ഫാസ്റ്റ് & ഫ്യൂരിയസ് ടെന്നീസ്

ടെന്നീസിലെ എക്കാലത്തെയും അത്ഭുതകരമായ ഒരു കളിയാണ് ഇന്ന് ലോകം ന്യൂയോർക്കിൽ കണ്ടത്. അഞ്ചേകാൽ മണിക്കൂറോളം നീണ്ട, യുഎസ് ഓപ്പൺ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ദൈർഘ്യം കൂടിയ, 5 സെറ്റിൽ നിറഞ്ഞ പവർ പാക്ക്ഡ് ടെന്നീസ്.

ആർതർ ആഷേ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരിന്നു എന്നു പറയാൻ പറ്റില്ല. നദാൽ, ഫെഡറർ, ജോക്കോവിച്ച് തുടങ്ങിയവർ കളിക്കുമ്പോൾ ഉണ്ടാകാറുള്ള തിരക്ക് സ്റ്റേഡിയത്തിന് അകത്തും പുറത്തും കണ്ടില്ല. തന്റെ രണ്ടാമത്തെ മാത്രം ഗ്രാൻഡ്സ്ലാം ക്വാർട്ടർ ഫൈനൽ കളിക്കുന്ന സ്പാനിഷ് താരം കാർലോസ് അൽക്കറാസും, തന്റെ നാലാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്ന ഇറ്റലിക്കാരൻ യാനിക്ക് സിന്നറും അങ്ങനെ പേര് കേട്ട കളിക്കാരല്ലല്ലോ. 19കാരനായ അൽക്കറാസ് ഈ കൊല്ലാമാണ് ഗ്രാൻഡ്സ്ലാം കളിച്ചു തുടങ്ങിയത് തന്നെ. 2020ലെ ഒരു ഗ്രാൻഡ്സ്ലാമിന് ശേഷം ഇക്കൊല്ലമാണ് 21കാരനായ സിന്നർ ഗ്രാൻഡ്സ്ലാമിൽ പേര് കേൾപ്പിച്ചത്.

പക്ഷെ ശുദ്ധ ടെന്നീസിനെ സ്നേഹിക്കുന്നവർക്ക് അറിയാമായിരുന്നു ഇത് രണ്ട് പേർക്കും അത്ര എളുപ്പമാകില്ലെന്നു. അത്ര അത്ലറ്റിക് ഗെയിമാണ് രണ്ടാളുടേതും. കളി തുടങ്ങുന്നതിന് മുൻപ് മുൻതൂക്കം അൽക്കറാസിനായിരുന്നു, ആദ്യ സെറ്റ് ജയിക്കുകയും ചെയ്തു. പക്ഷെ അടുത്ത രണ്ടു സെറ്റും സിന്നർ പിടിച്ചു. നാലാമത്തെ സെറ്റിൽ സിന്നർ ജയിച്ചു എന്നു കരുതിയതാണ്, പക്ഷെ അൽക്കറാസ് ഒരു ഫീനിക്സ് പക്ഷിയെ പോലെ വീണ്ടും ഉണർന്നു കളിച്ചു. ഒരു നിമിഷം പോലും ഇവരുടെ കളിയുടെ വേഗതയും, ആക്രമണ പ്രകൃതവും വിട്ടുപോയിരുന്നില്ല. അതിമാനുഷ പ്രകടനം എന്ന് മാത്രമേ ഈ കളിയെ വിശേഷിപ്പിക്കാൻ സാധിക്കൂ. അവസാന സെറ്റ് അൽക്കറാസ് വിജയിക്കുമ്പോൾ ഫ്ലഷിങ് മെഡോസിൽ സമയം പുലർച്ചെ മൂന്ന് മണി!

പരസ്പരം പോയിന്റ് നേടിയും പിടിച്ചെടുത്തും കളിച്ച ഇവർ ടെന്നീസിന്റെ പ്രശാന്ത സുന്ദരമായ ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ 20 വർഷക്കാലമായി ടെന്നിസിനെ അടക്കി വാണിരുന്ന ത്രയങ്ങൾ തങ്ങളുടെ അവസാന വർഷത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ നേരത്തെ തന്നിരുന്നു. ഇനിയും ആ കൂട്ടത്തിൽ കുറച്ചെങ്കിലും പ്രതീക്ഷിക്കാവുന്നത് നോവാക്കിന്റെ പടയോട്ടമാണ്. ഫെഡറർ ഏതാണ്ട് വിരമിച്ചു കഴിഞ്ഞു, നദാലിന്റെ കളി പലപ്പോഴും പരിക്കിന്റെ പിടിയിലാണ്. ഇന്ന് ന്യൂ യോർക്കിൽ കണ്ട കളി ഇനിയുള്ള കാലത്ത് ഇവർക്ക് കളിക്കാൻ പറ്റുന്ന ഒന്നായിരുന്നു എന്നു കരുതാൻ വയ്യ. ഇവരിൽ ആരും ഇപ്പഴും മോശക്കാരല്ല, പക്ഷെ ടെന്നീസിലെ കായിക പ്രാധാന്യം കുറെ കൂടി ഉയർന്നു എന്ന് കാണിക്കുന്ന കളിയാണ് ഇന്നവിടെ നടന്നത്.

2022 ഈ കളിയെ സംബന്ധിച്ചു ഒരു നാഴികക്കല്ലാകും, 2022ന് മുൻപും ശേഷവും എന്ന ഒരു ചർച്ച ഇനിയുള്ള കാലങ്ങളിൽ ഉണ്ടാകും. ടെന്നീസിലെ പൊൻവസന്തം പൊട്ടിവിരിഞ്ഞ വർഷമാണിത്. ഇത്രയധികം ചെറുപ്പക്കാരായ കളിക്കാർ ഗ്രാൻഡ്സ്ലാം കോർട്ടുകളിലേക്ക് ഇങ്ങനെ ഒന്നിച്ചു ഇതിന് മുൻപ് വന്നിട്ടില്ല. വരിക മാത്രമല്ല അവർ ക്വാർട്ടറിലും സെമിയിലും കടക്കുകയും ചെയ്തു.

ഇപ്പോഴത്തെ യുഎസ് ഓപ്പൺ സെമി ലൈനപ്പ് നിങ്ങൾ ഒന്നു നോക്കൂ, ഖാചനോവ് – റൂഡ് & ടിയാഫോ – അൽക്കറാസ്. ഇതേ പോലെ ഫ്രഞ്ച് ഓപ്പണിൽ റൂഡ് റണ്ണർ അപ്പായി, വിമ്പിൾഡണിൽ കിരിയോസ് രണ്ടാമതെത്തി, ഓസ്‌ട്രേലിയൻ ഓപ്പണിൽ മെദ്വദേവ് രണ്ടാമനായി. ഇതിൽ അവസാന രണ്ടു പേരാണ് പ്രായം കൊണ്ട് (26 &27 വയസ്സ്) മുന്നിൽ നിൽക്കുന്നത്.

ടെന്നീസ് ഒരു സ്പോർട്ട് എന്ന നിലയിൽ മറ്റെല്ലാ കളികളിലും നിന്നു വ്യത്യസ്തമാണ്. ഒരു വ്യക്തിഗത കളി എന്ന നിലയിൽ നാലോ അഞ്ചോ മണിക്കൂർ നീണ്ടു നില്ക്കുന്ന, ഇത്രയും കായിക പ്രാധാന്യമുള്ള മറ്റൊരു കളിയില്ല. അത് കൊണ്ട് തന്നെ ഇവരിൽ ജയിച്ചവർ തോറ്റവർ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും നമുക്ക് ആഘോഷിക്കാം, കാരണം ഈ സുന്ദരകളിയുടെ സുവർണ്ണ കാലഘട്ടമാണ് വരാൻ പോകുന്നതെന്ന് ഓരോ ടെന്നീസ് ആരാധകന്റെയും മനസ്സ് പറയുന്നു.

ആർതർ ആഷെയിൽ മറ്റൊരു കറുത്ത വർഗ്ഗക്കാരന്റെ വിജയഗാഥ! ടിയെഫോ യു.എസ് ഓപ്പൺ സെമിഫൈനലിൽ

യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരവും 22 സീഡും ആയ ഫ്രാൻസസ് ടിയെഫോ. കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ആണ് അമേരിക്കൻ താരത്തിന് ഇത്. കഴിഞ്ഞ മത്സരത്തിൽ സാക്ഷാൽ റാഫേൽ നദാലിനെ അട്ടിമറിച്ചു ലോകത്തെ ഞെട്ടിച്ച ടിയെഫോ ഇത്തവണ ഒമ്പതാം സീഡും റഷ്യൻ താരവും ആയ ആന്ദ്ര റൂബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചു. ആദ്യ സെറ്റിൽ ബ്രേക്ക് വഴങ്ങാതെ ഇരു താരങ്ങളും പൊരുതിയതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ സെറ്റ് 7-6(7-3) നേടിയ ടിയെഫോ മത്സരത്തിൽ മുൻതൂക്കം കണ്ടത്തി.

രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം ആണ് ടിയെഫോ നേരിട്ടത്. തന്റെ സർവീസിൽ സെറ്റ് പോയിന്റ് രക്ഷിച്ച അമേരിക്കൻ താരം എന്നാൽ വിട്ട് കൊടുക്കാൻ തയ്യാറായില്ല. ഒരിക്കൽ കൂടി ടൈബ്രേക്കറിൽ സെറ്റ് 7-6(7-0) എന്ന സ്കോറിന് നേടിയ താരം മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. രണ്ടാം സെറ്റ് ടൈബ്രേക്കറിൽ റഷ്യൻ താരത്തിന് ഒരവസരവും ടിയെഫോ നൽകിയില്ല. മൂന്നാം സെറ്റിൽ ആദ്യമായി ഒരു ബ്രേക്ക് കണ്ടത്തിയ അമേരിക്കൻ താരം തുടർന്ന് കടുത്ത സമ്മർദ്ദത്തിലും ബ്രേക്ക് പോയിന്റുകൾ രക്ഷിച്ചു സെറ്റ് 6-4 നു നേടി ചരിത്രം എഴുതി. 12 ഏസുകൾ ഉതിർത്ത റൂബ്ലേവിനു എതിരെ 18 ഏസുകൾ ആണ് ടിയെഫോ ഉതിർത്തത്.

കുടിയേറ്റക്കാരനായ മാതാപിതാക്കളുടെ മകനായി ദാരിദ്ര്യത്തിൽ വളർന്ന അമേരിക്കൻ താരത്തിന്റെ ഈ നേട്ടം തീർത്തും അവിശ്വസനീയം തന്നെയാണ്. 1972 ൽ സാക്ഷാൽ ആർതർ ആഷെക്ക് ശേഷം യു.എസ് ഓപ്പൺ സെമിഫൈനലിൽ എത്തുന്ന ആദ്യ കറുത്ത വർഗ്ഗക്കാരൻ ആയ പുരുഷ താരമാണ് ഫ്രാൻസസ് ടിയെഫോ. ആർതർ ആഷെയുടെ പേരിലുള്ള സ്റ്റേഡിയത്തിൽ തന്നെ ആ ചരിത്രനേട്ടം ടിയെഫോ സാധ്യമാക്കിയത് കാലത്തിന്റെ കൗതുകം ആയി. 16 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഒരു അമേരിക്കൻ താരം യു.എസ് ഓപ്പൺ സെമിഫൈനലിൽ എത്തുന്നത്. സെമിയിൽ യാനിക് സിന്നർ, കാർലോസ് അൽകാരസ് മത്സരവിജയിയെ ആണ് ടിയെഫോ നേരിടുക.

തുടർച്ചയായ രണ്ടാം വർഷവും യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി സബലങ്ക

തുടർച്ചയായ രണ്ടാം വർഷവും യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി ആര്യാന സബലങ്ക. ക്വാർട്ടർ ഫൈനലിൽ 22 സീഡ് ചെക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ആറാം സീഡ് സബലങ്ക തോൽപ്പിച്ചത്. സീസണിലെ ഏറ്റവും മികച്ച ജയം ആയിരുന്നു ബെലാറസ് താരത്തിന് ഇത്.

മത്സരത്തിൽ സബലങ്കയുടെ ആധിപത്യം ആണ് കാണാൻ ആയത്. ആദ്യ സെറ്റ് 6-1 നു ആണ് താരം നേടിയത്. രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടാൻ ചെക് താരത്തിന് ആയെങ്കിലും സബലങ്ക ഈ സെറ്റും നേടി മത്സരം സ്വന്തം പേരിലാക്കി. മത്സരത്തിൽ 6 ഏസുകൾ അടിച്ച സബലങ്ക 3 തവണ എതിരാളിയെ ബ്രേക്കും ചെയ്തു. സെമിയിൽ ഇഗ സ്വിറ്റെക്, ജെസിക്ക പെഗ്യുല മത്സരവിജയിയെ ആണ് സബലങ്ക നേരിടുക.

യു.എസ് ഓപ്പൺ സെമിഫൈനലിൽ എത്തുന്ന ആദ്യ അറബ് താരമായും ആഫ്രിക്കൻ വനിതയായും ചരിത്രം എഴുതി ഒൻസ്

യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി വിംബിൾഡൺ ഫൈനലിസ്റ്റ് കൂടിയായ ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഓസ്‌ട്രേലിയൻ താരം അജ്‌ലയെ അഞ്ചാം സീഡ് തോൽപ്പിക്കുക ആയിരുന്നു. സെമിയിൽ എത്തിയതോടെ യു.എസ് ഓപ്പൺ ആവസാന നാലിൽ എത്തുന്ന ആദ്യ അറബ് താരമായും ആഫ്രിക്കൻ വനിത താരമായും ഒൻസ് മാറി. പതിവിനു വിരുദ്ധമായി രണ്ടാം സെറ്റിൽ നിരാശയോടും ദേഷ്യത്തോടും കാണപ്പെട്ട ഒൻസ് ഇടക്ക് റാക്കറ്റ് വലിച്ചു എറിഞ്ഞതും കാണാൻ ആയി.

എന്നാൽ ഇത് അതിജീവിച്ചു ആയിരുന്നു താരത്തിന്റെ ജയം. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ഒൻസ് സെറ്റ് 6-4 നു സ്വന്തമാക്കി. ഇരു താരങ്ങളും സർവീസ് നിലനിർത്താൻ കഷ്ടപ്പെട്ട രണ്ടാം സെറ്റിൽ ഒരു ഘട്ടത്തിൽ ഒൻസ് 3-5 നു പിറകിൽ ആയിരുന്നു. എന്നാൽ തന്റെ നിരാശയും ദേഷ്യവും മറികടന്നു സെറ്റ് ടൈബ്രൈക്കറിലേക്ക് എത്തിച്ച ഒൻസ് ടൈബ്രൈക്കറിൽ സെറ്റ് നേടുക ആയിരുന്നു. മത്സരശേഷം മത്സരത്തിന് ഇടയിലെ തന്റെ മോശം പെരുമാറ്റത്തിന് ഒൻസ് ക്ഷമാപണം നടത്തുകയും ചെയ്തു. സെമിയിൽ കൊക്കോ ഗോഫ്, കരോളിൻ ഗാർസിയ മത്സര വിജയിയെ ആണ് ഒൻസ് നേരിടുക.

യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി കാസ്പർ റൂഡ്, കരിയറിലെ രണ്ടാം ഗ്രാന്റ് സ്‌ലാം സെമിഫൈനൽ

മറ്റെയോ ബരെറ്റിനിയുടെ തിരിച്ചു വരവ് ശ്രമങ്ങൾ അതിജീവിച്ചു നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു അഞ്ചാം സീഡും നോർവീജിയൻ താരവും ആയ കാസ്പർ റൂഡ് യു.എസ് ഓപ്പൺ സെമിഫൈനലിൽ. ഈ വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തിയ താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ആണ് ഇത്. 13 സീഡ് ബരെറ്റിനിക്ക് മേൽ ആദ്യ രണ്ടു സെറ്റുകളിൽ മികച്ച ആധിപത്യം ആണ് റൂഡ് നേടിയത്.

ആദ്യ സെറ്റ് 6-1 നു നേടിയ റൂഡ് രണ്ടാം സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ എന്നാൽ ഇറ്റാലിയൻ താരമാണ് തുടക്കത്തിൽ ആധിപത്യം നേടിയത്. റൂഡിനെ ബ്രൈക്ക് ചെയ്ത ബരെറ്റിനി ഒരു ഘട്ടത്തിൽ സെറ്റ് നേടും എന്നു പോലും തോന്നിപ്പിച്ചു. എന്നാൽ തിരിച്ചു വന്നു ബ്രൈക്ക് കണ്ടത്തിയ റൂഡ് സെറ്റ് ടൈബ്രൈക്കറിൽ സ്വന്തം പേരിൽ കുറിച്ചു. 13 ഏസുകൾ ഉതിർത്ത ബരെറ്റിനിയെ 5 തവണയാണ് റൂഡ് ബ്രൈക്ക് ചെയ്‌തത്‌. സെമിയിൽ നിക് കിർഗിയോസ്, കാരൻ ഖാചനോവ് മത്സരവിജയിയെ ആണ് റൂഡ് നേരിടുക.

കിരീടം ലക്ഷ്യമാക്കി മുന്നേറുന്ന യുവതാരം അൽകാരസ് യു എസ് ഓപ്പൺ ക്വാർട്ടറിൽ

യുഎസ് ഓപ്പൺ 2022 ലെ നാലാം റൗണ്ടിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ മാരിൻ സിലിച്ചിനെ മറികടന്ന് ലോക മൂന്നാം നമ്പർ താരം കാർലോസ് അൽകാരസ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു‌. 6-3, 4-6, 6-4, 3-6 എന്ന സ്കോറിനാണ് താരം ഇന്ന് വിജയിച്ചത്.

സിലിച് പരാജയപ്പെട്ടതോടെ യു എസ് ഓപ്പണിൽ ഇത്തവണ ഒരു പുതിയ ചാമ്പ്യൻ പിറക്കും എന്ന് ഉറപ്പായി. സിലിച് ആയിരുന്നു ടൂർണമെന്റിൽ ശേഷിച്ചിരുന്ന ഒരേയൊരു ചാമ്പ്യൻ. 2014-ലെ ചാമ്പ്യൻ ആയിരുന്നു അദ്ദേഹം.

യുഎസ് ഓപ്പണിൽ അൽകരസ് തുടർച്ചയായ രണ്ടാം തവണയാണ് ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. 11-ാം സീഡ് ആയ ഇറ്റലിയുടെ ജാനിക് സിന്നർ ആകും അൽകാരസിന്റെ ക്വാർട്ടർ ഫൈനലിലെ എതിരാളി.

5 സെറ്റ് നീണ്ട ബെലാറസ് താരത്തിന്റെ വെല്ലുവിളി അതിജീവിച്ചു യാനിക് സിന്നർ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി 11 സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ. ഇതോടെ കരിയറിൽ എല്ലാ ഗ്രാന്റ് സ്‌ലാമുകളുടെയും ക്വാർട്ടർ ഫൈനലിൽ എത്താൻ താരത്തിന് ആയി. ബെലാറസ് താരം ഇല്യ ഇവാഷ്ക ഉയർത്തിയ കടുത്ത വെല്ലുവിളി സിന്നർ അതിജീവിക്കുക ആയിരുന്നു. ആദ്യ സെറ്റ് അനായാസം 6-1 നു സിന്നർ നേടി എന്നാൽ രണ്ടാം സെറ്റ് 7-5 നു നേടി ബെലാറസ് താരം തിരിച്ചടിച്ചു.

മൂന്നാം സെറ്റ് 6-2 നു നേടിയ സിന്നർ മത്സരത്തിൽ വീണ്ടും മുൻതൂക്കം കണ്ടത്തിയെങ്കിലും ഇല്യ നാലാം സെറ്റ് 6-4 നു നേടിയതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റിൽ ആദ്യം ബ്രൈക്ക് വഴങ്ങി 3-1 നു പിറകിലായി സിന്നർ. എന്നാൽ തുടർന്ന് ബ്രൈക്കുകൾ തുടർച്ചയായി നേടിയ സിന്നർ സെറ്റ് 6-3 നു നേടി അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചു. മത്സരത്തിൽ 14 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ സിന്നർ 8 തവണ ബ്രൈക്ക് ചെയ്യപ്പെട്ടു എങ്കിലും എതിരാളിയെ 12 തവണ താരം ബ്രൈക്ക് ചെയ്തു. ക്വാർട്ടർ ഫൈനലിൽ അൽകാരസ്, ചിലിച് മത്സരവിജയിയെ ആവും സിന്നർ നേരിടുക.

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ സബലങ്ക, പ്ലിസ്കോവ പോരാട്ടം

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആറാം സീഡ് ആര്യാന സബലങ്ക. ആദ്യ സെറ്റ് 6-3 നു കൈവിട്ട ശേഷമാണ് സബലങ്ക തിരിച്ചു വന്നു നാലാം റൗണ്ടിൽ ജയം കണ്ടത്. രണ്ടും മൂന്നും സെറ്റുകൾ 6-3, 6-2 എന്ന സ്കോറിന് സബലങ്ക ജയിക്കുക ആയിരുന്നു. 8 ഏസുകൾ മത്സരത്തിൽ ഉതിർത്ത സബലങ്ക ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. തുടർച്ചയായ രണ്ടാം യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലും കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലും ആണ് സബലങ്കക്ക് ഇത്.

ക്വാർട്ടർ ഫൈനലിൽ മൂന്നു തവണ ഫൈനൽ കളിച്ച 26 സീഡ് വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചു വരുന്ന 22 സീഡ് കരോളിന പ്ലിസ്കോവയാണ് സബലങ്കയുടെ എതിരാളി. മുൻ ലോക ഒന്നാം നമ്പർ താരങ്ങളുടെ പോരാട്ടം 3 മണിക്കൂറിൽ ഏറെ നീണ്ടു. ആദ്യ സെറ്റ് 7-5 നു 2016 ലെ യു.എസ് ഓപ്പൺ ഫൈനലിസ്റ്റ് കൂടിയായ പ്ലിസ്കോവ നേടി. രണ്ടാം സെറ്റിൽ 5 സെറ്റ് പോയിന്റുകൾ രക്ഷിച്ചു എങ്കിലും ടൈബ്രൈക്കറിൽ സെറ്റ് അസരങ്ക നേടി. എന്നാൽ മൂന്നാം സെറ്റ് 6-2 നു നേടി പ്ലിസ്കോവ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. കരിയറിലെ പത്താം ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ് ചെക് താരത്തിന് ഇത്.

ആർതർ ആഷെയിൽ അത്ഭുതം! യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ റാഫേൽ നദാലിനെ അട്ടിമറിച്ചു ഫ്രാൻസസ് ടിയഫോ!

10 വർഷത്തിന് ഇടയിൽ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ അമേരിക്കൻ പുരുഷ താരമായി ഫ്രാൻസസ് ടിയഫോ

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ കാണാതെ രണ്ടാം സീഡ് റാഫേൽ നദാൽ പുറത്ത്. 22 സീഡ് അമേരിക്കൻ താരം ഫ്രാൻസസ് ടിയഫോ ആണ് നദാലിനെ നാലു സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. ഈ സീസണിൽ ഒരു ഗ്രാന്റ് സ്‌ലാം മത്സരത്തിൽ നദാൽ ഇത് ആദ്യമായാണ് തോൽക്കുന്നത്. കരിയറിൽ തന്റെ ഏറ്റവും വലിയ ജയം കുറിച്ച ടിയഫോ കരിയറിലെ ആദ്യ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 10 വർഷത്തിന് ഇടയിൽ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ അമേരിക്കൻ പുരുഷ താരം കൂടിയാണ് 24 കാരനായ ടിയഫോ. ആദ്യ സെറ്റിൽ തന്നെ മികവ് കാണിച്ച് തുടങ്ങിയ ടിയഫോ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു സ്വന്തം പേരിൽ കുറിച്ചു.

എന്നാൽ രണ്ടാം സെറ്റിൽ നദാൽ തിരിച്ചടിച്ചു. മത്സരത്തിൽ ആദ്യമായി അമേരിക്കൻ താരത്തിനെ ബ്രൈക്ക് ചെയ്ത നദാൽ സെറ്റ് 6-4 നു നേടി മത്സരത്തിൽ ഒപ്പമെത്തി. ഏസുകൾ അടക്കം നന്നായി സർവ് ചെയ്ത ടിയഫോയുടെ സർവീസുകൾ നദാലിനു വലിയ വെല്ലുവിളി ആയി. മൂന്നാം സെറ്റിൽ നദാലിനെ ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്ത അമേരിക്കൻ താരം സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നാലാം സെറ്റിൽ ടിയഫോ ചെറിയ അവസരം നൽകിയപ്പോൾ നദാൽ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു 3-1 നു മുന്നിലെത്തി. എന്നാൽ തുടർന്നു സർവീസ് ഇരട്ടപ്പിഴവുകൾ അടക്കം ആവർത്തിച്ച നദാൽ തുടർച്ചയായി മൂന്നു തവണ സർവീസ് ബ്രൈക്ക് വഴങ്ങുന്നത് ആണ് കാണാൻ സാധിച്ചത്.

നന്നായി സർവീസും ചെയ്ത ടിയഫോ ഇതോടെ സെറ്റ് 6-3 നു നേടി അവിശ്വസനീയ ജയം പൂർത്തിയാക്കി. മത്സരത്തിൽ 18 ഏസുകൾ ആണ് അമേരിക്കൻ താരം ഉതിർത്തത്. 6 തവണ ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയെങ്കിലും മികച്ച സർവീസ് പലപ്പോഴും ടിയഫോയുടെ രക്ഷക്ക് എത്തി. അതേസമയം 9 ഏസുകൾ ഉതിർത്തു എങ്കിലും 9 തവണയാണ് നദാൽ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയത്. ഇതിന്റെ ഫലം കൂടിയായിരുന്നു നദാൽ വഴങ്ങിയ 5 ബ്രൈക്കുകളും. പരാജയത്തോടെ മൂന്നാം റാങ്കുകാരൻ ആയ നദാൽ ഈ വർഷം ഒന്നാം റാങ്കിൽ എത്തണം എങ്കിൽ കാർലോസ് അൽകാരസ്, കാസ്പർ റൂഡ് എന്നിവർ യു.എസ് ഓപ്പൺ ഫൈനൽ കാണാതെ പുറത്താവണം എന്ന സ്ഥിതിയാണ്. ഇന്നലെ ഒന്നാം സീഡ് ഡാനിൽ മെദ്വദേവും പുറത്ത് ആയിരുന്നു. ഇതോടെ 2000 ത്തിന് ശേഷം ആദ്യ രണ്ടു സീഡുകാരും അവസാന എട്ടിൽ എത്താത്ത ആദ്യ യു.എസ് ഓപ്പൺ കൂടിയായി ഇത് മാറി.

ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നു ജർമ്മൻ താരത്തെ തോൽപ്പിച്ചു ഇഗ സ്വിറ്റെക് യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെക്. 108 റാങ്കുകാരിയായ ജർമ്മൻ താരം ജൂൾ നെയ്മെയിറിന് എതിരെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് ഇഗ നാലാം റൗണ്ടിൽ ജയം കണ്ടത്. ഇതോടെ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ പോളണ്ട് വനിത താരമായി ഇഗ. ആദ്യ സെറ്റ് 6-2 നു നേടിയ ജർമ്മൻ താരം ഇഗയെ ഞെട്ടിച്ചു.

എന്നാൽ രണ്ടാം സെറ്റ് മുതൽ ഇഗ തിരിച്ചടിച്ചു. 6-4 നു രണ്ടാം സെറ്റ് നേടി മത്സരം മൂന്നാം സെറ്റിലേക്ക് പോളണ്ട് താരം നീട്ടി. മൂന്നാം സെറ്റിൽ എതിരാളിക്ക് ഒരവസരവും നൽകാതെ ബാഗൽ നേടി ഇഗ. 6-0 സെറ്റ് നേടിയ താരം അവസാന എട്ടിലേക്ക് മാർച്ച് ചെയ്തു. ഈ സീസണിൽ ഇഗ നേടുന്ന 19 മത്തെ ബാഗൽ ആയിരുന്നു ഇത്. ക്വാർട്ടർ ഫൈനലിൽ ജെസിക്ക പെഗ്യുല ആണ് ഇഗയുടെ എതിരാളി.

ജെസിക്ക പെഗ്യുല കരിയറിൽ ആദ്യമായി യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

അമേരിക്കൻ താരവും എട്ടാം സീഡും ആയ ജെസിക്ക പെഗ്യുല യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ. 21 സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് അമേരിക്കൻ താരം അവസാന എട്ടിൽ സ്ഥാനം പിടിച്ചത്.

6 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത അമേരിക്കൻ താരം 6-3, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. കരിയറിലെ നാലാം ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്. ഈ സീസണിൽ ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയിലും താരം ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. ക്വാർട്ടർ ഫൈനലിൽ ഇഗ സ്വിറ്റെക്, ജൂൾ നെയ്മെയിർ മത്സരവിജയിയെ ആണ് താരം നേരിടുക.

ഉഗ്രൻ പ്രകടനവുമായി റൂബ്ലേവ് യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

യു.എസ് ഓപ്പൺ അവസാന എട്ടിലേക്ക് മുന്നേറി റഷ്യയുടെ ഒമ്പതാം സീഡ് ആന്ദ്ര റൂബ്ലേവ്. ഏഴാം സീഡ് ആയ ബ്രിട്ടീഷ് താരം കാമറൂൺ നോരിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റൂബ്ലേവ് തകർത്തത്. ഇടക്ക് സ്റ്റേഡിയത്തിന്റെ റൂഫ് അടച്ചത് ഒന്നും തന്റെ പ്രകടനത്തെ ബാധിക്കാൻ റൂബ്ലേവ് സമ്മതിച്ചില്ല.

മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത റൂബ്ലേവ് 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. 6-4, 6-4, 6-4 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ ജയം. ജയത്തോടെ റാങ്കിംഗിൽ ആദ്യ പത്തിലേക്ക് താരം തിരിച്ചെത്തും. യു.എസ് ഓപ്പണിൽ ഇത് മൂന്നാം തവണയാണ് താരം ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ക്വാർട്ടർ ഫൈനലിൽ നദാൽ, ടിയഫോ മത്സരവിജയിയെ ആണ് റൂബ്ലേവ് നേരിടുക.

Exit mobile version