20221015 223115

ഇരട്ട ഗോളുമായി കവാനി, എൽഷെക്കെതിരെ സമനിലയിൽ കുരുങ്ങി വലൻസിയ

വലൻസിയൻ ജേഴ്‌സിയിൽ “എൽ മറ്റഡോർ” എഡിസൻ കവാനി ഗോളടിക്ക് തുടക്കം കുറിച്ച മത്സരത്തിൽ എൽഷെയോട് സമനിലയിൽ കുരുങ്ങി വലൻസിയ. ഉറുഗ്വേ താരം ഇരട്ട ഗോളുകൾ നേടിയപ്പോൾ മുന്നേറ്റ താരം പേരെ മിയ്യയുടെ ഗോളുകൾ ആണ് എൽഷെക്ക് ആശ്വാസ സമനില നൽകിയത്. എങ്കിലും അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്. വെറും മൂന്ന് പോയിന്റുകൾ മാത്രമാണ് ഇതുവരെ എൽഷെക്ക് കരസ്ഥമാക്കാൻ ആയിട്ടുള്ളത്. വലൻസിയ ഏഴാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

എതിർ തട്ടകത്തിൽ എൽഷെയാണ് ആദ്യം ലീഡ് എടുത്തത്. ഇരുപതിയൊൻപതാം മിനിറ്റിൽ വലൻസിയ കീപ്പർ മമർദാഷ്വിലി പെഡ്രോ ബിഗാസിനെ ഫൗൾ ചെയ്തപ്പോൾ ലഭിച്ച പെനാൽറ്റി പേരെ മിയ്യ വലയിൽ എത്തിച്ചു. പക്ഷെ പരിക്കേറ്റ പെഡ്രോ ബിഗാസിന് കളം വിടേണ്ടി വന്നിരുന്നു. നാല്പത്തിയൊന്നാം മിനിറ്റിൽ വലൻസിയയുടെ സമനില ഗോൾ എത്തി. ജോസ് ഗയയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചപ്പോൾ എഡിസൻ കവാനിക്ക് വലൻസിയക്ക് വേണ്ടി തന്റെ ആദ്യ ഗോൾ കണ്ടെത്താനായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വലൻസിയയുടെ രണ്ടാം ഗോളും എത്തി. അല്മെയ്ഡയുടെ പാസിൽ തന്റെ പതിവ് ശൈലിയിൽ കവാനി ഹെഡർ ഉതിർത്തപ്പോൾ മത്സരത്തിൽ ആദ്യമായി ആതിഥേയർ മുന്നിലെത്തി. അറുപത്തിയഞ്ചാം മിനിറ്റിലാണ് എൽഷെയുടെ സമനില ഗോൾ എത്തി. കാർലോസ് ക്ലർക്കിന്റെ ക്രോസിൽ തല വെച്ച പേരെ മിയ്യ തന്നെ ഒരിക്കൽ കൂടി എൽഷെയുടെ രക്ഷകനായി.

Exit mobile version