പൊരുതി നിന്ന് അജിങ്ക്യ രഹാനെ, 200 കടന്ന് ഇന്ത്യ

ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരെ തകര്‍ച്ചയില്‍ നിന്ന് 200 റണ്‍സ് കടക്കുക എന്ന വളരെ പ്രധാനമായ ദൗത്യം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ ടീം. അജിങ്ക്യ രഹാനെയുടെ ചെറുത്ത് നില്പാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത്. രഹാനെ ലോകേഷ് രാഹുല്‍, ഹനുമ വിഹാരി എന്നിവര്‍ക്കൊപ്പം നിന്ന് നേടിയ റണ്ണുകളാണ് ഇന്ത്യന്‍ സ്കോറിന് മാന്യത പകര്‍ന്നത്. ഒരു ഘട്ടത്തില്‍ 25/3 എന്ന നിലയിലായിരുന്നു ഇന്ത്യയെങ്കിലും ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ടീം നേടിയിട്ടുള്ളത്. ആന്റിഗ്വയിലും മഴ വില്ലനായപ്പോള്‍ വെറും 68.5 ഓവറുകള്‍ മാത്രമാണ് ഒന്നാം ദിവസം നടന്നത്.

81 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയ്ക്കാപ്പം ലോകേഷ് രാഹുല്‍(44), ഹനുമ വിഹാരി(32) എന്നിവര്‍ ഏറെ നിര്‍ണ്ണായകമായ ബാറ്റിംഗ് ആണ് പുറത്തെടുത്ത്. മഴ തടസ്സമായി എത്തുമ്പോള്‍ 20 റണ്‍സുമായി ഋഷഭ് പന്തും 3 റണ്‍സ് നേടി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

വിന്‍ഡീസിനായി കെമര്‍ റോച്ച് മൂന്നും ഷാനണ്‍ ഗബ്രിയേല്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ റോഷ്ടണ്‍ ചേസ് ഒരു വിക്കറ്റ് നേടി.