ഒരേ ഒരു ഇന്ത്യ, മൂന്നാം തവണയും ടി20 ലോകകപ്പ് സ്വന്തം

ന്യൂസിലാണ്ടിനെതിരെ ടി20 ലോകകപ്പ് ഫൈനലില്‍ 96 റൺസ് വിജയം നേടി ഇന്ത്യ. ഇന്ത്യ മൂന്നാം തവണയാണ് ടി20 കിരീടം സ്വന്തമാക്കുന്നത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 255/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിന് 159 റൺസ് മാത്രമേ നേടാനായുള്ളു. 19 ഓവറിൽ ന്യൂസിലാണ്ട് ഓള്‍ഔട്ട് ആകുകയായിരുന്നു.
ഫിന്‍ അല്ലന്റെ ക്യാച്ച് ആദ്യ ഓവറിൽ തന്നെ ശിവം ദുബേ വിട്ടുവെങ്കിലും 9 റൺസ് നേടിയ താരത്തെ അക്സര്‍ പട്ടേൽ മൂന്നാം ഓവറിൽ പുറത്താക്കുകയായിരുന്നു. നേരത്തെ രണ്ടാം ഓവറിൽ ഹാര്‍ദ്ദിക്കിനെ ഒരോവറിൽ രണ്ട് സിക്സും ഫോറും പറത്തി ടിം സീഫെര്‍ട് ന്യൂസിലാണ്ടിന് മിന്നും തുടക്കം നൽകി. ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 31 റൺസായിരുന്നു ന്യൂസിലാണ്ട് നേടിയത്.
തൊട്ടടുത്ത ഓവറിൽ രച്ചിന്‍ രവീന്ദ്രയെ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്സിനെ ക്ലീന്‍ ബൗള്‍ഡാക്കി അക്സര്‍ ന്യൂസിലാണ്ടിന് മൂന്നാം പ്രഹരം ഏല്പിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 52/3 എന്ന നിലയിലായിരുന്നു. ടീം സീഫെര്‍ട് തന്റെ മികവ് തുടര്‍ന്നപ്പോള്‍ വരുൺ ചക്രവര്‍ത്തിയെ ഒരോവറിൽ രണ്ട് സിക്സര്‍ 23 പന്തിൽ നിന്ന് താരം തന്റെ അര്‍ദ്ധ ശതകം നേടി.

മറുവശത്ത് വിക്കറ്റുകളുമായി ഇന്ത്യ സമ്മര്‍ദ്ദം തുടര്‍ന്നു. ഹാര്‍ദ്ദിക് മാര്‍ക് ചാപ്മാനെ മടക്കിയയ്ച്ചപ്പോള്‍ ന്യൂസിലാണ്ടിന് 4ാം വിക്കറ്റ് നഷ്ടമായി. 26 പന്തിൽ 52 റൺസ് നേടിയ ടിം സീഫെര്‍ടിനെ വരുൺ ചക്രവര്‍ത്തി പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ടിന്റെ തകര്‍ച്ച പൂര്‍ണ്ണമായി.
10 ഓവര്‍ പിന്നിടുമ്പോള്‍ 88 റൺസ് ന്യൂസിലാണ്ട് നേടിയപ്പോള്‍ അര്‍ഷ്ദീപ് എറിഞ്ഞ അടുത്ത ഓവറിൽ തുടരെ രണ്ട് സിക്സുകളുമായി ഡാരിൽ മിച്ചൽ ന്യൂസിലാണ്ട് സ്കോര്‍ നൂറ് കടത്തി. അടുത്ത ഓവറിൽ മിച്ചൽ സാന്റനര്‍ വരുൺ ചക്രവര്‍ത്തിയെ തുടര്‍ സിക്സുകള്‍ പായിച്ചു. അക്സറിന്റെ ഓവറിൽ ഹാര്‍ദ്ദിക് സാന്റനറുടെ ക്യാച്ച് കൈവിട്ടപ്പോള്‍ അതേ ഓവറിൽ ഡാരിൽ മിച്ചലിനെ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ച് അക്സര്‍ ആറാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തു. 28 പന്തിൽ നിന്ന് 52 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 17 റൺസായിരുന്നു ഡാരിൽ മിച്ചലിന്റെ സംഭാവന.
43 റൺസ് നേടിയ മിച്ചൽ സാന്റനര്‍ ആണ് ന്യൂസിലാണ്ടിന്റെ തോൽവിയുടെ മാര്‍ജിന്‍ കുറച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലും അക്സര്‍ പട്ടേൽ മൂന്നും വിക്കറ്റ് നേടി.