ഏഴ് തോല്‍വികള്‍ക്ക് ശേഷം ഓസ്ട്രേലിയ ജയിച്ചത് ഏഴ് റണ്‍സിനു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഴ് ഏകദിന തോല്‍വികള്‍ അതിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റണ്‍സ് ത്രില്ലര്‍ ജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ എട്ടാം തോല്‍വിയ്ക്ക് പോന്നൊരു സ്കോര്‍ മാത്രമായിരുന്നു ടീമിന്റെ കൈവശം. 48.3 ഓവറില്‍ ടീം 231 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അലക്സ് കാറെ 47 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ക്രിസ് ലിന്‍(44), ആരോണ്‍ ഫിഞ്ച്(41) എന്നിവരുടെ ശ്രമങ്ങളും ടീമിനു തുണയായപ്പോള്‍ വാലറ്റത്തില്‍ 22 റണ്‍സ് നേടി ആഡം സംപയും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

4 വിക്കറ്റ് നേടിയ കാഗിസോ റബാഡയും മൂന്ന് വിക്കറ്റുമായി ഡ്വെയിന്‍ പ്രെട്ടോറിയസും ഒപ്പം രണ്ട് വിക്കറ്റ് സ്വന്തമാക്കി ഡെയില്‍ സ്റ്റെയിനും ചേര്‍ന്നാണ് ഓസ്ട്രേലിയയെ പിടിച്ചു കെട്ടിയത്.

ചേസിംഗിനിറങ്ങി 68/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ഫാഫ് ഡു പ്ലെസി(47)-ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട്(51) ആണ് വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്നത്. 74 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. മില്ലര്‍ ക്രീസില്‍ നിന്നിരുന്ന സമയത്ത് ദക്ഷിണാഫഅരിക്ക വിജയം മണത്തിരുന്നുവെങ്കിലും 43ാം ഓവറിന്റെ മൂന്നാം പന്തില്‍ സ്റ്റോയിനിസ് താരത്തെ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പ്രയാണത്തിനു അത് വിഘ്നം സൃഷ്ടിച്ചു.

ലുംഗിസാനി ഗിഡിയും(19*) ഇമ്രാന്‍ താഹിറും(11*) ചേര്‍ന്ന് 22 റണ്‍സുമായി പത്താം വിക്കറ്റില്‍ ഒന്നു പൊരുതി നോക്കിയെങ്കിലും ഓവറുകള്‍ അവശേഷിക്കാതെ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 റണ്‍സിന്റെ അകലെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു.

സ്റ്റോയിനിസ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റാണ് ഓസ്ട്രേലിയയ്ക്കായി നേടിയത്. പാറ്റ് കമ്മിന്‍സിനു ഒരു വിക്കറ്റും ലഭിച്ചു. നായകന്‍ ആരോണ്‍ ഫിഞ്ചാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.