സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ്: കിരൺ സാഗറിന്റെ ഏഴ് വിക്കറ്റ് പ്രകടനം; ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമിക്ക് തകർപ്പൻ ജയം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന സെലസ്റ്റിയൽ ട്രോഫി ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ഷൈൻസ് സിസിക്കെതിരെ ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമിക്ക് 8 വിക്കറ്റിന്റെ മിന്നും വിജയം. കിരൺ സാഗറിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ട്രൈഡന്റിന് വിജയം എളുപ്പമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഷൈൻസ് സിസിക്ക് തുടക്കം മുതലേ വിക്കറ്റുകൾ നഷ്ടമായി. വെറും 17.2 ഓവറിൽ 74 റൺസിന് അവർ എല്ലാവരും പുറത്തായി. 27 പന്തിൽ നിന്ന് 33 റൺസ് നേടിയ കേരള Under 23 താരം എൻ. ഋഷികേശ് മാത്രമാണ് ഷൈൻസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ട്രൈഡന്റിനായി പന്തെറിഞ്ഞ മുൻ കേരളാ ഇടം കൈയ്യൻ സ്പിന്നർ കിരൺ സാഗർ എതിർനിരയെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞു. 5.2 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 12 റൺസ് മാത്രം വിട്ടുനൽകി 7 വിക്കറ്റുകളാണ് താരം പിഴുതത്.

75 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമി 7.5 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. പുറത്താകാതെ 22 പന്തിൽ 34 റൺസ് വീതം നേടിയ പി. ജോയ്ഫിൻ, അശ്വിൻ ആനന്ദ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് ട്രൈഡന്റ് വിജയം വേഗത്തിലാക്കി.
മാൻ ഓഫ് ദി മാച്ച്: കിരൺ സാഗർ (7/12)