തരം താഴ്ത്തൽ ഭീഷണി യാഥാർഥ്യം ആവുന്നു, സെവിയ്യയോടും തോറ്റു വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ സ്‌പെയിനിലെ വമ്പൻ ക്ലബുകളിൽ ഒന്നായ വലൻസിയ അടുത്ത സീസണിൽ ഉണ്ടാവുമോ എന്ന കാര്യം വലിയ സംശയത്തിൽ. ഇന്ന് സെവിയ്യയോട് എതിരില്ലാത്ത 2 ഗോളുകൾക്ക് തോറ്റതോടെ 29 മത്സരങ്ങൾക്ക് ശേഷം 18 സ്ഥാനത്ത് ആണ് അവർ. ജയത്തോടെ സെവിയ്യ 12 സ്ഥാനത്തേക്ക് കയറുകയും ചെയ്തു. കൂടുതൽ നേരം പന്ത് കൈവശം വച്ചതും കൂടുതൽ ഷോട്ടുകൾ ഉതിർത്തതും വലൻസിയ ആയിരുന്നു.

എന്നാൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യം കണ്ട ലോയിക് ബേഡ് സെവിയ്യക്ക് മുൻതൂക്കം നൽകി. 75 മത്തെ മിനിറ്റിൽ മോണ്ടിയലിന്റെ മികച്ച നീക്കത്തിന് ഒടുവിൽ ലക്ഷ്യം കണ്ട സുസോ വലൻസിയ പരാജയം ഉറപ്പാക്കുക ആയിരുന്നു. 84 മത്തെ മിനിറ്റിൽ ബ്രയാൻ ഗിലിനെ ഫൗൾ ചെയ്ത ഇലായിക്‌സ് മോറിബ ചുവപ്പ് കാർഡ് കൂടി കണ്ടതോടെ വലൻസിയ പരാജയം പൂർണമായി. ഇനിയുള്ള 9 കളികളിൽ നിന്നു ലീഗിൽ നിലനിൽക്കാനുള്ള പോയിന്റുകൾ നേടുക ആവും വലൻസിയ ശ്രമം.

വലൻസിയ പരിശീലകൻ ആയി മുൻ താരം റൂബൻ ബരാഹ എത്തുന്നു

ലീഗിൽ പ്രതിസന്ധി നേരിടുന്ന വലൻസിയ, പരിശീലകൻ ആയി മുൻ താരം റൂബൻ ബരാഹയെ എത്തിക്കുന്നു. ടീം വിട്ട പരിശീലകൻ ഗട്ടുസോക്ക് പകരക്കാരനായാണ് ബരാഹ എത്തുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹം ചുമതല ഏറ്റെടുക്കും എന്ന് അറിയിച്ച ക്ലബ്ബ് കരാർ എത്ര കാലത്തേക്ക് ആണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ക്ലബ്ബിന്റെ പ്രധാന ഉടമകളിൽ ഒരാളായ പീറ്റർ ലിമും മറ്റ് ഡയറക്ടർമാരും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം വന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗട്ടുസോയെ പുറത്താക്കിയ ശേഷം താൽക്കാലിക ചുമതല വഹിച്ചിരുന്ന വോരോ ഗോൺസാലസിന് ഔദ്യോഗിക കുറിപ്പിൽ വലൻസിയ നന്ദി അറിയിച്ചു. മറ്റൊരു മുൻ താരമായാ കാർലോസ് മർച്ചേന്നയേയും ബരാഹയുടെ കൂടെ പരിശീലക സംഘത്തിൽ കൊണ്ടു വരുന്നുണ്ട്.

2000 മുതൽ പത്ത് വർഷത്തോളം വലൻസിയയുടെ ജേഴ്‌സി അണിഞ്ഞ ഇതിഹാസ താരമാണ് ബരാഹ. ലാ ലീഗ, കോപ്പ ഡെൽ റേയ്, യുവേഫ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടിയ ടീമിൽ പങ്കാളിയായി. പിന്നീട് അത്ലറ്റികോ മാഡ്രിഡിലൂടെ അസിസ്റ്റന്റ് കോച്ച് ആയി പരിശീലന കരിയർ ആരംഭിച്ച അദ്ദേഹം, എൽഷേ, റയോ വയ്യക്കാനോ, ഗിജോൺ, റ്റെനെറിഫെ, സരഗോസ എന്നിവരെ പരിശീലിപ്പിച്ചിരുന്നു. എന്നാൽ ഒരു ക്ലബ്ബിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കാതെ ഇരുന്ന ബരാഹയെ, നിലവിൽ ക്ലബ്ബ് ഉടമക്കെതിരെ വലിയ പ്രതിഷേധങ്ങൾ തീർക്കുന്ന ആരാധകരെ അടക്കാൻ വേണ്ടി മാത്രമാണോ കൊണ്ടു വരുന്നത് എന്നാണ് കണ്ടറിയേണ്ടത്. റിലെഗേഷൻ സോണിൽ എത്തിയിട്ടുള്ള വലൻസിയയെ രക്ഷിച്ചെടുക്കാൻ ബരാഹ കാര്യമായി വിയർപ്പൊഴുക്കേണ്ടി വരും. താൽക്കാലിക പരിശീലകൻ ആയിരുന്ന വോരോക്ക് കീഴിലും ജയം സ്വന്തമാക്കാൻ വലൻസിയക്ക് സാധിച്ചിരുന്നില്ല.

ഗട്ടുസോ വലൻസിയ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്

ഇറ്റാലിയൻ പരിശീലകനായ ഗട്ടുസോയെ സ്പാനിഷ് ക്ലബായ വലൻസിയ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. ഈ സീസണിലെ ദയനീയ പ്രകടനങ്ങൾ ആണ് ഗട്ടുസോയെ ക്ലബ് പുറത്താക്കാനുള്ള കാരണം. അവസാന ആറ് മത്സരങ്ങളിൽ ആകെ ഒരു വിജയം മാത്രമെ ഗട്ടുസോയുടെ വലൻസിയക്ക് സ്വന്തമാക്കാൻ ആയിട്ടുള്ളൂ. ലീഗിൽ പതിനാലാം സ്ഥാനത്ത് ഉള്ള വലൻസിയ അവരുടെ യൂറോപ്യൻ ലക്ഷ്യങ്ങളിൽ നിന്ന് ഏറെ അകലയാണ് ഇപ്പോൾ.

റിലഗേഷൻ സോണിൽ നിന്ന് ആകെ ഒരു പോയിന്റ് മാത്രം മുകളിലും. 2022 ജൂണിൽ ആയിരുന്നു ഗട്ടുസോ വലൻസിയയിൽ എത്തിയത്. അതിനു മുമ്പ് ഫിയൊറെന്റിന, നാപോളി, എ സി മിലാൻ എന്നീ ക്ലബുകളെയും ഇറ്റാലിയൻ ഇതിഹാസ താരം പരിശീലിപ്പിച്ചിട്ടുണ്ട്.

10 പേരായി ചുരുങ്ങിയ റയൽ ബെറ്റിസിനെ തകർത്തു വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ഗെട്ടൂസയുടെ വലൻസിയ. ജയത്തോടെ മോശം തുടക്കത്തിന് ശേഷം വലൻസിയ പത്താം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ബെറ്റിസ് ആറാം സ്ഥാനത്തേക്ക് വീണു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 9 മിനിറ്റിനു ഇടയിൽ 61 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു എഡ്‌ഗർ ഗോൺസാലസ് പുറത്ത് പോയത് ആണ് മത്സരം മാറ്റി മറിച്ചത്.

തുടർന്ന് ലഭിച്ച ഫ്രീകിക്ക് ഉഗ്രൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ട ആന്ദ്ര അൽമെയിഡ വലൻസിയക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. പകരക്കാരനായി ഇറങ്ങിയ ജസ്റ്റിൻ ക്ലെയ്വർട്ടിനെ അലക്‌സ് മൊറെനോ വീഴ്ത്തിയതോടെ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മറ്റൊരു പകരക്കാരൻ ഹ്യൂഗ്യോ ഗുല്ലിയമോൻ 81 മത്തെ മിനിറ്റിൽ വലൻസിയ ജയം ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ജോസെ ഗയയുടെ പാസിൽ നിന്നു ഗോൾ നേടിയ ജസ്റ്റിൻ ക്ലെയ്വർട്ട് വലൻസിയ ജയം പൂർത്തിയാക്കുക ആയിരുന്നു.

ഇരട്ട ഗോളുമായി കവാനി, എൽഷെക്കെതിരെ സമനിലയിൽ കുരുങ്ങി വലൻസിയ

വലൻസിയൻ ജേഴ്‌സിയിൽ “എൽ മറ്റഡോർ” എഡിസൻ കവാനി ഗോളടിക്ക് തുടക്കം കുറിച്ച മത്സരത്തിൽ എൽഷെയോട് സമനിലയിൽ കുരുങ്ങി വലൻസിയ. ഉറുഗ്വേ താരം ഇരട്ട ഗോളുകൾ നേടിയപ്പോൾ മുന്നേറ്റ താരം പേരെ മിയ്യയുടെ ഗോളുകൾ ആണ് എൽഷെക്ക് ആശ്വാസ സമനില നൽകിയത്. എങ്കിലും അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്. വെറും മൂന്ന് പോയിന്റുകൾ മാത്രമാണ് ഇതുവരെ എൽഷെക്ക് കരസ്ഥമാക്കാൻ ആയിട്ടുള്ളത്. വലൻസിയ ഏഴാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

എതിർ തട്ടകത്തിൽ എൽഷെയാണ് ആദ്യം ലീഡ് എടുത്തത്. ഇരുപതിയൊൻപതാം മിനിറ്റിൽ വലൻസിയ കീപ്പർ മമർദാഷ്വിലി പെഡ്രോ ബിഗാസിനെ ഫൗൾ ചെയ്തപ്പോൾ ലഭിച്ച പെനാൽറ്റി പേരെ മിയ്യ വലയിൽ എത്തിച്ചു. പക്ഷെ പരിക്കേറ്റ പെഡ്രോ ബിഗാസിന് കളം വിടേണ്ടി വന്നിരുന്നു. നാല്പത്തിയൊന്നാം മിനിറ്റിൽ വലൻസിയയുടെ സമനില ഗോൾ എത്തി. ജോസ് ഗയയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചപ്പോൾ എഡിസൻ കവാനിക്ക് വലൻസിയക്ക് വേണ്ടി തന്റെ ആദ്യ ഗോൾ കണ്ടെത്താനായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വലൻസിയയുടെ രണ്ടാം ഗോളും എത്തി. അല്മെയ്ഡയുടെ പാസിൽ തന്റെ പതിവ് ശൈലിയിൽ കവാനി ഹെഡർ ഉതിർത്തപ്പോൾ മത്സരത്തിൽ ആദ്യമായി ആതിഥേയർ മുന്നിലെത്തി. അറുപത്തിയഞ്ചാം മിനിറ്റിലാണ് എൽഷെയുടെ സമനില ഗോൾ എത്തി. കാർലോസ് ക്ലർക്കിന്റെ ക്രോസിൽ തല വെച്ച പേരെ മിയ്യ തന്നെ ഒരിക്കൽ കൂടി എൽഷെയുടെ രക്ഷകനായി.

ക്യാപ്റ്റനെ നിലനിർത്തും, ഗയക്ക് വേണ്ടി വലൻസിയയുടെ പുതിയ കരാർ

ക്യാപ്റ്റൻ ഹോസെ ഗയക്ക് വേണ്ടി പുതിയ കരാർ ഒരുക്കി വലൻസിയ. അഞ്ച് വർഷത്തേക്കുള്ള ദീർഘകാല കരാർ ആണ് ടീം ഒരുക്കിയിരിക്കുന്നതെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയിട്ടുള്ളതിനാൽ ഇനി ഔദ്യോഗികമായി ഒപ്പിടുന്ന ചടങ്ങ് മാത്രമാണ് ബാക്കിയുള്ളത്. ഒരുപക്ഷേ ഈ വാരം തന്നെ ഇത് സാധ്യമായേക്കും എന്നാണ് സൂചനകൾ. വലൻസിയ കോച്ച് ഗട്ടുസോക്കും താരത്തെ ടീമിൽ നിലനിർത്തുന്നതിനാണ് താൽപര്യം.

വലൻസിയ യൂത്ത് സിസ്റ്റത്തിലൂടെ തന്നെ വളർന്ന ഗയ 2012 മുതൽ സീനിയർ ടീമിന്റെ ഭാഗമാണ്. താരത്തിന്റെ നിലവിലെ കരാർ അടുത്ത സീസണോടെ അവസാനിക്കാൻ ഇരിക്കുകയിരുന്നു. നേരത്തെ ബാഴ്‌സലോണ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് ജോർഡി ആൽബക്ക് പകരക്കാരനായി കണ്ടുവെച്ച താരമായിരുന്നു ഗയ. സീസണിന് ശേഷം താരം ഫ്രീ ഏജന്റ് ആവും എന്നുള്ളതും ബാഴ്‌സക്ക് പ്രതീക്ഷയായിരുന്നു. എന്നാൽ പുതിയ കരാർ ഒപ്പിടുന്നതോടെ ഗയയെ സ്വന്തമാക്കുന്നത് കാറ്റലോണിയൻ ടീമിന് അപ്രാപ്യമാവും. വരുമാനത്തിലും ഗയക്ക് കാര്യമായ വർധനവ് വലൻസിയ അനുവദിച്ചിട്ടുണ്ട്.

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ എസ്പാന്യോളിനെതിരെ സമനില പിടിച്ച് വലൻസിയ

രണ്ടു വീതം ഗോളുകളും ഓരോ ചുവപ്പ് കാർഡും കണ്ട ആവേശ മത്സരത്തിൽ പോയിന്റ് പങ്കുവെച്ച് എസ്പാന്യോളും വലൻസിയയും. സ്വന്തം തട്ടകത്തിൽ എൺപത്തിമൂന്നാം മിനിറ്റിൽ ലീഡ് എടുത്തു വിജയം ഉറപ്പിച്ച എസ്പാന്യോളിന്റെ ഹൃദയം തകർത്ത് കൊണ്ട് ഇഞ്ചുറി ടൈമിൽ ഗോൾ കണ്ടെത്തി വിലപ്പെട്ട ഒരു പോയിന്റ് നേടിയെടുക്കാൻ വലൻസിയക്കായി. ഇതോടെ ലീഗിൽ വലൻസിയ ഏട്ടാമതും എസ്പാന്യോൾ പതിനാറാമതും സ്ഥാനം ഉറപ്പിച്ചു.

പന്തടക്കത്തിൽ വലൻസിയ ബഹുദൂരം മുന്നിൽ നിന്നെങ്കിലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കുന്നതിൽ ഇരു ടീമുകളും ഒട്ടും കുറവ് വരുത്തിയില്ല. എതിർ പാളയത്തിലേക്ക് തുടർച്ചയായി ആക്രമണം നയിച്ച ഇരു കൂട്ടർക്കും ആദ്യ പകുതിയിൽ വല കുലുക്കാൻ ആയില്ല. അതിന്റെ കുറവുകൾ എല്ലാം നികത്തുന്നതായിരുന്നു തീപാറിയ മത്സരത്തിന്റെ രണ്ടാം പകുതി. അൻപതിമൂന്നാം മിനിറ്റിൽ ഗബ്രിയേൽ പൗലിസ്റ്റയിലൂടെ എതിർ തട്ടകത്തിൽ വലൻസിയ ലീഡ് എടുത്തു. വെറും മൂന്ന് മിനിട്ടുകൾക്ക് ശേഷം ജോസെലുവിലൂടെ എസ്പാന്യോൾ തിരിച്ചടിച്ചു. തുടർന്ന് നിരവധി അവസരങ്ങൾ ഇരു ടീമുകൾക്കും തുറന്നെടുക്കാൻ സാധിച്ചു.

എൺപത്തിമൂന്നാം മിനിറ്റിൽ എസ്പാന്യോൾ രണ്ടാം ഗോൾ കണ്ടെത്തി. സെർജി ഡാർഡർ ആയിരുന്നു ഹോം ടീമിന് വേണ്ടി വല കുലുക്കിയത്. തുടർന്ന് എൺപതത്തിയഞ്ചാം മിനിറ്റിൽ മർക്കോസ് ആന്ദ്രേ ചുവപ്പ് കാർഡ് കണ്ടതോടെ വലൻസിയ മത്സരം കൈവിട്ടതായി ഉറപ്പിച്ചെങ്കിലും അത്ഭുതങ്ങൾ വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മാർട്ടിൻ ബ്രാത്വെറ്റും ചുവപ്പ് കാർഡ് കണ്ടതോടെ ഇരു ടീമുകളും ആളെണ്ണം തുല്യമായി. തൊണ്ണൂറ്റിയാറാം മിനിറ്റിൽ വലൻസിയ കൊമേർട്ടിലൂടെ സമനില ഗോൾ കണ്ടെത്തി. തുടർന്നും ഫൗളുകളും അവസരങ്ങളും കണ്ട മത്സരം സമനിലയിൽ തന്നെ അവസാനിച്ചു.

വെറ്ററൻ താരത്തെ ടീമിൽ എത്തിച്ച് വലൻസിയ

വെറ്ററൻ താരം ഇയാഗോ ഹെറെരിനെ ടീമിൽ എത്തിച്ച് വലൻസിയ. ടീമിലെ കീപ്പർ ആയിരുന്ന ഹുവാന്മേക്ക് പരിക്കേറ്റ് പുറത്തായതോടെയാണ് പകരക്കാനെ വലൻസിയ ടീമിൽ എത്തിച്ചത്. ഒരു വർഷത്തേക്കാണ് കരാർ. പരിക്കേറ്റ ഹുവാന്മേക്ക് സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും.

ഇതോടെ മുപ്പത്തിനാല്കാരനായ താരത്തിന് സ്പാനിഷ് ലീഗിലേക്ക് മടങ്ങി എത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.മുൻപ് അത്ലറ്റിക് ബിൽബാവോയുടെ കൂടെയാണ് താരം ലീഗിൽ കൂടുതൽ സമയം ചെലവിട്ടിട്ടുള്ളത്. 2007 മുതൽ 2010 വരെയും ശേഷം 2012 മുതൽ 2021 വരെയും ബിൽബാവോ താരമായിരുന്നു. എന്നാൽ ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിച്ചത് വിരളമായിട്ടായിരുന്നു. 2018-19 സീസണിൽ മാത്രമാണ് തുടർച്ചായി ടീമിന്റെ വലകാക്കാൻ അവസരം ലഭിച്ചിരുന്നത്. എങ്കിലും ടീമിലെ മൂന്നാം കീപ്പർ എന്ന സ്ഥാനം പരിചയ സമ്പന്നനായ ഹെറെരിന്റെ കൈകളിൽ ഭദ്രമാകും എന്നാണ് വലൻസിയ കണക്ക് കൂടുന്നത്.

ജോർജിയൻ കീപ്പർക്ക് കരാർ നീട്ടി നൽകി വലൻസിയ

യുവതാരം ജോർജി മമർദാഷ്വിലിക്ക് പുതിയ കരാർ വലൻസിയ. നിലവിൽ ടീമിന്റെ ഒന്നാം കീപ്പർ ആണ് താരം. ആറടി ആറിഞ്ചുകാരൻ കഴിഞ്ഞ സീസൺ മുതൽ മികച്ച പ്രകടനമാണ് പോസ്റ്റിന് കീഴിൽ കാഴ്ച്ച വെക്കുന്നത്. നിലവിലെ കരാർ 2024ഓടെ അവസാനിക്കാൻ ഇരിക്കെയാണ് വലൻസിയ താരത്തിന് പുതിയ കരാർ നൽകിയിരിക്കുന്നത്. ഇതോടെ 2027 വരെ ടീമിൽ തുടരാൻ താരത്തിനാവും.

ഇരുപത്തിയൊന്നുകാരനായ താരം ഇതുവരെ ഇരുപതിനാലോളം മത്സരങ്ങളിൽ ടീമിനായി ഇറങ്ങി. തന്റെ മികച്ച പ്രകടനത്തോടെ കഴിഞ്ഞ സീസണിൽ ഒന്നാം കീപ്പർ ആയിരുന്ന സില്ലെസണെ മറികടന്ന് പോസ്റ്റിൽ കീഴിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ മമർദാഷ്വിലിക്കായിരുന്നു. ജോർജിയയിൽ നിന്നും ലോണിൽ എത്തിയിരുന്ന താരത്തെ പിന്നീട് വലൻസിയ സ്വന്തമാക്കുകയായിരുന്നു. ജോർജിയ ദേശിയ ടീമിന്റെ ജേഴ്‌സിയും താരം അണിഞ്ഞിട്ടുണ്ട്. ഈ സീസൺ മുതൽ ടീമിന്റെ ഒന്നാം കീപ്പർ ആയിമാറിയ താരത്തെ ദീർഘകാലം ടീമിൽ നിലനിർത്താനാണ് വലൻസിയയുടെ തീരുമാനം.

വലൻസിയയെ ഞെട്ടിച്ച് റയോ വയെകാനോ

സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വലൻസിയയെ അട്ടിമറിച്ച് റയോ വയ്യക്കാനോ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വയ്യക്കാനോ വിജയം നേടിയത്. ജേതാക്കൾക്ക് വേണ്ടി പലാസോൺ ഒരു ഗോൾ കണ്ടെത്തിയപ്പോൾ മറ്റൊരു ഗോൾ വലൻസിയ താരം നിക്കോ ഗോൺസാലസിന്റെ പേരിൽ സെല്ഫ് ഗോൾ ആയി രേഖപ്പെടുത്തി. വലൻസിയയുടെ ആശ്വാസ ഗോൾ മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ പ്രതിരോധ താരം ദിയാഖബി നേടി.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ വയ്യക്കാനോ ലീഡ് നേടി. ട്രെഹോയുടെ അസിസ്റ്റിലാണ് പലാസോൺ ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിൽ ഗോൾ മടക്കാൻ വലൻസിയ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടാം പകുതിയിൽ മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ വയ്യക്കാനോയുടെ ലീഡ് ഇരട്ടിയായി. നിക്കോയുടെ സെൽഫ് ഗോൾ വലൻസിയക്ക് വിനയായി.

തുടർന്ന് പുതിയ താരം ജസ്റ്റിൻ ക്ലായിവേർട്ടിനെ അടക്കം വലൻസിയ പരീക്ഷിച്ചെങ്കിലും മത്സരം കൈവിട്ടു പോയിരുന്നു. അവസാനം എക്സ്ട്രാ മിനിറ്റിൽ വലൻസിയയുടെ ആശ്വാസ ഗോൾ എത്തി. ഇതോടെ ഏഴു പോയിന്റുമായി ടേബിളിൽ വലൻസിയക്ക് മുകളിൽ എത്താനും വയ്യക്കാനോക്കായി.

വാശിയേറിയ പോരാട്ടം പകരക്കാരനായി ഇറങ്ങിയ ഗ്രീസ്മാന്റെ ഗോളിൽ ജയിച്ചു അത്ലറ്റികോ മാഡ്രിഡ്

വലൻസിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ്

സ്പാനിഷ് ലാ ലീഗയിൽ വലൻസിയക്ക് എതിരായ വാശിയേറിയ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു അത്ലറ്റികോ മാഡ്രിഡ്. വാർ നാടകങ്ങൾ കണ്ട മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയിൽ 23 മത്തെ മിനിറ്റിൽ യൂനുസ് മുസയുടെ ഉഗ്രൻ ഷോട്ട് അത്ലറ്റികോ വല കുലുക്കി. എന്നാൽ ഗോളിന് മുമ്പ് ഫെലിക്‌സിനെ വലൻസിയ താരം ഫൗൾ ചെയ്തത് ആയി വാർ കണ്ടത്തിയതോടെ ഈ ഗോൾ അനുവദിക്കപ്പെട്ടില്ല.

ഇതിനെ തുടർന്ന് നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾ പരിശീലകരായ സിമിയോണിക്കും ഗട്ടൂസക്കും മഞ്ഞ കാർഡും ലഭിക്കാൻ കാരണമായി. ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുമ്പ് അൽവാരോ മൊറാറ്റയെ ഫൗൾ ചെയ്തതിനു വലൻസിയ പ്രതിരോധ താരം തിയറി കൊറേറിയക്ക് റഫറി ചുവപ്പ് കാർഡ് നൽകി. എന്നാൽ വാർ പരിശോധനക്ക് ശേഷം ഇത് മഞ്ഞ കാർഡ് ആക്കി മാറ്റുക ആയിരുന്നു. ആദ്യ പകുതിയിൽ വലൻസിയ ആണ് കൂടുതൽ അവസരങ്ങൾ തുറന്നത്.

രണ്ടാം പകുതിയിൽ തോമസ് ലെമാറിനെയും അന്റോണിയോ ഗ്രീസ്മാനെയും ഇറക്കാനുള്ള സിമിയോണിയുടെ തീരുമാനം ഫലം കണ്ടു. ഇറങ്ങി രണ്ടു മിനിറ്റിനുള്ളിൽ വലൻസിയ താരത്തിൽ നിന്നു തട്ടിയെടുത്ത പന്ത് ലെമാർ ഗ്രീസ്മാനു മറിച്ചു നൽകി. ഗ്രീസ്മാന്റെ ഷോട്ട് കാർലോസ് സോളറിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ അത്ലറ്റികോ ജയം ഉറപ്പിച്ചു. വിയ്യറയലിനോട് കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയ അത്ലറ്റികോ ഇതോടെ വിജയവഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ മൂന്നു കളികളിൽ ഇത് രണ്ടാമത്തെ പരാജയം ആണ് ഗട്ടൂസയുടെ ടീമിന് ഇത്.

എഡിസൺ കവാനി ഇനി വലൻസിയ ജേഴ്സിയിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനി ഇനി വലൻസിയയിൽ. സ്പാനിഷ് ക്ലബായ വലൻസിയയിൽ രണ്ട് വർഷത്തെ കരാർ ആണ് കവാനി ഒപ്പുവെച്ചത്. ഇന്ന് ക്ലബ് ഔദ്യോഗികമായി ഈ നീക്കം പ്രഖ്യാപിച്ചു.

നേരത്തെ വിയ്യാറയലും ഫ്രഞ്ച് ക്ലബായ നീസും കവാനിക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ കവാനി അവസാനം വലൻസിയ തിരഞ്ഞെടുക്കുക ആയിരുന്നു.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം തിളങ്ങാൻ കവാനിക്ക് ആയിരുന്നില്ല. നിരന്തരം പരിക്കേറ്റ കവാനിക്ക് വളരെ ചുരുക്കം മത്സരങ്ങൾ മാത്രമെ കളിക്കാൻ ആയിരുന്നുള്ളൂ. മുമ്പ് പി എസ് ജിയിലും നാപോളിയിലും ഐതിഹാസിക പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് കവാനി. ഉറുഗ്വേക്ക് ആയി 130ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Exit mobile version