Champions League

ആൻഫീൽഡിലും അത്ഭുതങ്ങൾ കാണിക്കാൻ വിയ്യറയലിന് ആകുമോ?

യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇന്ന് വിയ്യറയലും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടും. ആൻഫീൽഡിൽ വെച്ചാണ് ആദ്യ പാദം നടക്കുന്നത്. ബയേൺ മ്യൂണിച്ചിനെ പരാജയപ്പെടുത്തി കൊണ്ട് സെമിയിലേക്ക് എത്തിയ വിയ്യറയൽ ഇന്ന് ആൻഫീൽഡിലും അത്ഭുതങ്ങൾ കാണിക്കുമോ എന്നത് കണ്ടറിയണം. ക്വാർട്ടർ ഫൈനലിൽ ബെൻഫികയെ തോൽപ്പിച്ച് ആയിരുന്നു ക്ലോപ്പിന്റെ ടീം സെമിയിലേക്ക് എത്തിയത്.

ക്ലോപ്പിന് കീഴിലെ മൂന്നാം ചാമ്പ്യൻസ് ലീഗ് ഫൈനൽ ആകും ലിവർപൂൾ ലക്ഷ്യമിടുന്നത്. ഒപ്പം ക്വാഡ്രപിൾ എന്ന വലിയ ലക്ഷ്യത്തിനൊപ്പം നിൽക്കുക എന്നതും ലിവർപൂളിന്റെ ഉദ്ദേശമാണ്‌. മേഴ്സി സൈഡ് ഡാർബി വിജയിച്ചു വരുന്ന ലിവർപൂൾ ഗംഭീര ഫോമിലാണ്. സലാ, മാനെ, ജോട, ലൂയിസ്, ഫർമീനോ എന്ന് തുടങ്ങി ആരെയും ഭീതിയിലാഴ്ത്തുന്ന അറ്റാക്ക് തന്നെയാണ് ലിവർപൂളിന്റെ കരുത്ത്.

ഉനായ് എമിറെയുടെ നോക്കൗട്ട് ഫിക്സ്ചറുകളിലെ മികവിൽ ആകും വിയ്യറയലിന്റെ പ്രതീക്ഷ. ബയേണിനെ മറികടന്ന വിയ്യറയൽ ലിവർപൂളിനെ അട്ടിമറിച്ചാലും ഫുട്ബോൾ ലോകത്ത് ഞെട്ടൽ ഉണ്ടാകില്ല. ഉനായ് എമിറെ യൂറോപ്യൻ പോരാട്ടങ്ങളിൽ അത്ര മികവുള്ള പരിശീലകനാണ്.

ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിലും ടെൻ2 ചാനലിലും കാണാം.