Picsart 23 07 04 01 04 29 489

അനായാസം ജ്യോക്കോവിച്, റൂഡും, റൂബ്ലേവും രണ്ടാം റൗണ്ടിൽ, ഫെലിക്‌സ് പുറത്ത്

വിംബിൾഡൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി രണ്ടാം സീഡും നിലവിലെ ജേതാവും ആയ നൊവാക് ജ്യോക്കോവിച്. സീഡ് ചെയ്യാത്ത അർജന്റീനൻ താരം പെഡ്രോ കാചിനെ 6-3, 6-3, 7-6 എന്ന സ്കോറിന് ആണ് നൊവാക് തോൽപ്പിച്ചത്. ഇടക്ക് മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ അവസാന സെറ്റിൽ ടൈബ്രേക്കിൽ എത്തിയത് ഒഴിച്ചാൽ മത്സരത്തിൽ വലിയ വെല്ലുവിളി നൊവാക് നേരിട്ടില്ല. വിംബിൾഡൺ സെന്റർ കോർട്ടിൽ കഴിഞ്ഞ 10 വർഷം ആയി നൊവാക് പരാജയം അറിഞ്ഞിട്ടില്ല. സെന്റർ കോർട്ടിൽ സെർബിയൻ താരത്തിന്റെ തുടർച്ചയായ 40 മത്തെ ജയം ആയിരുന്നു ഇത്.

നാലാം സീഡ് കാസ്പർ റൂഡ് ഫ്രഞ്ച് താരം ലോറന്റ് ലോകോലിയെ നാലു സെറ്റ് മത്സരത്തിൽ ആണ് മറികടന്നത്. 6-1, 5-7, 6-4, 6-3 എന്ന സ്കോറിന് ആയിരുന്നു റൂഡിന്റെ ജയം. അതേസമയം ഏഴാം സീഡ് റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് ഓസ്‌ട്രേലിയൻ താരം മാക്‌സ് പർസലിനെ 6-3, 7-5, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആണ് തകർത്തത്. മത്സരത്തിൽ വലിയ ആധിപത്യം ആണ് റൂബ്ലേവ് പുലർത്തിയത്. 11 സീഡ് കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയസ്മെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. അമേരിക്കൻ താരം മൈക്കിൾ മോ 7-6, 6-7, 7-6, 6-4 എന്ന സ്കോറിന് ആണ് ഫെലിക്‌സിനെ തോൽപ്പിച്ചത്. 3 ടൈബ്രേക്കറുകൾ ആണ് മത്സരത്തിൽ കണ്ടത്. യുവാൻ പാബ്ലോയെ 6-3, 6-1, 7-5 എന്ന സ്കോറിന് മറികടന്നു 14 സീഡ് ഇറ്റാലിയൻ താരം ലോറൻസോ മുസേറ്റിയും രണ്ടാം റൗണ്ടിൽ എത്തി.

Exit mobile version