ചരിത്ര നേട്ടം!!! മിക്സഡ് മാര്‍ഷ്യൽ ആര്‍ട്സിൽ വെങ്കലം നേടി സുചിക

ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടി സുചിക താരിയൽ ചരിത്രം കുറിച്ചു. വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം മിക്സഡ് മാർഷ്യൽ ആർട്സ് വിഭാഗത്തിലാണ് താരം ഈ അപൂർവ്വ നേട്ടം രാജ്യത്തിന് സമ്മാനിച്ചത്.
സെമി ഫൈനൽ പോരാട്ടത്തിൽ സിംഗപ്പൂർ താരത്തോട് പരാജയപ്പെട്ടെങ്കിലും വെങ്കല മെഡലോടെ സുചിക തന്റെ ഏഷ്യൻ ഗെയിംസ് പോരാട്ടം പൂർത്തിയാക്കി. തോൽവി നേരിട്ടെങ്കിലും ഈ ഇനത്തിൽ ഇന്ത്യയ്ക്കായി ഒരു അന്താരാഷ്ട്ര മെഡൽ കൈക്കലാക്കാൻ സാധിച്ചത് മികച്ച നേട്ടമായി വിലയിരുത്തപ്പെടുന്നു. സെമി ഫൈനലില്‍ ആദ്യം വിജയം സിംഗപ്പൂര്‍ താരത്തിന് അനുകൂലമായി വിധിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സംഘം ഫലത്തിനെതിരെ അപ്പീൽ പോകുകയായിരുന്നു. പിന്നീട് 10 ജഡ്ജുമാര്‍ വീഡിയോ പരിശോധനയ്ക്ക് ശേഷം മത്സരം ടൈ ആയി പ്രഖ്യാപിച്ചുവെങ്കിലും സുചികയെക്കാള്‍ 700 ഗ്രാം ഭാരക്കുറവുള്ള സിംഗപ്പൂര്‍ താരത്തിനെ വിജയിയായി പ്രഖ്യാപിച്ചു.
ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന 4-ാമത്തെ മെഡലാണിത്. ഷൂട്ടിംഗിൽ നേടിയ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം മാർഷ്യൽ ആർട്സിലും മെഡൽ പട്ടികയിൽ ഇടം പിടിക്കാൻ സാധിച്ചത് ഇന്ത്യൻ കായിക സംഘത്തിന് വലിയ ആവേശമാണ് നൽകുന്നത്.