13 വർഷത്തിന് ശേഷം ഒലിവർ ജിറൂഡ് ലീഗ് 1-ലേക്ക് തിരിച്ചെത്തി


ഫ്രഞ്ച് ഫുട്ബോളിലേക്ക് തിരിച്ചെത്തി ഒലിവർ ജിറൂഡ് ലീഗ് 1 ക്ലബ്ബായ ലില്ലെയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ 38 വയസ്സുകാരൻ സ്ട്രൈക്കർ, 2011-12 സീസണിൽ മോണ്ട്പെല്ലിയറിനൊപ്പമാണ് അവസാനമായി ഫ്രഞ്ച് ടോപ് ഫ്ലൈറ്റിൽ കളിച്ചത്. അന്ന് ലീഗ് 1 കിരീടം നേടിയതിന് ശേഷമാണ് അദ്ദേഹം ആഴ്സണലിലേക്ക് മാറിയത്.


കഴിഞ്ഞ ആഴ്ച മേജർ ലീഗ് സോക്കർ ക്ലബ്ബായ ലോസ് ഏഞ്ചൽസ് എഫ്.സി വിട്ടാണ് ജിറൂഡ് ലില്ലെയിൽ എത്തുന്നത്. കരാർ ഒപ്പുവെച്ചതിന് ശേഷം സംസാരിച്ച ഈ വെറ്ററൻ ഫോർവേഡ്, “ഫ്രാൻസിലേക്ക്, വീട്ടിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനും ആവേശവാനുമാണ്. ലീഗ് 1 വിട്ട് 13 വർഷത്തിന് ശേഷം തിരിച്ചെത്തുന്നത് വളരെ ഉചിതമായ തീരുമാനമായിരുന്നു. ലില്ലെയെ ഞാൻ എപ്പോഴും ഒരു മികച്ച ഫ്രഞ്ച് ക്ലബ്ബായി കണക്കാക്കുന്നു.” എന്ന് പറഞ്ഞു.



ജിറൂഡിന്റെ ക്ലബ്ബ് കരിയറിൽ ആഴ്സണലിനായി 100-ൽ അധികം ഗോളുകൾ നേടി, 2021-ൽ ചെൽസിയോടൊപ്പം ചാമ്പ്യൻസ് ലീഗ് നേടി, 2022-ൽ എ.സി. മിലാനോടൊപ്പം സീരി എ കിരീടവും ഉയർത്തി.


അന്താരാഷ്ട്ര തലത്തിൽ, 2024-ൽ ഫ്രാൻസിന്റെ റെക്കോർഡ് ഗോൾ സ്കോററായി (137 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ) ജിറൂഡ് വിരമിച്ചു. 2018-ലെ ഫിഫ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിന്റെ ഒരു പ്രധാന ഭാഗമായിരുന്നു അദ്ദേഹം.

ഒലിവർ ജിറൂഡിനെ സ്വന്തമാക്കാൻ ലില്ലെ ധാരണയിലെത്തി


ലില്ലെ ഒ.എസ്.സി. ഫ്രഞ്ച് മുന്നേറ്റനിര താരം ഒലിവർ ജിറൂഡുമായി കരാറിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. മേജർ ലീഗ് സോക്കറിൽ ലോസ് ഏഞ്ചൽസ് എഫ്.സിക്ക് വേണ്ടി കളിക്കുന്ന 38 വയസ്സുകാരനായ ജിറൂഡ് ലീഗ് 1-ലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണെന്ന് ഫൂട്ട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്യുന്നു.


2024-ൽ എ.സി. മിലാനിൽ നിന്ന് എൽ.എ.എഫ്.സിയിൽ ചേർന്ന ജിറൂഡ് 37 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. ഈ ഡിസംബറിൽ കരാർ അവസാനിക്കുന്നതിനാൽ, ഫ്രാൻസിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി കരാർ നേരത്തെ അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണ്.


മുൻ ആഴ്സണൽ, ചെൽസി സ്ട്രൈക്കർ ലില്ലെയുമായി ഒരു വർഷത്തെ കരാർ ഒപ്പിടുമെന്നും ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാൻ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു. 2012-ൽ മോണ്ട്പെല്ലിയറിന് ചരിത്രപരമായ കിരീടം നേടിക്കൊടുക്കാൻ സഹായിച്ചതിന് ശേഷം 12 വർഷം കഴിഞ്ഞാണ് ജിറൂഡ് ലീഗ് 1-ലേക്ക് തിരിച്ചെത്തുന്നത്.

സീരി എയിൽ മികച്ച ഗോൾ കീപ്പർ ആയി ജിറൂദ്!!

സീരി എയിലെ കഴിഞ്ഞ മാച്ച് വീക്കിലെ മികച്ച ടീം സീരി എ പ്രഖ്യാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചു കൊണ്ട് എ സി മിലാൻ സ്ട്രൈക്കർ ജിറൂദ് ഗോൾ കീപ്പർ ആയി ടീം ഓഫ് ദി വീക്കിൽ ഉൾപ്പെട്ടു. എ സി മിലാന്റെ അവസാന മത്സരത്തിൽ ജിറൂദ് ഗോൾ കീപ്പർ വേഷം അണിയേണ്ടി വന്നിരുന്നു. ഫിയൊറെന്റിനക്ക് എതിരായ എവേ മത്സരത്തിൽ അവസാനം എ സി മിലാൻ ഗോൾ കീപ്പർ മൈഗ്നൻ ചുവപ്പ് കണ്ട് പുറത്ത് പോയിരുന്നു.

അതുകൊണ്ട് വേറെ വഴി ഇല്ലാതെ ജിറൂദ് ഗോൾ കീപ്പർ ആകേണ്ടി വന്നിരുന്നു. അവസാനം ഒരു നിർണായക സേവ് നടത്തി ജിറൂദ് എ സി മിലാന്റെ ഹീറോയും ആയി. ജിറൂദിന്റെ ആ സേവ് വീഡിയോ വൈറലായിരുന്നു. മത്സരം 1-0 എന്ന സ്കോറിന് മിലാൻ വിജയിക്കുകയും ചെയ്തു. അവർ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌.

Team of the Week:

വരവ് അറിയിച്ചു ഉഗ്രൻ ഗോളുമായി പുലിസിക്, ജയവുമായി എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ ആദ്യ മത്സരത്തിൽ ജയവുമായി എ.സി മിലാൻ. ബൊലോഗ്നക്ക് എതിരെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മിലാൻ ജയം കണ്ടത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ അതുഗ്രൻ ലോങ് റേഞ്ച് ഗോളുമായി അമേരിക്കൻ താരം ക്രിസ്റ്റിയൻ പുലിസിക് വരവ് അറിയിച്ചു. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വെച്ചതും അവസരങ്ങൾ സൃഷ്ടിച്ചതും ബൊലോഗ്ന ആയിരുന്നു.

മത്സരത്തിൽ 11 മത്തെ മിനിറ്റിൽ മിലാൻ മുന്നിലെത്തി. പുലിസികിന്റെ ക്രോസിൽ നിന്നു റെഹിന്റെഴ്സ് നൽകിയ പാസിൽ നിന്നു ഒളിവർ ജിറൂദ് ആണ് മിലാന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 21 മത്തെ മിനിറ്റിൽ ജിറൂദിന്റെ പാസിൽ നിന്നു അതുഗ്രൻ ഗോളിലൂടെ പുലിസിക് ജയം പൂർത്തിയാക്കി. രണ്ടാം പകുതിയിൽ ബൊലോഗ്നയുടെ ശ്രമങ്ങൾ മിലാൻ പ്രതിരോധിച്ചു. ബൊലോഗ്നയുടെ മൈതാനത്ത് കഴിഞ്ഞ 18 കളികളിൽ മിലാൻ പരാജയം അറിഞ്ഞിട്ടില്ല.

ചാമ്പ്യൻസ് ലീഗ് സെമി ഉറപ്പിച്ചതിനു പിന്നാലെ ജിറൂദിന് പുതിയ കരാർ

ഒലിവിയർ ജിറൂദ് എ സി മിലനിൽ തുടരും. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ എ സി മിലാന്റെ സെനി ഫൈനൽ ഉറപ്പിച്ച ഗോൾ നേടിയ ജിറൂദ് ഇതിനകം തന്നെ മിലാനിൽ പുതിയ കരാർ ഒപ്പുവെച്ചതായൊ ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മിലാൻ നടത്തും. നിലവിലെ ജിറൂദിന്റെ കരാർ മൂന്ന് മാസത്തിനുള്ളിൽ അവസാനിക്കാൻ ഇരിക്കുകയാണ്‌. 2024 സമ്മർ വരെയാകും പുതിയ കരാർ.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എവർട്ടണിൽ നിന്നുള്ള 10 മില്യന്റെ ഓഫർ 36-കാരൻ നിരസിച്ചാണ് ജിറൂദ് മിലാനിൽ തുടരുന്നത്. രണ്ട് വർഷം മുമ്പ് മിലാനിൽ എത്തിയ താരം ഇതിനകം എ സി മിലാനൊപ്പം ഇറ്റാലിയൻ ലീഗ് സ്വന്തമാക്കിയിട്ടുണ്ട്. മുമ്പ് ചെൽസിക്കായും ആഴ്സണലിനായും കളിച്ചിട്ടുള്ള താരമാണ് ജിറൂദ്.

ജിറൂദ് എ സി മിലാനിൽ കരാർ പുതുക്കും

ഒലിവിയർ ജിറൂദ് എ സി മിലനിൽ ഒരു പുതിയ കരാർ ഒപ്പുവെക്കും. താരം ഒരു വർഷത്തെ പുതിയ കരാർ അംഗീകരിച്ചതായി ജിയാൻലൂക്ക ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ജിറൂദിന്റെ കരാർ മൂന്ന് മാസത്തിനുള്ളിൽ അവസാനിക്കാൻ ഇരിക്കുകയാണ്‌.

മിലാനിൽ കരാർ പുതുക്കാൻ താല്പര്യമുണ്ട് എന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എവർട്ടണിൽ നിന്നുള്ള 10 മില്യന്റെ ഓഫർ 36-കാരൻ നിരസിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു‌. എ സി മിലാനൊപ്പം ഇറ്റാലിയൻ ലീഗ് സ്വന്തമാക്കാൻ ജിറൂദിനായിട്ടുണ്ട്. മുമ്പ് ചെൽസിക്കായും ആഴ്സണലിനായും കളിച്ചിട്ടുള്ള താരമാണ് ജിറൂദ്.

ഒൻറിയെ മറികടന്നു ജിറൂദ്, ഫ്രാൻസിന് ആയി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി

ഫ്രാൻസിന് ആയി അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഒളിവർ ജിറൂദ്. പോളണ്ടിനു എതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ആദ്യ പകുതിയിൽ എംബപ്പെയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയതോടെ ആണ് താരം റെക്കോർഡ് കുറിച്ചത്. ഇതോടെ ഫ്രാൻസിന് ആയി ജിറൂദ് നേടിയ ഗോളുകൾ 52 ആയി.

ഇതിഹാസതാരം തിയറി ഒൻറിയെ ആണ് 36 കാരനായ ജിറൂദ് 117 മത്തെ മത്സരത്തിൽ ഈ ഗോളോടെ മറികടന്നത്. ഈ ലോകകപ്പിൽ ജിറൂദ് നേടുന്ന മൂന്നാം ഗോൾ കൂടിയായിരുന്നു ഇത്. 2018 ലോകകപ്പിൽ ഫ്രാൻസ് ലോകകിരീടം നേടിയപ്പോൾ ഒരു ഗോൾ പോലും നേടാതിരുന്ന ജിറൂദ് പക്ഷെ ഈ ലോകകപ്പിൽ മൂന്നു ഗോളോടെ ടോപ്പ് സ്‌കോറർ പട്ടികയിൽ ആണ് ഉള്ളത്.

ഫ്രാൻസിന് ആയുള്ള ഗോൾ വേട്ടയിൽ സാക്ഷാൽ തിയറി ഒൻറിക്ക് ഒപ്പമെത്തി ഒളിവർ ജിറൂദ്

ഫ്രാൻസിന്റെ എക്കാലത്തെയും മഹത്തായ ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡിനു ഒളിവർ ജിറൂദിന് ഇനി ഒരു ഗോൾ മാത്രം മതി. ഇന്നു ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരായ 4-1 ന്റെ വിജയത്തിൽ ഇരട്ടഗോളുകൾ നേടിയ ഒളിവർ ജിറൂദ് ഒൻറിയുടെ 51 ഗോളുകൾ എന്ന റെക്കോർഡിന് ഒപ്പമെത്തി. 123 മത്സരങ്ങളിൽ 51 ഗോളുകൾ നേടിയ ഒൻറിയുടെ റെക്കോർഡിനു ഒപ്പം ഇന്ന് ജിറൂദ് എത്തുക ആയിരുന്നു.

കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസ് കിരീടം നേടാൻ നിർണായക പങ്ക് വഹിച്ചു എങ്കിലും ഒരു ഗോൾ പോലും നേടാൻ ആവാത്ത നിരാശ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തീർത്തു. ഇരട്ടഗോളുകൾ കണ്ടത്തി റെക്കോർഡ് നേട്ടത്തിന് ഒപ്പവും താരം എത്തി. 115 മത്സരങ്ങളിൽ നിന്നാണ് താരം 51 ഗോളുകളിൽ എത്തിയത്. ലോകകപ്പിൽ തന്നെ ഇതിഹാസതാരത്തിന്റെ റെക്കോർഡ് തകർക്കാൻ ആവും എ.സി മിലാൻ താരത്തിന്റെ ശ്രമം.

ഇരട്ട ഗോളുകളുമായി ജിറൂദ്, ഫ്രാൻസിന് അനായാസ ജയം

പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകൾ നേടിയ ഒലിവിയെ ജിറൂദിന്റെ പിൻബലത്തിൽ ബൾഗേറിയക്കെതിരായ സൗഹൃദ മത്സരത്തിൽ അനായാസ ജയവുമായി ഫ്രാൻസ്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് ബൾഗേറിയയെ പരാജയപ്പെടുത്തിയത്.

അതെ സമയം ജയത്തിലും ഫ്രാൻസ് ടീമിലേക്ക് തിരികെയെത്തിയ റയൽ മാഡ്രിഡ് താരം കരീം ബെൻസേമക്ക് പരിക്കേറ്റത് ഫ്രാൻസിന് തിരിച്ചടിയായി. ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിലത്ത് വീണാണ് ബെൻസേമക്ക് പരിക്കേറ്റത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബൈസിക്കിൾ കിക്കിലൂടെ അന്റോണിയോ ഗ്രീസ്മാൻ ആണ് ഫ്രാൻസിന് ആദ്യ ഗോൾ നേടിക്കൊടുത്തത്. തുടർന്ന് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ജിറൂദ് മത്സരത്തിന്റെ 83,90 മിനിറ്റുകളിൽ ഗോളുകൾ നേടി ഫ്രാൻസിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

ജനുവരിയിൽ ചെൽസി വിടാൻ ഒരുങ്ങി ജിറൂദ്

വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വിടാൻ ഒരുങ്ങി ഫ്രഞ്ച് താരം ഒളിവിയർ ജിറൂദ്. ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് യൂറോ കപ്പ് മുൻപിൽ കണ്ട് ചെൽസി വിടാൻ ജിറൂദ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചെൽസിയിൽ അവസരങ്ങൾ കുറയുന്നതിനുള്ള ആശങ്ക താരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ജിറൂദ്. എന്നാൽ പുതുതായി ടീമിൽ എത്തിയ ടിമോ വാർണറും ടാമി അബ്രഹാമും മികച്ച ഫോമിലായതോടെ താരത്തിന് ടീമിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. നിലവിൽ ഈ സീസണിൽ 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് ജിറൂദിന് അവസരം ലഭിച്ചത്. എന്നാൽ അവയെല്ലാം പകരക്കാരുടെ ബെഞ്ചിൽ നിന്നായിരുന്നു.

നേരത്തെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംസും ഫ്രഞ്ച് ടീമിൽ ജിറൂദിന് അവസരം ലഭിക്കണമെങ്കിൽ സ്ഥിരമായി കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലം മുൻപിൽ കണ്ടാണ് ജിറൂദ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വിടാൻ ഒരുങ്ങുന്നത്.

ജിറൂദും വില്ലിയനും ചെൽസിയിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഫ്രാങ്ക് ലാമ്പർഡ്

ഈ സീസണോടെ ചെൽസിയിൽ കരാർ അവസാനിക്കുന്ന ഒലിവിയർ ജിറൂദും വില്ലിയനും ചെൽസിയിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പർഡ്. ചെൽസിയിൽ ജിറൂദിന്റെയും വില്ലിയന്റെയും കരാറുകൾ ജൂണിൽ അവസാനിക്കാനിരിക്കെയാണ് ചെൽസി പരിശീലകന്റെ പ്രതികരണം. പ്രീമിയർ ലീഗ് പുനരാരംഭിക്കുകയാണെങ്കിൽ ഇരുതാരങ്ങളുടെയും കരാർ നീട്ടാൻ ചെൽസി ശ്രമം നടത്തുമെന്നും ലാമ്പർഡ് പറഞ്ഞു.

കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ജൂൺ മാസത്തിൽ പ്രീമിയർ ലീഗ് പൂർത്തിയാകാൻ കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ കരാർ അവസാനിക്കുന്ന താരങ്ങളുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ക്ലബിനോട് അതിയായ താല്പര്യമുള്ള താരങ്ങൾ ആണ് ഇവരെന്നും അത്കൊണ്ട് തന്നെ തന്നെ താരങ്ങൾ ക്ലബിനൊപ്പം തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ലാമ്പർഡ് പറഞ്ഞു.

വിക്ടർ മോസസിന്റെ റെക്കോർഡിന് ഒപ്പമെത്തി ഒലിവർ ജിറൂദ്

യൂറോപ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി മൽമോയെ പരാജയപ്പെടുത്തിയിരുന്നു. റോസ് ബർകലി, ഒലിവർ ജിറൂദ് എന്നവർ നേടിയ ഗോളിന്റെ മികവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം.

യൂറോപ്യൻ മത്സരങ്ങളിൽ തന്റെ ആദ്യ ഗോളാണ് റോസ് ബാർകലി ഇന്നലെ നേടിയത്. എവർട്ടനും ചെൽസിക്കും വേണ്ടി 11 തവണ യൂറോപ്യൻ മത്സരങ്ങൾ കളിച്ചതിന് ശേഷമായിരുന്നു ബാർകലി തന്റെ ആദ്യ ഗോൾ കണ്ടെത്തിയത്.

അതേ സമയം മറ്റൊരു അപൂർവ നേട്ടത്തിന് അർഹനായിരിക്കുകയാണ് മത്സരത്തിലെ ചെൽസിയുടെ രണ്ടാമത്തെ ഗോൾ നേടിയ ഫ്രഞ്ച് താരം ഒലിവർ ജിറൂദ്. 2013ൽ വിക്ടർ മോസസ് തുടർച്ചയായി നാല് യൂറോപ്യൻ മത്സരങ്ങളിൽ ഗോൾ കണ്ടെത്തിയിരുന്നു, അതിന് ശേഷം നാലു യൂറോപ്യൻ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യത്തെ ചെൽസി താരമായിരിക്കുകയാണ് ജിറൂദ്. 2013ൽ ചെൽസി യൂറോപ്പ ലീഗ് സ്വന്തമാക്കിയിരുന്നു.

Exit mobile version