വിംബിൾഡൺ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി യാനിക് സിന്നർ

ലോക ഒന്നാം നമ്പർ താരമായ യാനിക് സിന്നർ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി. ജെൻസൺ ബ്രൂക്സ്ബിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്നർ പ്രീ ക്വാർട്ടറിലേക്ക് ഇടംപിടിച്ചത്. 6-4, 6-3, 6-4 എന്ന സ്കോറിനായിരുന്നു താരത്തിന്റെ തകർപ്പൻ വിജയം.
തുടർച്ചയായ അഞ്ചാം സീസണിലാണ് സിന്നർ വിംബിൾഡണിന്റെ അവസാന പതിനാറിൽ ഇടംനേടുന്നത്. നിലവിൽ വിംബിൾഡണിൽ പത്ത് മത്സരങ്ങൾ നീളുന്ന വിജയകുതിപ്പിലാണ് ഈ ഇറ്റാലിയൻ താരം.
താരത്തിന്റെ സ്ഥിരതയാർന്ന പ്രകടനമാണ് ഈ മത്സരത്തിലും എടുത്തു പറയേണ്ടത്. വിംബിൾഡണിന് മുന്നോടിയായി ഗ്രാസ് കോർട്ടിൽ പരിശീലന മത്സരങ്ങളൊന്നും കളിക്കാതെ ലണ്ടനിൽ എത്തിയെങ്കിലും, ഓരോ റൗണ്ട് പിന്നിടുന്തോറും കൂടുതൽ കരുത്തനായാണ് സിന്നർ കോർട്ടിൽ കാണപ്പെടുന്നത്. കഴിഞ്ഞ 34 മത്സരങ്ങളിൽ 33 എണ്ണത്തിലും വിജയിക്കാൻ സാധിച്ചത് താരത്തിന്റെ മികച്ച ഫോമിന് തെളിവാണ്. ഈ വിജയത്തോടെ 2026-ൽ തന്റെ 40-ാം ജയം കുറിച്ച സിന്നർ, ഈ സീസണിൽ താൻ എത്രത്തോളം ആധിപത്യം പുലർത്തുന്നുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.