മാഞ്ചസ്റ്ററിൽ അറ്റാക്കോട് അറ്റാക്ക്!! ഏഴ് ഗോൾ ത്രില്ലറായി സിറ്റി റയൽ മാഡ്രിഡ് പോരാട്ടം

ഈ സീസണ റയൽ മാഡ്രിഡിന്റെ പല മത്സരങ്ങളും റോളർകോസ്റ്റർ ആയി മാറുന്നതാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഇന്ന് അത്തരം ഒരു അപാര മത്സരമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദിൽ ചെന്ന് നേരിട്ട റയൽ മാഡ്രിഡ് പരാജയപ്പെട്ടു എങ്കിലും രണ്ടാം പാദത്തിലേക്ക് ഏറെ പ്രതീക്ഷകളും ആയാകും അവർ മടങ്ങുന്നത്. ഏഴ് ഗോൾ പിറന്ന മത്സരത്തിൽ 4-3ന്റെ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്.

20220427 021605
ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കാണ് ഗംഭീര തുടക്കം ലഭിച്ചത്. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ആദ്യ ഗോൾ നേടി. മഹ്റെസ് നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ ഡിബ്രുയിൻ വലയിലാക്കി. ആദ്യ നിമിഷങ്ങളിൽ ഒക്കെ കളി സിറ്റിയുടെ കാലുകളിൽ തന്നെ ആയിരുന്നു. 11ആം മിനുട്ടിൽ അവരുടെ രണ്ടാം ഗോളും വന്നു. ഇത്തവണ ഇടതു വിങ്ങിൽ നിന്ന് ഡിബ്രുയിൻ നൽകിയ പാസ് സ്വീകരിച്ച് ഗ്രബിയേസ് ജീസുസ് ആണ് കോർതോയെ കീഴ്പ്പെടുത്തിയത്.

റയൽ കളി കൈവിടുകയാണെന്നും ഒരു മടക്കം ഉണ്ടാവില്ലെ എന്നും തോന്നിപ്പിച്ച നിമിഷങ്ങൾ. 2 ഗോളിന് ലീഡിന് നിൽക്കെ രണ്ട് തുറന്ന അവസരങ്ങൾ കൂടെ സിറ്റിക്ക് ലഭിച്ചു. പെനാൾട്ടി ബോക്സിൽ വെച്ച് ഡിബ്ര്യുയിൻ ഒരു ഭാഗത്ത് ഫ്രീ ആയി നിൽക്കെ പാസ് നൽകാതെ മഹ്റെസ് ഷോട്ട് എടുത്തതിലൂടെ ആദ്യ അവസരം നഷ്ടമായി. രണ്ടാമത്തെ അവസരം ഡിബ്രുയിന്റെ പാസിൽ നിന്ന് ഫോഡന്റെ ഷോട്ട് ആയിരുന്നു അത് ഗോൾപോസ്റ്റിന് ഉരുമ്മി പുറത്ത് പോയി.

അവസരങ്ങൾ നഷ്ടമാക്കിയത് സിറ്റിക്ക് തിരിച്ചടി ആയി. 33ആം മിനുട്ടിൽ ബെൻസീമ റയലിന് പ്രതീക്ഷ നൽകി കൊണ്ട് ഒരു ഗോൾ നേടി. മെൻഡിയുടെ ക്രോസിൽ നിന്നായിരുന്നു ബെൻസീമയുടെ ഗോൾ. ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ഫെർണാദീനോ നൽകിയ അളന്നു മുറിച്ചുള്ള ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കി ഫോഡൻ സിറ്റിക്ക് 2 ഗോൾ ലീഡ് തിരികെ നൽകി. സ്കോർ 3-1. ഇതിന് രണ്ട് മിനുട്ടുകൾക്ക് അകം റയലിന്റെ മറുപടി വന്നു. മൈതാന മധ്യത്ത് നിന്ന് ഫെർണാദീനോയെ കബളിപ്പിച്ച് കുതിച്ച വിനീഷ്യസ് ആ ഓട്ടം ഗോളുമായാണ് അവസാനിപ്പിച്ചത്. സ്കോർ 3-2.20220427 021416

അറ്റാക്കിംഗ് ഫുട്ബോൾ രണ്ട് ടീമുകളും തുടർന്നു. അവസാനം 74ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഇടം കാലൻ ഫിനിഷ് സേവ് ചെയ്യാൻ കോർതോ ശ്രമിച്ചു പോലുമില്ല. സ്കോർ 4-2. കളി ഇവിടെയും തീർന്നില്ല. 81ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് റയലിന് അനുകൂലമായി ഒരു പെനാൾട്ടി. ബെൻസീമ പെനാൾട്ടി സ്പോട്ടിൽ നിന്ന് തന്റെ 14ആം ചാമ്പ്യൻസ് ലീഗ് ഗോൾ നേടി. സ്കോർ 4-3.

ഇനി അടുത്ത ആഴ്ച രണ്ടാം പാദ സെമി ഫൈനൽ നടക്കും.