ടി20യില്‍ ഓസ്ട്രേലിയ തന്നെ മുന്നില്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍ കളിയിലെ താരം

Sports Correspondent

ടി20 ത്രിരാഷ്ട്ര പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ജയത്തോടെ ഓസ്ട്രേലിയ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് 7 വിക്കറ്റിന്റെ ജയം ഓസ്ട്രേലിയ സ്വന്തമാക്കിയത്. ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കെയിന്‍ റിച്ചാര്‍ഡ്സണ്‍ നേടിയ 3 വിക്കറ്റിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെ 20 ഓവറില്‍ 137 റണ്‍സിനു തളച്ചിടുകയായിരുന്നു ഓസ്ട്രേലിയ. ഏഴ് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനു വേണ്ടി ജോസ് ബട്‍ലര്‍ 46 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. സാം ബില്ലിഗ്സ് 29 റണ്‍സ് നേടി. കെയിന്‍ റിച്ചാര്‍ഡ്സണൊപ്പം(3) ബില്ലി സ്റ്റാന്‍ലേക്ക്(2), ആന്‍ഡ്രൂ ടൈ എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

ചെറിയ സ്കോര്‍ 14.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ മറികടന്നത്. ഡേവിഡ് വാര്‍ണര്‍ വീണ്ടും പരാജയപ്പെട്ടുവെങ്കിലും ഡിആര്‍ക്കി ഷോര്‍ട്ട്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം ഓസ്ട്രേലിയയെ അനായാസ ജയത്തിലേക്ക് നയിച്ചു.

ഷോര്‍ട്ട്(36*) റണ്‍സ് നേടിയപ്പോള്‍ 19 പന്തില്‍ നിന്നാണ് തന്റെ 31 റണ്‍സ് ക്രിസ് ലിന്‍ നേടിയത്. ഓസ്ട്രേലിയയുടെ ടോപ് സ്കോര്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍ ആയിരുന്നു. ഷോര്‍ട്ടിനൊപ്പം 20 റണ്‍സുമായി ആരോണ്‍ ഫിഞ്ചാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial