സ്പർസ് കുതിപ്പിന് അന്ത്യം കുറിച്ച് വോൾവ്‌സ്, വെംബ്ലിയിൽ സ്പർസിനെ വീഴ്ത്തി

മിന്നും ഫോമിലുള്ള സ്പർസിനെ വെംബ്ലിയിൽ വീഴ്ത്തി വോൾവ്സ്. 1-3 ന്റെ ആധികാരിക ജയമാണ് സന്ദർശകർ നേടിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് വോൾവ്സ് ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ നടത്തിയ അവിസ്മരണീയ പ്രകടനമാണ്‌ ലീഗിൽ രണ്ടാം സ്ഥാനക്കാരായ സ്പർസിനെ വീഴ്ത്താൻ വോൾവ്സിന് തുണയായത്.

ഹാരി കെയ്ൻ നേടിയ മനോഹര ഗോളായിരുന്നു ആദ്യ പകുതിയിലെ വിത്യാസം. ആധിപത്യം പുലർത്തി കളിച്ച സ്പർസിനെ 22 ആം മിനുട്ടിലാണ് കെയ്ൻ മുന്നിലെത്തിച്ചത്. സോണിൽ നിന്ന് പന്ത് സ്വീകരിച്ച താരം ബോക്സിന് പുറത്ത് നിന്ന് ഇടം കാൽ കൊണ്ട് തൊടുത്ത ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. വോൾവ്‌സ് ആകട്ടെ ഏതാനും കോർണറുകൾ ലഭിച്ചത് ഒഴിച്ചാൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനാവാതെ വിഷമിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ വോൾവ്സിന്റെ സമനില ഗോൾ പിറന്നു. ഇത്തവണ മൗട്ടീഞ്ഞോയുടെ കോർണറിൽ നിന്ന് ഡിഫൻഡർ ബോളിയാണ് ഹെഡറിലൂടെ സാന്റോയുടെ ടീമിന് സമനില ഗോൾ സമ്മാനിച്ചത്. പക്ഷെ 82 ആം മിനുട്ടിൽ വെംബ്ലിയെ നിശ്ശബ്ദമാക്കി സ്പർസ് രണ്ടാം ഗോൾ വഴങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. റൗൾ ഹിമനസാണ് ഗോൾ നേടിയത്. 87 ആം മിനുട്ടിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിന് ഒടുവിൽ കോസ്റ്റ ലോറിസിന്റെ വലയിൽ പന്തെത്തിച്ചതോടെ സ്പർസിന്റെ വെംബ്ലി പതനം പൂർത്തിയായി. ആദ്യ പകുതിയിലെ പ്രകടനത്തിന്റെ നിഴൽ മാത്രമായ രണ്ടാം പകുതി സ്പർസിന് നഷ്ടപ്പെടുത്തിയത് ലീഗിൽ കിരീട പോരാട്ടത്തിൽ നിർണായകമായേക്കാവുന്ന മറ്റൊരു ജയം.

ഇഞ്ചുറി ടൈം ഗോളിൽ വോൾവ്സിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന് വോൾവ്സ് ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്നു. പത്ത് പേരായി ചുരുങ്ങിയ ന്യൂ കാസിലിനെതിരെ 94 ആം മിനുട്ടിലാണ് ഡോഹർത്തി ഹെഡറിലൂടെ ഗോൾ നേടിയത്. മത്സരം 2-1 നാണ് സാന്റോയുടെ ടീം സ്വന്തമാക്കിയത്.

ഡിയഗോ ഡോട്ടയുടെ ഗോളിൽ വോൾവ്സാണ് മത്സരത്തിൽ ലീഡ് നേടിയത്. പക്ഷെ 23 ആം മിനുട്ടിൽ അയേസോ പെരസ് മാഗ്പീസിനെ ഒപ്പമെത്തിച്ചു. പക്ഷെ 57 ആം മിനുട്ടിൽ യെഡ്‌ലിൻ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത് ബെനീറ്റസിന്റെ ടീമിന് വൻ തിരിച്ചടിയായി. ജയത്തോടെ ലീഗിൽ 22 പോയിന്റുമായി വോൾവ്സ് പത്താം സ്ഥാനത്താണ്. 13 പോയിന്റുള്ള ന്യൂകാസിൽ 15 ആം സ്ഥാനത്താണ്.

തിരിച്ചടിച്ച് കാർഡിഫ്, വോൾവ്സിനെതിരെ ജയം

ജൂനിയർ ഹോയ്ലേറ്റിന്റെ വൈകിവന്ന ഗോളിൽ കാർഡിഫിന് പ്രീമിയർ ലീഗിൽ ജയം. സ്വന്തം മൈതാനത്ത് വോൾവ്സിനെ 2-1 നാണ് അവർ മറികടന്നത്. ജയത്തോടെ പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാർ എന്നതിൽ നിന്ന് മാറി 15 ആം സ്ഥാനത്തേക്ക് ഉയരാൻ കാർഡിഫിനായി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് വോൾവ്സ് തോൽവി വഴങ്ങിയത്.

മത്സരത്തിൽ തുടക്കം മുതൽ വോൾവ്സ് പിൻസീറ്റിലായിരുന്നു വോൾവ്സ്. പക്ഷെ 18 ആം മിനുട്ടിൽ ഡോഹർത്തിയുടെ ഗോളിൽ അവർക്ക് ലീഡ് നേടാൻ ആയെങ്കിലും രണ്ടാം പകുതിയിൽ ലീഡ് നിലനിർത്താൻ അവർക്കായില്ല. 65 ആം മിനുട്ടിൽ ആരോൺ ഗുണ്ണാർസൻ കാർഡിഫിന്റെ സമനില ഗോൾ നേടി. പിന്നീട് 77 ആം മിനുട്ടിൽ കിടിലനൊരു ഫിനിഷിൽ ഹോയ്ലേറ്റ് കാർഡിഫിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

ഫോം വീണ്ടെടുത്ത് വാട്ട്ഫോർഡ്, വോൾവ്സിനെ മറികടന്നു

സീസൺ തുടക്കത്തിൽ ജയിച്ചു കയറി അത്ഭുതം സൃഷ്ടിച്ച വാട്ട്ഫോർഡ് വീണ്ടും വിജയ വഴിയിൽ. ഏറെ മത്സരങ്ങൾക്ക് ശേഷമാണ് വാട്ട്ഫോർഡ് ഒരു ജയം നേടുന്നത്. ലീഗിൽ വോൾവ്സിനെയാണ് അവർ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നത്. ജയത്തോടെ 16 പോയിന്റുമായി അവർ 7 ആം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ 2 മിനിറ്റിനുള്ളിൽ നേടിയ 2 ഗോളുകൾക്കാണ് വാട്ട്ഫോർഡ് ജയം ഉറപ്പിച്ചത്. 20 ആം മിനുട്ടിൽ കപ്പുവും 21 ആം മിനുട്ടിൽ പെരേരയും നേടിയ ഗോളുകളാണ് വാട്ട്ഫോഡിന് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ പക്ഷെ വോൾവ്സിന് നേരിയ മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും അത് ഗോളാക്കി മാറ്റുന്നതിൽ അവർ പരാജയപെട്ടു.

സാന്റോ സെപ്റ്റംബറിലെ മികച്ച പരിശീലകൻ

വോൾവ്സ് പരിശീലകൻ നുനോ എസ്‌പെരിറ്റോ സാന്റോ സെപ്റ്റംബറിലെ മികച്ച പ്രീമിയർ ലീഗ് പരിശീലകനുള്ള അവാർഡ് സ്വന്തമാക്കി. സെപ്റ്റംബറിൽ വോൾവ്സ് നടത്തിയ അപരാജിത കുതിപ്പാണ് അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചത്.

സെപ്റ്റംബറിൽ വോൾവ്സ് കളിച്ച 4 കളികളിൽ അവർ 3 ജയവും ഒരു സമനിലയുമാണ് സ്വന്തമാക്കിയത്. കൂടാതെ ഈ മത്സരങ്ങളിൽ 3 കളീൻ ഷീറ്റും ടീം സ്വന്തമാക്കി. ഓൾഡ് ട്രാഫോഡിൽ മൗറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച സാന്റോയുടെ ടീം നിലവിൽ ലീഗിൽ എട്ടാം സ്ഥാനത്താണ്.

മൗറീഞ്ഞോ വലിയ പ്രചോദനം- വോൾവ്സ് പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോ തനിക്ക് വലിയ പ്രചോദനം ആണെന്ന് വോൾവ്സ് പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോ. പോർട്ടോയിൽ മൗറീഞ്ഞോക്ക് കീഴിൽ കളിച്ച സാന്റോ ഓൾഡ് ട്രാഫോഡിൽ അദ്ദേഹത്തെ നേരിടാനിരിക്കെയാണ് തന്റെ പഴയ ബോസിന് പ്രശംസയുമായി എത്തിയത്.

നേരത്തെ സാന്റോക്ക് പ്രശംസയുമായി മൗറീഞ്ഞോ രംഗത്ത് വന്നിരുന്നു. സാന്റോയുടെ നേട്ടങ്ങളെ മൗറീഞ്ഞോ വാനോളം പുകഴ്ത്തിയിരുന്നു. ഇതിന് മറുപടിയായി നന്ദിയും സാന്റോ പറഞ്ഞു. പക്ഷെ ഓൾഡ് ട്രാഫോഡിലെ പോരാട്ടം തങ്ങൾ തമ്മിലുള്ളതല്ലെന്നും മികച്ച രണ്ട് ടീമുകളുടെ പോരാട്ടമാണെന്നും സാന്റോ കൂട്ടിച്ചേർത്തു.

ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് വോൾവ്സ്

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് വോൾവ്സ്. സ്കോർ 1-1. ഈ കൊല്ലം പ്രീമിയർ ലീഗിലേക്ക് എത്തിയ വോൾവ്സ് മാഞ്ചസ്റ്റർ സിറ്റിക്ക് മുൻപിൽ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരു വേള മത്സരത്തിൽ ലീഡ് ചെയ്തതിനു ശേഷമാണു വോൾവ്സ് സമനില വഴങ്ങിയത്.

ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നെങ്കിലും കിട്ടിയ അവസരങ്ങളിൽ എല്ലാം വോൾവ്സ് മാഞ്ചസ്റ്റർ സിറ്റി ഗോൾ മുഖം ആക്രമിച്ചുകൊണ്ടേയിരുന്നു. ആദ്യ പകുതിയിൽ അഗ്വേറോയുടെ ശ്രമം പോസ്റ്റിൽ കൊണ്ട് തെറിച്ചതും സ്റ്റെർലിങിന്റെ മറ്റൊരു ശ്രമം ലോകോത്തര സേവിലൂടെ വോൾവ്സ് ഗോൾ കീപ്പർ പാട്രിസിയോ രക്ഷപെടുത്തിയതും സിറ്റിക്ക് തിരിച്ചടിയായി.

തുടർന്ന് രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ചു കൊണ്ട് വോൾവ്സ് ഗോൾ നേടിയത്. വില്ലി ബോളിയാണ് ഗോൾ നേടിയത്. താരത്തിന്റെ കയ്യിൽ കൊണ്ടാണ് പന്ത് സിറ്റി വലയിലെത്തിയതെങ്കിലും റഫറിയെ അസിറ്റന്റ് റഫറിയോ കാണാത്തത് കൊണ്ട് ഗോൾ നിലകൊള്ളുകയായിരുന്നു. തൊട്ടടുത്ത മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റിക്കായി താരങ്ങൾ വാദിച്ചെങ്കിലും ഇത്തവണയും റഫറി സിറ്റിക്കെതിരായായിരുന്നു.

എന്നാൽ അധികം താമസിയാതെ മാഞ്ചസ്റ്റർ സിറ്റി സമനില പിടിച്ചു. ഗുൺഡോഗന്റെ ക്രോസ്സ് മികച്ചൊരു ഹെഡറിലൂടെ ലപോർട്ടെയാണ് സമനില ഗോൾ നേടിയത്. താരത്തിന്റെ സിറ്റിയിലെ ആദ്യ ഗോളായിരുന്നു. തുടർന്ന് വിജയ ഗോൾ നേടാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമം തുടർന്നെങ്കിലും ഭാഗ്യം വോൾവ്സിന്റെ തുണക്കെത്തുകയായിരുന്നു. അവസാന നിമിഷം ലഭിച്ച ഫ്രീ കിക്കിൽ അഗ്വേറോയുടെ ശ്രമം ബാറിൽ തട്ടി തെറിച്ചതും സിറ്റിക്ക് വിനയായി.

കുതിപ്പ് തുടരാൻ സിറ്റി ഇന്ന് വോൾവ്സിനെതിരെ

ആദ്യ 2 മത്സരങ്ങളും ജയിച്ചു പ്രീമിയർ ലീഗ് ഈ സീസണിലും ഗംഭീരമാകുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് വോൾവ്സിനെ നേരിടും. വോൾവ്സിന്റെ മൈതാനത്ത് ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 നാണ് മത്സരം കിക്കോഫ്.

വോൾവ്സ് നിരയിൽ വിങ് ബാക്ക് മാറ്റ് ഡോഹെർത്തി പരിക്ക് കാരണം കളിച്ചേക്കില്ല. പുതുതായി ടീമിൽ എത്തിയ അഡമ ട്രയോറെ ഇന്ന് അരങ്ങേറിയേക്കും. സിറ്റി നിരയിൽ പരിക്കേറ്റ ക്ലാഡിയോ ബ്രാവോക്ക് പകരം ലോണിൽ നിന്ന് തിരിച്ചു വിളിച്ച ആറോ മ്യുറിക് ആവും ബെഞ്ചിൽ.

പോയ സീസണിൽ ലീഗ് കപ്പിൽ 2 തവണ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിൽ സിറ്റിക്കായിരുന്നു ജയം. സെർജിയോ അഗ്യൂറോ, ബെഞ്ചമിൻ മെൻഡി എന്നിവർ സിറ്റി നിരയിൽ മികച്ച ഫോമിലാണ്. വോൾവ്സ് നിരയിൽ റൂബൻ നെവെസ് മികച്ച ഫോമിലാണ്.

10 പേരായി ചുരുങ്ങിയിട്ടും വിജയം പിടിച്ചെടുത്ത് ലെസ്റ്റർ

അവസാന 25 മിനിറ്റ്  10 പേരായി ചുരുങ്ങിയിട്ടും വോൾവ്‌സിനെതിരെ വിജയം പിടിച്ചെടുത്ത് ലെസ്റ്റർ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ലെസ്റ്റർ വിജയം സ്വന്തമാക്കിയത്.  മാറ്റ് ഡോഹെർട്ടിയെ ഫൗൾ ചെയ്തതിന് ലെസ്റ്റർ ഫോർവേഡ് വാർഡി ചുവപ്പു കാർഡ് കണ്ടു പുറത്തുപോയതോടെ 10 പേരായിട്ടാണ് ലെസ്റ്റർ മത്സരം പൂർത്തിയാക്കിയത്.

ആദ്യ പകുതിയിലാണ് ലെസ്റ്റർ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന്റെ 29മത്തെ മിനുറ്റിൽ ഡോഹെർട്ടിയുടെ സെൽഫ് ഗോളിലാണ് ലെസ്റ്റർ മുൻപിലെത്തിയത്. ഓൾ ബ്രൈട്ടണിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ സ്വന്തം വലയിൽ തന്നെ ഡോഹെർട്ടി പന്ത് എത്തിക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മാഡിസണിലൂടെ ലെസ്റ്റർ ലീഡ് ഇരട്ടിയാക്കി.  ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഭാഗ്യം തുണക്കാതെ പോയതാണ് വോൾവ്‌സിന് വിനയായത്. മത്സരത്തിൽ മൂന്ന് തവണയാണ് വോൾവ്‌സിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു പോയത്.

തുടർന്ന് രണ്ടാം പകുതിയിലാണ് വാർഡിക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.  മാറ്റ് ഡോഹെർട്ടിയെ ഫൗൾ ചെയ്തതിനാണു വാർഡിക്ക് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. 10 പേരായി ചുരുങ്ങിയെങ്കിലും മികച്ച പ്രതിരോധം സൃഷ്ട്ടിച്ച ലെസ്റ്റർ ഗോൾ വഴങ്ങാതെ മത്സരം പൂർത്തിയാകുകയായിരുന്നു.

അരങ്ങേറ്റം ആഘോഷമാക്കി റിച്ചാർലിസൻ, പക്ഷെ എവർട്ടന് സമനില

മാർക്കോസ് സിൽവക്ക് കീഴിൽ പ്രതിഭ വീണ്ടെടുത്ത് ബ്രസീലിയൻ റിച്ചാർലിസൻ പ്രീമിയർ ലീഗിൽ എവർട്ടനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി. പക്ഷെ റൂബൻ നെവസിന്റെ മികവിൽ മറുപടി നൽകിയ വോൾവ്സ് എവർട്ടനെ 2-2 ന് സമനിലയിൽ തളച്ചു.

ഒരു മണിക്കൂറിലധികം സമയം വെറും 10 പേരുമായി കളിച്ചാണ് എവർട്ടൻ സമനില നേടിയത്. 40 ആം മിനുട്ടിൽ എവർട്ടൻ ഡിഫൻഡർ ജാഗിയേൽക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.

എവർട്ടനാണ് മത്സരത്തിൽ സ്കോറിങ് തുറന്നത്. 14 ആം മിനുട്ടിൽ റിച്ചാർലിസൻ ഗോൾ നേടി. പക്ഷെ 40 ആം മിനുട്ടിൽ ജാഗിയേൽക്ക ചുവപ്പ് കാർഡ് കണ്ടതോടെ വോൾവ്സിന് മത്സരത്തിലേക്ക് തിരിച്ചു വരാൻ അവസരമൊരുക്കി. 44 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത കിടിലൻ ഫ്രീകിക്കിലൂടെ വോൾവ്സ് സൂപ്പർ താരം നെവെസ് അവരെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ ഒരാൾ അധികമുള്ളതിന്റെ ആനുകൂല്യം മുതലാക്കാൻ വോൾവ്സ് ശ്രമിച്ചില്ല. ഇതോടെ എവർട്ടന് കാര്യങ്ങൾ എളുപ്പമായി. 67 ആം മിനുട്ടിൽ സ്ട്രൈക്കർ സെങ്ക് ടോസൂണിന്റെ അസിസ്റ്റിൽ റിച്ചാർലിസൻ ഗോൾ നേടി എവർട്ടനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷെ വീണ്ടും റൂബൻ നെവെസ് രക്ഷക്കെത്തി. ഇത്തവണ അസിസ്റ്റാണ് താരം ഒരുക്കിയത്. അങ്ങനെ 80 ആം മിനുട്ടിൽ റൗൾ ഹിമനസിന്റെ ഗോളിൽ വോൾവ്സ് സമനില നേടി. പിന്നീടുള്ള സമയം ഇരു ടീമുകളും ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രീമിയർ ലീഗിൽ ഇന്ന് പുതുമുഖ ടീമുകൾ ആദ്യ മത്സരത്തിനിറങ്ങും

പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഫുൾഹാം, വോൾവ്സ്, കാർഡിഫ്‌ ടീമുകൾക്ക് ഇനി ലീഗിൽ ആദ്യ മത്സരം. ഫുൾഹാം ഇന്ന് ക്രിസ്റ്റൽ പാലസിനെയും, വോൾവ്സ് എവർട്ടനെയും, കാർഡിഫ്‌ ബൗർന്മൗത്തിനെയും നേരിടും. കൂടാതെ വാട്ട്ഫോർഡ് ഇന്ന് ബ്രയ്ട്ടനെയും നേരിടും.

ട്രാൻസ്ഫർ മാർക്കറ്റിൽ 12 പുതിയ കളിക്കാരെ ടീമിൽ എത്തിച്ചു കരുത്ത് കൂട്ടിയ ഫുൾഹാമിനെ നേരിടുക എന്നത് പാലസിന് വെല്ലുവിളിയാകും എന്നത് ഉറപ്പാണ്. ചാമ്പ്യൻഷിപ്പിൽ ആക്രമണ ഫുട്ബോൾ കൊണ്ട് പേര് കേട്ട ഫുൾഹാം അതേ ശൈലി തന്നെയാകും പ്രീമിയർ ലീഗിലും തുടരുക. മൈക്കൽ സീരി, ശുർലെ എന്നിവർ ഇന്ന് അരങ്ങേറിയേക്കും.
പാലസ് നിരയിലെ വമ്പൻ സാഹയെ തടയാനായാൽ അവർക്ക് മത്സരത്തിൽ പോയിന്റ് നേടാനായേക്കും.

മാർക്കോസ് സിൽവക്ക് കീഴിൽ ആദ്യ മത്സരത്തിനിറങ്ങുന്ന എവർട്ടൻ മികച്ച സ്കോടാണ് ട്രാൻസ്ഫർ മാർക്കറ്റിൽ കെട്ടി പടുത്തത്. എങ്കിലും ഇന്ന് വോൾവ്സിന് എതിരെ പുതിയ താരങ്ങളായ സൂമ, മിന, ഗോമസ് എന്നിവർ കളിക്കാൻ സാധ്യതയില്ല. റെക്കോർഡ് തുക മുടക്കി എത്തിച്ച റിച്ചാർലിസൻ ഇന്ന് അരങ്ങേറിയേക്കും. റൂബൻ നവാസാണ് വോൾവ്സിന്റെ കരുത്ത്. മധ്യനിരയിൽ താരം താളം കണ്ടെത്തിയാൽ എവർട്ടൻ പരുങ്ങിയേക്കും.

പ്രീമിയർ ലീഗിൽ തുടരുക എന്നത് മാത്രം ലക്ഷ്യം വെക്കുന്ന 2 ടീമുകളുടെ പോരാട്ടമാണ് ഇന്നത്തെ വാട്ട്ഫോർഡ്- ബ്രയ്റ്റൻ പോരാട്ടം. ബ്രയ്റ്റൻ നിരയിൽ പുതിയ താരം അലിറെസ ജെമ്പകഷ്‌ഇന്ന് അരങ്ങേറിയേക്കും. ചാവി ഗാർസിയയുടെ വാട്ട്ഫോർഡ് നിരയിൽ ചാലോഭ, ഡെലഫയു, ക്ളവർലി എന്നിവർ പരിക്ക് കാരണം കളിക്കില്ല.

കാർഡിഫ്- ബൗർന്മൗത്ത് പോരാട്ടത്തിൽ കാർഡിഫ്‌ താരം ഹാരി ആർതറിന് കളിക്കാനാവില്ല. ബൗർന്മൗത്തിൽ നിന്ന് ലോണിൽ എത്തിയ താരത്തിന് അവർക്കെതിരെ കളിക്കാനാവില്ല. ബൗർന്മൗത്ത് നിരയിൽ നഥാൻ അകെ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. അവരുടെ റെക്കോർഡ് സൈനിംഗ് ലേർമ ഇന്ന് കളിക്കാൻ സാധ്യതയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെൽജിയം ലോകകപ്പ് താരം ഇനി വോൾവ്സിൽ

പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സ് ബെൽജിയം താരം ലിയാണ്ടർ ഡൻടോക്കറിനെ ടീമിലെത്തിച്ചു. ആൻഡർലിച്ചിൽ നിന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്.

ലോൺ അടിസ്ഥാനത്തിൽ എത്തുന്ന താരം അടുത്ത വർഷം സ്ഥിരമായി വോൾവ്സിന്റെ തരമാകും. 23 വയസുകാരനായ താരത്തിന് മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ കളിക്കാനാവും. ഈ ലോകകപ്പിൽ സെമിയിൽ എത്തിയ ബെൽജിയം ടീമിലും അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version