യു.എസ് ഓപ്പൺ ജയത്തിനു പിന്നാലെ അൽകാരസിനെ അഭിനന്ദിച്ചു റാഫേൽ നദാൽ

യു.എസ് ഓപ്പൺ ജയത്തിനു പിന്നാലെ തന്റെ നാട്ടുകാരൻ ആയ കാർലോസ് അൽകാരസിനെ ഉടൻ അഭിനന്ദിച്ചു റാഫേൽ നദാൽ രംഗത്ത്. ട്വിട്ടറിൽ ആണ് താരത്തെ നദാൽ പ്രകീർത്തിച്ചത്. ആദ്യ ഗ്രാന്റ് സ്‌ലാം കിരീടത്തിനും ലോക ഒന്നാം നമ്പർ ആയതിനും അൽകാരസിനെ നദാൽ പ്രകീർത്തിച്ചു.

ഉറപ്പായിട്ടും ഇതിൽ കൂടുതൽ കിരീടങ്ങൾ അൽകാരസ് നേടും എന്നു തനിക്ക് ഉറപ്പ് ഉണ്ടെന്നും നദാൽ പറഞ്ഞു. അൽകാരസിന്റെ മികച്ച വർഷത്തെ പൊൻതൂവൽ ആണ് ഈ കിരീടം എന്നും നദാൽ പറഞ്ഞു. ഫൈനലിൽ പരാജയപ്പെട്ട തന്റെ അക്കാദമി താരമായ കാസ്പർ റൂഡിനെ ആശ്വസിപ്പിക്കാനും നദാൽ മറന്നില്ല. റൂഡിൽ അഭിമാനിക്കുന്നത് ആയി പറഞ്ഞ നദാൽ മികച്ച ടൂർണമെന്റും സീസണും ആയി റൂഡിൽ നിന്നു ഉണ്ടായത് എന്നും പറഞ്ഞു. ഈ മികവ് റൂഡ് തുടരട്ടെ എന്നും നദാൽ കൂട്ടിച്ചേർത്തു.

അൽകാരസ് യുഗത്തിലേക്ക് സ്വാഗതം! യു.എസ് ഓപ്പൺ കിരീടം നേടി 19 കാരൻ! ലോക ഒന്നാം നമ്പർ ആവുന്ന ആദ്യ ടീനേജർ

ടെന്നീസിന്റെ ഭാവി താൻ തന്നെയാണ് എന്നു ഉറപ്പിച്ച പ്രകടനവും ആയി 19 കാരൻ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ യു.എസ് ഓപ്പൺ കിരീടം ഉയർത്തി. മൂന്നാം സീഡ് ആയ അൽകാരസ് അഞ്ചാം സീഡ് കാസ്പർ റൂഡിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ ആയും അൽകാരസ് മാറി. പുരുഷ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ താരമായും ഇതോടെ അൽകാരസ്. 19 വയസ്സും നാലു മാസവും 6 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ആണ് അൽകാരസ് ചരിത്രം തിരുത്തി എഴുതിയത്. 2005 ൽ നദാലിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ അൽകാരസ്, 1990 ലെ പീറ്റ് സാമ്പ്രസിന് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ യു.എസ് ഓപ്പൺ ചാമ്പ്യനും ആയി മാറി.

ചരിത്രത്തിൽ ആദ്യമായി ആണ് ടീനേജ് താരം പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ആവുന്നത്. മികച്ച മത്സരം ആണ് ആർതർ ആഷെ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ആദ്യ സെറ്റിൽ തന്നെ ബ്രേക്ക് പോയിന്റുകൾ രക്ഷിച്ച അൽകാരസ് ബ്രേക്ക് പോയിന്റുകൾ സൃഷ്ടിച്ചു. ചിലത് രക്ഷിക്കാൻ റൂഡിന് ആയെങ്കിലും ഒടുവിൽ ബ്രേക്ക് കണ്ടത്തിയ അൽകാരസ് സെറ്റ് 6-4 നു സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ എന്നാൽ റൂഡ് ശക്തമായി തിരിച്ചു വന്നു. കളം മുഴുവൻ നിറഞ്ഞു കളിച്ച റൂഡ് ഒടുവിൽ ഒരു ബ്രേക്ക് നേടി. ഇടക്ക് തന്റെ മികവ് കൈവിട്ട അൽകാരസിനെ ഈ സെറ്റിൽ ഒരിക്കൽ കൂടി ബ്രേക്ക് ചെയ്ത റൂഡ് സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ അവിശ്വസനീയ ഷോട്ട് ഉതിർത്ത അൽകാരസ് റൂഡിനെ ബ്രേക്ക് ചെയ്തു. എന്നാൽ തിരിച്ചു ബ്രേക്ക് ചെയ്ത റൂഡ് തിരിച്ചടിച്ചു.

തുടർന്ന് രണ്ടു തവണ തന്റെ സർവീസിൽ സെറ്റ് പോയിന്റുകൾ വഴങ്ങിയ അൽകാരസ് ഇത് രണ്ടും കടുത്ത സമ്മർദ്ദത്തിലും രക്ഷിച്ചു. തുടർന്ന് സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ അവിശ്വസനീയ മികവ് കാണിച്ച അൽകാരസ് മൂന്നാം സെറ്റ് 7-6(7-1) എന്ന സ്കോറിന് സ്വന്തം പേരിൽ കുറിച്ചു. നാലാം സെറ്റിൽ തുടക്കത്തിൽ ഇരു താരങ്ങൾക്കും സർവീസ് നിലനിർത്താൻ ആയി. എന്നാൽ തുടർന്ന് ബ്രേക്ക് കണ്ടത്തിയ അൽകാരസ് മത്സരം 2 ഹോൾഡ് മാത്രം അകലെയാക്കി. തുടർന്ന് തന്റെ സർവീസ് നിലനിർത്തിയ അൽകാരസ് ചരിത്രം സൃഷ്ടിച്ചു. ഒരു മാച്ച് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും സെറ്റ് 6-3 നു കൈവിട്ട റൂഡ് മത്സരം അടിയറവ് പറഞ്ഞു.

മത്സരത്തിൽ 14 ഏസുകൾ ഉതിർത്ത അൽകാരസ് നാലാം സെറ്റിൽ അടക്കം സമ്മർദ്ദത്തിൽ തന്റെ സർവീസ് മികവ് ഉയർത്തി. ഈ വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാലിന് മുന്നിൽ പരാജയം ഏറ്റു വാങ്ങിയ റൂഡ് യു.എസ് ഓപ്പൺ ഫൈനലിലും പരാജയപ്പെട്ടു. എങ്കിലും ലോക രണ്ടാം റാങ്കിൽ എത്താൻ നോർവീജിയൻ താരത്തിന് ആയി. ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ, 19 മത്തെ വയസ്സിൽ യു.എസ് ഓപ്പൺ കിരീടം അടക്കം നേടിയ അൽകാരസ് ടെന്നീസിന്റെ ഭാവി താൻ എന്നു തന്നെ ഉറപ്പിച്ചു പറയുകയാണ്. ഒരു ഗ്രാന്റ് സ്‌ലാം ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കളത്തിൽ സമയം ചിലവഴിക്കുന്ന റെക്കോർഡും താരം സ്വന്തം പേരിലാക്കി. ബിഗ് 3 യുഗത്തിന് ശേഷം കാർലോസ് അൽകാരസ് യുഗം ആണ് വരാൻ ഇരിക്കുന്നത് എന്ന സൂചന തന്നെയാണ് ഈ യു.എസ് ഓപ്പൺ നൽകുന്നത്.

തിരിച്ചു വന്നു യു.എസ് ഓപ്പൺ വനിത ഡബിൾസിൽ ജയം കണ്ടു ചെക് സഖ്യം, കരിയർ ഗോൾഡൻ സ്‌ലാം പൂർത്തിയാക്കി

യു.എസ് ഓപ്പൺ വനിത ഡബിൾസിൽ കിരീടം നേടി ചെക് റിപ്പബ്ലിക് സഖ്യമായ ബാർബോറ ക്രജികോവ, കാതറിന സിനിയകോവ സഖ്യം. മൂന്നാം സീഡ് ആയ അവർ സീഡ് ചെയ്യാത്ത അമേരിക്കൻ സഖ്യം കാത്തി മക്നല്ലി, ടെയ്‌ലർ തൗസന്റ് സഖ്യത്തെ തിരിച്ചു വന്നു തോൽപ്പിച്ചു ആണ് ജയം കണ്ടത്. ആദ്യ സെറ്റ് 6-3 നു കൈവിട്ട അവർ രണ്ടാം സെറ്റിൽ ഒരുഘട്ടത്തിൽ 4-1 നു പിറകിൽ ആയിരുന്നു. എന്നാൽ അവിടെ നിന്നു സെറ്റ് 7-5 നു നേടിയ ചെക് സഖ്യം മൂന്നാം സെറ്റിൽ എതിരാളികൾക്ക് ഒരവസരവും നൽകിയില്ല.

വലിയ ആധിപത്യത്തോടെ 6-1 നു മൂന്നാം സെറ്റ് നേടി ചെക് റിപ്പബ്ലിക് സഖ്യം കരിയർ ഗോൾഡൻ സ്‌ലാം യു.എസ് ഓപ്പൺ കിരീടത്തോടെ പൂർത്തിയാക്കുക ആയിരുന്നു. മുൻ ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് ചാമ്പ്യൻ കൂടിയാണ് ക്രജികോവ. ഈ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടം ഒഴിച്ചു മൂന്നു ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ചെക് സഖ്യം ആയിരുന്നു നേടിയത്. 2018, 2021 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ, 2018, 2022 വർഷങ്ങളിൽ വിംബിൾഡൺ, 2022 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഇപ്പോൾ യു.എസ് ഓപ്പൺ എന്നീ കിരീടങ്ങൾ സ്വന്തമാക്കിയ ക്രജികോവ,സിനിയകോവ സഖ്യം 2020 ടോക്കിയോ ഒളിമ്പിക്സിൽ സ്വർണവും നേടിയിരുന്നു. ഈ വർഷം ഗ്രാന്റ് സ്ളാമിൽ കളിച്ച 18 കളികളിലും ചെക് സഖ്യം ജയം നേടിയിരുന്നു.

ഫൈനലിൽ തോൽക്കില്ല എന്ന പതിവ് തുടർന്ന് ഇഗ! യു.എസ് ഓപ്പൺ നേടുന്ന ആദ്യ പോളണ്ട് വനിത

യു.എസ് ഓപ്പൺ കിരീടം നേടി ഇഗ സ്വിറ്റക്. ടുണീഷ്യൻ താരവും അഞ്ചാം സീഡും ആയ ഒൻസ് യാബ്യുറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് ലോക ഒന്നാം നമ്പർ ആയ പോളണ്ട് താരം കിരീടം ഉയർത്തിയത്. ഓപ്പൺ യുഗത്തിൽ യു.എസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ പോളണ്ട് താരമായ ഇഗ കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം ആണ് നേടിയത്. 2020, 2022 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ നേടിയ 21 കാരിയായ ഇഗക്ക് ഇത് ഫ്രഞ്ച് ഓപ്പണിനു പിറകെ ഇത് ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം കൂടിയാണ്.

കഴിഞ്ഞ കളിച്ച 18 ഫൈനലുകളിലും നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച ഇക്കുറിയും ആ പതിവ് തുടർന്നു. ആദ്യ സെറ്റിൽ ഇഗയുടെ ആധിപത്യം ആണ് കാണാൻ ആയത്. ഇരട്ട ബ്രേക്ക് കണ്ടത്തിയ ഇഗ 6-2 നു സെറ്റ് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റ് കൂടുതൽ നാടകീയം ആയിരുന്നു. ആദ്യം തന്നെ സെറ്റിൽ ഇഗ ബ്രേക്ക് കണ്ടത്തിയെങ്കിലും ഒൻസ് ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്ന് 2 തവണ കൂടി ബ്രേക്ക് വഴങ്ങിയ ഒൻസ് രണ്ടു തവണയും ബ്രേക്ക് തിരിച്ചു പിടിച്ചു.

തന്റെ സർവീസിൽ ചാമ്പ്യൻഷിപ്പ് പോയിന്റ് രക്ഷിച്ച ഒൻസ് രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് കൊണ്ടു പോയി. എന്നാൽ ടൈബ്രേക്കറിൽ പതുക്കെ ഇഗ ആധിപത്യം കണ്ടത്തി. ഒടുവിൽ ഒരിക്കൽ കൂടി ചാമ്പ്യൻഷിപ്പ് പോയിന്റ് കണ്ടത്തിയ ഇഗ സെറ്റ് 7-6(7-5) എന്ന സ്കോറിന് സ്വന്തം പേരിൽ കുറിച്ചു യു.എസ് ഓപ്പൺ കിരീടം സ്വന്തമാക്കി. ഈ വർഷം ഇഗ നേടുന്ന രണ്ടാമത്തെ ഗ്രാന്റ് സ്‌ലാം കിരീടം ആണ് ഇത്. അതേസമയം ഈ വർഷം വിംബിൾഡൺ ഫൈനലിൽ തോറ്റ ഒൻസിന് യു.എസ് ഓപ്പൺ ഫൈനലിലും പരാജയം തന്നെ നേരിടേണ്ടി വന്നു.

നദാലിന്റെ ശിഷ്യൻ vs നദാലിന്റെ നാട്ടുകാരൻ

യുഎസ് ഓപ്പൺ ഫൈനലിൽ ഇറങ്ങുന്നവരുടെ കാര്യത്തിൽ തീരുമാനമായി. 23 വയസ്സുള്ള നോർവീജിയൻ താരം കാസ്പർ റൂഡ് നേരിടുക 19 വയസ്സുള്ള സ്പാനിഷ് താരം കാർലോസ് അൽക്കറാസ് ഗാർഷ്യയെയാണ്.

ഫ്ലഷിങ് മെഡോസിലെ ബിലീ ജീൻ കിംഗ്‌ ടെന്നീസ് സെന്ററിലെ ആർതർ ആഷേ സ്റ്റേഡിയത്തിൽ നാളെ ഗാലറികൾ നിറഞ്ഞു കവിയും. കാണികളെ പാൻ ചെയ്യുന്ന ക്യാമറക്കണ്ണുകൾ ഇത് വരെ കാണാത്തയത്ര വിഐപികളെ ഒന്നിച്ചു കാണിച്ചു തരും. കം ഓണ് കാസ്പർ വിളികൾക്കൊപ്പം, വാമോസ് അൽക്കറാസ് ഉച്ചത്തിൽ മുഴങ്ങും. ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകർ ഈ ചരിത്ര നിമിഷത്തിന് സാക്ഷികളാകാൻ ടിവി സെറ്റുകൾക്ക് മുന്നിൽ ഇടം പിടിക്കും. അങ്ങനെ കാലഘട്ട മാറ്റത്തിന്റെ പെരുമ്പറ മുഴക്കി കൊണ്ടു ഇക്കൊല്ലത്തെ അവസാന ഗ്രാൻഡ്സ്ലാം സിംഗിൾസ് മത്സരം ന്യൂയോർക്കിൽ അരങ്ങേറും.

ഞായറാഴ്ച വൈകിട്ട് (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30am) നടക്കാനിരിക്കുന്ന ഈ കളിയിലെ വിജയിയെ ശരിയായി പ്രവചിക്കുന്നവർ കേരള സംസ്ഥാന ഓണം ബംബർ ടിക്കറ്റ് ഒരെണ്ണം എടുക്കുന്നത് നന്നായിരിക്കും. കാരണം ഈ മത്സരം പ്രവചനാതീതമാണ് എന്നാണ് ടെന്നീസ് വിദഗ്ധർ പറയുന്നത്.

വേഗതയിലും, റിട്ടർണുകളുടെ ശക്തിയിലും, അവസാന നിമിഷം വരെയുള്ള പോരാട്ട വീര്യത്തിലും ചെറുപ്പക്കാരനായ നദാലിനെ ഓർമ്മിപ്പിക്കുന്ന നദാലിന്റെ നാട്ടുകാരനായ അൽക്കറാസ് കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് തന്നെ ടെന്നീസ് ലോകത്തെ വിസ്മയിപ്പിച്ചു കഴിഞ്ഞു. അഞ്ചാം സെറ്റ് കളിക്കുമ്പോഴും തളർച്ചയുടെ ലാഞ്ചന പോയിട്ട് ഒരു തുള്ളി വിയർപ്പ് പോലും ആ മുഖത്ത് കാണാൻ നമുക്ക് സാധിക്കില്ല. പോയിന്റ് നേടുമ്പോൾ തന്റെ ടീം ഇരിക്കുന്ന ബോക്സിനെ നോക്കി പുഞ്ചിരിക്കുന്നത് കൊണ്ട് മാത്രമാണ് അൽക്കറാസ് ഒരു മെഷീനല്ല, മനുഷ്യനാണെന്നു തിരിച്ചറിയുന്നത്. മുൻ ലോക ഒന്നാം നമ്പർ ജുവാൻ കാർലോസ് ഫെറെറോയാണ് അൽക്കറാസിന്റെ കളിയെ ഈ നിലയിലേക്ക് എത്തിച്ചത്.

എതിരാളി കാസ്പർ റൂഡ് രണ്ട് വർഷം നേരത്തെ പ്രൊഫഷണൽ ടെന്നീസിൽ വരവറിയിച്ചതാണ്. മുൻ നോർവെജിയൻ താരവും, ലോക 39ആം റാങ്ക് കളിക്കാരനുമായ ക്രിസ്ത്യൻ റൂഡിന്റെ മകൻ 2018 മുതലാണ് ATP ടൂർണമെന്റുകളിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ രണ്ട് വർഷമായി ഗ്രാൻഡ്സ്ലാം വേദികളിൽ ഭാവി വാഗ്‌ദാനം എന്ന പേര് കേൾപ്പിക്കുന്നു. ഒരു ക്ലേ കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്നു പേരെടുത്ത റൂഡ് ഇക്കൊല്ലത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനൽസിൽ കടന്നെങ്കിലും, തന്റെ ഗുരുവിന് ദക്ഷിണ പോലെ, നദാലിനോട് അടിയറവ് പറയുകയാണുണ്ടായത്. റൂഡ് റഫയേൽ നദാൽ അക്കാദമിയിലാണ് പരിശീലിച്ചിരുന്നത്. ചടുലമായ കളിയും, പ്രായത്തേക്കാൾ കൂടുതൽ പക്വതയും, ഇപ്പോഴത്തെ കളിക്കാർക്കിടയിൽ ഏറ്റവും നിശബ്ദനുമായ റൂഡിനെ ഒരു കാലത്ത് ടൂറിൽ ഉള്ളവർ കഴുകൻ എന്നാണ് വിളിച്ചിരുന്നത്. വളരെ കുറച്ചു മാത്രം അണ്ഫോസ്ഡ് എററുകൾ വരുത്താറുള്ള കാസ്പർ, മറ്റുള്ളവരുടെ തെറ്റുകൾ പോയിന്റാക്കാൻ മിടുക്കനാണ്.

നദാലിന്റെ നാട്ടുകാരനും, നദാലിന്റെ ശിഷ്യനും തമ്മിൽ നാളെ ഏറ്റുമുട്ടുമ്പോൾ നമ്മൾ കാണികൾക്ക് ഒരു ജന്റിൽമെന്സ് ഗെയിം കാണാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈ കളിയിൽ ആരാണോ ജയിക്കുന്നത് അയാൾ ലോക ഒന്നാം നമ്പർ റാങ്കിലേക്ക് ഉയരും എന്ന അഡ്വാന്റേജ് കൂടി ഇത്തവണത്തെ യുഎസ് ഓപ്പൺ ഫൈനലിനുണ്ട്.

സൂപ്പർ ഹ്യൂമൻ! തുടർച്ചയായ മൂന്നാം മത്സരവും 5 സെറ്റ് പോരാട്ടത്തിൽ ജയിച്ചു അൽകാരസ്! 19 മത്തെ വയസ്സിൽ യു.എസ് ഓപ്പൺ ഫൈനലിൽ!!!

യു.എസ് ഓപ്പൺ കിരീടം നേടിയാൽ അൽകാരസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ താരമാവും

അവിശ്വസനീയ പ്രകടനവും ആയി യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി 19 കാരൻ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ്. തുടർച്ചയായ മൂന്നാം മത്സരത്തിലും അഞ്ചു സെറ്റ് പോരാട്ടം അതിജീവിച്ചു ആണ് മൂന്നാം സീഡ് ആയ അൽകാരസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നാലു മണിക്കൂർ 18 മിനിറ്റ് നീണ്ട പോരാട്ടത്തിൽ സ്വന്തം കാണികളുടെ മികച്ച പിന്തുണയും ആയി കളിച്ച 22 സീഡ് അമേരിക്കൻ താരം ഫ്രാൻസസ് ടിയെഫോ മികച്ച പോരാട്ടം ആണ് അൽകാരസിന് നൽകിയത്. എല്ലാ അർത്ഥത്തിലും ആവേശം നൽകുന്ന സെമിഫൈനൽ ആയിരുന്നു ഇത്.

ഇരു താരങ്ങളും സർവീസ് നിലനിർത്തുന്ന ആദ്യ സെറ്റ് ആണ് കാണാൻ ആയത്. ഇടക്ക് വഴങ്ങിയ ബ്രേക്ക് പോയിന്റുകൾ ടിയെഫോ രക്ഷിച്ചു. തുടർന്ന് സെറ്റ് ടൈബ്രേക്കറിൽ മികച്ച പോരാട്ടം അതിജീവിച്ചു അമേരിക്കൻ താരം 7-6(8-6) എന്ന സ്കോറിന് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിൽ അൽകാരസ് കൂടുതൽ ശക്തൻ ആവുന്നത് ആണ് കാണാൻ ആയത്. ആദ്യമായി എതിരാളിയുടെ സർവീസ് അൽകാരസ് ബ്രേക്ക് ചെയ്തു. തുടർന്ന് 2 ബ്രേക്ക് പോയിന്റുകൾ രക്ഷിച്ചു സർവീസ് നിലനിർത്തിയ താരം 6-3 നു രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ഒപ്പം എത്തി.

മൂന്നാം സെറ്റിൽ അൽകാരസിന്റെ സമ്പൂർണ ആധിപത്യം ആണ് കാണാൻ ആയത്. ടിയെഫോയുടെ ആദ്യ സെറ്റ് ബ്രേക്ക് ചെയ്ത അൽകാരസ് ഇരട്ട സർവീസ് ബ്രേക്ക് നേടിയ ശേഷം സെറ്റ് 6-1 നു സ്വന്തം പേരിൽ കുറിച്ചു. തന്റെ കളിയിൽ പിറകോട്ട് പോയ ടിയെഫോ മത്സരം ഉടൻ കൈവിടും എന്നാണ് തോന്നിയത്. അത്രക്ക് ഉഗ്രമായി ഈ സമയത്ത് അൽകാരസ് കളിച്ചു. നാലാം സെറ്റിൽ തുടക്കത്തിൽ തന്നെ അൽകാരസ് ബ്രേക്ക് കണ്ടതിയതോടെ മത്സരം നാലാം സെറ്റിൽ തീരും എന്നു തോന്നി. എന്നാൽ അവിശ്വസനീയം ആയ ബാക്ക് ഹാന്റ് റിട്ടേൺ തൊടുത്ത ടിയെഫോ ബ്രേക്ക് അടുത്ത സർവീസിൽ തന്നെ തിരിച്ചു പിടിച്ചു. അടുത്ത ടിയെഫോയുടെ സർവീസിൽ വീണ്ടും അൽകാരസ് ബ്രേക്ക് പോയിന്റുകൾ സൃഷ്ടിച്ചു. ഇതിൽ രണ്ട് എണ്ണം രക്ഷിക്കാൻ ആയി എങ്കിലും അമേരിക്കൻ താരം ഒരിക്കൽ കൂടി ബ്രേക്ക് വഴങ്ങി.

എന്നാൽ തൊട്ടടുത്ത സർവീസിൽ ടിയെഫോ ബ്രേക്ക് തിരിച്ചു പിടിക്കുന്നത് ആണ് വീണ്ടും കാണാൻ ആയത്. തുടർന്ന് സെറ്റിൽ സർവീസ് നിലനിർത്തി അമേരിക്കൻ താരം. എന്നാൽ തുടർന്ന് ടിയെഫോയുടെ സർവീസിൽ മാച്ച് പോയിന്റ് സൃഷ്ടിച്ചു അൽകാരസ്. എന്നാൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ അവിശ്വസനീയം എന്നു പറയാവുന്ന ഷോട്ടിലൂടെ അമേരിക്കൻ താരം അത് രക്ഷിച്ചു സർവീസ് നിലനിർത്തി. തുടർന്ന് സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ഇത്തവണയും ടൈബ്രേക്കറിൽ സെറ്റ് 7-6(7-5) എന്ന സ്കോറിന് ടിയെഫോ നേടി. ഈ യു.എസ് ഓപ്പണിൽ ടിയെഫോ ജയിക്കുന്ന ഒമ്പതാം ടൈബ്രേക്കർ ആയിരുന്നു ഇത്. ഇതോടെ ഒരു യു.എസ് ഓപ്പണിൽ ഏറ്റവും കൂടുതൽ ടൈബ്രേക്കറുകൾ ജയിക്കുന്ന റെക്കോർഡ് സാക്ഷാൽ പീറ്റ് സാമ്പ്രസിൽ നിന്നു അമേരിക്കൻ താരം സ്വന്തം പേരിൽ കുറിച്ചു.

അഞ്ചാം സെറ്റിൽ തുടക്കത്തിൽ തന്നെ അൽകാരസ് ഒരിക്കൽ കൂടി ടിയെഫോയെ ബ്രേക്ക് ചെയ്തു. എന്നാൽ തൊട്ടടുത്ത സർവീസിൽ ടിയെഫോ ബ്രേക്ക് തിരിച്ചു പിടിച്ചു. എന്നാൽ ലേശം തളർന്ന ടിയെഫോയെ ഒരിക്കൽ കൂടി അൽകാരസ് അടുത്ത സർവീസിൽ തന്നെ ബ്രേക്ക് ചെയ്തു. അവിശ്വസനീയവും മനോഹരവുമായ ഒരു ലോബിലൂടെ ആണ് അൽകാരസ് ബ്രേക്ക് പോയിന്റ് സൃഷ്ടിച്ചത്. നിർണായക സമയത്ത് ടിയെഫോ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയത് താരത്തിന് വിനയായി. തുടർന്ന് ഇരു താരങ്ങളും സർവീസ് നിലനിർത്തി. അതിമനോഹരവും സുന്ദരവും ആയ ഷോട്ടുകളിലൂടെ അൽകാരസ് മാച്ച് പോയിന്റുകൾ ഒരിക്കൽ കൂടി സൃഷ്ടിച്ചു. 2 മാച്ച് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും ഒടുവിൽ അഞ്ചാം സെറ്റ് 6-3 നു അടിയറവ് പറഞ്ഞ ടിയെഫോ അൽകാരസിന്റെ മികവിന് മുന്നിൽ തോൽവി സമ്മതിച്ചു.

മത്സരത്തിൽ 15 ഏസുകളും 6 സർവീസ് ഇരട്ടപ്പിഴവുകളും വരുത്തിയ ടിയെഫോയുടെ സർവീസ് 9 തവണയാണ് അൽകാരസ് ബ്രേക്ക് ചെയ്തത്. ജയത്തോടെ 19 മത്തെ വയസ്സിൽ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് അൽകാരസ് യോഗ്യത നേടി. ഓപ്പൺ യുഗത്തിൽ യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന രണ്ടാമത്തെ മാത്രം ടീനേജർ ആണ് അൽകാരസ്. ഫൈനലിൽ അഞ്ചാം സീഡ് കാസ്പർ റൂഡ് ആണ് അൽകാരസിന്റെ എതിരാളി. ആരു ജയിച്ചാലും അവർ ലോക ഒന്നാം നമ്പർ ആവും എന്ന പ്രത്യേകതയും ഈ മത്സരത്തിന് ഉണ്ട്. ജയിച്ചാൽ യു.എസ് ഓപ്പൺ കിരീടത്തിനു ഒപ്പം ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ താരമായും കാർലോസ് അൽകാരസ് മാറും.

നദാലിനെയും റൂബ്ലേവിനെയും അട്ടിമറിച്ചു മത്സരത്തിന് എത്തിയ ടിയെഫോ മത്സരത്തിൽ എല്ലാം നൽകി. മത്സരത്തിന് ശേഷം വികാരപരമായും താരം കാണപ്പെട്ടു. എന്നാൽ അൽകാരസിന്റെ അമാനുഷിക മികവിന് മുമ്പിൽ അമേരിക്കൻ താരത്തിന് തോൽവി സമ്മതിക്കേണ്ടി വന്നു. മനോഹരമായ ഷോട്ടുകളും കളം നിറഞ്ഞു കളിക്കുന്ന മികവും കൊണ്ട് മൈതാനം അൽകാരസ് ഭരിക്കുക തന്നെയായിരുന്നു ഇന്ന്. ഇതിനകം തന്നെ രണ്ടാം റാങ്ക് ഉറപ്പിച്ചു ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ രണ്ടാം റാങ്കുകാരൻ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ഫൈനലിൽ വളരെ മികവോടെ കളിക്കുന്ന റൂഡ് വലിയ വെല്ലുവിളി ആവും എന്നു അൽകാരസ് മത്സരശേഷം പറഞ്ഞു. കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടത്തിനും ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം റാങ്കുകാരൻ എന്ന ചരിത്രവും തേടി ഇറങ്ങുന്ന അൽകാരസിന് എതിരെ റൂഡിന് കാര്യങ്ങൾ എളുപ്പം ആവില്ല എന്നുറപ്പാണ്.

കളിമണ്ണ് കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്ന് വിളിച്ചവർക്ക് മറുപടിയായി യു.എസ് ഓപ്പൺ ഫൈനലിൽ എത്തി കാസ്പർ റൂഡ്

തന്നെ കളിമണ്ണ് കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്നു വിളിച്ചവർക്ക് കളിക്കളത്തിൽ മറുപടി കൊടുത്ത് നോർവീജിയൻ താരം കാസ്പർ റൂഡ്. അഞ്ചാം സീഡ് ആയ റൂഡ് സെമിഫൈനലിൽ 27 സീഡ് റഷ്യൻ താരം കാരൻ ഖാചനോവിനെ നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി യു.എസ് ഓപ്പൺ ഫൈനലിൽ എത്തി. ജയത്തോടെ യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ നോർവീജിയൻ താരം എന്ന റെക്കോർഡും റൂഡ് സ്വന്തം പേരിൽ കുറിച്ചു. ഈ വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തിയ റൂഡിന് ഇത് കരിയറിലെ രണ്ടാം ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ്. ഫൈനലിൽ ജയിക്കാൻ ആയാലോ, അല്ലെങ്കിൽ കാർലോസ് അൽകാരസ് ഫൈനലിൽ എത്താതിരുന്നാലോ കാസ്പർ റൂഡ് ലോക ഒന്നാം നമ്പറും ആവും.

ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രേക്ക് നേടാൻ റൂഡിന് ആയെങ്കിലും ഖാചനോവ് തൊട്ടടുത്ത സർവീസിൽ തന്നെ തിരിച്ചു ബ്രേക്ക് ചെയ്തു. തുടർന്ന് ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റിൽ മികച്ച പോരാട്ടത്തിനു ഒടുവിൽ സെറ്റ് 7-6(7-5) എന്ന സ്കോറിന് റൂഡ് നേടി. വളരെ മികച്ച ആദ്യ സെറ്റിന് ശേഷം രണ്ടാം സെറ്റിൽ റൂഡിന്റെ ആധിപത്യം ആണ് കാണാൻ ആയത്. തുടർച്ചയായി ബ്രേക്ക് കണ്ടത്തിയ റൂഡ് സെറ്റ് 6-2 നു നേടി മത്സരം വെറും ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. ഒടുവിൽ നിർണായക ബ്രേക്ക് നേടിയ റഷ്യൻ താരം സെറ്റ് 7-5 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി.

നാലാം സെറ്റിൽ രണ്ടാം സെറ്റിന്റെ ആവർത്തനം ആണ് കാണാൻ ആയത്. വളരെ ആത്മവിശ്വാസത്തോടെ കളിച്ച റൂഡ് തുടർച്ചയായി ബ്രേക്കുകൾ കണ്ടത്തി സെറ്റ് 6-2 നു നേടി കരിയറിലെ തന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 16 ഏസുകൾ ഉതിർത്ത റഷ്യൻ താരത്തിന്റെ സർവീസ് 6 തവണയാണ് റൂഡ് ബ്രേക്ക് ചെയ്തത്. 10 ഏസുകൾ നോർവീജിയൻ താരം മത്സരത്തിൽ ഉതിർക്കുകയും ചെയ്തു. തനിക്ക് ഹാർഡ് കോർട്ടിലും തിളങ്ങാൻ ആവും എന്ന വ്യക്തമായ സൂചനയാണ് ഈ യു.എസ് ഓപ്പണിൽ റൂഡ് നൽകിയത്. പ്രതിരോധത്തിൽ അടക്കം വളരെ മുന്നേറിയ റൂഡ് ഫൈനലിൽ കാർലോസ് അൽകാരസ് ഫ്രാൻസസ് ടിയെഫോ മത്സര വിജയിയെ ആണ് നേരിടുക. 1992 നു ശേഷം യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന സ്‌കാന്റനേവിയൻ താരം കൂടിയാണ് റൂഡ്.

യു.എസ് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നിലനിർത്തി രാജീവ് റാം, ജോ സാലിസ്ബറി സഖ്യം

യു.എസ് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടി അമേരിക്കൻ, ബ്രിട്ടീഷ് സഖ്യമായ ഒന്നാം സീഡ് രാജീവ് റാം, ജോ സാലിസ്ബറി സഖ്യം. തുടർച്ചയായ രണ്ടാം വർഷം ആണ് ഇവർ കിരീടം നേടുന്നത്. ഡച്ച്, ബ്രിട്ടീഷ് സഖ്യം ആയ രണ്ടാം സീഡ് വെസ്ലി, നീൽ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രാജീവ് റാം സഖ്യം തോൽപ്പിച്ചത്.

ആദ്യ സെറ്റ് ടൈബ്രേക്കറിൽ നേടിയ അമേരിക്കൻ, ബ്രിട്ടീഷ് സഖ്യം രണ്ടാം സെറ്റ് നിർണായക ബ്രേക്ക് നേടി 7-5 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. 1996 നു ശേഷം ഇത് ആദ്യമായാണ് പുരുഷ ഡബിൾസ് കിരീടം ഒരു ടീം നിലനിർത്തുന്നത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം ആണ് രാജീവ് റാം, ജോ സാലിസ്ബറി സഖ്യത്തിന് ഇത്.

ആദ്യ സെറ്റ് കൈവിട്ട ശേഷവും മൂന്നാം സെറ്റിൽ പിറകിൽ ആയ ശേഷവും തിരിച്ചു വന്നു ഇഗ സ്വിറ്റക് യു.എസ് ഓപ്പൺ ഫൈനലിൽ

മികച്ച തിരിച്ചു വരവ് നടത്തി യു.എസ് ഓപ്പൺ ഫൈനലിൽ എത്തി ലോക ഒന്നാം നമ്പറും പോളണ്ട് താരവും ആയ ഇഗ സ്വിറ്റക്. ആദ്യ സെറ്റ് നഷ്ടമായ ശേഷവും മൂന്നാം സെറ്റിൽ പിറകിൽ ആയതിനും ശേഷം തിരിച്ചു വന്നാണ് ഇഗ ആറാം സീഡ് ആര്യാന സബലങ്കയെ മറികടന്നത്. നന്നായി തുടങ്ങിയ സബലങ്ക ഇഗയെ ബ്രേക്ക് ചെയ്തു ആദ്യ സെറ്റ് 6-3 നു സ്വന്തം പേരിൽ കുറിച്ചു.

എന്നാൽ രണ്ടാം സെറ്റിൽ എന്നാൽ ഇഗ തിരിച്ചടിച്ചു. തുടർച്ചയായി ബ്രേക്ക് കണ്ടത്തിയ ഇഗ സെറ്റ് 6-1 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ആദ്യം ബ്രേക്ക് കണ്ടത്തിയ സബലങ്ക ആധിപത്യം കണ്ടത്തി. എന്നാൽ ബ്രേക്ക് ഇഗ തിരിച്ചു പിടിച്ചു, ഒരിക്കൽ കൂടി സബലങ്ക ബ്രേക്ക് നേടിയെങ്കിലും ഇഗ വീണ്ടും തിരിച്ചടിച്ചു. ഒടുവിൽ സബലങ്കയുടെ സർവീസ് ബ്രേക്ക് ചെയ്തു കൊണ്ട് സെറ്റ് 6-4 നു നേടി ഇഗ മത്സരം സ്വന്തമാക്കുക ആയിരുന്നു.

കയ്യിലുള്ള മത്സരം ആണ് അവസാന നിമിഷങ്ങളിൽ സബലങ്ക കളഞ്ഞു കുളിച്ചത്. മത്സരത്തിൽ 5 തവണ ബ്രേക്ക് വഴങ്ങിയ ഇഗ 7 തവണ എതിരാളിയെ ബ്രേക്ക് ചെയ്തു. കരിയറിലെ ആദ്യ യു.എസ് ഓപ്പൺ ഫൈനൽ ആണ് ലോക ഒന്നാം നമ്പർ താരത്തിന് ഇത്. ഇതിനു മുമ്പ് 2 ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ ഇഗക്ക് ഇത് മൂന്നാം ഗ്രാന്റ് സ്‌ലാം ഫൈനൽ പ്രവേശനം കൂടിയാണ്. ഫൈനലിൽ അഞ്ചാം സീഡ് ഒൻസ് യാബ്യുറിനെ ആണ് ഇഗ നേരിടുക.

വിംബിൾഡണിനു പിന്നാലെ യു.എസ് ഓപ്പൺ ഫൈനലിലും എത്തി ഒൻസ്

വിംബിൾഡൺ ഫൈനലിൽ എത്തിയ പ്രകടനം യു.എസ് ഓപ്പണിലും ആവർത്തിച്ചു ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. 17 സീഡ് ഫ്രഞ്ച് താരം കരോളിൻ ഗാർസിയയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് ഒൻസ് യു.എസ് ഓപ്പൺ ഫൈനലിൽ എത്തിയത്. 8 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഒൻസ് 4 തവണയും എതിരാളിയെ ബ്രേക്ക് ചെയ്യുകയും ചെയ്തു.

മത്സരത്തിൽ ഒരു ഘട്ടത്തിലും വലിയ വെല്ലുവിളി ഒൻസ് നേരിട്ടില്ല. ആദ്യ സെറ്റ് 6-1 നു നേടിയ ഒൻസ് രണ്ടാം സെറ്റ് 6-3 നു നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ വനിത താരമായും അറബ് താരമായും ഒൻസ് മാറി. 13 മത്സരങ്ങൾ തുടർച്ചയായി ജയിച്ചു മത്സരത്തിന് എത്തിയ ഗാർസിയ പക്ഷെ ഇന്ന് തുടക്കം മുതൽ പതറുന്ന കാഴ്ചയാണ് കണ്ടത്. ഫൈനലിൽ ഇഗ, സബലങ്ക മത്സരവിജയിയെ ആണ് ഒൻസ് നേരിടുക.

5 മണിക്കൂറിൽ ഏറെ നീണ്ട ത്രില്ലർ! ടെന്നീസ് ചരിത്രത്തിലേക്ക് നടന്നു കയറി അൽകാരസ്, സിന്നർ യു.എസ് ഓപ്പൺ പോരാട്ടം

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ 19 കാരൻ മൂന്നാം സീഡ് കാർലോസ് അൽകാരസ് ഗാർഫിയയും, 21 കാരൻ 11 സീഡ് യാനിക് സിന്നറും തമ്മിലുള്ള പോരാട്ടം ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി സ്ഥാനം പിടിക്കും എന്നുറപ്പാണ്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം മുൻ താരങ്ങളും നിലവിലെ താരങ്ങളും ഈ മത്സരത്തെ സംശയം ഇല്ലാതെ 2022 ലെ ഏറ്റവും മികച്ച മത്സരം എന്നു പ്രകീർത്തിക്കുക ആയിരുന്നു. അഞ്ചു മണിക്കൂറും 15 മിനിറ്റും നീണ്ട 5 സെറ്റ് ഇതിഹാസ മത്സരത്തിന് ഒടുവിൽ സ്പാനിഷ് താരം കാർലോസ് അൽകാരസ് ജയിക്കുക ആയിരുന്നു.

ഇതോടെ 2005 ൽ നദാലിന് ശേഷം ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരസ് മാറി. യു.എസ് ഓപ്പണിൽ 1990 ൽ പീറ്റ് സാമ്പ്രസിന് ശേഷം സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അൽകാരസ് മാറി. അവിശ്വസനീയ ഷോട്ടുകളും നീളൻ റാലികളും കൊണ്ടു സമ്പന്നമായിരുന്നു മത്സരം ഉടനീളം. ആദ്യ സെറ്റ് 6-3 നു നേടിയ അൽകാരസ് പക്ഷെ ഉഗ്രൻ പോരാട്ടം കണ്ട രണ്ടാം സെറ്റിൽ ടൈബ്രേക്കറിൽ സെറ്റ് കൈവിട്ടു. 7-6(9-7) എന്ന സ്കോറിന് ആണ് സിന്നർ ഈ സെറ്റ് നേടിയത്. മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാൽ ഇത്തവണ ടൈബ്രേക്കറിൽ ഒരവസരവും നൽകിയില്ല അൽകാരസ്. 7-6(7-0) എന്ന സ്കോറിന് ആണ് താരം സെറ്റ് നേടിയത്.

നാലാം സെറ്റിൽ കണ്ടത് സമീപകാലത്തെ ഏറ്റവും മികച്ച പോരാട്ടം ആയിരുന്നു. നാലാം സെറ്റിൽ തുടക്കത്തിൽ തന്നെ അൽകാരസ് ബ്രേക്ക് വഴങ്ങി. എന്നാൽ മാച്ച് പോയിന്റ് രക്ഷിച്ചു തിരിച്ചു രണ്ടു തവണ ബ്രേക്ക് കണ്ടത്തിയ അൽകാരസ് സെറ്റ് 7-5 നു നേടി തന്റെ പോരാട്ടവീര്യം എന്താണ് എന്ന് ലോകത്തിനു കാണിച്ചു. അഞ്ചാം സെറ്റിലും തുടക്കത്തിലും അൽകാരസ് ബ്രേക്ക് വഴങ്ങി. എന്നാൽ തൊട്ടടുത്ത സിന്നറുടെ സർവീസിൽ ബ്രേക്ക് തിരിച്ചു പിടിച്ച അൽകാരസ് സെറ്റിൽ തിരിച്ചു വന്നു. തുടർന്നും ബ്രേക്ക് നേടിയ സ്പാനിഷ് താരം സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു.

തുടർച്ചയായ രണ്ടാം ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിലും തോൽവി വഴങ്ങിയെങ്കിലും സിന്നർ ടെന്നീസിൽ താൻ വരും കാലത്ത് ഉയരങ്ങൾ കീഴടക്കും എന്ന വ്യക്തമായ സൂചന തന്നെ നൽകി. വിംബിൾഡണിൽ സിന്നറോട് ഏറ്റ പരാജയത്തിന് അൽകാരസിന് പ്രതികാരവും ആയി ഈ ജയം. മത്സരത്തിൽ അൽകാരസിന്റെ സർവീസ് 7 തവണ സിന്നർ ബ്രേക്ക് ചെയ്‌തപ്പോൾ അൽകാരസ് 11 തവണയാണ് ഇറ്റാലിയൻ താരത്തിന്റെ സർവീസ് ബ്രേക്ക് ചെയ്തത്. തിരിച്ചു വന്നു മത്സരത്തിന് ആയി സിന്നർ സർവീസ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ നിന്നു തിരിച്ചു വന്നു അൽകാരസ് ജയം കാണുക ആയിരുന്നു.

എങ്ങനെയാണ് ഈ മത്സരം ജയിച്ചത് എന്നു തനിക്ക് അറിയില്ല എന്നാണ് മത്സരശേഷം അൽകാരസ് പ്രതികരിച്ചത്. തന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം ആണ് ഇതെന്നും താരം കൂട്ടിച്ചേർത്തു. സിന്നറെയും പ്രകീർത്തിച്ച അൽകാരസ് തീർത്തും അവിശ്വസനീയം ആയിരുന്നു ഈ മത്സരം എന്നും പറഞ്ഞു. രാത്രി അമേരിക്കൻ സമയം 2.50 നു ആണ് മത്സരം അവസാനിച്ചത് എങ്കിലും ആർതർ ആഷെയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മത്സരം വിരുന്ന് തന്നെയായി. ഒപ്പം മത്സരം കണ്ട ലക്ഷക്കണക്കിന് ആരാധകർക്കും.

റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച്, ആന്റി മറെ യുഗത്തിന് ശേഷവും പുരുഷ ടെന്നീസിന്റെ ഭാവി സുരക്ഷിതം ആണെന്ന് അൽകാരസും സിന്നറും വിളിച്ചു പറയുക ആയിരുന്നു ഇന്ന്. സെമിയിൽ ഫ്രാൻസസ് ടിയെഫോ ആണ് അൽകാരസിന്റെ എതിരാളി. ലോക ഒന്നാം റാങ്ക് തേടുന്ന അൽകാരസിന് ശാരീരികമായി തിരിച്ചു വന്നു കാണികളുടെ മുഴുവൻ പിന്തുണയും ആയി വരുന്ന ടിയെഫോയെ തോൽപ്പിക്കാൻ ആവുമോ എന്നു കണ്ടറിയാം.

ഉഗ്രൻ ഫോമിൽ ഇഗ, യു.എസ് ഓപ്പൺ സെമിയിൽ എത്തുന്ന ആദ്യ പോളണ്ട് വനിത

യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെക്. എട്ടാം സീഡ് അമേരിക്കയുടെ ജെസിക്ക പെഗ്യുലയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്. ടോപ്പ് 10 താരങ്ങൾക്ക് എതിരെ ഇഗ കുറിക്കുന്ന തുടർച്ചയായ എട്ടാം ജയം ആയിരുന്നു ഇത്.

ആദ്യ സെറ്റ് 6-3 നു നേടിയ ഇഗ, രണ്ടാം സെറ്റ് ടൈബ്രൈക്കറിൽ ആണ് ജയം കണ്ടത്. മത്സരത്തിൽ 6 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 7 തവണ എതിരാളിയെ ഇഗ ബ്രേക്ക് ചെയ്തു. ജയത്തോടെ യു.എസ് ഓപ്പൺ സെമിയിൽ എത്തുന്ന ആദ്യ പോളണ്ട് വനിതയായും താരം മാറി. സെമിയിൽ ആറാം സീഡ് ആര്യാന സബലങ്കയാണ് ഇഗയുടെ എതിരാളി.

Exit mobile version