കും റണ്‍സ് കണ്ടെത്താനാകാതെ വന്നപ്പോള്‍ വാലറ്റത്തില്‍ 18 പന്തില്‍ 30 റണ്‍സ് നേടി കൈല്‍ ജാമിസണ്‍ പൊരുതി നോക്കി. 18.5 ഓവറില്‍ 106 റണ്‍സിന് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആകുകയായിരുന്നു.

ജാമിസണിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് കെയിന്‍ റിച്ചാര്‍ഡ്സണ്‍ നേടിയത്. ആഷ്ടണ്‍ അഗര്‍, ആഡം സംപ, , ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി. 30 റണ്‍സ് നേടിയ കൈല്‍ ജാമിസണ്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടിം സീഫെര്‍ട്ട്(19), ഡെവണ്‍ കോണ്‍വേ(17) എന്നിവരാണ് രണ്ടക്ക സ്കോര്‍ നേടിയ മറ്റു താരങ്ങള്‍.