പരിക്ക്: യുഎസ് ഓപ്പണിൽ നിന്ന് നിക്ക് കിരിയോസ് പിന്മാറി


ഓസ്ട്രേലിയൻ ടെന്നീസ് താരം നിക്ക് കിരിയോസ് 2025-ലെ യുഎസ് ഓപ്പണിൽ നിന്ന് പിന്മാറി. ഇതോടെ തുടർച്ചയായി മൂന്നാം വർഷമാണ് സീസണിലെ അവസാന ഗ്രാൻഡ് സ്ലാമിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നത്. മുൻ ലോക 13-ാം നമ്പർ താരമായിരുന്ന കിരിയോസ്, 2023-ലും 2024-ലും പരിക്ക് കാരണം മിക്കവാറും എല്ലാ മത്സരങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു.


കൈത്തണ്ടയിലും കാൽമുട്ടിലും ശസ്ത്രക്രിയയ്ക്ക് ശേഷം ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിലൂടെ അദ്ദേഹം തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2022 യുഎസ് ഓപ്പണിന് ശേഷം ഒരു ഗ്രാൻഡ് സ്ലാമിൽ അദ്ദേഹത്തിന്റെ ഏക സാന്നിധ്യമായിരുന്നു ഇത്. 2022-ൽ വിംബിൾഡൺ ഫൈനലിൽ നോവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടതായിരുന്നു കിരിയോസിന്റെ കരിയറിലെ മികച്ച പ്രകടനം.


മികച്ച ഫോമിൽ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ച ആരാധകർക്ക് ഈ പിന്മാറ്റം വലിയ നിരാശയാണ് നൽകുന്നത്. അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഇത് ഉയർത്തുന്നു.

2022ന് ശേഷമുള്ള ആദ്യ ജയം സ്വന്തമാക്കി നിക്ക് കിരിയോസ്

2022 ന് ശേഷമുള്ള തന്റെ ആദ്യ വിജയം സ്വന്തമാക്കി നിക്ക് കിരിയോസ്. മിയാമി ഓപ്പണിൽ മക്കെൻസി മക്ഡൊണാൾഡിനെതിരെ 3-6, 6-3, 6-4 എന്ന സ്കോറിന്റെ വിജയമാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് വർഷമായി പരിക്കുകളോട് പോരാടുന്ന ഓസ്‌ട്രേലിയൻ താരം, വേദന കാരണം ഈ മാസം ആദ്യം ഇന്ത്യൻ വെൽസിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.

പ്രൊഫഷണൽ ടെന്നീസ് കളിക്കുമോ എന്ന് ഒരിക്കൽ സംശയിച്ചിരുന്നെങ്കിലും ഈ വിജയത്തിനുശേഷം ആശ്വാസവും ആവേശവും തോന്നുന്നു എന്ന് കിരിയോസ് പറഞ്ഞു.

മിയാമി ഓപ്പണിൽ നടന്ന മറ്റൊരു മത്സരത്തിൽ, ഫ്രഞ്ച് വെറ്ററൻ ഗെയ്ൽ മോൺഫിൽസ് മിയാമി ഓപ്പണിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരനായി മാറി. അദ്ദേഹം ഫാബിയൻ മരോസാനെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി. വനിതാ സിംഗിൾസിൽ, എമ്മ റഡുകാനു സയാക ഇഷിയെ പരാജയപ്പെടുത്തി. അതേസമയം സോഫിയ കെനിൻ പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തി.

നിക്ക് കിരിയോസ് വിംബിൾഡൺ ടൂർണമെന്റിൽ നിന്ന് പിന്മാറി

ഓസ്‌ട്രേലിയൻ ടെന്നീസ് താരവും 2022 വിംബിൾഡൺ ഫൈനലിസ്റ്റുമായ നിക്ക് കിരിയോസ് വിംബിൾഡൺ ടൂർണമെന്റിൽ നിന്ന് പിന്മാറി. പരിശീലനത്തിനിടെ കൈക്ക് ഏറ്റ പരിക്ക് ആണ് കിരിയോസിന് വിനയായത്. ഡേവിഡ് ഗോഫിനുമായുള്ള കിർഗിയോസിന്റെ ആദ്യ റൗണ്ട് മത്സരത്തിന് ഒരു ദിവസം മുമ്പാണ് കിരിയോസ് താ‌ൻ പിന്മാറുന്നതായി പ്രഖ്യാപിച്ചത്‌

“ഈ വർഷം വിംബിൾഡണിൽ നിന്ന് ഞാൻ പിന്മാറേണ്ടിവരുമെന്ന് പറയുന്നതിൽ എനിക്ക് ശരിക്കും സങ്കടമുണ്ട്,” “എന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം തയ്യാറാകാനും വീണ്ടും വിംബിൾഡൺ കോർട്ടിൽ കയറാനും ഞാൻ കഠിനമായി ശ്രമിച്ചു,” 28 കാരൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കാലിന് പരിക്കേറ്റതിനെത്തുടർന്ന് നീണ്ടകാലമായി കിരിയോസ് പുറത്തായിരുന്നു‌. താരം പരിക്ക് മാറി തിരികെ വരികെയാണ് പുതിയ പരിക്ക് പ്രശ്നമായത്. ഈ വർഷമാദ്യം, ഓസ്‌ട്രേലിയൻ അത്‌ലറ്റിന് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നിരുന്നു., ഒന്നിലധികം ടൂർണമെന്റുകളിൽ നിന്ന് അദ്ദേഹത്തിന് ഇത് കാരണം വിട്ടുനിൽക്കേണ്ടി വന്നിരുന്നു.

നിക്ക് കിരിയോസ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി

ഓസ്‌ട്രേലിയൻ ടെന്നീസ് താരം നിക്ക് കിരിയോസ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി. ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറേണ്ടി വന്ന കാൽമുട്ടിന് പരിക്ക് തന്നെയാണ് ഇപ്പോഴും കിരിയോസിന്റെ പ്രശ്നം. കിരിയോസ് ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു, ഈ സീസണിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും താരത്തിന് നഷ്‌ടമായി.

“കിരിയോസ് കളിക്കാൻ സാധ്യതയില്ല. നിക്കിനെ എത്രയും വേഗം കളത്തിൽ എത്തിക്കാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്,” കിർഗിയോസിന്റെ ഏജന്റ് ഡാനിയൽ ഹോഴ്‌സ്‌ഫാൾ പറഞ്ഞു.

നിക്കിനെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ഖാചനോവ് യു.എസ് ഓപ്പൺ സെമിഫൈനലിൽ, കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ

യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി റഷ്യൻ താരവും 27 സീഡും ആയ കാരൻ ഖാചനോവ്. 23 സീഡും വിംബിൾഡൺ ഫൈനലിസ്റ്റും ആയ നിക് കിർഗിയോസിനെ ആണ് ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ആയ റഷ്യൻ താരം തോൽപ്പിച്ചത്. ഇതോടെ കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനലിലേക്കും ഖാചനോവ് മുന്നേറി. അഞ്ചു സെറ്റുകളുടെ കടുത്ത പോരാട്ടം ആണ് മത്സരത്തിൽ കാണാൻ ആയത്.

ആദ്യ സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്താൻ ആയ ഖാചനോവ് സെറ്റ് 7-5 നു നേടി മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. പലപ്പോഴും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെങ്കിലും രണ്ടാം സെറ്റ് 6-4 നു നേടി നിക് തിരിച്ചടിച്ചു. മൂന്നാം സെറ്റിലും ഒന്നാം സെറ്റ് ആവർത്തിച്ചു. നിക്കിന്റെ അവസാന സർവീസ് ബ്രേക്ക് ചെയ്‌ത റഷ്യൻ താരം സെറ്റ് 7-5 നു നേടി. നാലാം സെറ്റിൽ കടുത്ത പോരാട്ടം നടന്നപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു.

മത്സരത്തിലെ ഏറ്റവും മികച്ച ടെന്നീസ് കളിച്ച നിക് സെറ്റ് 7-3 നു ടൈബ്രേക്കർ ജയിച്ചു സെറ്റ് 7-6 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിലും നിർണായക ബ്രേക്ക് നേടിയ റഷ്യൻ താരം സെറ്റ് 6-4 നു നേടി സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ ശാരീരിക ക്ഷമത ഓസ്‌ട്രേലിയൻ താരത്തിന് വെല്ലുവിളി ആയി. മത്സരത്തിൽ 31 ഏസുകൾ നിക് ഉതിർത്തപ്പോൾ 30 ഏസുകൾ ആണ് ഖാചനോവ് ഉതിർത്തത്. സെമിഫൈനലിൽ അഞ്ചാം സീഡ് കാസ്പർ റൂഡ് ആണ് റഷ്യൻ താരത്തിന്റെ എതിരാളി.

ലോക ഒന്നാം നമ്പർ മെദ്വദേവിനെ പുറത്താക്കി നിക്ക് കിരിയോസിന്റെ മായജാലം

യു എസ് ഓപ്പണിൽ ഓസ്‌ട്രേലിയയുടെ നിക്ക് കിരിയോസ് നിലവിലെ ചാമ്പ്യനായ ഡാനിൽ മെദ്‌വദേവിനെ പുറത്താക്കി. ഇന്ന് നടന്ന നാലാം റൗണ്ട് പോരിൽ 23-ാം സീഡായ കിരിയോസ് റഷ്യയിൽ നിന്നുള്ള ലോക ഒന്നാം നമ്പർ താരത്തെ 7-6 (13/11), 3-6, 6-3, 6-2 എന്ന സ്‌കോറിന് ആണ് പരാജയപ്പെടുത്തിയത്‌.

ആദ്യ സെറ്റിൽ തന്നെ കളി ആവേശകരമായി മാറുന്നതാണ് ഇന്ന് കണ്ടത്. 13/11 എന്ന ടൈ ബ്രേക്കർ കഴിഞ്ഞായിരുന്നു കിരിയോസ് സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റ് കൈവിട്ടുപോയെങ്കിലും, മൂന്നാം സെറ്റിലും നാലാം സെറ്റിലും മെദ്‌വദേവിന്റെ മേൽ ആധിപത്യം പുലർത്താൻ കിരിയോസിനായി. 2 മണിക്കൂർ 53 മിനിറ്റാണ് കളി നീണ്ടു നിന്നത്.

ഇനി ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കിരിയോസ് കാരെൻ ഖച്ചനോവിനെ നേരിടും. പാബ്ലോ കരേനോ ബുസ്റ്റയെ പരാജയപ്പെടുത്തിയാണ് ഖച്ചനോവ് ക്വാർട്ടറിൽ എത്തിയത്.

അനായാസ ജയവുമായി മെദ്വദേവ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ, നാലാം റൗണ്ടിൽ നിക് എതിരാളി

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി നിലവിലെ ജേതാവും ഒന്നാം സീഡും ആയ ഡാനിൽ മെദ്വദേവ്. ചൈനീസ് താരം വു യിബിങിനെ 6-4, 6-2, 6-2 എന്ന സ്കോറിന് ആണ് മെദ്വദേവ് തകർത്തത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത മെദ്വദേവ് 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. നാലാം റൗണ്ടിൽ വിംബിൾഡൺ ഫൈനലിസ്റ്റ് ആയ നിക് കിർഗിയോസ് ആണ് ലോക ഒന്നാം നമ്പറിന്റെ എതിരാളി.

വൈൽഡ് കാർഡ് ആയി എത്തിയ അമേരിക്കൻ താരം ജെ.ജെ വോൾഫിനെ 6-4, 6-2, 6-3 എന്ന സ്കോറിന് ആണ് നിക് തകർത്തത്. മത്സരത്തിൽ 21 ഏസുകൾ ഉതിർത്ത നിക് 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. ഉഗ്രൻ ഫോമിലുള്ള ഓസ്‌ട്രേലിയൻ താരം മെദ്വദേവിനു വെല്ലുവിളി ആവാൻ തന്നെയാണ് സാധ്യത. 18 സീഡ് ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡിമിനോറിനെ 6-1, 6-1 3-6, 7-6 എന്ന സ്കോറിന് തോൽപ്പിച്ചു 12 സീഡ് പാബ്ലോ കരെനോ ബുസ്റ്റയും അവസാന പതിനാറിൽ എത്തി.

മാച്ച് പോയിന്റുകൾ രക്ഷിച്ചു ആരാധകരെ ത്രസിപ്പിച്ച് നിക് മൂന്നാം റൗണ്ടിലേക്ക്, സെരവും ദിമിത്രോവും മുന്നോട്ട്

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആതിഥേയരുടെ ഏറ്റവും വലിയ പ്രതീക്ഷ ആയ ടെന്നീസിലെ വികൃതി ചെറുക്കൻ നിക് ക്രഗറിയോസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരം ഉഗോ ഉമ്പർട്ടിനു എതിരെ ഒരു ഘട്ടത്തിൽ പരാജയം മുന്നിൽ കണ്ട നിക് രണ്ടു മാച്ച് പോയിന്റുകൾ രക്ഷിച്ച ശേഷം ആണ് അഞ്ചു സെറ്റും മൂന്നിലേറെ മണിക്കൂറും നീണ്ട മത്സരം ജയിച്ചു കയറിയത്. നിക്കിന്റെ അവിശ്വസനീയ തിരിച്ചു വരവ് ഓസ്‌ട്രേലിയൻ കാണികൾക്ക് വലിയ ആവേശം തന്നെയാണ് പകർന്നത്. എന്നത്തേയും പോലെ ആരാധകരെ രസിപ്പിക്കുന്ന ഷോട്ടുകളും ആയി കളം നിറഞ്ഞ നിക് ഒരു ഘട്ടത്തിൽ റഫറിയോട് കയർക്കുകയും ഉണ്ടായി. മത്സരത്തിൽ നിക് 30 ഏസുകൾ ഉതിർത്തപ്പോൾ 27 ഏസുകൾ ആണ് ഫ്രഞ്ച് താരം കണ്ടത്തിയത്. ഇരു താരങ്ങളും 3 വീതം ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ 2 ടൈബ്രേക്കറുകളും കണ്ടു. ആദ്യ സെറ്റ് 7-5 നു നേടിയ ഫ്രഞ്ച് താരത്തിന് എതിരെ രണ്ടാം സെറ്റ് 6-4 നു നേടി നിക് മത്സരത്തിൽ തിരിച്ചു വന്നു. മൂന്നാം സെറ്റ് 6-3 നു നേടിയ ഉമ്പർട്ട് മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നാലാം സെറ്റിൽ മികവ് തുടർന്ന ഫ്രഞ്ച് താരം അനായാസം ജയം കാണും എന്നിടത്ത് നിന്നാണ് 2 മാച്ച് പോയിന്റുകൾ രക്ഷിച്ച നിക് നാലാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയത്.

മാച്ച് പോയിന്റുകൾ രക്ഷിച്ച ശേഷം അസാധ്യ ഫോമിലേക്ക് ഉയർന്ന നിക് ടൈബ്രേക്കറിലൂടെ നാലാം സെറ്റ് നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ആദ്യമെ തന്നെ ബ്രൈക്ക് കണ്ടത്തിയ നിക് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. ആവേശത്തോടെ ആണ് മെൽബൺ അരീനയിലെ ആരാധകർ നിക്കിന്റെ ജയം സ്വീകരിച്ചത്. മൂന്നാം റൗണ്ടിൽ മൂന്നാം സീഡ് ഡൊമിനിക് തീം ആണ് നിക്കിന്റെ എതിരാളി. അതേസമയം അമേരിക്കൻ താരം മാക്സി ക്രെസ്സിക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ ജയം ആണ് ആറാം സീഡ് അലക്സാണ്ടർ സെരവ് കൈക്കലാക്കിയത്. മത്സരത്തിൽ 15 ഏസുകൾ ഉതിർത്ത ജർമ്മൻ താരം 4 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്യുകയും ചെയ്തു. 7-5, 6-4, 6-3 എന്ന സ്കോറിന് ആയിരുന്നു ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന സെരവിന്റെ ജയം. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബൾഗേറിയൻ താരവും 18 സീഡുമായ ഗ്രിഗോർ ദിമിത്രോവും രണ്ടാം റൗണ്ടിൽ ജയം കണ്ടത്. ഓസ്‌ട്രേലിയൻ താരം അലക്‌സ് ബോൾട്ടിനെതിരെ ആദ്യ സെറ്റിൽ ബ്രൈക്ക് കണ്ടത്താൻ ബുദ്ധിമുട്ടിയ ദിമിത്രോവ് ടൈബ്രേക്കറിലൂടെയാണ് സെറ്റ് നേടിയത്. എന്നാൽ രണ്ടും മൂന്നും സെറ്റിൽ മികച്ച ഫോമിലേക്ക് ഉയർന്ന ദിമിത്രോവ് 2 വീതം ബ്രൈക്കുകൾ നേടി 6-1, 6-2 എന്ന സ്കോറിന് മത്സരം സ്വന്തം പേരിലാക്കി.

ചെയർ അമ്പയർക്ക് സസ്‌പെൻഷൻ

യുഎസ് ഓപ്പൺ ടെന്നീസിന്റെ രണ്ടാം റൗണ്ട് മത്സരത്തിനിടെ ഓസ്‌ട്രേലിയയുടെ നിക് ക്യൂരിയോസിന് മോട്ടിവേഷൻ നൽകിയ ചെയർ അമ്പയറെ എടിപി സസ്‌പെന്റ് ചെയ്തു. ടെന്നീസിലെ ലീഡിങ് അമ്പയർമാരിൽ ഒരാളും സ്വീഡൻകാരനുമായ മുഹമ്മദ് ലെഹ്യാനിയെയാണ് രണ്ടാഴ്ചത്തേക്ക് എടിപി സസ്‌പെന്റ് ചെയ്തത്. ഹെർബർട്ടുമായുള്ള മത്സരത്തിനിടെ ആദ്യ സെറ്റും, രണ്ടാം സെറ്റിൽ ഒരു ബ്രേക്കും വഴങ്ങി നിൽക്കുകയായിരുന്ന ക്യൂരിയോസിനെ ചെയറിൽ നിന്നിറങ്ങി ‘എനിക്ക് നിന്നെ സഹായിക്കണമെന്നുണ്ട്, ഇപ്പൊ കളിക്കുന്നതിനെക്കാൾ നന്നായി നിനക്ക് കളിക്കാൻ സാധിക്കും’ എന്ന വിധത്തിലുള്ള സംസാരമാണ് ലെഹ്യാനിക്ക് വിനയായത്.

മത്സരത്തിൽ പൊരുത്തിക്കയറിയ ക്യൂരിയോസ് ജയിക്കുകയും ചെയ്തു. അമ്പയറുടെ പെരുമാറ്റത്തിനെതിരെ റോജർ ഫെഡററെ പോലുള്ള താരങ്ങൾ അന്നേ രംഗത്ത് വന്നിരുന്നു. എന്നാൽ അമ്പയറുടെ സംസാരം തന്നിൽ യാതൊരു വിധ മാറ്റങ്ങളും ഉണ്ടാക്കിയില്ല എന്നാണ് ക്യൂരിയോസിന്റെ പക്ഷം.

നദാൽ, കൈരഗൂയിസ് മുന്നോട്ട്

ഒന്നാം സീഡ് നദാൽ, ഓസ്‌ട്രേലിയൻ കിരീട പ്രതീക്ഷയായ കൈരഗൂയിസ്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് എന്നിവർ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. നദാൽ അനായാസം ജയിച്ചപ്പോൾ ഫ്രാൻസിന്റെ ജോ വിൽഫ്രെഡ് സോങ്ങയെ കടുത്തൊരു മത്സരത്തിൽ മറികടന്നാണ് ഇത്തവണത്തെ കിരീട പ്രതീക്ഷയായ കൈരഗൂയിസ് മുന്നേറിയത്. യുവതാരം റൂബലെവിനെതിരെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വിജയിച്ച ദിമിത്രോവാണ് അടുത്ത റൗണ്ടിൽ നിക്കിന്റെ എതിരാളി. മറ്റുമത്സരങ്ങളിൽ സിലിച്ച് റയാൻ ഹാരിസണെ തോല്പിച്ചപ്പോൾ ഡോൾഗൊപൊളോവിനെ തോൽപ്പിച്ച് ഷ്വാർട്‌സ്മാനും, കാർലോവിച്ചിനെ മറികടന്ന് സെപ്പിയും, മുള്ളറെ മറികടന്ന് ബുസ്റ്റയും, ബ്രിട്ടന്റെ എഡ്മുണ്ടും നാലാം റൗണ്ടിലേക്ക് മുന്നേറി.

അട്ടിമറികൾ തുടരുന്ന വനിതാ വിഭാഗത്തിൽ ഏഴാം സീഡ് ഒസ്റ്റാപെങ്കോയും ടൂർണമെന്റിൽ നിന്ന് പുറത്തായി. മുപ്പത്തിരണ്ടാം സീഡ് കൊണ്ടാവീറ്റ് ആണ് താരത്തെ മൂന്ന് സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. മറ്റുമത്സരങ്ങളിൽ രണ്ടാം സീഡ് വോസ്നിയാക്കി, സുവാരസ് നവാരോ, റിബറിക്കോവ, സ്വിറ്റോലിന, മാർട്ടിനെസ് എന്നിവരും നാലാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

പുരുഷ ഡബിൾസിൽ ഇന്ത്യക്കാർ അടങ്ങിയ ബൊപ്പണ്ണ സഖ്യവും ശരൺ സഖ്യവും വിജയം കണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രിസ്ബേനിൽ കൈരഗൂയിസ് ദോഹയിൽ മോൺഫിസ്

ഓസ്‌ട്രേലിയൻ ഓപ്പണ് മുന്നോടിയായുള്ള ബ്രിസ്ബേൻ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നാട്ടുകാരനായ നിക് കൈരഗൂയിസിന് കിരീടം. പ്രതിഭ കൊണ്ട് ടെന്നീസിന്റെ ഭാവിയെന്ന വിശേഷണമുള്ള നിക്കിന്‌ കഴിഞ്ഞ സീസണിൽ ഒന്നും തന്റെ കഴിവിനോട് നീതി പുലർത്താനായിരുന്നില്ല. ആ കോട്ടമാണ് ഇന്നത്തെ കിരീടനേട്ടത്തോടെ നിക് നികത്തിയത് എന്നുവേണമെങ്കിൽ വിശേഷിപ്പിക്കാം.

ഹ്യുവിറ്റിന് ശേഷം ടെന്നീസ് ത്രയങ്ങൾ എന്നുവിശേഷിപ്പിക്കുന്ന ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവരെയെല്ലാം തോല്പിച്ചിട്ടുള്ള ഏക ഓസ്ട്രേലിയക്കാരനായ നിക്ക് ഓസ്‌ട്രേലിയൻ ഓപ്പണിൽ പ്രമുഖ താരങ്ങൾക്ക് വെല്ലുവിളിയാവുമെന്ന് അടിവരയിടുന്നതായിരുന്നു ഇന്നത്തെ പ്രകടനം. റയാൻ ഹാരിസണെ നേരിട്ടുള്ള സെറ്റുകളിൽ (സ്‌കോർ : 6-4, 6-2) തകർത്താണ് നിലവിലെ 21-മത് സീഡായ നിക്കിന്റെ വിജയം. ഇതോടെ നാളത്തെ പുതിയ റാങ്കിങ്ങിൽ 17-മത് എത്താനും കൈരഗൂയിസിനായി. നാട്ടുകാരുടെ പിന്തുണ കൂടെയാകുമ്പോൾ അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ ഈ ഇരുപത്തിരണ്ടുകാരൻ വിജയിച്ചാൽ അതിൽ തെല്ലും അത്‌ഭുതപ്പെടാനില്ല. ബ്രിസ്ബേൻ ടെന്നീസിന്റെ വനിതാ വിഭാഗത്തിൽ ആറാം സീഡ് സ്വിറ്റോലിന സർപ്രൈസ് ഫൈനലിസ്റ്റ് ഉക്രെയിനിന്റെ സസ്‌നോവിച്ചിനെ തോൽപ്പിച്ച് കിരീടം നേടി.

കഴിഞ്ഞ സീസണിലെ മോശം പ്രകടനം പഴങ്കഥയാക്കി ഫ്രാൻസിന്റെ ഗേൽ മോൺഫിസിന് ഖത്തർ ഓപ്പൺ കിരീടം. ഇതിന് മുൻപ് മൂന്നു തവണ ഫൈനലിൽ കടന്നപ്പോഴും തോൽക്കാനായിരുന്നു മോൺഫിസിന്റെ യോഗം. എന്നാൽ ഇടത്തവണ യുവതാരം റൂബലെവിനെതിരെ നേരിട്ടുള്ള സെറ്റുകളിൽ ആധികാരികമായിരുന്നു മോൺഫിസിന്റെ വിജയം. സ്‌കോർ 6-2, 6-3.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ് ചൈനയിൽ നടന്ന ഷെൻസെൻ ഓപ്പൺ സിനയ്ക്കോവയെ തോൽപ്പിച്ച് നേടി. രണ്ടാം സെറ്റ് കൈവിട്ട ശേഷമായിരുന്നു താരത്തിന്റെ വിജയം. മികച്ച ഫോം തുടരുന്ന ഡെന്മാർക്കിന്റെ മുൻ ഒന്നാം നമ്പർ താരം കരോളിൻ വോസ്നിയാക്കി ഓക്ലാന്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version