പുതിയ ചരിത്രമെഴുതി ലീ ഡൊക്കീ!

ഫോൾട്ട് കോളുകളില്ല, കൈയ്യടികളില്ല, കോർട്ടിലെ ആരവങ്ങളില്ല, ചെയർ അമ്പയറുടെ നിർദ്ദേശങ്ങളില്ല, അങ്ങനെ ശബ്ദങ്ങൾ ഒന്നുമില്ല കാതിൽ. പക്ഷേ ജയിക്കാൻ ഇതൊന്നും തടസ്സമല്ല എന്ന് തെളിയിക്കുകയാണ്, തന്റെ പരിമിതികളെ ടെന്നീസ് കോർട്ടിലെ വിജയം കൊണ്ട് തോൽപ്പിച്ചു ഇല്ലാതാക്കി കളഞ്ഞ ലീ.

പണ്ട് പരിഹസിച്ചവർക്ക് നേരെയുള്ള മധുര പ്രതികാരം. രണ്ടാം വയസ്സിലാണ് ലീയ്ക്ക് കേൾവി ശക്‌തി ഇല്ലെന്നത് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്, ഏറ്റുവാങ്ങേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് ലീ തന്നെ പറഞ്ഞും കഴിഞ്ഞു. പക്ഷേ ഏറ്റിപി മെയിൻ ഡ്രോയിൽ ജയിക്കുന്ന ആദ്യ കേള്വിശക്തി ഇല്ലാത്ത കളിക്കാരൻ ആയി ചരിത്രം കുറിച്ചു ഈ പോരാളി.

വിൻസ്റ്റൻ ഓപ്പണിൽ ഹെന്ററി ലാക്സോനനെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്‌കോർ 7-6, 6-1) തോൽപ്പിച്ചാണ് ചരിത്രത്തിലേക്ക് ലീ നടന്നു കയറിയത്. സ്വപ്നം കണ്ടാൽ, അതിനുവേണ്ടി കഠിനമായി പരിശ്രമിച്ചാൽ എന്തും സംഭവ്യമാണെന്ന് പറയുന്നു, ജയിക്കാൻ മനസ്സ് മാത്രം മതിയെന്ന് തെളിയിക്കുന്നു ഈ 21 കാരൻ.

മറെ തിരികെ കോർട്ടിലേക്ക്

ഇടുപ്പിലെ പരിക്ക് മൂലം ടെന്നീസ് താൽക്കാലികമായി അവസാനിപ്പിച്ച ആന്റി മറെ ടെന്നീസിലേക്ക് തിരികെയെത്തുന്നു. ഇടുപ്പ് മാറ്റി വയ്ക്കലിന് ശേഷമാണ് മുൻ ലോക ഒന്നാം നമ്പർ താരവും, രണ്ട് ഒളിമ്പിക് മെഡൽ നേടിയ താരവുമായ മറെ തിരിച്ചെത്തുന്നത്.

സ്‌പെയിനിന്റെ ലോപ്പസിനൊപ്പം ഡബിൾസിലായിരിക്കും ആദ്യം മത്സരിക്കുക. വർഷാവസാനത്തോടെ സിംഗിൾസിലേക്ക് തിരിച്ചുവരാനാണ് മറെ ഇപ്പോൾ ലക്ഷ്യമിടുന്നത് എന്നാൽ ശാരീരിക അദ്ധ്വാനം അധികം വേണ്ട സിംഗിൾസ് മത്സരങ്ങളിൽ ദീർഘകാലം തുടരാൻ ആകുമോ എന്നതിൽ ഉറപ്പില്ല. ഡബിൾസിലെ സഹോദര ജോഡിയായ ബ്രയാൻ സഹോദരന്മാരിൽ ബോബ് ബ്രയാനും ഇതുപോലെ ഇടുപ്പ് മാറ്റിവച്ച ശേഷം തിരിച്ചുവന്നിരുന്നു. പക്ഷേ സിംഗിൾസിൽ ആരും ഇതുപോലെ ഒരു തിരിച്ചുവരവ് നടത്തിയിട്ടില്ല.

ഇപ്പോൾ വേദന അശ്ശേഷം ഇല്ലെന്നും, ധാരാളമായി വർക്കൗട്ടുകൾ ചെയ്യുന്നുണ്ട് എന്നും ഇത് സന്തോഷം തരുന്നുണ്ട് എന്നും മറെ പറഞ്ഞു. കോർട്ടിൽ ഡിഫൻസിന് പേരുകേട്ട മറെ, ബിഗ് ഫോറിലേക്ക് ഉഗ്രനൊരു തിരിച്ചുവരവ് നടത്തുമെന്ന് തന്നെ കരുതാം

ഫ്രഞ്ച് ഓപ്പൺ കിരീടം നദാലിന്

ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ പന്ത്രണ്ടാമത് തവണയും നദാൽ ‘കടിച്ചു’. ഓരോ കിരീട മധുരവും പല്ലുകൾ കൊണ്ട് രുചിയ്ക്കുന്നതാണ് നദാൽ സ്റ്റൈൽ. ജയത്തോടെ ഒരു ഗ്രാൻഡ്സ്ലാം ഏറ്റവും അധികം നേടിയ സ്വന്തം പേരിലുള്ള റെക്കോർഡ് നദാൽ ഒരിക്കൽ കൂടി തിരുത്തി.

ക്ലേ കോർട്ട് സീസണിന്റെ തുടക്കത്തിലേറ്റ തിരിച്ചടികളിൽ പതറാതെയാണ് നദാൽ മുന്നേറിയത്. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഈ ഫൈനലും. അതേ എതിരാളികൾ, പക്ഷേ നദാലിൽ നിന്ന് ഒരു സെറ്റ് കൈക്കലാക്കാൻ തിമിന് സാധിച്ചു എന്നത് വലിയ കാര്യമാണ്. ഒരുപക്ഷേ ആദ്യ സെറ്റിൽ നേടിയ ബ്രേക്ക് നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരത്തിന്റെ റിസൾട്ട് തന്നെ മറ്റൊന്നായേനെ.

ആദ്യ സെറ്റ് നേടിയ നദാൽ രണ്ടാം സെറ്റ് അടിയറ വച്ചെങ്കിലും മൂന്നും നാലും സെറ്റുകൾ 6-1, 6-1 എന്ന സ്കോറിന് ആധികാരികമായി നേടിയാണ് വിജയം സ്വന്തമാക്കിയത്. ഇതോടെ റോജർ ഫെഡററുമായുള്ള ഗ്രാൻഡ്സ്ലാം കിരീട വ്യത്യാസം കുറയ്ക്കാനും നദാലിനായി.

ബാർട്ടിക്ക് കിരീടം, പുരുഷ ഫൈനൽ ആവർത്തനം

ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ വനിതാ വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ ബാർട്ടി കിരീടം നേടി. സീഡ് ചെയ്യപ്പെടാത്ത വോണ്ട്രുസോവയെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം കീഴ്പ്പെടുത്തിയാണ് ബാർട്ടി കിരീടം നേടിയത്. സ്‌കോർ 6-1, 6-3. ആദ്യ ഗ്രാൻഡ്സ്ലാം നേട്ടത്തോടെ എട്ടാം റാങ്കിൽ നിൽക്കുന്ന താരം തിങ്കളാഴ്ച വരുന്ന പുതിയ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരും. ഒരിക്കൽ ക്രിക്കറ്റിന് വേണ്ടി ടെന്നീസ് ഉപേക്ഷിച്ചു പോയതാണ് ബാർട്ടി എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

പുരുഷ വിഭാഗത്തിന്റെ ഫൈനലിൽ ഡൊമിനിക് തിം നദാലിനെ നേരിടും. മഴമൂലം ഇന്നലെ പുനരാരംഭിച്ച സെമി ഫഫൈനൽ മത്സരത്തിൽ ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നാണ് തിം ഫൈനൽ നേട്ടം ആവർത്തിച്ചത്. കഴിഞ്ഞ വർഷവും തിം ഫൈനലിൽ എത്തിയിരുന്നു. പക്ഷേ നദാലിനോട് തോൽക്കാനായിരുന്നു വിധി. ഇത്തവണ വലിയ വിജയങ്ങളിലൂടെ ആത്മവിശ്വാസത്തിലാണ് തിം ഇറങ്ങുന്നത്. റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന നദാലിനെ പിടിച്ചു കെട്ടുക അതും ക്ലേ കോർട്ടിൽ, അത്ര എളുപ്പമല്ലതാനും.

ഫെഡറർ × നദാൽ സെമി

മൂന്ന് വർഷങ്ങൾക്ക് ശേഷം കളിമൺ കോർട്ടിലേക്ക് തിരിച്ചെത്തിയ റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. കടുപ്പമേറിയ മത്സരത്തിൽ നാട്ടുകാരനായ സ്റ്റാൻ വാവ്റിങ്കയെയാണ് ഫെഡറർ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നത്. സ്‌കോർ 7-6, 4-6, 7-6, 6-4. മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്ലേകോർട്ടിലെ രാജാവ് എന്ന വിശേഷണമുള്ള റാഫേൽ നദാൽ ജപ്പാന്റെ നിഷിക്കോരിയെ തകർത്ത് സെമി ടിക്കറ്റ് ഉറപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്ക് 6-1, 6-1, 6-3 എന്നിങ്ങനെയുള്ള സ്കോറിനാണ് നദാൽ ജയിച്ചത്. ഇതോടെ കായികരംഗത്തെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങി.

2009 ല് മാത്രമാണ് നദാലിനെതിരെ ക്ലേ കോർട്ടിൽ ഫെഡറർക്ക് വിജയിക്കാൻ ആയിട്ടുള്ളത്. എന്നാൽ സമീപകാലത്ത് ഏറ്റുമുട്ടിയ മത്സരങ്ങളിൽ എല്ലാം തന്നെ നദാലിനെ കീഴടക്കാൻ കഴിഞ്ഞത് ഫെഡറർ ക്യാമ്പിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നൊവാക് ജോക്കോവിച്ച് അലക്‌സാണ്ടർ സ്വരേവിനേയും, ഡൊമിനിക് തിം കാഞ്ചനോവിനേയും നേരിടും.

വനിതാ വിഭാഗത്തിൽ സീഡ് ചെയ്യപ്പെടാത്ത വോൻഡ്രുസോവയും, സ്റ്റീഫൻസിനെ തോൽപ്പിച്ച് കോണ്ടയും സെമി ഉറപ്പാക്കി. ഇന്ന് നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ കിരീടം നിലനിർത്താൻ ശ്രമിക്കുന്ന സിമോണ ഹാലെപ് അനിസിമോവയെയും, ബാർട്ടി കീസിനെയും നേരിടും.

ഫ്രഞ്ച് ഓപ്പൺ: സെറീന, ഒസാക്ക പുറത്ത്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും സെറീന വില്ല്യംസും, ഒന്നാം നമ്പർ താരമായ നവോമി ഒസാക്കയും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത താരങ്ങൾക്കെതിരെ, നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടേയും തോൽവി. വനിതകളിൽ സിമോണ ഹാലെപ്, മാഡിസൺ കീസ്, ബാർട്ടി എന്നിവർ ജയത്തോടെ നാലാം റൗണ്ടിൽ പ്രവേശിച്ചു.

പുരുഷ വിഭാഗം സിംഗിൾസിൽ നൊവാക് ജോക്കോവിച്ച്, ഡെൽപോട്രോ, തിം, സിസിപ്പാസ്, ഫോനിനി, സ്വരേവ്, വാവ്‌റിങ്ക എന്നിവർ ജയത്തോടെ മുന്നേറിയപ്പോൾ കോറിച്ച് പുറത്തായി. 83 വർഷത്തിൽ ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടിൽ കടക്കുന്ന ആദ്യ ഗ്രീസ് കളിക്കാരൻ എന്ന റെക്കോർഡാണ് ജയത്തോടെ യുവതാരമായ സിസിപ്പാസ് സ്വന്തം പേരിൽ എഴുതി ചേർത്തത്.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ പേസ് അടങ്ങിയ സഖ്യവും, ബ്രയാൻ സഹോദരന്മാരും പുറത്തായി.

റാഫാ, ജോക്കോവിച്ച് മുന്നോട്ട്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗത്തിൽ കാനഡയുടെ ഷാപവലോവ്, മെദ്വദേവ് മുതലായ താരങ്ങൾക്ക് കാലിടറിയപ്പോൾ ഒന്നാം നമ്പർ താരം നൊവാക്, നിലവിലെ ചാമ്പ്യൻ റാഫ നദാൽ, റോജർ ഫെഡറർ എന്നിവർ അനായാസം മുന്നേറി. സിംഗിൾസിൽ ഇന്ത്യയിൽ നിന്നുള്ള ഏക താരം ഗുണേശ്വരൻ ആദ്യ റൗണ്ടിൽ പുറത്തായി.

രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ വനിതാ വിഭാഗത്തിൽ വോസ്നിയാക്കി, കെർബർ, വീനസ് വില്ല്യംസ് എന്നിവർ ആദ്യ റൗണ്ടിൽ പരാജയമറിഞ്ഞു.

വിജയ വഴിയിൽ നദാൽ

കരിയറിലെ ഏറ്റവും മോശം ക്ലേ കോർട്ട് സീസണെന്ന് വിശേഷിപ്പിക്കാവുന്ന ഈ സീസണിന്റെ അവസാനത്തിൽ റോം മാസ്റ്റേഴ്‌സിൽ കിരീടത്തോടെ നദാൽ തിരിച്ചുവരവ് നടത്തി. ഇതുവരെയുള്ള ടൂർണമെന്റുകളിൽ നദാലിനെ സംബന്ധിച്ചിടത്തോളം മോശം പ്രകടനമായിരുന്നു. എന്നാൽ റോം മാസ്റ്റേഴ്സിന്റെ തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മേൽ വ്യക്തമായ ആധിപത്യം നേടിയാണ് നദാൽ കിരീടം ഉയർത്തിയത്. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെതിരെ 6-0,4-6,6-1 എന്ന സ്കോറിനാണ് നദാൽ വിജയം നേടിയത്.

നദാലിന്റെ ഒമ്പതാം റോം മാസ്റ്റേഴ്സ് കിരീടമാണ്. ഇതോടെ നടക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണിൽ നദാലിനെ പിടിച്ചു കെട്ടുക എന്നതാവും പ്രധാന വെല്ലുവിളി. മറുഭാഗത്ത് തുടർച്ചയായ മൂന്ന് സെറ്റ് മാച്ചുകൾ നൊവാക്കിന്റെ ശാരീരിക ക്ഷമതയെ ബാധിച്ചു എന്നുവേണം അനുമാനിക്കാൻ. ഫ്രഞ്ച് ഓപ്പണിന്റെ റിഹേഴ്‌സലായും ഇന്നലത്തെ മത്സരത്തെ കാണാവുന്നതാണ്. ഇരുതാരങ്ങളും ഫോം നിലനിർത്തിയാൽ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ തീ പാറും.

വനിതാ വിഭാഗത്തിൽ നാലാം സീഡ് പ്ലിസ്‌കോവ കോണ്ടയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് കിരീടം നേടി. സ്‌കോർ 6-3,6-4.

പരിക്ക്, ഫെഡറർ പിന്മാറി

കൂടുതൽ കാലം ടെന്നീസ് കളിക്കുന്നതിന് വേണ്ടി മൂന്ന് വർഷങ്ങൾ ക്ലേ കോർട്ടിൽ നിന്ന് മാറിനിന്ന ശേഷം തിരിച്ചെത്തിയ ഫെഡറർ പരിക്ക് മൂലം റോം ഓപ്പണിൽ നിന്ന് പിന്മാറി. കാലിൽ ഏറ്റ പരിക്കാണ് ഫെഡറർക്ക് വില്ലനായത്. രണ്ട് ദിവസം മുമ്പ് പെയ്ത മഴ മൂലം ഇന്നലെ തുടർച്ചയായി 2 മത്സരങ്ങൾ കളിക്കേണ്ടി വന്നത് വിനയായി എന്നുവേണം അനുമാനിക്കാൻ. ക്വാർട്ടർ ഫൈനലിൽ യുവതാരം സിസിപ്പാസിനെ നേരിടാൻ ഇരിക്കുമ്പോഴാണ് ഫെഡറർ പിൻവാങ്ങുന്നത്.

വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഫ്രഞ്ച് ഓപ്പണിലും സ്വിസ് ഇതിഹാസം കളിക്കാൻ സാധ്യതയില്ല. ഇതോടെ സിസിപ്പാസ് സെമി ഉറപ്പിച്ചിട്ടുണ്ട്. നദാൽ, നിഷിക്കോരി, വേർദാസ്‌കോ, ഡെൽപോട്രോ, ജോക്കോവിച്ച് മുതലായ പ്രമുഖർ എല്ലാം റോം ഓപ്പണിന്റെ ക്വാർട്ടറിൽ ഇടം നേടിയിട്ടുണ്ട്.

റാഫാ യുഗം അവസാനിക്കുന്നുവോ?

ക്ലേ കോർട്ടിൽ റാഫേൽ നദാലിന് പകരം വയ്ക്കാൻ ഒരു താരം ഇനിയും ജനിക്കേണ്ടിയിരുന്നു എന്നുവേണം പറയാൻ. കാരണം കളിമൺ കോർട്ടിൽ നദാൽ കൈയ്യടക്കമുള്ള ഒരു ശില്പിയാണ്. ഒന്നിനുപുറകെ ഒന്നായി, തെല്ലിട പിഴയ്ക്കാതെ, സ്വന്തം വിയർപ്പിൽ കുഴച്ച് കിരീടങ്ങൾ വാർത്തെടുക്കുന്ന ശില്പി.

മാസ്റ്റേഴ്സ് കിരീട നേട്ടങ്ങളിൽ 33 കിരീടമെന്ന ഇനിയും ആരും തകർക്കാത്ത റെക്കോർഡ് സ്വന്തമായുള്ള നദാലിന്റെ നേട്ടത്തിൽ 24 എണ്ണവും ക്ലേ കോർട്ടിൽ നേടിയതാണ്. ഗ്രാൻഡ്സ്ലാമുകൾ 11 എണ്ണവും ഫ്രഞ്ച് ഓപ്പൺ ആണെന്നത് മാത്രം മതി ക്ലേകോർട്ടിൽ നദാലിന്റെ ആധിപത്യം എന്താണെന്നും, എത്രത്തോളം ആണെന്നതും മനസ്സിലാക്കാൻ. 57 കിരീടങ്ങളാണ് നദാൽ കളിമണ്ണിൽ നിന്നും സ്വന്തമാക്കിയത്. ഇതും നിലവിലെ റെക്കോർഡാണ്.

പക്ഷേ ഇത്തവണ കാര്യങ്ങൾ അത്ര സുഖമല്ല കാളപ്പോരിന്റെ നാട്ടിൽ നിന്നുള്ള ഈ പോരാളിക്ക്. ഇതുവരെ കളിച്ച മൂന്ന് ക്ലേകോർട്ട് ടൂര്ണമെന്റുകളിലും തോൽവിയായിരുന്നു ഫലം. ഒരെണ്ണം ഡൊമിനിക് തിം എന്ന ഭാവി ക്ലേകോർട്ട് സ്‌പെഷ്യലിസ്റ്റ് എന്ന് വാഴ്ത്തുന്ന താരത്തോടായിരുന്നു എന്നു വേണമെങ്കിൽ പറയാം, പക്ഷേ ഇന്നലെ സിസിപ്പാസും, ആദ്യം ഫോനിനിയും നദാലിനെ ഞെട്ടിച്ചു കളഞ്ഞു. പതിനാല് വർഷങ്ങൾക്ക് ശേഷം ഒരു കിരീടത്തിനായി നദാൽ ഇത്രയും കാത്തിരിക്കുന്നത് ഇതാദ്യം.

ഇനി ഇറ്റലിയും, ഫ്രഞ്ച് ഓപ്പൺ ടൂർണ്മെന്റും മാത്രമാണ് ക്ലേകോർട്ടിൽ നദാലിന്റെ മുന്നിലുള്ളത്. അതിലും വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ റാങ്കിങ്ങിലും നദാൽ പിന്നോട്ട് പോകും. പുരുഷ ടെന്നീസിലെ മാറ്റം ഇപ്പോൾ പ്രകടമാണ്. പുതിയ താരങ്ങൾ, വലിയ താരങ്ങളെ, പ്രധാന ടൂർണമെന്റുകളിൽ തോൽപ്പിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് സത്യവുമാണ്. പക്ഷേ നദാലിനെ കളിമൺ കോർട്ടിൽ തോല്പിക്കാൻ സാധിക്കുന്നു എന്നത് ഒരു യുഗത്തിന്റെ അന്ത്യമായി തന്നെ കാണേണ്ടി വരും. നദാലിന്റെ മാത്രമല്ല ടെന്നീസ് അടക്കി വാണ ഒരു തലമുറയുടെ അവസാനവും അടുത്തുകഴിഞ്ഞു. പുതിയ താരങ്ങളുടെ ചിറകിൽ മനോഹരമായ ഈ ഗെയിം പുതിയ ഉയരങ്ങൾ താണ്ടട്ടെ.

പ്രായം തോൽക്കുന്നു, ഫെഡറർ 101*

പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് റോജർ ഫെഡറർ കുതിപ്പ് തുടരുന്നു. ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ പരാജയപ്പെട്ടതിന് ശേഷം മിയാമി മാസ്റ്റേഴ്‌സിൽ ശക്തമായ തിരിച്ചു വരവ് നടത്തിയ ഫെഡറർ കിരീടത്തിന്റെ കണക്ക് 101 ആയി ഉയർത്തി. ആദ്യ മത്സരത്തിൽ ഒഴികെ ഒരിക്കൽ പോലും ഫെഡറർ പിന്നോട്ട് പോയില്ല എന്നത് ശ്രദ്ധേയമാണ്.

മിയാമിയിൽ നാലാമത്തെ കിരീടമാണ് ഫെഡറർ നേടിയത്. നിലവിലെ ചാമ്പ്യൻ ജോൺ ഇസ്‌നറെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് ഫെഡറർ കപ്പിൽ മുത്തമിട്ടത്. ആദ്യ സെറ്റ് അനായാസമായി ഫെഡറർ നേടിയപ്പോൾ രണ്ടാം സെറ്റിന്റെ അവസാനത്തിൽ എത്തിയ പരിക്ക് ഇസ്‌നർക്ക് കാര്യങ്ങൾ പ്രശ്നമാക്കി. പത്താം ഗെയിമിൽ ബ്രേക്ക് നേടിയ സ്വിസ് താരം 6-1,6-4 എന്ന സ്കോറിന് മത്സരവും കിരീടവും നേടി.

ഫെലിക്‌സ്, പുരുഷ ടെന്നീസിലെ പുതിയ ഉദയം

കാനഡയിൽ നിന്നുള്ള ഈ പതിനെട്ട് വയസ്സുകാരന്റെ പേരാവും ഒരുപക്ഷേ വരും കാലങ്ങളിൽ ഗ്രാൻഡ്സ്ലാമുകളിലെ ട്രോഫികളിൽ ആലേഖനം ചെയ്യപ്പെടാൻ പോകുന്നത്. പൊതുവേ യുവതാരങ്ങളുടെ പ്രകടനം ഗ്രാൻഡ്സ്ലാമുകളിൽ അത്ര പ്രതീക്ഷ നല്കുന്നതല്ല എങ്കിലും നാലുതാരങ്ങൾ മാത്രം അടക്കി വാണിരുന്ന യുഗത്തിന്, മാസ്റ്റേഴ്‌സ് സീരീസ് പോലുള്ള പ്രധാന ടൂർണമെന്റുകളിൽ എങ്കിലും വിരാമമിടാൻ യുവതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് തീർച്ചയായും ടെന്നീസിനെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്.

പലപ്പോഴും അങ്ങിങ്ങായി പ്രതിഭകളുടെ മിന്നലാട്ടങ്ങൾ പ്രകടമായിരുന്നു എങ്കിലും അവയൊന്നും പ്രതീക്ഷിച്ച കാലത്തോളം നിന്നില്ല. അവിടെയാണ് ഫെലിക്സിനെ പോലുള്ള താരം മികച്ച് നിൽക്കുന്നത്. എടിപി റാങ്കിങ്ങിൽ 57 സ്ഥാനത്തുള്ള ഈ കൗമാര താരമാണ് ആദ്യ നൂറിൽ ഉള്ള ഏറ്റവും പ്രായം കുറഞ്ഞ താരം എന്നത് മാത്രം മതി ഫെലിക്സിന്റെ പ്രതിഭ മനസ്സിലാക്കാൻ.

ഇന്നലെ മിയാമി മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നതോടെ ഒരു ടൂർണമെന്റിലെ അത്ഭുതമല്ല താനെന്ന് തെളിയിക്കാനും ഫെലിക്സിനായി. ഇന്ത്യൻ വെൽസിലെ മിന്നുന്ന പ്രകടനത്തിന് ശേഷം മിയാമിയിൽ സെമിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇനി ഫെലിക്സിന് സ്വന്തം.

പതിനെട്ട് വയസ്സിന് ഒട്ടും ചേരാത്ത അത്ഭുതപ്പെടുത്തുന്ന ശാന്തമായ മനസ്സും, അപാരമായ അത്ലറ്റിസിസവും, ഗ്രൗണ്ട് സ്ട്രോക്കിലും, അതുപോലെ സർവ്വുകളിലും പുലർത്തുന്ന മികവ് വേറൊരു വിധത്തിൽ പറഞ്ഞാൽ ഫെഡററുടെ ശാന്തത, ഗ്രൗണ്ട് സ്ട്രോക്കുകളിൽ ജോക്കോവിച്ചിന്റെ മികവ്, നദാലിന്റെ ഫൈറ്റിങ് സ്പിരിറ്റ് അങ്ങനെ ഫെലിക്‌സ് ഒരു കംപ്ലീറ്റ് പാക്കേജാണ്. വനിതകളിൽ പത്തൊമ്പത് കാരി ആന്റ്രിയേസ്‌കൂവിനെ പോലെ ചരിത്രം സൃഷ്ടിക്കാൻ ഫെലിക്സിന് കഴിയട്ടെ എന്ന്‌ വിശ്വസിക്കാം, പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം..

Exit mobile version