20221002 203536

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ എസ്പാന്യോളിനെതിരെ സമനില പിടിച്ച് വലൻസിയ

രണ്ടു വീതം ഗോളുകളും ഓരോ ചുവപ്പ് കാർഡും കണ്ട ആവേശ മത്സരത്തിൽ പോയിന്റ് പങ്കുവെച്ച് എസ്പാന്യോളും വലൻസിയയും. സ്വന്തം തട്ടകത്തിൽ എൺപത്തിമൂന്നാം മിനിറ്റിൽ ലീഡ് എടുത്തു വിജയം ഉറപ്പിച്ച എസ്പാന്യോളിന്റെ ഹൃദയം തകർത്ത് കൊണ്ട് ഇഞ്ചുറി ടൈമിൽ ഗോൾ കണ്ടെത്തി വിലപ്പെട്ട ഒരു പോയിന്റ് നേടിയെടുക്കാൻ വലൻസിയക്കായി. ഇതോടെ ലീഗിൽ വലൻസിയ ഏട്ടാമതും എസ്പാന്യോൾ പതിനാറാമതും സ്ഥാനം ഉറപ്പിച്ചു.

പന്തടക്കത്തിൽ വലൻസിയ ബഹുദൂരം മുന്നിൽ നിന്നെങ്കിലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കുന്നതിൽ ഇരു ടീമുകളും ഒട്ടും കുറവ് വരുത്തിയില്ല. എതിർ പാളയത്തിലേക്ക് തുടർച്ചയായി ആക്രമണം നയിച്ച ഇരു കൂട്ടർക്കും ആദ്യ പകുതിയിൽ വല കുലുക്കാൻ ആയില്ല. അതിന്റെ കുറവുകൾ എല്ലാം നികത്തുന്നതായിരുന്നു തീപാറിയ മത്സരത്തിന്റെ രണ്ടാം പകുതി. അൻപതിമൂന്നാം മിനിറ്റിൽ ഗബ്രിയേൽ പൗലിസ്റ്റയിലൂടെ എതിർ തട്ടകത്തിൽ വലൻസിയ ലീഡ് എടുത്തു. വെറും മൂന്ന് മിനിട്ടുകൾക്ക് ശേഷം ജോസെലുവിലൂടെ എസ്പാന്യോൾ തിരിച്ചടിച്ചു. തുടർന്ന് നിരവധി അവസരങ്ങൾ ഇരു ടീമുകൾക്കും തുറന്നെടുക്കാൻ സാധിച്ചു.

എൺപത്തിമൂന്നാം മിനിറ്റിൽ എസ്പാന്യോൾ രണ്ടാം ഗോൾ കണ്ടെത്തി. സെർജി ഡാർഡർ ആയിരുന്നു ഹോം ടീമിന് വേണ്ടി വല കുലുക്കിയത്. തുടർന്ന് എൺപതത്തിയഞ്ചാം മിനിറ്റിൽ മർക്കോസ് ആന്ദ്രേ ചുവപ്പ് കാർഡ് കണ്ടതോടെ വലൻസിയ മത്സരം കൈവിട്ടതായി ഉറപ്പിച്ചെങ്കിലും അത്ഭുതങ്ങൾ വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മാർട്ടിൻ ബ്രാത്വെറ്റും ചുവപ്പ് കാർഡ് കണ്ടതോടെ ഇരു ടീമുകളും ആളെണ്ണം തുല്യമായി. തൊണ്ണൂറ്റിയാറാം മിനിറ്റിൽ വലൻസിയ കൊമേർട്ടിലൂടെ സമനില ഗോൾ കണ്ടെത്തി. തുടർന്നും ഫൗളുകളും അവസരങ്ങളും കണ്ട മത്സരം സമനിലയിൽ തന്നെ അവസാനിച്ചു.

Exit mobile version