കബഡിയിൽ ജപ്പാനെതിരെ ഇന്ത്യയുടെ ആധികാരിക വിജയം

ഏഷ്യൻ ഗെയിംസ് കബഡിയിൽ ആതിഥേയരായ ജപ്പാനെ തകർത്തെറിഞ്ഞ് ഇന്ത്യൻ പുരുഷ ടീം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ 49-24 എന്ന വൻ സ്കോർ മാർജിനിലാണ് ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യൻ താരങ്ങൾ എതിരാളികൾക്ക് യാതൊരു അവസരവും നൽകിയില്ല.
മിന്നുന്ന ഫോമിൽ കളിച്ച ഇന്ത്യൻ ടീം റെയ്ഡിംഗിലും ടാക്കിളിലും ഒരുപോലെ തിളങ്ങി. ജപ്പാൻ ഡിഫൻസിനെ സമ്മർദ്ദത്തിലാക്കി തുടരെ തുടരെ പോയിന്റുകൾ വാരിയ ഇന്ത്യ, എതിരാളികളുടെ തിരിച്ചുവരവിനുള്ള വഴികളെല്ലാം അടച്ചാണ് വിജയം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ വിജയം നേടിയ ഇന്ത്യ നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയെ നേരിടും. അതേസമയം, ഇന്ന് വൈകുന്നേരം 4.15 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ കബഡി ടീം ബംഗ്ലാദേശിനെ നേരിടാൻ കളത്തിലിറങ്ങും