എഡിസൺ കവാനി വലൻസിയയിലേക്ക് എത്തുന്നു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനി അവസാനം ഒരു ക്ലബിൽ എത്തുന്നു. സ്പാനിഷ് ക്ലബായ വലൻസിയ ആകും കവാനിയെ സ്വന്തമാക്കുന്നത്. പെട്ടെന്ന് തന്നെ ഈ നീക്കം കവാനി പൂർത്തിയാക്കും. നേരത്തെ വിയ്യാറയലും ഫ്രഞ്ച് ക്ലബായ നീസും കവാനിക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ കവാനി അവസാനം വലൻസിയ തിരഞ്ഞെടുക്കുക ആയിരുന്നു.

ഫ്രീ ഏജന്റായ കവാനിയുടെ കുടുംബം സ്പെയിനിൽ നിൽക്കാൻ ആണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ആണ് താരം ലാലിഗയിലേക്ക് പോകാൻ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം തിളങ്ങാൻ കവാനിക്ക് ആയിരുന്നില്ല. നിരന്തരം പരിക്കേറ്റ കവാനിക്ക് വളരെ ചുരുക്കം മത്സരങ്ങൾ മാത്രമെ കളിക്കാൻ ആയുള്ളൂ. മുമ്പ് പി എസ് ജിയിലും നാപോളിയിലും ഐതിഹാസിക പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് കവാനി.

ബ്രയാൻ ഗിൽ വീണ്ടും വലൻസിയയിലേക്ക്

ടോട്ടനം മുന്നേറ്റ താരം ബ്രയാൻ ഗിൽ വീണ്ടും വലൻസിയയിലേക്കെത്തുന്നു. കഴിഞ്ഞ ജനുവരി മുതൽ വലൻസിയക്ക് വേണ്ടി തന്നെ ലോണിൽ കളിക്കുകയായിരുന്ന സ്പാനിഷ് താരത്തെ വീണ്ടും അവിടേക്ക് തന്നെ ലോണിൽ നൽകാൻ ടോട്ടനം തീരുമാനിക്കുകയായിരുന്നു. ഒരു വർഷത്തെക്കാണ് താരം ലോണിൽ എത്തുന്നത്. നേരത്തെ ലോ സെൽസോ, എൻഡോമ്പലെ എന്നിവരെയും ടോട്ടനം ലോണിൽ കൈമാറിയിരുന്നു. ഒരു പിടി പുതിയ താരങ്ങൾ ടീമിലേക്ക് എത്തിയ ഈ ട്രാൻസ്ഫർ വിൻഡോയിൽ കോച്ച് കോന്റെയുടെ പദ്ധതിയിൽ ഇടമില്ലാത്ത താരങ്ങളെ ഒഴിവാക്കാൻ കൂടിയുള്ള ശ്രമത്തിലാണ് ടോട്ടനം.

ഇരു വിങ്ങുകളിലും ഒരു പോലെ തിളങ്ങാൻ സാധിക്കുന്ന ഗിൽ സെവിയ്യയിൽ നിന്ന് കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ടോട്ടനത്തിലേക്ക് എത്തുന്നത്. സ്‌പെയിനിലെ ഏറ്റവും പ്രതിഭാധനരായ യുവതറങ്ങളിൽ ഒരാളായി കണക്ക് കൂട്ടിയിരുന്ന താരമായിരുന്നു ഗിൽ. 2019ൽ സെവിയ്യയിൽ എത്തി. ടീമിനായി പതിനാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

തുടർന്ന് ലീഗൻസ്, ഐബർ ടീമുകൾക്ക് വേണ്ടി ലോണിൽ കളിച്ചു. താരത്തിന്റെ മികവ് കണ്ട് ടോട്ടനം ടീമിൽ എത്തിച്ചെങ്കിലും കാര്യമായ പ്രകടനം അവടെ കാഴ്ച്ച വെക്കാൻ ആയില്ല. തുടർന്ന് വലൻസിയയിലേക്ക് ലോണിൽ കൈമാറി. ശേഷം ടോട്ടനത്തിലേക്ക് മടങ്ങി എത്തിയെങ്കിലും അവസരങ്ങൾ കുറവാകുമെന്ന് ഉറപ്പായതോടെ ടീം വിടാനുള്ള ശ്രമത്തിൽ ആയിരുന്നു. താരത്തെ വീണ്ടും ലോണിൽ എത്തിക്കാൻ ശ്രമിച്ച വലൻസിയക്ക് കാര്യങ്ങൾ എളുപ്പമായി. ലോണിന്റെ അവസാനം താരത്തെ സ്വന്തമാക്കാൻ വലൻസിയക്കാവില്ല.

വലൻസിയയെ വീഴ്ത്തി വാൽവെർഡേക്ക് മടങ്ങി വരവിലെ ആദ്യ ജയം | Report

അത്ലറ്റിക് ക്ലബ്ബിലേക്ക് മടങ്ങിയെത്തിയ വാൽവെർഡേക്ക് സീസണിലെ ആദ്യ വിജയം. സമനിലയുമായി സീസൺ ആരംഭിച്ച അത്ലറ്റിക് വലൻസിയയെയാണ് വീഴ്ത്തിയത്. പന്ത് കൂടുതൽ കൈവശം വെച്ചിട്ടും ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ട് പോലും ഉതിർക്കാൻ ആവാതെയാണ് ഗട്ടുസോയുടെ ടീം എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി ഏറ്റു വാങ്ങിയത്.

സമനിലയിൽ പിരിഞ്ഞ ആദ്യ മത്സരത്തിൽ നിന്നും ചെറിയ മാറ്റത്തോടെയാണ് വാൽവെർഡേ അത്ലറ്റിക് ടീമിനെ ഇറങ്ങിയത്. അപകടകാരിയായ നിക്കോ വില്യംസ് ആദ്യ ഇലവനിലേക്ക് മടങ്ങി എത്തി. ഇനാകി വില്യംസ് സ്‌ട്രൈക്കർ സ്ഥാനതേക്ക് മാറി. അത്ലറ്റിക് മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. സ്‌ട്രൈക്കർ ഹ്യൂഗോ ഡ്യൂറോ പരിക്കേറ്റ് ആദ്യ പകുതിയിൽ തന്നെ കയറിയത് വലെൻസിയയെ ബാധിച്ചു. മാക്സി ഗോമസ് ഡ്യൂറോക്ക് പകരക്കാരനായി എത്തി. വലെൻസിയ മുന്നേറ്റത്തിന് ശേഷം കാസ്റ്റിയ്യേഹോയുടെ ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയത് ആരാധകർ നേടുവീർപ്പോടെയാണ് കണ്ടത്.

ഇടവേളക്ക് പിരിയുന്നതിന് മുൻപ് അത്ലറ്റിക്കിന്റെ ഗോൾ എത്തി. നാല്പത്തിമൂന്നാം മിനിറ്റിൽ വെസ്ഗയുടെ അസിസ്റ്റിൽ അലക്‌സ് ബെറെൻഗ്വെറാൻ വലൻസിയയുടെ വല കുലുക്കിയത്. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുന്നേ ഇനാകി വില്യംസിന് ലീഡ് രണ്ടായി ഉയർത്താൻ അവസരം ലഭിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു.

രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. എൺപത്തിരണ്ടാം മിനിറ്റിൽ ഇനാകി വില്യംസ് സഹോദരൻ നിക്കോ വില്യംസിന് ഒരുക്കി നൽകിയ അവസരവും ഓഫ് സൈഡിൽ കലാശിച്ചു.

കാത്തിരിക്കാൻ ഇല്ല, ലോണിൽ പോകാൻ ഉറച്ച് ബാഴ്സലോണയുടെ നിക്കോ ഗോൺസാലസ്

ബാഴ്‌സലോണയുടെ യുവപ്രതിഭകളിൽ ഒരാളായ നിക്കോ ഗോൺസാലസ് ലോണിൽ ടീം വിടുമെന്ന് ഏകദേശം ഉറപ്പായി. വലൻസിയ ആവും താരത്തിന്റെ പുതിയ എന്നാണ് സൂചനകൾ. വലൻസിയ പരിശീലകൻ ഗട്ടുസോ നിക്കോയെ ടീമിൽ എത്തിക്കാൻ താല്പര്യപ്പെടുന്നുണ്ട്. ടീമിലെ മറ്റൊരു താരമായ ആബ്ദേയേയും വലൻസിയ നോട്ടമിടുന്നുണ്ട്.

നേരത്തെ, സീസണിൽ അവസരങ്ങൾ ലഭിക്കുമെങ്കിൽ മാത്രം ടീമിൽ തുടരുകയുള്ളൂ എന്ന് താരം അറിയിച്ചിരുന്നു. ഇല്ലെങ്കിൽ ലോണിൽ പോകാൻ നിക്കോ നേരത്തെ തയ്യാറായിരുന്നു. ബസ്ക്വറ്റ്‌സ് അല്ലാതെ ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് യോജിച്ച താരങ്ങൾ ഇല്ലാത്തത് നിക്കോയുടെ ബാഴ്‌സയിലെ സാധ്യതകൾ വർധിപ്പിച്ചിരുന്നു. സാവി അവസരം നൽകിയപ്പോൾ എല്ലാം മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായി. എന്നാൽ പ്രീ സീസണിന്റെ അവസനത്തോടെ പ്യാനിച്ച് മികച്ച പ്രകടനത്തോടെ സാവിയുടെ ശ്രദ്ധയിൽ വന്നതോടെ നിക്കോ വീണ്ടും ടീം വിടാനുള്ള വഴികൾ തേടുകയായിരുന്നു. കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് വലൻസിയ എത്തിയതോടെ നിക്കോ ലോണിൽ ടീം വിടുന്നത് സാവിയെ അറിയിച്ചു എന്നാണ് സൂചനകൾ. താരത്തിന് തുടർച്ചയായ അവസരങ്ങൾ ലഭിക്കും എന്നതിനാൽ നിക്കോയെ വിട്ട് കൊടുക്കുന്നതിന് ബാഴ്‌സലോണയും അനുകൂലമാണ്. ഗട്ടുസോ നേരിട്ട് താരത്തോട് സംസാരിച്ചതായും സൂചനകൾ ഉണ്ട്. ബെഞ്ചിൽ ഇരിക്കുന്നതിനെക്കാൾ മത്സര പരിചയം നേടാൻ നല്ലത് ലോണിൽ പോകുന്നതാണെന്ന് നിക്കോ തിരിച്ചറിയുന്നുണ്ട്.

Story Highlight: Barcelona are prepared to complete Nico’s loan move to Valencia until June 2023.

വലൻസിയയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റിന് വധ ഭീഷണി

വലൻസിയയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റ് അനിൽ മൂർത്തിക്ക് വധ ഭീഷണി. ഫോണിലൂടെ ക്ലബ്ബ് പ്രസിഡന്റിന് വധ ഭീഷണി ഉണ്ടായിയെന്ന് ക്ലബ്ബ് സ്ഥിതീകരിച്ചു. അലാവെസിനെതിരായ വലൻസിയയുടെ മത്സരത്തിന് മുന്നോടിയായാണ് മൂർത്തിക്ക് വധ ഭീഷണിയുണ്ടായത്. മൂർത്തിയും ക്ലബ്ബ് ഓണർ പീറ്റർ ലിമും വലൻസിയ ആരാധകരുടെ കനത്ത പ്രതിഷേധങ്ങളാണ് നേരിടുന്നത്. മത്സരത്തിനിടെയും സ്റ്റാൻഡിൽ നിന്നും പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നു.

കോപ്പ ഡെൽ റേ വലൻസിയക്ക് നേടിക്കൊടുത്ത കോച്ച് മാഴ്സലീനോയെ പുറത്താക്കിയതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി ആരാധകർ രംഗത്ത് വന്നത്. പകരക്കാരനായി ആൽബർട്ട് സെലാദെസിനെയാണ് ക്ലബ്ബ് മാനേജ്മെന്റ് കൊണ്ടുവന്നത്. സെലദെസിന് കീഴിൽ വലൻസിയ ലാ ലീഗയിൽ രണ്ട് ജയവും രണ്ട് സമനിലയും നേടി. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് മാഴ്സലീനോയെ ക്ലബ്ബ് പുറത്താക്കിയത്. തുടർച്ചയായ രണ്ട് സീസണ ടോപ്പ് ഫോർ ഫിനിഷുകൾ നൽകാൻ മാഴ്സലീനോക്കായിരുന്നു. ഇന്റർനാഷ്ണൽ ബ്രേക്കിന് ശേഷം മാഡ്രിഡിൽ അത്ലെറ്റിക്കോക്കെതിരെയാണ് വലൻസിയയുടെ ലാ ലീഗ മത്സരം നടക്കുക.

പെനാൽറ്റി തുലച്ചു, വലൻസിയയോട് തോറ്റ് ചെൽസി

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയ ചെൽസിക്ക്  സ്വന്തം ഗ്രൗണ്ടിൽ തോൽവി. വലൻസിയയാണ് ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ഫ്രാങ്ക് ലാമ്പാർഡിന് കീഴിൽ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ ചെൽസി രണ്ടാം പകുതിയിൽ വഴങ്ങിയ ഏക ഗോളിന് തോൽക്കുകയായിരുന്നു.

ആദ്യ പകുതിയിൽ ചെൽസിക്കായിരുന്നു അധിപത്യമെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ട്ടിക്കുന്നതിൽ ചെൽസി പരാജയപെടുകയായിരുന്നു. വലൻസിയയാവട്ടെ പന്ത് ലഭിച്ചപ്പോഴെല്ലാം വേഗതയാർന്ന മുന്നേറ്റങ്ങളുമായി ചെൽസി പ്രതിരോധ നിരയെ പരീക്ഷിക്കുകയും ചെയ്തു.  തുടർന്ന് രണ്ടാം പകുതിയിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് വലൻസിയ ഗോൾ നേടിയത്. ഫ്രീ കിക്ക്‌ പ്രതിരോധിക്കുന്നതിൽ ചെൽസി താരങ്ങൾ വരുത്തിയ പിഴവാണ് റോഡ്രിഗോയുടെ ഗോളിൽ കലാശിച്ചത്.

തുടർന്ന് വലൻസിയ മത്സരം ജയിക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് വാർ ചെൽസിക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കുന്നത്. പെനാൽറ്റി എടുത്ത ചെൽസി ബാർക്ലിയുടെ ശ്രമം ബാറിൽ തട്ടി പുറത്തുപോവുകയായിരുന്നു. തുടർന്നും ചെൽസി അവസരങ്ങൾ സൃഷിട്ടിച്ചെങ്കിലും വലൻസിയ ഗോൾ പോസ്റ്റിൽ സിലെസൺ ഉറച്ച് നിന്നതോടെ മത്സരത്തിൽ സമനില പിടിക്കാനുള്ള ചെൽസിയുടെ ശ്രമങ്ങൾ അവസാനിക്കുകയായിരുന്നു.

 

ഒബമയാങ് താണ്ഡവം, ആഴ്‌സണൽ യൂറോപ്പ ലീഗ് ഫൈനലിൽ

വലൻസിയയിൽ ഒബമയാങ് താണ്ഡവത്തിൽ വലൻസിയയെ 4-2ന് തോൽപ്പിച്ച് ആഴ്‌സണൽ യൂറോപ്പ ലീഗ് ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ ഹാട്രിക് നേടിയ ഒബമയാങ്ങിന്റെ പ്രകടനമാണ് ആഴ്‌സണൽ വിജയം അനായാസമാക്കിയത്. രണ്ടു പാദങ്ങളിലുമായി 7- 3ന്റെ വമ്പൻ ജയം സ്വന്തമാക്കിയാണ് ആഴ്‌സണൽ ഫൈനൽ ഉറപ്പിച്ചത്. നേരത്തെ ആഴ്‌സണലിന്റെ ഗ്രൗണ്ടിൽ നടന്ന ആദ്യ പാദത്തിൽ ആഴ്‌സണൽ 3-1ന് ജയിച്ചിരുന്നു. ആഴ്സണലിന്റെ നാലാമത്തെ ഗോൾ നേടിയത് ലാകസറ്റേയായിരുന്നു. വലൻസിയയുടെ രണ്ടു ഗോളുകളും ഗമിറോ ആണ് നേടിയത്.

ആദ്യ പകുതിൽ ആഴ്‌സണലിനോട് ഇഞ്ചോടിഞ്ച് പൊരുതിയ വലൻസിയയാണ് ആദ്യ ഗോൾ നേടിയത്.ഗമിറോയിലൂടെയാണ് വലൻസിയ സമനില ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ഒബമയാങ് ഗോൾ മടക്കി മത്സരം 1 – 1 സമനിലയിലാക്കി. തുടർന്ന് രണ്ടാം പകുതിയിൽ ലാകസറ്റെയിലൂടെ ആഴ്‌സണൽ രണ്ടാമത്തെ ഗോൾ നേടിയതോടെ ആഴ്‌സണൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോളിലൂടെ ഗമിറോ വലൻസിയക്ക് സമനില നേടി കൊടുത്തെങ്കിലും രണ്ടു ഗോളുകൾ കൂടി നേടി ഹാട്രിക് തികച്ച് ഒബമയാങ് ആഴ്‌സണലിന്റെ ഫൈനൽ പ്രേവേശനം ഉറപ്പിക്കുകയായിരുന്നു.

യൂറോപ്പ ലീഗ് കിരീടം നേടിയ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാമെന്ന ആഴ്‌സണൽ പ്രതീക്ഷക്ക് കരുത്തേകുന്നതാണ് ഇന്നത്തെ ജയം. ഫൈനലിൽ ആഴ്‌സണൽ ലണ്ടൻ എതിരാളികളായ ചെൽസിയെയാണ് ഫൈനലിൽ നേരിടുക. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ലിവർപൂളിനും ടോട്ടൻഹാമിനും പിന്നാലെ ഈ സീസണിൽ യൂറോപ്യൻ ഫൈനലിൽ എത്തുന്ന മൂന്നാമത്തെ ടീമാണ് ആഴ്‌സണൽ.

യൂറോപ്പ വഴി ചാമ്പ്യൻസ് ലീഗിലെത്താൻ ആഴ്‌സണൽ ഇറങ്ങുന്നു

പ്രീമിയർ ലീഗിൽ ടോപ് ഫോറിലെത്താൻ അത്ഭുതങ്ങൾ വേണമെന്നിരിക്കെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ യൂറോപ്പ ലീഗ് കിരീടം സ്വപ്നം കണ്ട് ആഴ്‌സണൽ ഇന്ന് വലൻസിയയെ നേരിടും. വലൻസിയയുടെ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പാദത്തിൽ 3-1ന്റെ ലീഡുമായാണ് ആഴ്‌സണൽ ഇറങ്ങുന്നത്. ഇഞ്ചുറി ടൈമിൽ ഒബാമയാങ് നേടിയ ഗോളാണ് രണ്ടു ഗോളിന്റെ ലീഡ് ആദ്യ പാദത്തിൽ നേടാൻ ആഴ്‌സണലിനെ സഹായിച്ചത്. മത്സരത്തിൽ മറ്റു രണ്ടു ഗോളുകൾ നേടിയത് ലാകസറ്റേയായിരുന്നു.

2006ന് ശേഷം തങ്ങളുടെ ആദ്യ യൂറോപ്യൻ ഫൈനൽ ലക്‌ഷ്യം വെച്ചാണ് ആഴ്‌സണൽ ഇന്ന് ഇറങ്ങുന്നത്. അന്ന് ഫൈനലിൽ ബാഴ്‌സലോണയോട് ആഴ്‌സണൽ തോറ്റ് പുറത്തായിരുന്നു. സെവിയ്യയുടെ കൂടെ തുടർച്ചയായി മൂന്ന് കിരീടങ്ങൾ നേടിയ പരിശീലകൻ ഉനൈ എമേറി കൂടെയുള്ളപ്പോൾ മറ്റൊരു യൂറോപ്യൻ ഫൈനൽ ആഴ്‌സണൽ ആരാധകർ സ്വപ്നം കാണുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ ബ്രൈട്ടനെതിരെ സമനില വഴങ്ങിയതോടെ യൂറോപ്പ ലീഗ് കിരീടം മാത്രമാണ് ആഴ്‌സണലിന് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിലേക്കുള്ള ഏക വഴി. പ്രീമിയർ ലീഗിൽ ടോപ് ഫോറിലെത്താൻ വിദൂര സാധ്യത ആഴ്‌സണലിന് ഉണ്ടെങ്കിലും അത് സംഭവിക്കാനുള്ള സാധ്യത കുറവാണ്. അവസാന മത്സരത്തിൽ ആഴ്‌സണൽ ജയിക്കുകയും ടോട്ടൻഹാം തോൽക്കുകയും 8 ഗോളിന്റെ വ്യതാസം ഇരു ടീമുകളും തമ്മിൽ വന്നാൽ മാത്രമേ ആഴ്‌സണൽ ടോപ് ഫോറിൽ എത്തു.

അതെ സമയം ലാ ലീഗയിൽ കഴിഞ്ഞ ദിവസം ഹുസ്‌കയെ 6 -2ന് തൊപ്പിച്ച് കൊണ്ടാണ് വലൻസിയ സ്വന്തം ഗ്രൗണ്ടിൽ രണ്ടാം പാദ മത്സരത്തിന് ഇറങ്ങുന്നത്. ആഴ്‌സണൽ നിരയിൽ പരിക്കേറ്റ ആരോൺ റാംസി, ഡെന്നിസ് സുവാരസ്, ഹെക്ടർ ബെല്ലറിൻ, ഡാനി വെൽബെക്, റോബ് ഹോൾഡിങ് എന്നിവർ എല്ലാം പരിക്ക് മൂലം ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ല.

യൂറോപ്പ ലീഗ് ഫൈനൽ ഉറപ്പിക്കാൻ ആഴ്‌സണൽ ഇന്ന് വലൻസിയക്കെതിരെ

2006ന് ശേഷം ആദ്യ യൂറോപ്യൻ ഫൈനൽ ലക്‌ഷ്യം വെച്ച് ആഴ്‌സണൽ ഇന്ന് എമിറേറ്റ്സിൽ വലൻസിയയെ നേരിടും. മൂന്ന് തവണ തുടർച്ചായി സെവിയ്യയുടെ കൂടെ യൂറോപ്പ കിരീടം നേടിയ ഏംറി ആഴ്‌സണലിന് തങ്ങളുടെ ആദ്യ യൂറോപ്യൻ കിരീടം നേടികൊടുക്കാനാണ് ഇന്ന് ഇറങ്ങുന്നത്. കൂടാതെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള ആഴ്‌സണലിന്റെ എളുപ്പമാർഗവുമാണ് യൂറോപ്പ. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് സെമിയിൽ എത്തിയ ആഴ്‌സണൽ അത്ലറ്റികോ മാഡ്രിഡിനോട് തോറ്റ് പുറത്തായിരുന്നു.

ക്വാർട്ടറിൽ ഇറ്റാലിയൻ വമ്പന്മാരായ നാപോളിയെ തോൽപ്പിച്ചാണ് ഏംറി തന്റെ മുൻ ക്ലബായ വലൻസിയയെ നേരിടാനിറങ്ങുന്നത്. ആഴ്‌സണൽ നിരയിൽ വിലക്ക് നേരിടുന്ന ഫ്രാൻസിസ് കോക്വേലിൻ ഇന്ന് ഇറങ്ങില്ല. പകരം ഗബ്രിയേൽ പോളിസ്റ്റ ടീമിൽ ഇടം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണിന്റെ അവസാനത്തോടെ ആഴ്‌സണൽ വിടുന്ന റാംസിയും പരിക്ക് മൂലം ഇന്നത്തെ മത്സരത്തിനുണ്ടാവില്ല. നാപോളിക്കെതിരായ മത്സരത്തിലേറ്റ പരിക്ക് റാംസിയുടെ ആഴ്സണലിലെ കരിയറിന് അവസാനം കുറിച്ചിരുന്നു.

2013/ 14 സീസണിൽ ഉനൈ ഏംറിയുടെ സെവിയ്യയോട് തോറ്റ് വലൻസിയ യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ പുറത്തായിരുന്നു. ഇതിന് പ്രതികാരം തേടിയാവും അവർ ഇറങ്ങുക. ക്വാർട്ടറിൽ ലാ ലീഗ ടീമായ വിയ്യാറയലിനെ 5-1ന് രണ്ടു പാദങ്ങളിലുമായി തോൽപ്പിച്ചാണ് വലൻസിയ സെമി ഉറപ്പിച്ചത്. മുൻപ് ഇരുവരും 5 തവണ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ മാത്രമാണ് വലൻസിയയെ തോൽപ്പിക്കാൻ ആഴ്‌സണലിന് കഴിഞ്ഞത്. ലാ ലീഗയിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന വലൻസിയക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് യൂറോപ്പ ലീഗ് കിരീടം നേടുകയും വേണം.

ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് നിരക്കിൽ വലൻസിയക്ക് പണി കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

ചാമ്പ്യൻസ് ലീഗിൽ  മാഞ്ചസ്റ്റർ യുണൈറ്റഡ് – വലൻസിയ മത്സരത്തിൽ  വലൻസിയ ആരാധകർക്കുള്ള ടിക്കറ്റ് തുക വർദ്ധിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. വലൻസിയയിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഹോം മത്സരത്തിൽ വലൻസിയ ആരാധകരുടെ ടിക്കറ്റ് തുക വർദ്ധിപ്പിച്ചത്.

വർധിപ്പിച്ച തുകയിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം വലൻസിയ മത്സരം കാണാൻ പോവുന്ന ആരാധകർക്കുള്ള ടിക്കറ്റ് നിരക്കിൽ കുറച്ച് നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ ആരാധകർക്കായി 77 യൂറോയുടെ ടിക്കറ്റുകളാണ് വലൻസിയ നൽകിയത്.

ടിക്കറ്റിന്റെ വില കുറക്കാൻ വലൻസിയ അധികൃതരോട് മാഞ്ചസ്റ്റർ യുണൈറ്റഡ് അപേക്ഷിച്ചെങ്കിലും ടിക്കറ്റ് തുക കുറക്കാൻ വലൻസിയ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് വലൻസിയ എവേ ഫാൻസിനുള്ള ടിക്കറ്റ് തുക കൂട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ഇതോടെ ഒരു ടിക്കറ്റിന് 25യൂറോ അധികം ഈടാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ആരാധകർക്ക് നൽകുന്ന കിഴിവ് കഴിഞ്ഞു കൂടുതൽ തുക ലഭിച്ചാൽ അത് ക്ലബ്ബിന്റെ ചാരിറ്റിയിലേക്ക് സംഭവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

പി.എസ്.ജി താരത്തെ സ്വന്തമാക്കി വലൻസിയ

പി.എസ്.ജി താരം ഗോൺസാലോ ഗീദസിനെ സ്വന്തമാക്കി ലാ ലീഗ ക്ലബ് വലൻസിയ. 40 മില്യൺ യൂറോക്കാണ് ഗീദസ് പി.എസ്.ജിയിൽ നിന്ന് വലൻസിയയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ പി.എസ്.ജിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ഗീദസ് വലൻസിയയിൽ കളിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ വലൻസിയ ജേഴ്സിയിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ സ്വന്തമാക്കാൻ വലൻസിയയെ പ്രേരിപ്പിച്ചത്. ലോകകപ്പിന് മുൻപ് തന്നെ താരത്തെ സ്വന്തമാക്കാൻ വലൻസിയ ശ്രമിച്ചെങ്കിലും അന്ന് വലൻസിയ നൽകിയ ഓഫർ പി.എസ്.ജി നിരസിക്കുകയായിരുന്നു.

വലൻസിയ – അത്ലറ്റികോ മാഡ്രിഡ് പോരാട്ടം സമനിലയിൽ

ആവേശകരമായ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ സമനിലയിൽ തളച്ച് വലൻസിയ. ഒരു ഗോളിന് പിറകിൽ നിന്നതിനു ശേഷമാണു വലൻസിയ അത്ലറ്റികോ മാഡ്രിഡിനെ സമനിലയിൽ തളച്ചത്. മത്സരത്തിൽ രണ്ടു ഗോൾ മാത്രമാണ് പിറന്നതെങ്കിലും കാണികൾക്ക് മികച്ച വിരുന്നായിരുന്നു മത്സരം.

അന്റോണിയോ ഗ്രീസ്മാന്റെ മികച്ചൊരു പാസിൽ നിന്ന് കോറിയ ആണ് അത്ലറ്റികോ മാഡ്രിഡിന്റെ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിൽ ആധിപത്യം നേടിയ അത്ലറ്റികോ കോസ്റ്റയിലൂടെ പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.  എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനത്തോടെ മത്സരം തുടങ്ങിയ വലൻസിയ 56ആം മിനുട്ടിൽ സമനില പിടിച്ചു. വാസിന്റെ മനോഹരമായ പാസിൽ നിന്നാണ് റോഡ്രിഗോയിലൂടെ വലൻസിയ സമനില പിടിച്ചെടുത്തത്.

തുടർന്ന് മത്സര അവസാനം വരെ വലൻസിയയുടെ ആധിപത്യം മത്സരത്തിൽ കണ്ടെങ്കിലും ജയിക്കാനാവശ്യമായ ഗോൾ കണ്ടെത്താൻ അവർക്കായില്ല.

Exit mobile version