ഇന്ത്യൻ ക്രിക്കറ്റിലെ അങ്കമാലി ഫോർ കാലടി, അഥവ സഞ്ജു സാംസൺ

നമ്മൾ സഞ്ജുവിനെ അർഹിക്കുന്നില്ല, അതന്നെ കാര്യം. ചങ്കെടുത്ത് കാണിച്ചാൽ, അത് മുഴുവൻ ചെമ്പല്ലേ എന്നു പറയുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ അധികാരികൾക്ക് സഞ്ജു സാംസൺ ഇനി എത്ര വലിയ പ്രകടനം പുറത്തെടുത്തിട്ടും കാര്യമില്ല. ഇത്രയധികം കളിക്കാർക്ക് വേണ്ടി തഴയപ്പെട്ട മറ്റൊരു ക്രിക്കറ്റർ ഇന്ത്യയിൽ ഉണ്ടാകില്ല.

അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഒരു ബോർഡുണ്ട്, അങ്കമാലി ഫോർ കാലടി. അതായത്, കാലടി പട്ടണത്തിന് വേണ്ടിയുള്ള അങ്കമാലി സ്റ്റേഷൻ! ഓരോ സമയത്തും സഞ്ജുവിന് പകരം ഓരോരോ കളിക്കാരുടെ പേരാണ് ബിസിസിഐ പറയുക. ഇഷാൻ കിഷൻ, ഹൂഡ, അയ്യർ, ഋഷഭ് പന്ത് തുടങ്ങി എത്ര പേരാണ് സഞ്ജുവിന്റെ പേരിൽ ടീമിൽ ഇടം പിടിച്ചത്. ഇവർക്ക് മടുക്കുന്നില്ലേ?

സഞ്ജു ഇനി എന്താണ് തെളിയിക്കേണ്ടത്, ഒരു ബോളർ കൂടി ആണെന്നോ? അവർ ആദ്യം പറഞ്ഞത് ടെംപറമെന്റ് പോര എന്നാണ്. രാജസ്ഥാൻ റോയൽസിനെ നയിച്ചു ഫൈനലിൽ എത്തിച്ചു, കൂട്ടത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവും പുറത്തെടുത്തു. കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങൾ എല്ലാം നന്നായി ഉപയോഗിച്ചു. ഒരു മനുഷ്യനെ ഇത്രയധികം പരീക്ഷിക്കരുത്, ഒരു കളിക്കാരനെയും ഇങ്ങനെ ഉപദ്രവിക്കരുത്. സിലക്ടര്മാർ ആ കളിക്കാരനെ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനെയും കൂടിയാണ് തളർത്തുന്നത് എന്ന് പറയാതെ വയ്യ.

കളിയിലെ കാണികളുടെ പങ്ക്

വരുന്ന ഒന്ന് രണ്ട് മാസങ്ങൾ സ്പോർട്സ് പ്രേമികളെ സംബന്ധിച്ച് തിരക്കുള്ള സമയമാണ്. മൂന്നാഴ്ചക്കുള്ളിൽ ഓസ്‌ട്രേലിയയിൽ തുടങ്ങാനിരിക്കുന്ന T20 വേൾഡ് കപ്പ്, അതു കഴിഞ്ഞാൽ നവംബർ മൂന്നാമത്തെ ആഴ്ച ഖത്തറിൽ തുടങ്ങാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ്. ഈ രണ്ട് മാമാങ്കങ്ങളും കാണികളുടെയും ടിവി പ്രേക്ഷകരുടെയും പങ്കാളിത്തം കൊണ്ട് സമ്പന്നമാകും എന്ന കാര്യത്തിൽ സംശയം വേണ്ട. കോവിഡ് കാലത്ത് അടഞ്ഞ സ്റ്റേഡിയങ്ങളിൽ നടന്ന പല കളികളും കളിക്കാർക്ക് എത്ര അപ്രചോദിതമായ അനുഭവങ്ങൾ ആയിരിന്നു എന്ന് നമ്മൾ കണ്ടതാണ്. കളികൾ കാണികൾക്കു വേണ്ടിയാണ് എന്ന് അത്തരം പരീക്ഷണങ്ങൾ നമുക്ക് കാണിച്ചു തന്നു. എന്നാൽ കാണികളുടെ ഇടപെടലിൽ ചില വീഴ്ചകൾ ഉണ്ടാകുമ്പോൾ കളികൾക്ക് ചീത്ത പേര് ഉണ്ടാക്കുന്നുണ്ട്.

ഇത് ഇപ്പോൾ പറയാൻ കാര്യം, ഈ ആഴ്ച കളിക്കളത്തിന് അകത്തും പുറത്തും നടന്ന ചില സംഭവങ്ങളാണ്. ഇന്തോനേഷ്യയിൽ ഒരു ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ദുരന്തമാണ് അതിലൊന്ന്. ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം ജീവഹാനി ഉണ്ടായ കഞ്ചുറുഹാൻ സ്റ്റേഡിയത്തിലെ സംഭവത്തിൽ ഇരുന്നൂറിനടുത്തു മനുഷ്യരുടെ ജീവനാണ് പൊലിഞ്ഞതു. കളിച്ച ഹോം ടീമിന്റെ എതിരാളികളുമായുള്ള ഇരുപത് വർഷത്തിലെ ആദ്യത്തെ തോൽ‌വിയിൽ പ്രതിഷേധിച്ചാണ് കാണികൾ ഗ്രൗണ്ട് കൈയ്യേറിയതു. പിന്നീട് നടന്ന ലഹളയിലാണ് ഇത്രയധികം ആളുകൾ മരിച്ചത്. ഫുട്ബാൾ എന്നല്ല ഏതൊരു കളിയെ സംബന്ധിച്ചും ഇത് അപമാനകരമായ സംഭവമാണ്. ഇംഗ്ലണ്ടിലും ചില അവസരങ്ങളിൾ മുൻപ് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും കാണികളുടെ ഇടപെടൽ മൂലം ജീവഹാനി ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ 2022ലും ഇത് സംഭവിക്കുമ്പോൾ നമ്മൾ ആലോചിക്കണം, ഈ കാണികൾ ഇത്തരം കളികളിൽ പങ്കാളികളാകാൻ അർഹരാണോ എന്ന്. ഇത്തരം ഇടപെടലുകൾ കാണികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതാരിക്കാനുള്ള നടപടികൾ എടുക്കാതിരുന്ന അധികാരികളും കുറ്റക്കാരാണ്.

മറ്റൊരു സംഭവം നമ്മുടെ സ്വന്തം കേരളത്തിൽ നടന്നതാണ്. വളരെ നാളുകൾക്കു ശേഷമാണു കേരളത്തിലേക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വരുന്നത്. അതിനാൽ നമ്മളെല്ലാവരും ആവേശത്തിലായിരുന്നു. ഇന്ത്യൻ, സൗത്ത് ആഫ്രിക്കൻ കളിക്കാരും തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ സംവിധാനങ്ങളിൽ സന്തുഷ്ടരായിരിന്നു. ഇന്ത്യ ജയിച്ച ആ കളിക്ക് വേണ്ടി ഒരുക്കിയിരുന്ന പിച്ചും മികച്ചതായിരുന്നു. ബോളർമാർക്ക് മേൽക്കൈ നൽകിയ പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നമ്മുടെ ടീമിന് നല്ലൊരു പരിശീലനമായി. പക്ഷെ കളി കാണാൻ വന്ന ഒരു വിഭാഗം കാണികളുടെ പെരുമാറ്റം കളിക്കാർക്കും, ടിവിയിൽ കളി കണ്ടിരുന്ന പ്രേക്ഷകർക്കും, ഭൂരിപക്ഷം കാണികൾക്കും അസഹനീയമായി മാറി. ഗാലറികളിൽ ഇരുന്ന് കളി കണ്ടിരുന്നവർക്ക്‌ ആ കളിയിലെ ഇന്ത്യയുടെ മികച്ച പ്രകടനം ആവേശം പകർന്നു എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ തുടക്കം മുതൽ അവസാനം വരെ ഒരു കൂട്ടർ നിർത്താതെ കുഴൽ ഊതി, അല്ലെങ്കിൽ പീപ്പി ഊതി ശബ്ദം ഉണ്ടാക്കിയത് അരോചകമായി. ഈ ദുസ്സഹമായ ശബ്ദമലിനീകരണം, അല്ലെങ്കിൽ അത്യുത്തമമായ ഒരു കളി അനുഭവത്തെ മോശമാക്കി. കളിയുടെ രസം കളഞ്ഞ ഈ പെരുമാറ്റം കാണികളുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കേരളത്തിലേക്ക് കൂടുതൽ മാച്ചുകൾ വരുന്നതിനു ഇത് തടസ്സം ആകില്ലെന്ന് കരുതാം. കളിക്കാരെ പോലെ കാണികൾക്കും ചില ഉത്തരവാദിത്വങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞു മാന്യമായി കളി കാണുക, മറ്റുള്ളവരെ അതിനു അനുവദിക്കുക.

കാണികളുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം നടന്നത് ഇന്നാണ്. ഇതിൽ കാണികളുടെ ഭാഗത്തല്ലായിരുന്നു തെറ്റ് എന്നതാണ് വ്യത്യാസം. ഫ്ലഡ്‌ലൈറ്റുകൾക്ക് താഴെ നടന്ന ഇന്നത്തെ സിംഗപ്പൂർ ഫോർമുല വൺ റേസിൽ കാണികളുടെ അഭാവം, അല്ലെങ്കിൽ അവരെ കാണാൻ സാധിക്കാതെയുള്ള ദൃശ്യാനുഭവം ലോകത്തെമ്പാടുമുള്ള ടിവി പ്രേക്ഷകർക്ക് ഒരു മോശം അനുഭവമായി. ഒരു സ്ട്രീറ്റ് സർക്യൂട്ട് എന്ന നിലയിലും, രാത്രി നടക്കുന്ന റേസ് എന്ന നിലക്കും, ഒരു അടച്ചു പൂട്ടിയ ശൂന്യമായ പെട്ടിക്കകത്ത് പാഞ്ഞു നടക്കുന്ന ഹാംസ്റ്ററുകളെയാണ് ഓർമ്മിപ്പിച്ചത്. വെളിച്ചത്തിൽ കുളിച്ച, വേലി കെട്ടി തിരിച്ച സർക്യൂട്ടിനു വെളിയിലെ ഗാലറികൾ ഇരുട്ടിലായിരിന്നു. അവിടെ കൂടിയ കാണികളെ ടിവി സ്‌ക്രീനിൽ കാണാൻ ഒരു വിധത്തിലും സാധ്യമായിരുന്നില്ല. അതിവേഗം പായുന്ന ഡ്രൈവർമാർ പരസ്പരം മറികടക്കുമ്പോൾ ഗാലറികളിൽ നിന്ന് ഉയരുന്ന ആരവവും, കാണികളുടെ ആവേശവും അത് കൊണ്ട് നമുക്ക് അന്യമായി. അതിനാൽ തന്നെ ഇരുട്ടിനു നടുവിലൂടെ, ഒഴിഞ്ഞ ഒരു വീഥിയിലൂടെ പായുന്ന കാറുകൾ നിറം മങ്ങിയ അനുഭവമാണ് നമുക്ക് നൽകിയത്. നിറങ്ങൾ കൊണ്ടും, പ്രകൃതി രമണീയത കൊണ്ടും നിറയുന്ന മറ്റ് F1 സർക്യൂട്ടുകളുമായി തട്ടിച്ചു നോക്കുമ്പോൾ സിംഗപ്പൂരിലെ കാഴ്ചാനുഭവം വളരെ ദയനീയമായി. ഇതിൽ നിന്ന്, കാണികളെ ഒഴിവാക്കിയുള്ള ഒരു സംഘാടനം എത്രമാത്രം അഭികാമ്യമല്ല എന്ന് മനസ്സിലാക്കാം. കളികളുടെ നിലനിൽപ്പിനും പ്രചാരത്തിനും ടിവി പ്രേക്ഷകർക്കുള്ള പ്രാധാന്യം കണക്കിലെടുത്തു അവരെക്കൂടി ഉൾപ്പെടുത്തിയുള്ള അനുഭവങ്ങളാണ് അധികാരികൾ സൃഷ്ടിക്കേണ്ടത്.

കളിക്കാരുടെ മാന്യമായ പ്രകടനത്തെ വിലയിരുത്തുമ്പോൾ തന്നെ, അവരെ പോലെ കാണികൾക്കും ചില ലക്ഷ്മണരേഖകൾ വരയ്ക്കേണ്ടതായിട്ടുണ്ട്. അതിനുള്ളിൽ നിന്ന് വേണം അവർ കളിക്കേണ്ടത്. കാണികൾ കളിയുടെ അഭിവാജ്യ ഘടകമാണ്, അവർക്കും വലിയൊരു പങ്കു വഹിക്കാനുണ്ട് എന്ന് സ്വയം മനസ്സിലാക്കി പെരുമാറുക. കളിയെ മഹത്തരമാക്കാൻ, ആവേശകരമാക്കാൻ, അത് കളിക്കാരിലേക്കു പകരാൻ ഗാലറികളിലെ പെരുമാറ്റങ്ങൾക്ക് സാധിക്കട്ടെ. അതിനായി കാണികൾക്ക് സൗകര്യപ്രദമായി
പങ്കെടുക്കാനുള്ള അവസരം അധികാരികൾ ഒരുക്കട്ടെ.

ടെന്നീസിലെ ഗഡിക്ക് വേണ്ടി ഒത്ത്കൂടി തൃശൂർ

സജീവ ടെന്നീസിൽ നിന്ന് വിരമിച്ച ഫെഡറർക്ക് ആശംസകൾ നേർന്ന് തൃശൂർ ജില്ലാ ടെന്നീസ് അസോസിയേഷന്റെ നേതൃത്വത്തിൽ തൃശൂർ ടെന്നീസ് ട്രസ്റ്റിൽ തൃശ്ശൂരിലെ റോജർ ഫെഡറർ ആരാധകർ ഒത്തുകൂടി. അഡ്വ. എം.എച്ച്.മുഹമ്മദ് ബഷീർ, കെ.കെ.രാമചന്ദ്രൻ, അഡ്വ. റോബ്സൺ പോൾ, അഡ്വ. കെ എൻ സോമകുമാർ, ടി.പി. രാജാറാം, അഡ്വ. വി.കെ. പുഷ്‌കല എന്നിവർ സംസാരിച്ചു.

അഡ്വ. ബഷീർ

കഴിഞ്ഞ 25 വർഷത്തിലേറെയായി ലോക ടെന്നീസിനെ അടക്കി വാണിരുന്ന ഈ സ്വിസ് താരത്തിന് നന്ദി പറഞ്ഞു കൊണ്ടു അഡ്വ. എം.എച്ച്.മുഹമ്മദ് ബഷീർ പറഞ്ഞത്, ഇന്ന് ലോകത്തിലെ പല കോണുകളിലും കുട്ടികളും, ചെറുപ്പക്കാരും ടെന്നീസിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം ഫെഡററാണ് എന്നാണ്. ടെന്നീസിന്റെ പ്രധാന പ്രചാരകരിൽ ഒരാൾ എന്നത് കൂടാതെ, ടെന്നീസ് കളിയെ ഇന്ന് കാണുന്ന തലത്തിലേക്ക് ഉയർത്തുന്നതിലും ഫെഡറർ വലിയ പങ്ക് വഹിച്ചു. സ്പോർട്സ് മേഖലയിലെ ഏറ്റവും വലിയ എതിരാളികളായിരുന്ന ഫെഡററും നദാലും നമുക്ക് കാണിച്ചു തന്നത്, കോർട്ടിൽ എതിരാളികൾ ആയത് കൊണ്ട് ജീവിതത്തിൽ അങ്ങനെയാകണം എന്നില്ല എന്നതാണ്. സ്പോർട്സിനെ ജീവിതത്തിൽ ഉൾപ്പെടുത്തുക, അല്ലാതെ തിരിച്ചാകരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫെഡറർ എന്നു അദ്ദേഹം പറഞ്ഞു.

സൗകര്യത്തിൻ്റെ സ്പോർട്സ്മാൻ സ്പിരിറ്റ്

കൂടുതൽ റൺസ് എടുക്കുന്ന ടീം വിജയിക്കും എന്നതാണ് ക്രിക്കറ്റിലെ കണക്ക്. അങ്ങനെ നോക്കുമ്പോൾ ഇത് ആത്യന്തികമായി ഒരു ബാറ്ററുടെ കളിയാണ്. ഇത് പല പ്രസിദ്ധരായ കളിക്കാരും പണ്ട് മുതൽ സമ്മതിച്ച കാര്യമാണ്. ബാറ്റർ കൂടുതൽ റൺസ് എടുക്കുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുന്ന ഒരു ദ്വിതീയ സ്ഥാനം മാത്രമേ ബോളർക്ക് ഉള്ളൂ.

ക്രിക്കറ്റ് ഈസ് എ ജന്റിൽമാൻസ് ഗെയിം എന്ന് പറയുന്നതും പരിശോധിച്ച് നോക്കിയാൽ ബാറ്ററുടെ പ്രാധാന്യം ഒരിക്കൽ കൂടി മനസ്സിലാകും. എത്ര പിരിമുറുക്കം കൂടുതലായുള്ള കളിയായാലും ശരി, ക്രീസിൽ ഒരു ജന്റിൽമാൻ ആയി പെരുമാറി കളിക്കുന്നത് ബാറ്റർ മാത്രമാണ്. ബോളർ അതെ സമയം ബാറ്ററെ പ്രകോപിക്കാൻ എന്ത് വേണമെങ്കിലും വിളിച്ചു പറയും. അവരുടെ പെരുമാറ്റം പരിധി വിട്ടാൽ മാത്രമേ സാധാരണ നിലയിൽ ബാറ്റർ പ്രതികരിക്കാറുള്ളൂ. പലപ്പോഴും പ്രമുഖ കളിക്കാർ ഇതിനെല്ലാം മറുപടി തങ്ങളുടെ ബാറ്റ് കൊണ്ടാണ് മാന്യമായി നൽകാറ്. അപ്പോൾ ക്രിക്കറ്റിനെ നിര്‍വചിക്കുന്ന കാര്യത്തിലും ബാറ്റർക്ക് തന്നെയാണ് പ്രാമുഖ്യം!

ഇനി കളിയിലെ കാര്യത്തിലേക്കു വന്നാലും പല കാരണങ്ങൾ കൊണ്ടും ബാറ്റർക്ക് പല ആനുകൂല്യങ്ങളും ക്രിക്കറ്റ് നിയമ പുസ്തകം നൽകുന്നുണ്ട്. ഒരു ബാറ്റർ വിക്കറ്റിന് മുന്നിൽ വന്നു സ്റ്റാൻസ് എടുക്കുമ്പോൾ താൻ ഇടതു കൈയ്യനാണോ വലത് കൈയ്യാനാണോ എന്ന് ആരോടും പറയേണ്ട കാര്യമില്ല. എന്നാൽ ബോളറുടെ കാര്യം നോക്കൂ, താൻ ഏത് കൈ കൊണ്ടാണ് എറിയാൻ ഉദ്ദേശിക്കുന്നത്, വിക്കറ്റിന് ‘മുകളിലൂടെയാണോ’, അതോ അപ്പുറത്ത് കൂടിയാണോ എന്ന് അമ്പയറോട് പറയണം, അമ്പയർ അത് ഉറക്കെ വിളിച്ചു പറയണം എന്നൊക്കെയാണ് നിയമം.

ബോളർ പന്ത് എറിയുമ്പോൾ ക്രീസിനു വെളിയിൽ പൂർണ്ണമായും കാല് കുത്താൻ പാടില്ല, എറിയുമ്പോൾ കൈ നിവർന്നിരിക്കണം, എറിയുന്ന പന്ത് നിലത്ത് കുത്താതെയാണ് ചെല്ലുന്നതെങ്കിൽ ബാറ്ററുടെ അരക്കെട്ടിനു താഴെയാകണം, അതല്ല ബൗൺസർ ആണെങ്കിൽ ഓവറിൽ ഒരെണ്ണം മാത്രമേ അനുവദിക്കൂ, ന്യൂ ജൻ കളികളിൽ ലെഗ് സൈഡിൽ കൂടി എറിഞ്ഞാൽ വൈഡ് ആകും, വൈഡ് അല്ലെങ്കിൽ നോ ബോൾ ആണെങ്കിൽ ഒരു റണ്ണും പോകും ഒരു ബോൾ അധികം എറിയുകയും വേണം. ഇങ്ങനെ ബോൾ ചെയ്യുന്ന കളിക്കാരൻ ശ്രദ്ധിക്കേണ്ട ഒരുപിടി നിയമങ്ങളാണ് എഴുതി വച്ചിരിക്കുന്നത്, ഒക്കെയും ബാറ്റർക്ക് അനുകൂലമായത്. എന്നാൽ ബാറ്ററുടെ കാര്യം നോക്കൂ, ക്രീസിനു വെളിയിൽ വന്നു കളിക്കാം, ഇടങ്കയ്യനായാലും വലങ്കയ്യനായാലും തിരിഞ്ഞും മറിഞ്ഞും പന്തടിച്ചു പായിക്കാം, ബോൾ വിക്കറ്റിന് ഏത് വശത്ത് കൂടിയും അടിക്കാം, ഇനി ഒരു ബോൾ മിസ് ചെയ്താൽ അതിനു യാതൊരു കുഴപ്പവുമില്ല, എത്ര ഉയരത്തിൽ വേണമെങ്കിലും പന്ത് പായിക്കാം, കൈമടക്കാം, മടക്കാതിരിക്കാം. അങ്ങനെ നിയമങ്ങളും ബാറ്റർക്ക് അനുകൂലമാണ് എന്നത് വ്യക്തമാണ്.

കഴിഞ്ഞ ദിവസം ലണ്ടനിലെ ഒരു ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഒരു കളി വിവാദമായത് കൊണ്ടാണ് ഇത്രയും പറഞ്ഞത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ കളിച്ച വനിത ക്രിക്കറ്റ് മാച്ചിൻ്റെ വിധി നിർണ്ണയിച്ച ഒരു സംഭവമായിരുന്നു അത്. ഈ കളി കൂടി ജയിച്ചു, ഇന്ത്യ 3-0 എന്ന നിലയിൽ ഏകദിന പരമ്പര തൂത്തുവാരുകയും ചെയ്തു. ഇംഗ്ലണ്ടിന് വിജയിക്കാൻ 16 റൺസ് മാത്രം വേണ്ടിയിരുന്ന സമയത്ത്, ഇന്ത്യയുടെ ബോളർ ദീപ്തി ശർമ്മ ഇംഗ്ലണ്ടിന്റെ നോൺ സ്‌ട്രൈക്കർ ചാർലോട്ടിനെ മങ്കാദിങ് എന്ന വിളിപ്പേരുള്ള റൺ ഔട്ടിലൂടെ പുറത്താക്കി. ബോൾ ചെയ്യാൻ ദീപ്തി ഓടി വന്നപ്പോൾ ചാർലോട്ട് ക്രീസ് വിട്ടു മുന്നോട്ട് പോയിരുന്നു. ദീപ്തി ഉടൻ ബോളിങ് ആക്ഷൻ മുഴുമിപ്പിക്കാതെ പന്ത് കൊണ്ട് ബെയിൽസ് തട്ടി തെറിപ്പിച്ചു ചാർലോട്ടിനെ പുറത്താക്കി. അവസാന വിക്കറ്റ് ആയതിനാൽ ഇന്ത്യ വിജയിക്കുകയും ചെയ്തു.

ഇതിന് ശേഷം എപ്പളാ കോണുകളിൽ നിന്നും ദീപ്തിയെയും ഇന്ത്യൻ ടീമിനെയും കുറ്റപ്പെടുത്തി ആളുകൾ പ്രസ്താവനകൾ പുറപ്പെടുവിച്ചു തുടങ്ങി, പ്രത്യേകിച്ചും ഇംഗ്ലണ്ടിൽ ഉള്ളവർ. അത്ഭുതത്തോടെ മാത്രമേ ഈ പ്രതിഷേധങ്ങളെ കാണാൻ കഴിയൂ. ദീപ്തി സ്പോർട്സ്മാൻ സ്പിരിറ്റ് കളഞ്ഞു കുളിച്ചു എന്നാണ് അവരുടെ പ്രധാന പരാതി.

നമുക്ക് ചില ചോദ്യങ്ങൾ ചോദിച്ചു നോക്കാം.

ദീപ്തി ചെയ്തത് നിയമവിരുദ്ധമായ കാര്യമാണോ?
അല്ല.

നോൺ സ്‌ട്രൈക്കർ ബോൾ ചെയ്യുന്നതിന് മുൻപ് ഓടി ക്രീസിൽ നിന്ന് ഇറങ്ങി നിൽക്കുന്നത് ശരിയാണോ?
അല്ല.

അങ്ങനെ ഇറങ്ങി നിന്ന് ആനുകൂല്യം നേടുന്നത് സ്പോർട്സ്മാൻ സ്പിരിറ്റിന് ചേർന്നതാണോ?
അല്ല.

ഇനി ഇതേ പോലെ ബാറ്റർ ഇറങ്ങി നിന്ന് സ്റ്റമ്പ് ചെയ്യപ്പെട്ടാൽ അത് സ്‌പോർട്മാൻ സ്പിരിറ്റിന് എതിരാണോ?
അല്ല.

മങ്കാദിങ് എന്ന ഈ കളിയെക്കുറിച്ചു ഐസിസി എന്താണ് പറയുന്നത്?
ഇത് വരെ അൺഫെയർ പ്രാക്ടീസ് എന്ന് വിളിച്ചിരുന്ന ഈ വിധത്തിൽ ഉള്ള ഔട്ടാക്കൽ ഇനി മുതൽ റൺ ഔട്ട് എന്നാകും അറിയപ്പെടുക.

അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്, നിയമങ്ങളുടെ ഇത്രയധികം പിന്തുണയോടെ കളിക്കുന്ന ബാറ്റേഴ്‌സ്, നിയമവിരുദ്ധമായി അഡ്വാന്റേജ്‌ എടുക്കാൻ നോക്കുമ്പോൾ, നിയമപരമായി ഔട്ടാക്കുന്ന ബോളറെ കുറ്റം പറയാൻ ഒരാൾക്ക് പോലും അവകാശമില്ല എന്നതാണ്. ദീപ്തിയെ പള്ള് പറയുന്നവർക്ക് കുറച്ചെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടെങ്കിൽ മിണ്ടാതിരിക്കണം, പറ്റുമെങ്കിൽ നിയമങ്ങളിൽ മാറ്റം വരുത്തി ബാറ്റർമാർക്ക് കുറച്ചു കൂടി സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ നോക്കണം!

ഉള്ളത് കൊണ്ട് ഓണം

ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഓരോരുത്തരായി തിളങ്ങി വരുന്നുണ്ട്. എന്നാലും രാഹുലിൻ്റെയും കോഹ്ലിയുടെയും അസ്ഥിരമായ ഫോം ഇപ്പഴും ഒരു തലവേദന തന്നെ. ആദ്യ പത്ത് ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കാൻ നമുക്ക് ഇപ്പഴും സാധിക്കുന്നില്ല. മിക്ക കളികളിലും മിഡിൽ ഓർഡർ ബാറ്റേഴ്‌സാണ് ഒരു മാന്യമായ സ്‌കോർ നേടാനായി പരിശ്രമിക്കുന്നത്. ഇങ്ങനെ തുടർച്ചയായി മുന്നോട്ട് പോകാൻ സാധിക്കില്ല. മിഡിൽ ഓർഡർ കളിക്കാർക്ക് പരിമിതികളുണ്ട്. ടീം മാനേജ്‌മെന്റ് ഇപ്പഴും പറയുന്നത് രാഹുലും കോഹ്‌ലിയും രോഹിതും പരിചയസമ്പത്തുള്ള കളിക്കാരാണ്, അവർക്കു കുറച്ചു കൂടി സമയം കൊടുക്കൂ എന്നാണു. ഇനി ഒരു മാസം പോലുമില്ല വേൾഡ് കപ്പ് തുടങ്ങാൻ എന്ന കാര്യം അവരെ തിരിച്ചു ഓർമിപ്പിക്കുന്നു.

മിഡിൽ ഓർഡറിൽ സൂര്യകുമാറും, പാണ്ട്യയും മോശമില്ലാത്ത വിധം കളിക്കുന്നുണ്ട്. ഓപ്പണിങ് ബാറ്റേഴ്‌സ് അവരവരുടെ ചുമതല ഭംഗിയാക്കിയാൽ ഇവർക്ക് കുറച്ചു കൂടി റിലാക്സ് ചെയ്തു കളിക്കാൻ സാധിച്ചേക്കും. ദിനേഷിനെ അവസാന ഓവറുകൾക്കായി മാത്രം മാറ്റി നിറുത്തരുത്, കുറച്ചു കൂടി നേരത്തെ ഇറങ്ങാൻ സാധിച്ചാൽ നന്നായി കളിക്കാൻ സാധിച്ചേക്കും. ഇൻ ഫോം കളിക്കാരനെ പിഞ്ച് ഹിറ്റർ മാത്രമായി ഒതുക്കരുത്. പന്തിൻ്റെ സിലക്ഷൻ ശരിയായിരുന്നോ അല്ലയോ എന്ന് ഇനി ചർച്ച ചെയ്തിട്ട് കാര്യമില്ല, ടീമിൽ എടുത്ത ശേഷം പ്ലെയിങ് പതിനൊന്നിൽ സ്ഥാനം സ്ഥിരമല്ലാത്തത് ആ കളിക്കാരനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എല്ലാവരും കൈവിടുന്ന ചില കളികൾ പന്ത് തിരികെ പിടിച്ച സംഭവങ്ങൾ മറക്കണ്ട.

പക്ഷെ ഒരു ബോളറുടെ ചിലവിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്താൻ പറ്റില്ലല്ലോ. അതെ ബോളിങ് നിര ഇപ്പഴും കുത്തഴിഞ്ഞു കിടക്കുകയാണ്. ഹാർദിക് ടീമിൽ ഉള്ളത് കൊണ്ട് ഒരു ബോളറുടെ സ്ഥാനം കൂടുതലായി കിട്ടും എന്നുള്ളത് ആശ്വാസം തന്നെ. പന്തിനേയും ദിനേശിനെയും ഒരുമിച്ചു എടുക്കാതിരിക്കുകയാണെങ്കിൽ ബാക്കി വരുന്നത് അഞ്ചു ബോളിങ് സ്ഥാനങ്ങളാണ്.

പ്രകടനം കൊണ്ട് ഇപ്പോൾ തന്നെ സ്പിൻ ഡോളേഴ്‌സ്‌ ആയ അക്‌സർ പട്ടേലും, യുസ്വേന്ദ്ര ചാഹലും ഇടം നേടിയിട്ടുണ്ട്, ബുംറയെയും ഉറപ്പിക്കാം. പിന്നീട് ഉള്ള രണ്ട് സ്ഥാനങ്ങളിലേക്ക് ഭുവിയും ഹർഷൻ പട്ടേലും മാത്രമാണ് ഇപ്പോൾ നമുക്ക് മുന്നിൽ ഉള്ളത്. അവരുടെ ഓവറുകളിൽ ഉള്ള റൺ ഒഴുക്കാണ് ഇപ്പോൾ ടീം നേരിടുന്ന വലിയ പ്രശ്നം. ഷമിയെ ടീമിൽ എടുക്കാതിരുന്നത് മണ്ടത്തരമായി പലരും പറഞ്ഞു കഴിഞ്ഞു. വേൾഡ് കപ്പിലേക്കുള്ള എടുക്കാതെ തന്നെ ഓസ്‌ട്രേലിയയുമായി 3 കളികൾ കളിക്കാനിരുന്ന സമയത്താണ് കൊറോണ വന്നു ഷമിക്ക് പുറത്തിരിക്കേണ്ടി വന്നത്. ഡെർത്ത് ഓവറുകളിൽ രോഹിത് ശർമ്മ വിയർക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അവസാന ഓവറുകളിൽ പതിനഞ്ചും ഇരുപതും റണ്ണുകൾ വിട്ടു കൊടുത്താൽ പിന്നെ ജയിക്കാനായി എന്ത് സാധ്യതയാണ് നമുക്കുള്ളത്?

ഉള്ളത് കൊണ്ട് ഓണം എന്ന ചൊല്ല് ഓർത്തു കൊണ്ട് ഓസ്‌ട്രേലിയയിലേക്ക് പ്‌ളെയിൻ കയറുകയേ ഇനി വഴിയുള്ളൂ. വിദേശ രാജ്യങ്ങളിൽ ഓണം ഒക്ടോബർ വരെ ആഘോഷിക്കാറുണ്ട് എന്ന സത്യം തിരിച്ചറിഞ്ഞു, അടുത്ത ഒരു മാസത്തിനുള്ളിൽ ഇവർക്കെല്ലാം ഫോം തിരിച്ചു കിട്ടി, നമുക്ക് കിട്ടാതെ പോയ ആ ഓണം ബമ്പർ വേൾഡ് കപ്പിൽ കിട്ടട്ടെ എന്ന് ആഗ്രഹിക്കാം.

ഇന്ന് നടക്കാനിരിക്കുന്ന ഹൈദരാബാദ് കളിയിൽ മിക്കവാറും പന്ത് പുറത്തിരിക്കും, അഞ്ചു ബോളേഴ്‌സുമായി ടീം ഇറങ്ങും എന്നാണു കരുതപ്പെടുന്നത്. പക്ഷെ മഴയുടെ കളി പ്രതീക്ഷിക്കുന്ന ഗ്രൗണ്ടിൽ, തേപ്പുപെട്ടികളും, ഹെയർ ഡ്രൈയറും ആകും ബിസിസിഐ ഇന്നും കരുതുക. ഔട്‍ഫീൽഡ് കുതിർന്നാൽ റൺ ഒഴുക്ക് കുറയും. സീരീസ് തീരുമാനിക്കുന്ന കളിയായതു കൊണ്ട് ഇരുകൂട്ടരും വാശിയിലാകും. വേൾഡ് കപ്പിന് മുൻപ് ഒരു സീരീസ് ജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ദ്രാവിഡിന് ആര് മണി കെട്ടും

മൊഹാലിയിൽ ഇന്ന് ആദ്യ t20 മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 209 റണ്സ് എടുത്തിരുന്നു. 4 ബോൾ ബാക്കി നിൽക്കേ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ 211 റണ്സ് എടുത്തു. ഇത് കളിയുടെ സ്‌കോർബോർഡ്, പക്ഷെ ഇത് കൊണ്ടു കളി വ്യക്തമാകുന്നില്ല.

209 റണ്സ് എടുത്തിട്ടും കളി ജയിക്കാൻ സാധിച്ചില്ലെങ്കിൽ അതിനർത്ഥം ബോളിങ് ഡിപാർട്മെന്റിൽ കാര്യമായ അഴിച്ചു പണി വേണം എന്നാണ്. ഇന്ന് കളിച്ച ബോളർമാരിൽ ഏറ്റവും നിരാശപ്പെടുത്തിയത് ഹർഷൽ പട്ടേലാണ്‌. ഭുവിയും അവസരത്തിന് ഒത്തു ഉയർന്നില്ല. ഫീല്ഡിൽ 3 റെഗുലേഷൻ ക്യാച്ചുകൾ താഴെ കളഞ്ഞത് കാണികളെ നിരാശരാക്കി. വേൾഡ് കപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ബുംറയെ എന്ത് കൊണ്ട് പുറത്തിരുത്തി എന്നത് അത്ഭുതം തന്നെ.

ഏഷ്യ കപ്പ് സമയത്ത് പുറത്തിരുന്ന ബുംറയെ കളത്തിൽ ഇറക്കാതിരുന്നത് വലിയ അപരാധം തന്നെ. വേൾഡ് കപ്പിന് മുൻപ് അത്യാവശ്യം വേണ്ട മാച് പ്രാക്ടീസ് നൽകാത്തത് എന്ത് ടാക്ടികിന്റെ ഭാഗമായിട്ടാണെങ്കിലും മണ്ടത്തരം തന്നെ.

രാഹുൽ ദ്രാവിഡിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല, പക്ഷെ NCA ഡയറക്ടർ എന്ന റോളിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് എന്ന നിലയിലേക്ക് വളരാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല എന്ന വസ്തുത വ്യക്തമായി കഴിഞ്ഞു. നാളത്തെ ടീമിന്റെ കാര്യമാണ് പുള്ളിയുടെ മനസ്സിൽ, അതിനായി ഇന്നത്തെ കളി തോറ്റാലും തെറ്റില്ല എന്ന മനോഭാവവുമായി T20 വേൾഡ് കപ്പിന് കപ്പൽ കയറുന്നത് അബദ്ധമാണ്. ജന്റിൽമൻ കളിക്കാരൻ, വ്യക്തി, സ്പോർട്സ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ഉള്ള ബഹുമാനം കൊണ്ട് ഇപ്പോൾ പറയേണ്ട കാര്യങ്ങൾ ദ്രാവിഡിനോട് പറയാതിരുന്നാൽ വേൾഡ് കപ്പിൽ കാര്യങ്ങൾ കൈവിട്ടു പോകും. ക്രൂയിസ് മോഡിലാണ് ദ്രാവിഡ് ഇപ്പോഴും, റേസിംഗ് മോഡിലേക്ക് മാറാൻ വേണ്ട‌പ്പെട്ടവർ പറയണം.

ദ്രാവിഡ് സർ, കോച്ച് എന്ന നിലയിൽ താങ്കളുടെ ഹണിമൂണ് പീരിയഡ് കഴിഞ്ഞിരിക്കുന്നു, പുതുമോടിയായത് കൊണ്ട് ഏഷ്യ കപ്പിലെ പ്രകടനം ഞങ്ങൾ ക്ഷമിക്കുന്നു. ഓർക്കുക, കളികൾ ജയിക്കാനുള്ളതാണ്, കളിക്കാൻ മാത്രമല്ല.

ബൈ ബൈ രാജ റോജർ

ആദ്യ കാലങ്ങളിൽ കളികൾ തോൽക്കുമ്പോൾ റോജർ ഫെഡറർ കരയുമായിരുന്നു. പിന്നീട് ജയം ശീലമാക്കിയപ്പോഴും റോജർ കരയുന്ന ശീലം മാറ്റിയില്ല. ഇത് കണ്ട് കാണികളുടെ കണ്ണുകൾ നിറയുമായിരുന്നു.

ഇന്നിപ്പോൾ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ റോജർ കരയുന്നില്ലെങ്കിലും, ടെന്നീസ് ആരാധകർ സങ്കട കടലിലാണ്. റോജറിനൊപ്പം, ആ ടെന്നീസിനൊപ്പം, ആ 20 ഗ്രാൻഡ്സ്ലാം ട്രോഫികൾക്കൊപ്പം വളർന്ന ഒരു തലമുറ ഇന്ന് കണ്ണീരടക്കാൻ പറ്റാതെ തേങ്ങുന്നു. എക്കാലത്തെയും മികച്ച ഈ കളിക്കാരന്റെ വിരമിക്കൽ വാർത്തയെ പറ്റി എഴുതുന്ന റിപ്പോർട്ടമാർ കടലാസിൽ കണ്ണീർ വീഴാതിരിക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടാകും.

പരിക്കുകളുടെ പിടിയിൽ നിന്നു മോചനം കിട്ടാതെ ഒരു വർഷത്തിൽ ഏറെയായി കോർട്ടുകളിൽ നിന്നു റോജർ വിട്ടു നിന്നപ്പോൾ തന്നെ ഈ ലേഖകൻ പ്രവചിച്ചിരുന്നു, അടുത്ത ആഴ്ചത്തെ ലേവർ കപ്പ് ആകും ഈ സ്വിസ് രാജകുമാരന്റെ അവസാന എടിപി ടെന്നിസ് ടൂർണമെന്റ് എന്നു.

ഒരു രാജാവിന് ചേർന്ന യാത്രയയപ്പാകും ഫെഡറർക്ക് ടെന്നീസ് ലോകം നൽകുക. എതിരാളികളായി തുടങ്ങി സുഹൃത്തുക്കളായ മാറിയ കളിക്കാർ മുതൽ, ടെന്നീസിലെ വരും തലമുറയുടെ ദീപശിഖ ഏന്താൻ തയ്യാറായി നിൽക്കുന്ന മുൻനിര കളിക്കാരെല്ലാം അടുത്താഴ്ച്ച ലണ്ടനിൽ ഉണ്ടാകും. യൂറോപ്യൻ ടീം ലോക ടീമിനെ നേരിടുമ്പോൾ ഇതു സ്വാഭാവികം മാത്രം. എന്നാൽ ഇക്കൊല്ലം കളികളെല്ലാം വൈകാരികമാകും എന്ന് ഉറപ്പാണ്. അവരെല്ലാം അവിടെ എത്തുക റോജറിന് വേണ്ടിയാകും, അദ്ദേഹം ടെന്നീസിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് നന്ദി പറയാനാകും. ഒരു കാര്യം ഉറപ്പാണ്, ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ടൂർണമെന്റാകും അടുത്താഴ്ച്ച ലണ്ടനിൽ നടക്കുക.

ഒരു ബോൾ ബോയി ആയി തുടങ്ങി, ടെന്നീസിലെ നക്ഷത്രമായി മാറിയ ഫെഡററെ ലോകം ഒരു കാലത്തും മറക്കില്ല, ആ ഫോർഹാൻഡ്, പിന്നെ ആ സിംഗിൾ ഹാൻഡ് ബാക്ഹാൻഡ് മാത്രമാണ് അതിന് കാരണം. എത്ര ഗ്രാൻഡ്സ്ലാമുകൾ, എത്ര എടിപി ചാംപ്യൻഷിപ്പുകൾ, എത്ര ഒളിമ്പിക് മെഡലുകൾ, ഒന്നാം നമ്പർ ആയി എത്ര ആഴ്ചകൾ, അങ്ങനെ കണക്കെടുക്കുവാൻ എളുപ്പമാണ്, പക്ഷെ ആ കളിയുടെ സൗന്ദര്യം മഷി കൊണ്ട് എഴുതി പിടിപ്പിക്കുക അസാധ്യമാണ്.

ടെന്നീസ് താരങ്ങൾ, രാഷ്ട്ര തലവന്മാർ, ആരാധകർ എല്ലാവരും റോജറിന് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ് ഇന്ന്. ടൂർണമെന്റ് ഗാലറികൾ ഫെഡറെ മിസ് ചെയ്യും എന്ന കാര്യം ഉറപ്പ്, പക്ഷെ ഏറ്റവും അധികം സങ്കടപ്പെടുക ആ കോർട്ടുകളിലെ ബോൾ ബോയ്സ് & ഗേൾസ് ആകും. അവരിൽ ഒരാൾ ആയിരുന്നല്ലോ ലോക ടെന്നീസിലെ ഈ മുടി ചൂടാ മന്നൻ!

ഇന്ത്യൻ ക്രിക്കറ്റ് പിച്ചിന് പുറത്തെ നോബോളുകൾ

ഇന്ത്യൻ ക്രിക്കറ്റ് ഭരണ സംവിധാനം എന്ന ഓജിയൻ തൊഴുത്തിനെ കഴുകി വൃത്തിയാക്കാൻ ലോധ കമ്മിറ്റി നിർദ്ദേശിച്ച് നടപ്പിലാക്കിയ ചട്ടങ്ങളിൽ വെള്ളം ചേർത്തിരിക്കുന്നു. ഒരു കൂട്ടം ആളുകൾ കാലാകാലങ്ങളോളം ബിസിസിഐ സ്ഥാനങ്ങൾ കയ്യടക്കി വച്ചു അഴിമതി നടത്തി വന്നിരുന്നത് നിറുത്തലാക്കാൻ ഉദ്ദേശിച്ചു സുപ്രീം കോടതി തന്നെ മുൻകൈ എടുത്തു നടപ്പിലാക്കിയ നിർദ്ദേശങ്ങളാണ് ഇപ്പോൾ തകിടം മറിക്കപ്പെട്ടിരിക്കുന്നത്.

ഈ ആവശ്യം പറഞ്ഞു ബിസിസിഐ തന്നെയാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. മുന്തിയ വക്കീലന്മാരെ ഇറക്കി, നിരന്തരം ആവശ്യപ്പെട്ട് അവർക്ക് വേണ്ട രീതിയിൽ ലോധ കമ്മിറ്റി റിപ്പോർട്ട് മാറ്റിയെഴുതിച്ചു കഴിഞ്ഞു.

2013ൽ ഉയർന്ന ഐപിഎൽ കോഴക്കേസുകളും, കോൺഫ്ലിക്റ്റ് ഓഫ് ഇൻെറസ്റ്റ് പ്രശ്നങ്ങളും പരിഹരിക്കാൻ വേണ്ടി സുപ്രീം കോടതി നിയമിച്ചതാണ് ലോധ കമ്മിറ്റിയെ. 2016ൽ അവരുടെ നിർദ്ദേശങ്ങളിൽ പ്രധാനമായിരുന്നു 3 വർഷം കഴിഞ്ഞുള്ള കൂളിംഗ് ഓഫ് പീരിയഡ്.

സംസ്ഥാന സമിതികളിൽ അല്ലെങ്കിൽ ബിസിസിഐ ഭരണസമിതിയിൽ 3 വർഷം ഇരിക്കുന്നവർ അടുത്ത മൂന്ന് വർഷം പുറത്തിരിക്കണം എന്നായിരുന്നു പ്രധാന നിർദ്ദേശം.

സുപ്രീം കോടതിക്ക് സ്വൈര്യം കൊടുക്കാതെ പുറകെ നടന്ന് 2018ൽ അതിനു ഒരു ഭേദഗതി ബിസിസിഐ വാങ്ങിച്ചെടുത്തു. അത് പ്രകാരം സംസ്ഥാന സമിതിയിലെ 3 വർഷവും, ബിസിസിഐ ഭരണ സമിതിയിലെ 3 വർഷവും ചേർത്തു ഒരുമിച്ചുള്ള 6 വർഷം കഴിഞ്ഞു മതി 3 വർഷത്തെ ബ്രേക്ക് എന്നായി പുതിയ ചട്ടം.

കഴിഞ്ഞ ദിവസം ഇത് ഒരുമിച്ചുള്ള 12 വർഷം എന്നാക്കിയെടുത്തിട്ടുണ്ട്. സംസ്ഥാന സമിതിയിലെ 3 വർഷം കഴിഞ്ഞു ഉടൻ ബിസിസിഐയിൽ വരുന്നവർക്ക് അടുത്ത 6 വർഷം തുടർച്ചയായി തുടരാം എന്നതാണ് പുതിയ ചട്ടം. ഇതോടു കൂടി എന്ത് സദുദ്ദേശത്തോട് കൂടിയാണോ സുപ്രീംകോടതി ആറ് വർഷം മുൻപ് ഈ ചട്ടങ്ങൾ നടപ്പിലാക്കിയത്, അതു നിരാകരിക്കപ്പെട്ടിരിക്കുന്നു. അതും സുപ്രീം കോടതിയുടെ അനുമതിയോടെ തന്നെ. ഇനിയിപ്പോൾ സ്ഥാനങ്ങൾ അലങ്കരിക്കാൻ അനിയനെയോ അളിയനെയോ അന്വേഷിക്കേണ്ട, അവരവർക്ക് തന്നെ തുടരാം.

പറഞ്ഞു കേൾക്കുന്ന പോലെ, ഗാംഗുലി ഐസിസിയിലേക്ക് ചേക്കേറുമ്പോൾ, ജയ് ഷായ്ക്ക് പ്രസിഡന്റ് ആകാം, എഴുതി കൊടുക്കുന്ന പ്രസ്താവനകൾ വായിക്കാം, പ്രതിഭാസമ്പന്നരായ കളിക്കാരെ ഭരിക്കാം, കളിയെ കുറിച്ചു ഒന്നും അറിയാതെ തന്നെ പിച്ചിന് പുറത്തിരിന്നു വീണ്ടും കളിക്കാം. ഇത് ഒരാളുടെ മാത്രം കാര്യമായി ചുരുക്കി കാണരുത്, പക്ഷെ കളിയുടെ സാമ്പത്തികത്തെ നിയന്ത്രിക്കാൻ ആക്രാന്തം കാണിക്കുന്ന ഒരു കോക്കസിന്റെ അഭിലാഷമായി വേണം കാണാൻ. ഇത് കൊണ്ടു ക്രിക്കറ്റ് കളിക്ക് ഒരു ഗുണവും ഉണ്ടാകില്ല എന്നു മാത്രമല്ല, എന്ത് കാരണങ്ങൾ കൊണ്ടാണോ ലോധ കമ്മിറ്റിയെ നിയമിച്ചത്, അവയെല്ലാം തിരികെ വരികയും ചെയ്യും.

ഒടുവിൽ ലോകകപ്പിന് ടീം ഇന്ത്യ, അത്യാവശ്യം ആശയക്കുഴപ്പവും

ഇന്ന് വൈകിട്ട് ബിസിസിഐ വേൾഡ് കപ്പിനുള്ള ടീം പ്രഖ്യാപിച്ചു. ഏതാണ്ട് പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് ടീം ലൈനപ്പ്. പക്ഷെ ലേശം കൗതുകം കൂടുതലുള്ള സിലക്ടേഴ്‌സ് ആയത് കൊണ്ട് ചില വിരോധാഭാസങ്ങൾ കുത്തിക്കയറ്റാൻ മറന്നിട്ടില്ല!

വേൾഡ് കപ്പ് ടീം പ്രഖ്യാപനത്തോടൊപ്പം ഓസ്‌ട്രേലിയയുടെ ഇന്ത്യൻ T20 പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെയും, സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ T20 പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ ടീമും സൗത്ത് ആഫ്രിക്കൻ ടീമും പര്യടനം നടത്തുന്നത് വേൾഡ് കപ്പിന് മുൻപായത് കൊണ്ട് പ്രഖ്യാപിക്കുന്നതിൽ തെറ്റില്ല. പക്ഷെ, വേൾഡ് കപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ടു, അതിന് രണ്ടാഴ്ച്ച മുമ്പേയുള്ള കളികൾക്ക് വേറെ ടീമുകളെ ടീമുകളെ പ്രഖ്യാപിക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല.

വേൾഡ് കപ്പിനുള്ള ടീമിന് ഒരു യൂണിറ്റ് എന്ന നിലക്ക് മറ്റ് ടീമുകളുമായി കളിക്കാൻ അവസരം നൽകുകയായിരുന്നു വേണ്ടത്. അതിന് പകരം മൂന്ന് കളിക്കാരോട് ഈ രണ്ട് ടീമുകളുമായി കളിക്കാൻ നിൽക്കാതെ ബാംഗ്ലൂരിലെ എൻസിഎയിൽ കണ്ടീഷനിങ്ങിനായി ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇത് കുറച്ചു ആശങ്കപ്പെടുത്തുന്ന വാർത്തയാണ്, ഭുവി, ഹാർദിക്, ആർശദീപ് എന്നിവർ പൂർണ്ണമായും ഫിറ്റ് അല്ലെ എന്നൊരു ചോദ്യം ഉയർന്നിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എന്തിന് അവരെ ടീമിൽ എടുത്തു?

ജഡേജയുടെ ഗ്രൗണ്ടിന് പുറത്തുള്ള കസർത്തുകളാണ് സിലക്ടേഴ്സിനെ ആദ്യം കുരുക്കിയത്. അവർ മനസ്സിൽ നേരത്തെ കണ്ട് വച്ചിരുന്ന കോമ്പിനേഷൻ ജഡേജ പരിക്കേറ്റത്തോടെ മാറ്റേണ്ടി വന്നു. ജഡേജക്ക് പകരം കുറച്ചെങ്കിലും ബോൾ ചെയ്യാൻ സാധിക്കുന്ന ഹൂഡയെയാണ് അവർ ടീമിൽ ഉൾപ്പെടുത്തിയത്. ഹൂഡ എത്രത്തോളം ഫലപ്രദമായ ബോളറാണ് എന്നതാണ് പ്രശ്‌നം. മാത്രമല്ല ഹൂഡയുടെ ബാറ്റിംഗ് നിരയിലെ സ്ഥാനം താഴെയായിരിക്കും എന്നതിനാൽ ഒരു പിഞ്ച് ഹിറ്റർ എന്ന നിലയിൽ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമോ എന്നും ആലോചന വേണം.

രാഹുൽ ഒരു ഓപ്പണർ എന്ന നിലയിൽ നമുക്ക് ധൈര്യം തരുന്നില്ല. വേൾഡ് കപ്പിന് മുൻപ് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ രാഹുലിന്റെയും ടീമിന്റെയും വേൾഡ് കപ്പ് പ്രകടനത്തെ അത് ബാധിക്കും. ആത്മവിശ്വാസമില്ലാതെ വേൾഡ് കപ്പിലേക്ക് പോകുന്ന കളിക്കാരൻ, ടീമിന്റെ മനോവീര്യത്തെയും തകർക്കും എന്നത് കൊണ്ടാണത്.

ഷമിയെ പുറത്തിരുത്തി അർഷദീപിനെ തിരഞ്ഞെടുത്തതും അത്ഭുതപ്പെടുത്തി. ദീർഘകാല പരിചയമുള്ള ഷമിയെ ടെസ്റ്റ് ബോളർ എന്നു മുദ്രകുത്തരുത്. അങ്ങനെയെങ്കിൽ പിന്നെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ എന്തിനാണ് തിരഞ്ഞെടുത്തത്!

സഞ്ജുവിന് വിനയായത് പന്തും ഡികെയും വിക്കറ്റ് കീപ്പർമാരാണ് എന്ന വസ്തുതയാണ്. മൂന്ന് സ്‌പെഷ്യലിസ്റ്റ് കീപ്പർമാരെ ഒരേ സമയം ഒരു ടീമിലും എടുക്കാൻ സാധിക്കില്ല. പന്ത് ഒരു ബിഗ് ഹിറ്റർ അല്ല എന്ന് പറയുമ്പോൾ തന്നെ, അപകട ഘട്ടങ്ങളിൽ ഒരു ആങ്കർ റോൾ കളിക്കാൻ പന്തിന് കഴിയും എന്നതാണ് പ്ലസ് പോയിന്റായി കണ്ടത്.

മുൻനിര ബാറ്റർമാർ നന്നായി കളിച്ചാൽ ബാക്കിയുള്ള കോമ്പിനേഷൻ നമുക്ക് പേടിക്കേണ്ട കാര്യമില്ല. അത് പോലെ യഥാർത്ഥ ബോളർമാർ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചാൽ വേറെ ആരെയും ആശ്രയിക്കേണ്ടിയും വരില്ല. അങ്ങനെ സംഭവിക്കട്ടെ എന്ന് കരുതാം, കാത്തിരിക്കാം.

ഒരുമയുടെ ജയം

ഏഷ്യ കപ്പ് ഫൈനൽ വിജയിച്ചു കൊണ്ട് ശ്രീലങ്കൻ ടീം സാമ്പത്തിക തകർച്ചയെയും രാഷ്ട്രീയ അനിശ്ചിതത്വത്തെയും നേരിടുന്ന തങ്ങളുടെ നാട്ടുകാർക്ക് ഒരു സന്ദേശം അയച്ചു. ഒന്നിച്ചു നിൽക്കുക, വിജയിക്കാൻ ജനങ്ങൾക്കാകും.

ടൂർണമെന്റ് തുടങ്ങിയ സമയത്ത് യാതൊരു സാധ്യതയും കല്പിക്കാതിരുന്ന ഒരു ടീം ആണിത്. പക്ഷെ പിടിച്ചു നിൽക്കാൻ ആവശ്യമായ കളികൾ അവർ ജയിച്ചു. അവരുടെ ഈ പ്രദർശനത്തിൽ ഒരു കളിക്കാരൻ പോലും അസാമാന്യ കളി പുറത്തെടുത്തില്ല, പകരം എല്ലാ കളിക്കാരും തങ്ങളുടെ കടമ നിറവേറ്റി. എടുത്തു പറയാൻ ഒരു കളിക്കാരനുമില്ല, പറയേണ്ടത് ടീമിന്റെ ഒത്തൊരുമയാണ്.

ഇന്ന് ഫൈനലിൽ ശ്രീലങ്കൻ ടീം പുറത്തെടുത്ത ഫീല്ഡിങ്ങ് പ്രകടനം അടുത്ത കാലത്ത് ഒരു ക്രിക്കറ്റ്‌ ഗ്രൗണ്ടിലും നമ്മൾ കാണാത്ത അത്ര മനോഹരമായിരുന്നു. ഒരു ക്യാച്ച്‌ പോലും കളഞ്ഞില്ല, ഒരു ബൗണ്ടറി പോലും അധികമായി കൊടുത്തില്ല.

ബോളർമാർ ശരിക്കും ഹോംവർക്ക് ചെയ്താണ് കളത്തിൽ ഇറങ്ങിയത്. ഓരോ ബാറ്ററേയും അറിഞ്ഞുള്ള ബോളിങ് ആയിരിന്നു പ്രധാനം.

ആദ്യം ബാറ്റ് ചെയ്ത് 50 റണ്സ് എടുക്കുന്നതിനിടയിൽ 5 വിക്കറ്റ് കളഞ്ഞെങ്കിലും, രാജ്പക്‌സയും ഹസരംഗയും പക്വതയോടെ കളിച്ചു.

ഈ വിജയം ആ ടീമിന് നൽകുന്ന ആത്മവിശ്വാസം കുറച്ചൊന്നുമാകില്ല, പ്രത്യേകിച്ചു വേൾഡ് കപ്പ് അടുത്തു നിൽക്കുന്ന വേളയിൽ. അതേ സമയം ഈ വിജയം ആ രാജ്യത്തെ രാഷ്ട്രീയക്കാരോട് ഉറക്കെ വിളിച്ചു പറയുന്നുണ്ട്, നിങ്ങൾ ചെയ്യേണ്ട ജോലി നിങ്ങൾ ആത്മാർത്ഥതയോടെ ഒരുമിച്ചു നിന്ന് ചെയ്യുക, എന്നാൽ മാത്രമേ രാജ്യത്തിന് വിജയിക്കാനാകൂ!

നദാലിന്റെ ശിഷ്യൻ vs നദാലിന്റെ നാട്ടുകാരൻ

യുഎസ് ഓപ്പൺ ഫൈനലിൽ ഇറങ്ങുന്നവരുടെ കാര്യത്തിൽ തീരുമാനമായി. 23 വയസ്സുള്ള നോർവീജിയൻ താരം കാസ്പർ റൂഡ് നേരിടുക 19 വയസ്സുള്ള സ്പാനിഷ് താരം കാർലോസ് അൽക്കറാസ് ഗാർഷ്യയെയാണ്.

ഫ്ലഷിങ് മെഡോസിലെ ബിലീ ജീൻ കിംഗ്‌ ടെന്നീസ് സെന്ററിലെ ആർതർ ആഷേ സ്റ്റേഡിയത്തിൽ നാളെ ഗാലറികൾ നിറഞ്ഞു കവിയും. കാണികളെ പാൻ ചെയ്യുന്ന ക്യാമറക്കണ്ണുകൾ ഇത് വരെ കാണാത്തയത്ര വിഐപികളെ ഒന്നിച്ചു കാണിച്ചു തരും. കം ഓണ് കാസ്പർ വിളികൾക്കൊപ്പം, വാമോസ് അൽക്കറാസ് ഉച്ചത്തിൽ മുഴങ്ങും. ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകർ ഈ ചരിത്ര നിമിഷത്തിന് സാക്ഷികളാകാൻ ടിവി സെറ്റുകൾക്ക് മുന്നിൽ ഇടം പിടിക്കും. അങ്ങനെ കാലഘട്ട മാറ്റത്തിന്റെ പെരുമ്പറ മുഴക്കി കൊണ്ടു ഇക്കൊല്ലത്തെ അവസാന ഗ്രാൻഡ്സ്ലാം സിംഗിൾസ് മത്സരം ന്യൂയോർക്കിൽ അരങ്ങേറും.

ഞായറാഴ്ച വൈകിട്ട് (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30am) നടക്കാനിരിക്കുന്ന ഈ കളിയിലെ വിജയിയെ ശരിയായി പ്രവചിക്കുന്നവർ കേരള സംസ്ഥാന ഓണം ബംബർ ടിക്കറ്റ് ഒരെണ്ണം എടുക്കുന്നത് നന്നായിരിക്കും. കാരണം ഈ മത്സരം പ്രവചനാതീതമാണ് എന്നാണ് ടെന്നീസ് വിദഗ്ധർ പറയുന്നത്.

വേഗതയിലും, റിട്ടർണുകളുടെ ശക്തിയിലും, അവസാന നിമിഷം വരെയുള്ള പോരാട്ട വീര്യത്തിലും ചെറുപ്പക്കാരനായ നദാലിനെ ഓർമ്മിപ്പിക്കുന്ന നദാലിന്റെ നാട്ടുകാരനായ അൽക്കറാസ് കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് തന്നെ ടെന്നീസ് ലോകത്തെ വിസ്മയിപ്പിച്ചു കഴിഞ്ഞു. അഞ്ചാം സെറ്റ് കളിക്കുമ്പോഴും തളർച്ചയുടെ ലാഞ്ചന പോയിട്ട് ഒരു തുള്ളി വിയർപ്പ് പോലും ആ മുഖത്ത് കാണാൻ നമുക്ക് സാധിക്കില്ല. പോയിന്റ് നേടുമ്പോൾ തന്റെ ടീം ഇരിക്കുന്ന ബോക്സിനെ നോക്കി പുഞ്ചിരിക്കുന്നത് കൊണ്ട് മാത്രമാണ് അൽക്കറാസ് ഒരു മെഷീനല്ല, മനുഷ്യനാണെന്നു തിരിച്ചറിയുന്നത്. മുൻ ലോക ഒന്നാം നമ്പർ ജുവാൻ കാർലോസ് ഫെറെറോയാണ് അൽക്കറാസിന്റെ കളിയെ ഈ നിലയിലേക്ക് എത്തിച്ചത്.

എതിരാളി കാസ്പർ റൂഡ് രണ്ട് വർഷം നേരത്തെ പ്രൊഫഷണൽ ടെന്നീസിൽ വരവറിയിച്ചതാണ്. മുൻ നോർവെജിയൻ താരവും, ലോക 39ആം റാങ്ക് കളിക്കാരനുമായ ക്രിസ്ത്യൻ റൂഡിന്റെ മകൻ 2018 മുതലാണ് ATP ടൂർണമെന്റുകളിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ രണ്ട് വർഷമായി ഗ്രാൻഡ്സ്ലാം വേദികളിൽ ഭാവി വാഗ്‌ദാനം എന്ന പേര് കേൾപ്പിക്കുന്നു. ഒരു ക്ലേ കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്നു പേരെടുത്ത റൂഡ് ഇക്കൊല്ലത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനൽസിൽ കടന്നെങ്കിലും, തന്റെ ഗുരുവിന് ദക്ഷിണ പോലെ, നദാലിനോട് അടിയറവ് പറയുകയാണുണ്ടായത്. റൂഡ് റഫയേൽ നദാൽ അക്കാദമിയിലാണ് പരിശീലിച്ചിരുന്നത്. ചടുലമായ കളിയും, പ്രായത്തേക്കാൾ കൂടുതൽ പക്വതയും, ഇപ്പോഴത്തെ കളിക്കാർക്കിടയിൽ ഏറ്റവും നിശബ്ദനുമായ റൂഡിനെ ഒരു കാലത്ത് ടൂറിൽ ഉള്ളവർ കഴുകൻ എന്നാണ് വിളിച്ചിരുന്നത്. വളരെ കുറച്ചു മാത്രം അണ്ഫോസ്ഡ് എററുകൾ വരുത്താറുള്ള കാസ്പർ, മറ്റുള്ളവരുടെ തെറ്റുകൾ പോയിന്റാക്കാൻ മിടുക്കനാണ്.

നദാലിന്റെ നാട്ടുകാരനും, നദാലിന്റെ ശിഷ്യനും തമ്മിൽ നാളെ ഏറ്റുമുട്ടുമ്പോൾ നമ്മൾ കാണികൾക്ക് ഒരു ജന്റിൽമെന്സ് ഗെയിം കാണാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈ കളിയിൽ ആരാണോ ജയിക്കുന്നത് അയാൾ ലോക ഒന്നാം നമ്പർ റാങ്കിലേക്ക് ഉയരും എന്ന അഡ്വാന്റേജ് കൂടി ഇത്തവണത്തെ യുഎസ് ഓപ്പൺ ഫൈനലിനുണ്ട്.

ഫാസ്റ്റ് & ഫ്യൂരിയസ് ടെന്നീസ്

ടെന്നീസിലെ എക്കാലത്തെയും അത്ഭുതകരമായ ഒരു കളിയാണ് ഇന്ന് ലോകം ന്യൂയോർക്കിൽ കണ്ടത്. അഞ്ചേകാൽ മണിക്കൂറോളം നീണ്ട, യുഎസ് ഓപ്പൺ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ദൈർഘ്യം കൂടിയ, 5 സെറ്റിൽ നിറഞ്ഞ പവർ പാക്ക്ഡ് ടെന്നീസ്.

ആർതർ ആഷേ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരിന്നു എന്നു പറയാൻ പറ്റില്ല. നദാൽ, ഫെഡറർ, ജോക്കോവിച്ച് തുടങ്ങിയവർ കളിക്കുമ്പോൾ ഉണ്ടാകാറുള്ള തിരക്ക് സ്റ്റേഡിയത്തിന് അകത്തും പുറത്തും കണ്ടില്ല. തന്റെ രണ്ടാമത്തെ മാത്രം ഗ്രാൻഡ്സ്ലാം ക്വാർട്ടർ ഫൈനൽ കളിക്കുന്ന സ്പാനിഷ് താരം കാർലോസ് അൽക്കറാസും, തന്റെ നാലാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്ന ഇറ്റലിക്കാരൻ യാനിക്ക് സിന്നറും അങ്ങനെ പേര് കേട്ട കളിക്കാരല്ലല്ലോ. 19കാരനായ അൽക്കറാസ് ഈ കൊല്ലാമാണ് ഗ്രാൻഡ്സ്ലാം കളിച്ചു തുടങ്ങിയത് തന്നെ. 2020ലെ ഒരു ഗ്രാൻഡ്സ്ലാമിന് ശേഷം ഇക്കൊല്ലമാണ് 21കാരനായ സിന്നർ ഗ്രാൻഡ്സ്ലാമിൽ പേര് കേൾപ്പിച്ചത്.

പക്ഷെ ശുദ്ധ ടെന്നീസിനെ സ്നേഹിക്കുന്നവർക്ക് അറിയാമായിരുന്നു ഇത് രണ്ട് പേർക്കും അത്ര എളുപ്പമാകില്ലെന്നു. അത്ര അത്ലറ്റിക് ഗെയിമാണ് രണ്ടാളുടേതും. കളി തുടങ്ങുന്നതിന് മുൻപ് മുൻതൂക്കം അൽക്കറാസിനായിരുന്നു, ആദ്യ സെറ്റ് ജയിക്കുകയും ചെയ്തു. പക്ഷെ അടുത്ത രണ്ടു സെറ്റും സിന്നർ പിടിച്ചു. നാലാമത്തെ സെറ്റിൽ സിന്നർ ജയിച്ചു എന്നു കരുതിയതാണ്, പക്ഷെ അൽക്കറാസ് ഒരു ഫീനിക്സ് പക്ഷിയെ പോലെ വീണ്ടും ഉണർന്നു കളിച്ചു. ഒരു നിമിഷം പോലും ഇവരുടെ കളിയുടെ വേഗതയും, ആക്രമണ പ്രകൃതവും വിട്ടുപോയിരുന്നില്ല. അതിമാനുഷ പ്രകടനം എന്ന് മാത്രമേ ഈ കളിയെ വിശേഷിപ്പിക്കാൻ സാധിക്കൂ. അവസാന സെറ്റ് അൽക്കറാസ് വിജയിക്കുമ്പോൾ ഫ്ലഷിങ് മെഡോസിൽ സമയം പുലർച്ചെ മൂന്ന് മണി!

പരസ്പരം പോയിന്റ് നേടിയും പിടിച്ചെടുത്തും കളിച്ച ഇവർ ടെന്നീസിന്റെ പ്രശാന്ത സുന്ദരമായ ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ 20 വർഷക്കാലമായി ടെന്നിസിനെ അടക്കി വാണിരുന്ന ത്രയങ്ങൾ തങ്ങളുടെ അവസാന വർഷത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ നേരത്തെ തന്നിരുന്നു. ഇനിയും ആ കൂട്ടത്തിൽ കുറച്ചെങ്കിലും പ്രതീക്ഷിക്കാവുന്നത് നോവാക്കിന്റെ പടയോട്ടമാണ്. ഫെഡറർ ഏതാണ്ട് വിരമിച്ചു കഴിഞ്ഞു, നദാലിന്റെ കളി പലപ്പോഴും പരിക്കിന്റെ പിടിയിലാണ്. ഇന്ന് ന്യൂ യോർക്കിൽ കണ്ട കളി ഇനിയുള്ള കാലത്ത് ഇവർക്ക് കളിക്കാൻ പറ്റുന്ന ഒന്നായിരുന്നു എന്നു കരുതാൻ വയ്യ. ഇവരിൽ ആരും ഇപ്പഴും മോശക്കാരല്ല, പക്ഷെ ടെന്നീസിലെ കായിക പ്രാധാന്യം കുറെ കൂടി ഉയർന്നു എന്ന് കാണിക്കുന്ന കളിയാണ് ഇന്നവിടെ നടന്നത്.

2022 ഈ കളിയെ സംബന്ധിച്ചു ഒരു നാഴികക്കല്ലാകും, 2022ന് മുൻപും ശേഷവും എന്ന ഒരു ചർച്ച ഇനിയുള്ള കാലങ്ങളിൽ ഉണ്ടാകും. ടെന്നീസിലെ പൊൻവസന്തം പൊട്ടിവിരിഞ്ഞ വർഷമാണിത്. ഇത്രയധികം ചെറുപ്പക്കാരായ കളിക്കാർ ഗ്രാൻഡ്സ്ലാം കോർട്ടുകളിലേക്ക് ഇങ്ങനെ ഒന്നിച്ചു ഇതിന് മുൻപ് വന്നിട്ടില്ല. വരിക മാത്രമല്ല അവർ ക്വാർട്ടറിലും സെമിയിലും കടക്കുകയും ചെയ്തു.

ഇപ്പോഴത്തെ യുഎസ് ഓപ്പൺ സെമി ലൈനപ്പ് നിങ്ങൾ ഒന്നു നോക്കൂ, ഖാചനോവ് – റൂഡ് & ടിയാഫോ – അൽക്കറാസ്. ഇതേ പോലെ ഫ്രഞ്ച് ഓപ്പണിൽ റൂഡ് റണ്ണർ അപ്പായി, വിമ്പിൾഡണിൽ കിരിയോസ് രണ്ടാമതെത്തി, ഓസ്‌ട്രേലിയൻ ഓപ്പണിൽ മെദ്വദേവ് രണ്ടാമനായി. ഇതിൽ അവസാന രണ്ടു പേരാണ് പ്രായം കൊണ്ട് (26 &27 വയസ്സ്) മുന്നിൽ നിൽക്കുന്നത്.

ടെന്നീസ് ഒരു സ്പോർട്ട് എന്ന നിലയിൽ മറ്റെല്ലാ കളികളിലും നിന്നു വ്യത്യസ്തമാണ്. ഒരു വ്യക്തിഗത കളി എന്ന നിലയിൽ നാലോ അഞ്ചോ മണിക്കൂർ നീണ്ടു നില്ക്കുന്ന, ഇത്രയും കായിക പ്രാധാന്യമുള്ള മറ്റൊരു കളിയില്ല. അത് കൊണ്ട് തന്നെ ഇവരിൽ ജയിച്ചവർ തോറ്റവർ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും നമുക്ക് ആഘോഷിക്കാം, കാരണം ഈ സുന്ദരകളിയുടെ സുവർണ്ണ കാലഘട്ടമാണ് വരാൻ പോകുന്നതെന്ന് ഓരോ ടെന്നീസ് ആരാധകന്റെയും മനസ്സ് പറയുന്നു.

Exit mobile version