താനും ബാബർ അസമും ചേർന്നാണ് ടീം ലൈനപ്പ് തയ്യാറാക്കുന്നത് – ഷദബ് ഖാൻ

പാക്കിസ്ഥാൻ നായകൻ ബാബർ അസം തന്നോടും ആലോചിച്ച ശേഷമാണ് അന്തിമ ഇലവൻ തിരഞ്ഞെടുക്കാറെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ ഉപനായകൻ ഷദബ് ഖാൻ. ദേശീയ ടീമിൽ താരങ്ങൾക്ക് കൂടുതൽ അവസരം നൽകുവാൻ ഇഷ്ടപ്പെടുന്ന ക്യാപ്റ്റനാണ് ബാബർ എന്നും അടിക്കടി ടീം മാറ്റുന്നത് താരത്തിന് ഇഷ്ടമല്ലെന്നും ഷദബ് വ്യക്തമാക്കി. താനും ബാബറും അന്തിമ ഇലവനെക്കുറിച്ച് ചർച്ച ചെയ്താണ് തീരുമാനിക്കാറെന്നും പാക്കിസ്ഥാന്റെ ഓൾറൌണ്ടർ പറഞ്ഞു.

അന്തിമ തീരുമാനം ബാബറിന്റെ ആണെങ്കിലും താരം പലപ്പോഴും തന്റെ അഭിപ്രായം സ്വീകരിക്കാറുണ്ടെന്നും ഷദബ് പറഞ്ഞു. ടീമിനെ ഫീൽഡിൽ നയിക്കുന്നയാളെന്ന നിലയിൽ തന്റെ ടീമിന് കൂടുതൽ അവസരം നൽകണമെന്ന് ആഗ്രഹിക്കുന്ന ഒരു ക്യാപ്റ്റനാണ് ബാബർ എന്നും ഷദബ് സൂചിപ്പിച്ചു. നല്ല പ്രകടനം പുറത്തെടുക്കുവാൻ ബുദ്ധിമുട്ടുന്ന താരങ്ങൾക്കും പാക്കിസ്ഥാൻ നായകന്റെ ഈ തീരുമാനം പലപ്പോഴും ആത്മവിശ്വാസം വർദ്ധിപ്പിക്കാറുണ്ടെന്നും ഷദബ് പറഞ്ഞു.