ഇംഗ്ലണ്ടിലേത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഗോൾഡൻ സമ്മറായിരിക്കും – സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിലും ഇന്ത്യ തങ്ങളുടെ ആധിപത്യം തുടരുമെന്നും ടെസ്റ്റ് പരമ്പര വിജയിച്ച് ഇന്ത്യ ഇംഗ്ലണ്ടിലെ ഈ സമ്മർ ഇന്ത്യൻ ക്രിക്കറ്റിന്റെ ഗോൾഡൻ സമ്മറാക്കുമെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 18ന് തുടങ്ങി 22ന് അവസാനിച്ച ശേഷം ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് ആറാഴ്ച്ചത്തെ ഇടവേള ലഭിയ്ക്കുന്നുണ്ടെന്നും ഇത് മികച്ച വിശ്രമത്തിനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനും ഇന്ത്യയെ സഹായിക്കുമെന്ന് ഗവാസ്കർ സൂചിപ്പിച്ചു.

എന്തായിരിക്കും സ്കോറെന്നോ പരമ്പര എത്തരത്തിലാണ് ഇന്ത്യ ജയിക്കുകയെന്നോ പറയുന്നത് മണ്ടത്തരമാകുമെങ്കിലും ഇത് ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ഗോൾഡൻ സമ്മറാവുമെന്ന് തനിക്ക് ഉറപ്പാണെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. ഇംഗ്ലണ്ട് ഒരുക്കിയിരിക്കുന്ന വെല്ലുവിളികൾക്കായി ഒരുങ്ങുവാൻ ഇന്ത്യയ്ക്ക് യഥേഷ്ടം സമയമുണ്ടെന്നും ഇത് ഇംഗ്ലണ്ടിന് തിരിച്ചടിയാകുമെന്നും ഗവാസ്കർ പറഞ്ഞു.