സാഹയ്ക്ക് കരുതല്‍ താരമായി കെഎസ് ഭരതിനെ ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ സ്ക്വാഡിലേക്ക് കെഎസ് ഭരതിനെ ഉള്‍പ്പെടുത്തി. കോവിഡ് ബാധിച്ച വൃദ്ധിമന്‍ സാഹയ്ക്ക് കരുതല്‍ താരമെന്ന നിലയില്‍ ആണ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആയതിനാല്‍ തന്നെ താരത്തിന് പരമ്പരയില്‍ അവസരമൊന്നും ലഭിയ്ക്കുവാന്‍ തീരെ സാധ്യതയില്ല.

സാഹ കോവിഡില്‍ നിന്ന് മോചിതനായെങ്കിലും വിക്കറ്റ് കീപ്പിംഗ് ഒരു പ്രത്യേക ദൗത്യം ആയതിനാലാണ് ടീമിലേക്ക് ഭരതിനെക്കൂടി ചേര്‍ക്കുവാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഇന്ത്യക്ക് ആശ്വാസം, വൃദ്ധിമാൻ സാഹ പരിശീലനം പുനരാരംഭിച്ചു

ഓസ്‌ട്രേലിയൻ പര്യടനത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് സന്തോഷ വാർത്ത. ഇന്ത്യൻ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ പരിക്ക് മാറി പരിശീലനം ആരംഭിച്ചു. സാഹ പരിശീലനം പുനരാരംഭിച്ച വിവരം ബി.സി.സി.ഐ തന്നെയാണ് അറിയിച്ചത്. സാഹ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിന്റെ കൂടെ പരിശീലനം നടത്തുന്ന വീഡിയോ ബി.സി.സി.ഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

നേരത്തെ ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്നതിനിടെയാണ് സാഹക്ക് പരിക്കേറ്റത്. നവംബർ 3ന് നടന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെയാണ് സാഹയുടെ ഹാംസ്ട്രിങിന് പരിക്കേറ്റത്. നിലവിൽ ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷം ഇന്ത്യ 2 ആഴ്ചത്തെ ക്വറന്റൈനിലാണ്. എന്നാൽ ക്വറന്റൈൻ സമയത്ത് പരിശീലനം നടത്താനുള്ള അനുമതി ഓസ്‌ട്രേലിയൻ സർക്കാർ നൽകിയിരുന്നു.

കൊല്‍ക്കത്തയ്ക്ക് മടക്ക ടിക്കറ്റ് നല്‍കി വാര്‍ണറും സാഹയും, സണ്‍റൈസേഴ്സ് പ്ലേ ഓഫിലേക്ക്

ഡേവിഡ് വാര്‍ണറുടെയും വൃദ്ധിമന്‍ സാഹയുടെയും ആധികാരിക ബാറ്റിംഗിന്റെ മികവില്‍ ഐപിഎല്‍ 2020ന്റെ പ്ലേ ഓഫില്‍ കടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. 150 റണ്‍സെന്ന ലക്ഷ്യം വിജയം അനിവാര്യമായ മത്സരത്തില്‍ പിന്തുടരാനിറങ്ങിയ സണ്‍റൈസേഴ്സിന് യാതൊരുവിധ വെല്ലുവിളിയും ഉയര്‍ത്തുവാന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.

151 റണ്‍സ് കൂട്ടുകെട്ടാണ് വാര്‍ണറും സാഹയും ചേര്‍ന്ന് മത്സരത്തില്‍ നേടിയത്. വാര്‍ണര്‍ 58 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയപ്പോള്‍ 45 പന്തില്‍ നിന്ന് 58 റണ്‍സാണ് വൃദ്ധിമന്‍ സാഹ നേടിയത്.

ആവേശം അവസാന മത്സരം വരെ നീളുമെന്ന് ഉറപ്പാക്കി സണ്‍റൈസേഴ്സ്, 5 വിക്കറ്റ് വിജയം

ഐപിഎലില്‍ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ നില നിര്‍ത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 121 റണ്‍സെന്ന ചെറിയ ലക്ഷ്യം ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ ചേസ് ചെയ്യാനിറങ്ങിയപ്പോള്‍ ടീമിന് 5 വിക്കറ്റ് നഷ്ടമായെങ്കിലും 14.1 ഓവറില്‍ വിജയം ഉറപ്പിക്കുവാന്‍ ടീമിനായി. 10 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറുടെ പ്രകടനമാണ് സാഹ(39), മനീഷ് പാണ്ടേ(26) എന്നിവരുടെ പ്രകടനത്തിന് ശേഷം സണ്‍റൈസേഴ്സിന് തുണയായത്.

ഡേവിഡ് വാര്‍ണറെ തുടക്കത്തില്‍ നഷ്ടമായെങ്കിലും മനീഷ് പാണ്ടേയ്ക്കൊപ്പം സണ്‍റൈസേഴ്സ് ഇന്നിംഗ്സ് സാഹ മുന്നോട്ട് നയിക്കുകയായിരുന്നു. 50 റണ്‍സ് കൂട്ടുകെട്ട് നേടിയ ശേഷം 26 റണ്‍സ് നേടിയ മനീഷ് പാണ്ടേയെെ ചഹാല്‍ പുറത്താക്കി. വാര്‍ണറുടെ വിക്കറ്റ് ലഭിച്ചത് വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു.

Rcb

സാഹ വില്യംസണിനെ കൂട്ടുപിടിച്ച് 22 റണ്‍സ് കൂടി മൂന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ചഹാല്‍ സാഹയെ വീഴ്ത്തി. 39 റണ്‍സാണ് സാഹ നേടിയത്. ഏതാനും പന്തുകള്‍ക്ക് ശേഷം ഇസ്രു ഉഡാന കെയിന്‍ വില്യംസണെ പുറത്താക്കിയതോടെ സണ്‍റൈസേഴ്സ് 87/4 എന്ന നിലയില്‍ പ്രതിരോധത്തിലായി.

10 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ അഭിഷേക് വര്‍മ്മ സണ്‍റൈസേഴ്സിന്റെ ജയം വേഗത്തിലാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 8 റണ്‍സ് നേടിയ അഭിഷേക് ലക്ഷ്യത്തിന് 7 റണ്‍സ് അകലെ പുറത്താകുകയായിരുന്നു.

 

പവര്‍പ്ലേയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചു – വൃദ്ധിമന്‍ സാഹ

തനിക്ക് ഈ വര്‍ഷം ലഭിച്ച രണ്ടാമത്തെ അവസരമാണ് ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരമെന്നും അത് പരമാവധി ഉപയോഗപ്പെടുത്തുവാനുള്ള ശ്രമമാണ് താന്‍ നടത്തിയതെന്നും പറഞ്ഞ് വൃദ്ധിമന്‍ സാഹ. പവര്‍പ്ലേയില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അത് അനുകൂലമാക്കി മാറ്റുവാന്‍ തനിക്ക് സാധിച്ചുവെന്നും സാഹ വ്യക്തമാക്കി.

തുടക്കത്തില്‍ പന്ത് ബാറ്റിലേക്ക് വരുന്നില്ലായിരുന്നുവെങ്കിലും പക്ഷേ താന്‍ പവര്‍പ്ലേയില്‍ റിസ്ക് എടുക്കുവാന്‍ തീരുമാനിച്ചിരുന്നുവെന്നും സാഹ വ്യക്തമാക്കി. ആദ്യ ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ബാറ്റിംഗ് എളുപ്പമായെന്നും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം താരം വ്യക്തമാക്കി.

ഓസ്ട്രേലിയയിലേക്കുള്ള ടെസ്റ്റ് ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സണ്‍റൈസേഴ്സ് ക്യാമ്പ് അടുത്ത രണ്ട് മത്സരങ്ങളും വിജയിച്ച് തങ്ങളുടെ പ്ലേ ഓഫ് സാധ്യത ഉറപ്പാക്കുവാനുള്ള ശ്രമത്തിലാണെന്നും സാഹ പറഞ്ഞു.

 

ജന്മദിനം ആഘോഷമാക്കി ഡേവിഡ് വാര്‍ണര്‍, വാര്‍ണറെ വെല്ലും പ്രകടനവുമായി സാഹയും

ഡേവിഡ് വാര്‍ണറും വൃദ്ധിമന്‍ സാഹയും ടോപ് ഓര്‍ഡറില്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. സാഹ 87 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 66 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 190ലധികം സ്ട്രൈക്ക് റേറ്റിലാണ് സാഹയും വാര്‍ണറും സ്കോര്‍ ചെയ്തത്. മനീഷ് പാണ്ടേയും മികവ് പുലര്‍ത്തിയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്.

ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം ടീമിലെത്തിയ വൃദ്ധിമന്‍ സാഹയാണ് ആദ്യം ആക്രമിച്ച് തുടങ്ങിയതെങ്കിലും ഡേവിഡ് വാര്‍ണര്‍ പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുന്നതാണ് പിന്നീട് കണ്ടത്. പത്താം ഓവറില്‍ അശ്വിന്റെ ഓവറില്‍ അക്സര്‍ പട്ടേല്‍ വാര്‍ണറെ വീഴ്ത്തുമ്പോള്‍ 34 പന്തില്‍ നിന്ന് 66 റണ്‍സാണ് സണ്‍റൈസേഴ്സ് നായകന്‍ നേടിയത്.

8 ഫോറും 2 സിക്സും അടക്കം നേടിയ താരം ഒന്നാം വിക്കറ്റില്‍ 107 റണ്‍സാണ് സാഹയോടൊപ്പം നേടിയത്. വാര്‍ണര്‍ പുറത്തായ ശേഷം വൃദ്ധിമന്‍ സാഹ തന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം തുടരുന്ന കാഴ്ചയാണ് കണ്ടത്. വാര്‍ണര്‍ക്ക് പകരം ക്രീസിലെത്തിയ മനീഷ് പാണ്ടേയെ കാഴ്ചക്കാരനാക്കി സാഹ തന്റെ വെടിക്കെട്ട് പ്രകടനം തുടര്‍ന്നപ്പോള്‍ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ക്ക് തൊടുന്നതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

15ാം ഓവറില്‍ ശ്രേയസ്സ് അയ്യര്‍ പിടിച്ച് പുറത്താകുമ്പോള്‍ തന്റെ ശതകത്തിന് 13 റണ്‍സ് അകലെയായിരുന്നു വൃദ്ധിമന്‍ സാഹ. ആന്‍റിക് നോര്‍ക്കിയയ്ക്കാണ് വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ 29 പന്തില്‍ നിന്ന് 63 റണ്‍സാണ് സാഹ-പാണ്ടേ കൂട്ടുകെട്ട് നേടിയത്. ഇതില്‍ പാണ്ടേ നേടിയത് 11 റണ്‍സാണ്.

മൂന്നാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടുകെട്ടുമായി മനീഷ് പാണ്ടേ – കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് സണ്‍റൈസേഴ്സിനെ 219 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു. മനീഷ് 44 റണ്‍സും വില്യംസണ്‍ 11 റണ്‍സുമാണ് നേടിയത്.

വൃദ്ധിമന്‍ സാഹയുടെ തറവാട് വീട്ടില്‍ മോഷണ ശ്രമം

ഇന്ത്യന്‍ ടെസ്റ്റ് താരം വൃദ്ധിമന്‍ സാഹയുടെ തറവാട്ട് വീട്ടില്‍ മോഷണ ശ്രമം. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ താരത്തിന്റെ കുടുംബ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. തന്റെ അമ്മാവന്മാര്‍ താമസിക്കുന്ന വീട്ടില്‍ മോഷണ ശ്രമം നടന്നുവെന്നും അവര്‍ക്ക് അത് തടയുവാന്‍ കഴിഞ്ഞുവെന്നും സാഹ അറിയിച്ചു. ഉടന്‍ മോഷണ ശ്രമം പോലീസിനെ അവര്‍ അറിയിച്ചതോടെ മോഷ്ടാക്കല്‍ കാറില്‍ രക്ഷപ്പെട്ടു.

ആറോളം പേരാണ് മോഷണ ശ്രമത്തില്‍ പങ്കെടുത്തതെന്ന് കരുതപ്പെടുന്നു. ഇത്തരം മോഷണ ശ്രമങ്ങളെക്കുറിച്ച് തന്റെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടെന്നും പോലീസ് ഉടന്‍ നടപടി സ്വീകരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് സാഹ വെളിപ്പെടുത്തി. ലോക്ക്ഡൗണ്‍ കാരണം സാഹയുടെ മാതാപിതാക്കള്‍ മൂത്ത മകന്റെയൊപ്പം മുംബൈയില്‍ ആണ്. മുംബൈയിലുള്ള മകനെ സന്ദര്‍ശിക്കാനെത്തിയ അവര്‍ ലോക്ക്ഡൗണ്‍ കാരണം അവിടെ കുടുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 2 മണിയോടെയാണ് സംഭവമെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ടെന്നും മോഷണം നടന്ന പരിസരത്തുള്ള സാഹയുടെ കുട്ടിക്കാലത്തെ കോച്ച് ജയന്ത ഭൗമിക് വെളിപ്പെടുത്തി.

രഞ്ജി ട്രോഫി കളിക്കേണ്ടെന്ന് വൃദ്ധിമാൻ സാഹയോട് ബി.സി.സി.ഐ

ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയോട് ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കേണ്ടെന്ന് ബി.സി.സി.ഐ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെയാണ് സാഹയോട് രഞ്ജി ട്രോഫി കളിക്കേണ്ടെന്ന് ബി.സി.സി.ഐ പറഞ്ഞത്. ബംഗാളിന്റെ ഡൽഹിക്കെതിരായ മത്സരമാണ് ഇതോടെ വൃദ്ധിമാൻ സാഹക്ക് നഷ്ടമാവുക. ന്യൂസിലാൻഡിനെതിരായ പരമ്പര മുൻപിൽ കണ്ടുകൊണ്ടാണ് സാഹയോട് വിശ്രമമെടുക്കാൻ ഇന്ത്യൻ ടീം മാനേജ്‌മന്റ് പറഞ്ഞത്.

നേരത്തെ ബംഗ്ളദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ വൃദ്ധിമാൻ സാഹ സർജറിക്ക് വിധേയനായിരുന്നു. തുടർന്ന് ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടർ ചികിത്സയിലായിരുന്നു വൃദ്ധിമാൻ സാഹ. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 21ന് നടക്കും.

അര്‍ദ്ധ ശതകവുമായി വൃദ്ധിമാന്‍ സാഹയും ശിവം ഡുബേയും, ഇന്ത്യ അതിശക്തമായ നിലയില്‍

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ മികച്ച നിലയില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 100 ഓവറില്‍ 339/5 എന്ന നിലയിലാണ്. 63 റണ്‍സ് നേടിയ ശിവം ഡുബേയും 14 റണ്‍സുമായി ജലജ് സക്സേനയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 233/3 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 78 റണ്‍സ് നേടിയ കരുണ്‍ നായരെ 6 റണ്‍സ് കൂടി നേടുന്നതിനിടെ നഷ്ടമായി.

73 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ ശേഷം വിയാന്‍ മുള്‍ഡര്‍ ആണ് കരുണ്‍ നായരെ പുറത്താക്കിയത്. 47 റണ്‍സ് കൂടി അഞ്ചാം വിക്കറ്റില്‍ നേടിയ ശേഷം സാഹയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. താരം 60 റണ്‍സാണ് നേടിയ്. വെറോണ്‍ ഫിലാന്‍ഡറിനായിരുന്നു വിക്കറ്റ്.

അനൗദ്യോഗിക ടെസ്റ്റ് ഇന്ത്യയെ ഗില്ലും സാഹയും നയിക്കും

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ ശുഭ്മന്‍ ഗില്ലും വൃദ്ധിമന്‍ സാഹയും നയിക്കും. സെപ്റ്റംബര്‍ 9ന് തിരുവനന്തപുരത്താണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗില്‍ ആദ്യ മത്സരത്തിലും സാഹ രണ്ടാം മത്സരത്തിലുമാണ് ടീമിനെ നയിക്കുക. രണ്ട് മത്സരങ്ങള്‍ക്കും ഏറെക്കുറെ വ്യത്യസ്തമായ ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് താരങ്ങള്‍ ഇരു ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്. ശുഭ്മന്‍ ഗില്‍, അന്മോല്‍പ്രീത് സിംഗ്, ഷാബാസ് നദീം, മുഹമ്മദ് സിറാജ്, ശിവം ഡുബേ, കൃഷ്ണപ്പ ഗൗതം, വിജയ് ശങ്കര്‍ എന്നിവര്‍ ഇരു ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്.

ആദ്യ മത്സരം: Shubman Gill (Captain), Ruturaj Gaikwad, Anmolpreet Singh, Ricky Bhui, Ankeet Bawne, KS Bharat (wicket-keeper), K Gowtham, Shahbaz Nadeem, Shardul Thakur, Mohammed Siraj, Tushar Deshpande, Shivam Dube, Vijay Shankar

രണ്ടാം മത്സരം: Priyank Panchal, Abhimanyu Easwaran, Shubman Gill, Anmolpreet Singh, Karun Nair, Wriddhiman Saha (Captain & wicket-keeper), K Gowtham, Kuldeep Yadav, Shahbaz Nadeem, Vijay Shankar, Shivam Dube, Umesh Yadav, Mohammed Siraj, Avesh Khan

“രണ്ടാം ടെസ്റ്റിൽ റിഷഭ് പന്തിന് പകരം സാഹ കളിക്കണം”

വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയെ കളിപ്പിക്കണമെന്ന മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്ദ് കിർമാനി. ഇന്ത്യക്ക് വേണ്ടി 88 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് കിർമാനി. ബംഗാൾ വിക്കറ്റ് കീപ്പർ കൂടിയായ സാഹ രണ്ടാം ടെസ്റ്റിൽ അവസരം അർഹിക്കുന്നുണ്ടെന്ന് കിർമാനി പറഞ്ഞു.

റിഷഭ് പന്ത് യുവ താരമാണെന്നും എനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ലോകകപ്പ് ജേതാവുകൂടിയായ കിർമാനി പറഞ്ഞു. പരിക്കിന്റെ പിടിയിലായിരുന്ന സാഹ റിഷഭ് പന്തിനെ പോലെ തന്നെ ഒരു അവസരം അർഹിക്കുന്നുണ്ടെന്നും അവസരം നൽകിയില്ലെങ്കിൽ സാഹയെ ടീമിൽ ഉൾപ്പെടുത്തിയതിന്റ കാര്യമെന്താണെന്നും കിർമാനി ചോദിച്ചു. അതെ സമയം റിഷഭ് പന്ത് ദൈവത്തിന്റെ വരദാനമാണെന്നും പന്തിന് ഒരുപാട് കാര്യങ്ങൾ എനിയും പഠിക്കാൻ ഉണ്ടെന്നും കിർമാനി കൂട്ടിച്ചേർത്തു.

വിന്‍ഡീസിനെതിരെയുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് വൃദ്ധിമന്‍ സാഹ, ഏകദിനങ്ങളില്‍ ഋഷഭ് പന്ത്

2018 ജനുവരിയില്‍ ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ച വൃദ്ധിമന്‍ സാഹ വീണ്ടും ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നു. ഇന്ത്യ എ ടീമിന്റെ വിന്‍ഡീസ് ടൂറിനുള്ള ടീമിലാണ് താരത്തിനു ഇടം ലഭിച്ചിരിക്കുന്നത്. മൂന്ന് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സാഹയ്ക്ക് ഇടം ലഭിച്ചിരിക്കുന്നത്. അതേ സമയം ഋഷഭ് പന്ത് അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഇടം പിടിച്ചു.

ഇന്ത്യ ലോകകപ്പിനു ശേഷം വിന്‍ഡീസ് ടെസ്റ്റ് പരമ്പര കളിയ്ക്കുന്നുണ്ടെന്നത് പരിഗണിച്ച് മൂന്നാമത്തെ മത്സരത്തില്‍ പൃഥ്വി ഷായെയും മയാംഗ് അഗര്‍വാളിനെയും ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനീഷ് പാണ്ടേ ഏകദിനങ്ങളില്‍ ഇന്ത്യ എ ടീമിനെയും ശ്രേയസ്സ് അയ്യര്‍ ചതുര്‍ദിന മത്സരങ്ങളില്‍ ടീമിനെയും നയിക്കും. ജൂലൈ 11നാണ് പര്യടനം ആരംഭിയ്ക്കുന്നത്.

ഇന്ത്യ എ ഏകദിന ടീം: മനീഷ് പാണ്ടേ, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ശുഭ്മന്‍ ഗില്‍, ശ്രേയസ്സ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, രാഹുല്‍ ചഹാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, നവ്ദീപ് സൈനി, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍

ഇന്ത്യ എ ചതുര്‍ദിന ടീം(ആദ്യ രണ്ട് മത്സരങ്ങള്‍): ശ്രേയസ്സ് അയ്യര്‍, പ്രിയാംഗ് പഞ്ചല്‍, അഭിമന്യൂ ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ശിവം ഡുബേ, വൃദ്ധിമന്‍ സാഹ, കെഎസ് ഭരത്, കൃഷ്ണപ്പ ഗൗതം, ഷഹ്ബാസ് നദീം, മയാംഗ് മാര്‍ക്കണ്ടേ, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍, അവേശ് ഖാന്‍

ഇന്ത്യ എ ചതുര്‍ദിന ടീം(മൂന്നാം മത്സരം): ശ്രേയസ്സ് അയ്യര്‍, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ശിവം ഡുബേ, വൃദ്ധിമന്‍ സാഹ, കെഎസ് ഭരത്, കൃഷ്ണപ്പ ഗൗതം, ഷഹ്ബാസ് നദീം, മയാംഗ് മാര്‍ക്കണ്ടേ, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍, അവേശ് ഖാന്‍

Exit mobile version