ടെന്നീസ് റെക്കോർഡ് തിരുത്തി ഫെഡൽ, ചരിത്രം എഴുതി ആഫ്രിക്കയിലെ മത്സരം
റോജർ ഫെഡറർ ഫൗണ്ടേഷനായി ആഫ്രിക്കക്ക് ആയി റോജർ ഫെഡററും റാഫേൽ നദാലും ഒന്നിച്ചപ്പോൾ പിറന്നത് പുതുചരിത്രം. ടെന്നീസ് ലോകം ഇന്നേ വരെ കണ്ട ഏറ്റവും വലിയ ആൾക്കൂട്ടം ആണ് മത്സരം കാണാൻ കേപ് ടൗണിൽ എത്തിയത്. 51,954 പേർ മത്സരം കാണാൻ എത്തിയപ്പോൾ ഒരു മത്സരം കാണാൻ എത്തിയ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം ആയി ഇത്. ഫെഡറർക്കും നദാൽക്കും ഒപ്പം ട്രവർ നോഹയും ബിൽ ഗേറ്റ്സും ദക്ഷിണാഫ്രിക്കൻ റഗ്ബി ടീം അംഗങ്ങളും ഒക്കെ ഇതിൽ പങ്കാളികൾ ആയപ്പോൾ മത്സരത്തിൽ സമാഹരിക്കാൻ ആയത് ഏതാണ്ട് 3 മില്യൺ അമേരിക്കൻ ഡോളർ ആണ്. ആഫ്രിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആയി റോജർ ഫെഡറർ ഫൗണ്ടേഷൻ നടത്തിയ ആറാമത്തെ മത്സരം അങ്ങനെ വലിയ വിജയം ആയി മാറി.
ദക്ഷിണാഫ്രിക്കക്കാരിയായ ഫെഡററിന്റെ അമ്മ അടക്കം താരങ്ങളുടെ കുടുംബങ്ങളും മത്സരം കാണാൻ ഉണ്ടായിരുന്നു. ഫെഡററും ബിൽ ഗേറ്റ്സും അടങ്ങിയ സഖ്യം നദാൽ ട്രവർ നോഹ സഖ്യത്തെ തോൽപ്പിച്ച് കൊണ്ടായിരുന്നു മത്സരം തുടങ്ങിയത്. തുടർന്ന് ഫെഡററും നദാലും മുഖാമുഖം വന്നു. മത്സരത്തിൽ 6-4, 3-6, 6-3 എന്ന സെറ്റുകൾക്ക് ജയം ഫെഡറർക്ക് ഒപ്പം ആയിരുന്നു. എന്നാൽ മത്സരഫലം അപ്രസക്തമായ മത്സരത്തിൽ ഒരു നല്ല ലക്ഷ്യത്തിനായി ഒരുമിക്കാൻ ആയതിന്റെ സന്തോഷം എല്ലാവരും പങ്ക് വച്ചു. തനിക്ക് ഒപ്പം ആഫ്രിക്കക്ക് ആയുള്ള മത്സരത്തിൽ അണിനിരന്ന നദാൽക്ക് നന്ദി പറഞ്ഞ ഫെഡറർ മറ്റുള്ളവർക്കും നന്ദി രേഖപ്പെടുത്തി.