കരിയറിലെ ആദ്യ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഒൻസ്, ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയൻ താരം എതിരാളി

കരിയറിലെ ആദ്യ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ടുണീഷ്യയുടെ ഒൻസ് യാബ്യുർ. അഞ്ചാം സീഡ് ആയ ഒൻസ് നാലാം റൗണ്ടിൽ 18 സീഡ് ആയ വെറോണിക കുണ്ടർമെറ്റോവയെ നേരിട്ടുള്ള സ്കോറിന് ആണ് തകർത്തത്. ടൈബ്രൈക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റ് 6-4 നു താരം സ്വന്തമാക്കി. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത ഒൻസ് 3 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു.

ക്വാർട്ടർ ഫൈനലിൽ സെറീന വില്യംസിനെ വീഴ്ത്തിയ സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംലജനോവിച് ആണ് ഒൻസിന്റെ എതിരാളി. നാലാം റൗണ്ടിൽ ലുഡ്മില്ല സാംസനോവയെ ആണ് അജ്‌ല മറികടന്നത്. ടൈബ്രൈക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് 7-6(10-8) എന്ന സ്കോറിന് നേടിയ ശേഷം രണ്ടാം സെറ്റ് 6-1 നു ഓസ്‌ട്രേലിയൻ താരം നേടുക ആയിരുന്നു. റഷ്യൻ താരത്തിന്റെ തുടർച്ചയായ പതിനാലാം ജയം തടഞ്ഞ അജ്‌ലക്ക് ഇത് തുടർച്ചയായ രണ്ടാം ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനൽ ആണ്.

മെദ്വദേവിനെ വീഴ്ത്തിയ നിക്കിന്‌ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ മറ്റൊരു റഷ്യൻ പരീക്ഷണം

കഴിഞ്ഞ വർഷത്തെ പരാജയത്തിന് പ്രതികാരം ചെയ്തു ലോക ഒന്നാം നമ്പർ ഡാനിൽ മെദ്വദേവിനെ അട്ടിമറിച്ച നിക് കിർഗിയോസിന് ക്വാർട്ടർ ഫൈനലിൽ മറ്റൊരു റഷ്യൻ താരം എതിരാളി. 12 സീഡ് പാബ്ലോ കരേനോ ബുസ്റ്റയെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി തന്റെ ആദ്യ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തിയ 27 സീഡ് കാരൻ ഖാചനോവ് ആണ് നിക്കിന്റെ എതിരാളി.

മത്സരത്തിൽ ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകൾ 6-3, 6-1 എന്ന സ്കോറിന് നേടി റഷ്യൻ താരം തിരിച്ചടിച്ചു. നാലാം സെറ്റ് ബുസ്റ്റ 6-4 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. എന്നാൽ അഞ്ചാം സെറ്റ് 6-3 നു നേടി റഷ്യൻ താരം അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചു. ഒളിമ്പിക് വെങ്കല മെഡൽ ജേതാവിന് മേൽ ജയം കണ്ട വെള്ളി മെഡൽ ജേതാവ് ക്വാർട്ടർ ഫൈനലിൽ നിക്കിന്‌ വെല്ലുവിളി തന്നെയാവും.

ലോക ഒന്നാം നമ്പർ മെദ്വദേവിനെ പുറത്താക്കി നിക്ക് കിരിയോസിന്റെ മായജാലം

യു എസ് ഓപ്പണിൽ ഓസ്‌ട്രേലിയയുടെ നിക്ക് കിരിയോസ് നിലവിലെ ചാമ്പ്യനായ ഡാനിൽ മെദ്‌വദേവിനെ പുറത്താക്കി. ഇന്ന് നടന്ന നാലാം റൗണ്ട് പോരിൽ 23-ാം സീഡായ കിരിയോസ് റഷ്യയിൽ നിന്നുള്ള ലോക ഒന്നാം നമ്പർ താരത്തെ 7-6 (13/11), 3-6, 6-3, 6-2 എന്ന സ്‌കോറിന് ആണ് പരാജയപ്പെടുത്തിയത്‌.

ആദ്യ സെറ്റിൽ തന്നെ കളി ആവേശകരമായി മാറുന്നതാണ് ഇന്ന് കണ്ടത്. 13/11 എന്ന ടൈ ബ്രേക്കർ കഴിഞ്ഞായിരുന്നു കിരിയോസ് സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റ് കൈവിട്ടുപോയെങ്കിലും, മൂന്നാം സെറ്റിലും നാലാം സെറ്റിലും മെദ്‌വദേവിന്റെ മേൽ ആധിപത്യം പുലർത്താൻ കിരിയോസിനായി. 2 മണിക്കൂർ 53 മിനിറ്റാണ് കളി നീണ്ടു നിന്നത്.

ഇനി ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കിരിയോസ് കാരെൻ ഖച്ചനോവിനെ നേരിടും. പാബ്ലോ കരേനോ ബുസ്റ്റയെ പരാജയപ്പെടുത്തിയാണ് ഖച്ചനോവ് ക്വാർട്ടറിൽ എത്തിയത്.

ആദ്യ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി കൊക്കോ ഗോഫ്, ക്വാർട്ടറിൽ കരോളിൻ ഗാർസിയ എതിരാളി

യു.എസ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി യുവ അമേരിക്കൻ താരം കൊക്കോ ഗോഫ്. 18 കാരിയായ താരത്തിന്റെ ആദ്യ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ ആണ് ഇത്. 2009 നു ശേഷം യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ താരമായും കൊക്കോ മാറി. ചൈനീസ് താരം ഷാങിനെ 7-5, 7-5 എന്ന നേരിട്ടുള്ള സ്കോറിന് ആണ് 12 സീഡ് ആയ ഗോഫ് തോൽപ്പിച്ചത്. രണ്ടാം സെറ്റിൽ 5-2 നു പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു സെറ്റ് നേടുക ആയിരുന്നു അമേരിക്കൻ താരം.

ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് താരവും 17 സീഡും ആയ കരോളിൻ ഗാർസിയ ആണ് ഗോഫിന്റെ എതിരാളി. 29 സീഡ് ആയ അമേരിക്കൻ താരം ആലിസൺ റിസ്കിനെ 6-4, 6-1 എന്ന സ്കോറിന് ആണ് ഗാർസിയ തോൽപ്പിച്ചത്. 8 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഫ്രഞ്ച് താരം 3 തവണ റിസ്കിന്റെ സർവീസ് ബ്രൈക്ക് ചെയ്തു. തുടർച്ചയായ പന്ത്രണ്ടാം ജയം ആയിരുന്നു സിൻസിനാറ്റി ഓപ്പൺ ജേതാവ് കൂടിയായ ഗാർസിയക്ക് ഇത്. മികച്ച ഫോമിലുള്ള കൂടുതൽ അനുഭവ സമ്പത്തുള്ള ഗാർസിയയും വർദ്ദിച്ച വീര്യവുമായി വരുന്ന ഗോഫും തമ്മിലുള്ള പോരാട്ടം കടുക്കും എന്നുറപ്പാണ്.

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ കാസ്പർ റൂഡ്, മറ്റെയോ ബരെറ്റിനി പോരാട്ടം

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി നോർവീജിയൻ താരം കാസ്പർ റൂഡ്. സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം കോരന്റിൻ മൗറ്ററ്റയെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് റൂഡ് മറികടന്നത്. ആദ്യ രണ്ടു സെറ്റുകളിൽ സമ്പൂർണ ആധിപത്യം നേടിയ റൂഡ് 6-1, 6-2 എന്ന സ്കോറിന് സെറ്റുകൾ ജയിച്ചു മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. എന്നാൽ മൂന്നാം സെറ്റ് ടൈബ്രൈക്കറിൽ(7-6/7-4) ഫ്രഞ്ച് താരം സ്വന്തമാക്കി. എന്നാൽ നാലാം സെറ്റിൽ തന്റെ മികവ് തിരിച്ചു പിടിച്ച നോർവീജിയൻ താരം സെറ്റ് 6-2 നു നേടി അവസാന എട്ടിലേക്ക് ടിക്കറ്റ് എടുത്തു.

മത്സരത്തിൽ 7 തവണയാണ് എതിരാളിയെ റൂഡ് ബ്രൈക്ക് ചെയ്തത്. കരിയറിലെ ആദ്യ യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്. ജയത്തോടെ ലോക ഒന്നാം നമ്പർ ആവാം എന്ന പ്രതീക്ഷയും റൂഡ് നിലനിർത്തി. അതേസമയം സ്പാനിഷ് താരം അലഹാൻഡ്രോ ഡേവിഡോവിച് ഫോകിനയിൽ നിന്നു 5 സെറ്റ് കടുത്ത പോരാട്ടം ആണ് 13 സീഡ് മറ്റെയോ ബരെറ്റിനി നേരിട്ടത്. ഏതാണ്ട് നാലു മണിക്കൂറിന് അടുത്ത് സമയം തുടർന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് 6-3 നു സ്പാനിഷ് താരം ആണ് സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റ് ടൈബ്രൈക്കറിൽ നേടിയ ബരെറ്റിനി മത്സരത്തിൽ ഒപ്പമെത്തി.

മൂന്നാം സെറ്റ് 6-3 നു നേടിയ ഇറ്റാലിയൻ താരം ക്വാർട്ടർ ഫൈനൽ ഒരു സെറ്റ് മാത്രം അകലെയാക്കി. എന്നാൽ 6-4 നു നാലാം സെറ്റ് നേടിയ സ്പാനിഷ് താരം എളുപ്പം കീഴടങ്ങാൻ തയ്യാറായില്ല. അവസാന സെറ്റിൽ കൂടുതൽ ഊർജ്ജം മത്സരത്തിൽ കൊണ്ടു വന്ന ഇറ്റാലിയൻ താരം സെറ്റ് 6-2 നു നേടി അവസാന എട്ടിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ബരെറ്റിനി 17 ഏസുകൾ ആണ് ഉതിർത്തത്. പങ്കെടുത്ത തുടർച്ചയായ അഞ്ചാം ഗ്രാന്റ് സ്‌ലാമിലും അവസാന എട്ടിൽ എത്താൻ ഇതോടെ ബരെറ്റിനിക്ക് ആയി.

റൗണ്ട് ഓഫ് 16 അഥവാ മരണ പതിനാറ്

സാധാരണ ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ കളികൾക്ക് ആവേശം കൂടുക ക്വാർട്ടറിലാണ്. അതിന് മുൻപ് കൂടി വന്നാൽ ഒരു ‘ഷോക്കിങ് എക്സിറ്റ്’ ഒക്കെ വന്നേക്കും എന്നല്ലാതെ അപ്രതീക്ഷിത ജയങ്ങൾ ഒന്നും കാണാറില്ല. ഇത്തവണ യുഎസ് ഓപ്പണിൽ കാര്യങ്ങളുടെ കിടപ്പ് ആകെ മാറിയിട്ടുണ്ട്.

ക്വാർട്ടറിന് മുൻപുള്ള നാലാം റൗണ്ട് അഥവാ റൗണ്ട് ഓഫ് 16 ലൈനപ്പ് കാണുന്ന ഏതൊരു ടെന്നീസ് ആരാധകനും ഇത് മനസ്സിലാകും. ഇന്ന് രാത്രി ഇന്ത്യൻ സമയം 8.30pm മുതൽ തുടങ്ങുന്ന ടെന്നീസ് കളികൾ അത്യധികം ആവേശകരമാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഡേയ്വിടൊവിച് vs ബെറേറ്റിനി – 8.30pm
മൗടേറ്റ് vs റൂഡ് – 9.30pm
കരേനോ vs ഖാഷ്നോവ് – 11.45pm
മെദ്വദേവ് vs കിരിയോസ് – 4.30am
ഇവഷ്ക vs സിന്നർ – TBD
നോറി vs റുബ്ലേവ് – TBD
ടിയാഫോ vs നദാൽ – TBD
ചിലിച് vs അൽക്കറാസ് – TBD

ഇതിൽ ഏറ്റവും വാശിയേറിയത് ഏതാകും എന്നു പ്രവചിക്കുക അസാധ്യം. എങ്കിലും മെദ്വദേവ് – കിരിയോസ് പോരാട്ടമായിരിക്കും എന്റർടെയിന്മന്റ് വാല്യു കൊണ്ടു കാണികൾക്ക് പ്രിയങ്കരമാവുക എന്നത് ഉറപ്പ്. ഇത്തരം കളികൾക്കെങ്കിലും പഴയ രീതിയിൽ ലൈൻ ജഡ്ജസിനെ തിരികെ കൊണ്ടു വരണം എന്നു മസാല പടങ്ങൾ ഇഷ്ടപ്പെടുന്നവർ അഭിപ്രായപ്പെടുന്നുണ്ട്!

നദാൽ ഈ റൗണ്ടിൽ അമേരിക്കൻ പവർ ഹൗസ് ടിയഫോയെ നേരിടുന്ന കളിയും കാണികളെ ആവേശം കൊള്ളിക്കും. അഞ്ചു സെറ്റിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കേണ്ട എന്നു വിദഗ്ധർ പറയുന്നുണ്ട്. ടിയഫോയെ സംബന്ധിച്ച് ഇത് ഹോം ഗ്രൗണ്ട് ആയത് കൊണ്ട്, കാണികളുടെ പിന്തുണ രണ്ടാൾക്കും ഒരു പോലെയാകും.

അടുത്തടുത്ത സീഡുകാരായ നോറിയും റുബ്‌ലെവും തമ്മിലുള്ള കളിയും വാശിയേറിയതാകും. ബ്രിട്ടീഷ് – റഷ്യൻ കളി എന്ന നിലക്ക് കുറച്ചു രാഷ്ട്രീയ പിരിമുറുക്കവും ഈ കളിക്കുണ്ടാകും. ബ്രിട്ടീഷ്‌കാരുടെ ആകെയുള്ള പ്രതീക്ഷയായത് കൊണ്ട്, നോറിക്ക് കാണികളിൽ കുറച്ചു അധികം ശബ്ദായനമായ പിന്തുണ ലഭിച്ചാൽ അത്ഭുതപ്പെടേണ്ട.

ഈ റൗണ്ടിലെ അവസാന മാച്ചായ ചിലിച് – അൽക്കറാസ് കളി തരള ഹൃദയർക്ക് താങ്ങാവുന്ന ഒന്നാകില്ല. ലോക ടെന്നീസിൽ സ്ഥാനം ഉറപ്പിക്കാൻ ഒരു ജയം ഈ രണ്ട് ചാമ്പ്യൻമാർക്കും അത്യാവശ്യമാണ്. ഇവരുടെ കളിയിൽ കോർട്ടിലെ ഓരോ ഇഞ്ച് സ്ഥലം പോലും ഉപയോഗപ്പെടുത്തുന്ന, അതിമാനുഷമായ അത്ലറ്റിസമാകും കാണാൻ കഴിയുക.

ഇതെല്ലാം കൊണ്ടു തന്നെ ടെന്നീസ് ആരാധകർക്ക് ഇന്ന് ആഘോഷരാവാണ്, യുഎസ് ഓപ്പണിൽ ഓണം നേരത്തെ വന്ന പ്രതീതിയാണ്. നല്ല ടെന്നീസിനായി നമുക്ക് കാത്തിരിക്കാം, ഭാഗ്യം നിറഞ്ഞവർ വിജയിക്കട്ടെ എന്നു ആശംസിക്കാം. കാരണം, ഇന്നത്തെ കളിയിൽ എല്ലാവരും സമൻമാരാണല്ലോ.

അനായാസ ജയവുമായി യു.എസ് ഓപ്പൺ അവസാന പതിനാറിൽ എത്തി ഇഗയും സബലങ്കയും

യു.എസ് ഓപ്പൺ അവസാന പതിനാറിലേക്ക് മുന്നേറി ഒന്നാം സീഡ് ഇഗ സ്വിറ്റെക്. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ലൗറൻ ഡേവിസിനെ 6-3, 6-4 എന്ന സ്കോറിന് ആണ് ഇഗ തകർത്തത്. ആറു ഏസുകൾ ഉതിർത്ത ഇഗ 3 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അവസാന പതിനാറിൽ സീഡ് ചെയ്യാത്ത ജർമ്മൻ താരം ജൂൾ നെയ്മെയിയർ ആണ് ഇഗയുടെ എതിരാളി. ഫ്രഞ്ച് താരം ആലീസ് കോർണെയെ 6-4, 7-6(11-9) എന്ന സ്കോറിന് മറികടന്നു അമേരിക്കയുടെ 19 സീഡ് ഡാനിയേല കോളിൻസും അവസാന പതിനാറിൽ എത്തി. നാലാം റൗണ്ടിൽ ആറാം സീഡ് ആര്യാന സബലങ്കയാണ് അമേരിക്കൻ താരത്തിന്റെ എതിരാളി.

ഫ്രഞ്ച് താരം ക്ലാര ബുരലിന് എതിരെ എതിരാളിക്ക് മുന്നറിയിപ്പ് നൽകുന്ന പ്രകടനം ആണ് സബലങ്ക പുറത്ത് എടുത്തത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണ ബ്രൈക്ക് നേടിയ സബലങ്ക 6-0, 6-2 എന്ന സ്കോറിന് ഫ്രഞ്ച് താരത്തെ തകർത്തു. അതേസമയം ഒളിമ്പിക് സ്വർണ മെഡൽ ജേതാവും 13 സീഡും ആയ സ്വിസ് താരം ബലിന്ത ബെനചിചിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നു തോൽപ്പിച്ചു 22 സീഡ് ചെക് താരം കരോളിന പ്ലിസ്കോവയും നാലാം റൗണ്ടിൽ എത്തി. 5-7, 6-4, 6-3 എന്ന സ്കോറിന് ആയിരുന്നു ചെക് താരത്തിന്റെ ജയം. മത്സരത്തിൽ എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്ത കരോളിന 14 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. അവസാന പതിനാറിൽ വിക്ടോറിയ അസരങ്കയാണ് കരോളിനയുടെ എതിരാളി.

അതിശക്തം റാഫേൽ നദാൽ! അനായാസം ജയവുമായി യു.എസ് ഓപ്പൺ അവസാന പതിനാറിൽ

ആർതർ ആഷെ സ്റ്റേഡിയത്തിൽ അതുഗ്രൻ പ്രകടനവും ആയി രണ്ടാം സീഡ് റാഫേൽ നദാൽ യു.എസ് ഓപ്പൺ അവസാന പതിനാറിൽ. ഗ്രാന്റ് സ്‌ലാമുകളിൽ ഈ വർഷം 22 മത്തെ ജയം കുറിച്ച നദാൽ ഫ്രഞ്ച് താരവും സുഹൃത്തും ആയ റിച്ചാർഡ് ഗാസ്ഗറ്റിനെ കരിയറിൽ 18 മത്തെ തവണയും തോൽപ്പിച്ചു. ആദ്യ രണ്ടു സെറ്റുകളിൽ അവിശ്വസനീയ മികവ് കാണിച്ച നദാൽ 6-0, 6-1 എന്ന സ്കോറിന് മുന്നിലെത്തി. മൂന്നാം സെറ്റിൽ ഫ്രഞ്ച് താരം പൊരുതിയെങ്കിലും 7-5 നു സെറ്റ് കയ്യിലാക്കിയ നദാൽ നാലാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 7 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത നദാൽ ഒരൊറ്റ തവണയാണ് ബ്രൈക്ക് വഴങ്ങിയത്.

ആർതർ ആഷെയിൽ രാത്രിയിൽ നടക്കുന്ന മത്സരങ്ങളിൽ 30 മത്തെ ജയം ആണ് നദാൽ കുറിച്ചത്. അവസാന പതിനാറിൽ 22 സീഡ് അമേരിക്കൻ താരം ഫ്രാൻസസ് ടിയെഫോ ആണ് നദാലിന്റെ എതിരാളി. അമേരിക്കൻ യുവതാരം ബ്രാണ്ടൻ നകഷിമയെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നു തോൽപ്പിച്ചു 11 സീഡ് ഇറ്റലിയുടെ യാനിക് സിന്നറും അവസാന പതിനാറിൽ എത്തി. നദാലിനു പിറകെ ഈ സീസണിൽ നാലു ഗ്രാന്റ് സ്‌ലാമുകളിലും നാലാം റൗണ്ടിൽ എത്തുന്ന രണ്ടാമത്തെ താരമാണ് സിന്നർ. 3-6, 6-4, 6-1, 6-2 എന്ന സ്കോറിന് ആണ് സിന്നർ ജയിച്ചത്.

26 സീഡ് ഇറ്റാലിയൻ താരം ലോറെൻസോ മുസെറ്റിയെ 6-4, 3-6, 6-2, 6-3 എന്ന സ്കോറിന് അട്ടിമറിച്ചു വരുന്ന ഇല്യ ഇവാഷ്കയാണ് സിന്നറിന്റെ നാലാം റൗണ്ടിലെ എതിരാളി. ലഭിച്ച ഏഴ് അവസരങ്ങളിലും മുസെറ്റിയുടെ സർവീസ് എതിരാളി ബ്രൈക്ക് ചെയ്തു. ഇരുപതാം സീഡ് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്ന 15 സീഡ് ക്രൊയേഷ്യൻ താരം മാരിൻ ചിലിചും അവസാന പതിനാറിൽ എത്തി. 7-6(13-11), 6-7(3-7), 6-2, 7-5 എന്ന സ്കോറിന് ആണ് 2014 യു.എസ് ഓപ്പൺ ജേതാവ് ജയം കണ്ടത്. മത്സരത്തിൽ 26 ഏസുകൾ ആണ് ചിലിച് ഉതിർത്തത്. അവസാന പതിനാറിൽ മൂന്നാം സീഡ് സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ ആണ് ചിലിചിന്റെ എതിരാളി. ഉഗ്രൻ മത്സരം ആവും ഇത്.

അനായാസം അൽകാരസും ഷപവലോവിന്റെ 5 സെറ്റ് വെല്ലുവിളി അതിജീവിച്ചു റൂബ്ലേവും യു.എസ് ഓപ്പൺ അവസാന പതിനാറിൽ

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. അമേരിക്കൻ താരം ജെൻസൻ ബ്രൂക്സ്ബിയെ 6-3, 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരസ് തകർത്തത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത സ്പാനിഷ് താരം എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. 28 സീഡ് ഡാനിഷ് താരം ഹാൾഗർ റൂണയെ 7-5, 6-4, 6-1 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത ബ്രിട്ടീഷ് ഒന്നാം നമ്പറും ഏഴാം സീഡും ആയ കാമറൂൺ നോറിയും അവസാന പതിനാറിൽ എത്തി. ആധികാരിക പ്രകടനം ആണ് ബ്രിട്ടീഷ് താരം പുറത്ത് എടുത്തത്.

ഒമ്പതാം സീഡ് റഷ്യയുടെ ആന്ദ്ര റൂബ്ലേവും 19 സീഡ് കാനഡയുടെ ഡെന്നിസ് ഷപവലോവും തമ്മിൽ 5 സെറ്റ് പൊരിഞ്ഞ പോരാട്ടം ആണ് കാണാൻ ആയത്. മത്സരത്തിൽ 23 ഏസുകൾ ഷപവലോവ് ഉതിർത്തപ്പോൾ 9 ഏസുകൾ റൂബ്ലേവും ഉതിർത്തു. 6-4 നു ആദ്യ സെറ്റ് നേടിയ റൂബ്ലേവ് രണ്ടും മൂന്നും സെറ്റുകൾ 6-2, 7-6 എന്ന സ്കോറിന് കൈവിട്ടു. നാലാം സെറ്റ് 6-4 നു നേടിയ റൂബ്ലേവ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. സൂപ്പർ ടൈബ്രൈക്കറിൽ ഒടുവിൽ 7-6/10-7 എന്ന സ്കോറിന് ജയം കണ്ടാണ് റൂബ്ലേവ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. അവസാന പതിനാറിൽ ആന്ദ്ര റൂബ്ലേവ് കാമറൂൺ നോറിയെ നേരിടും. അതേസമയം അർജന്റീനയുടെ 14 സീഡ് ഡീഗോ ഷ്വാർട്സ്മാനെ 7-6, 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ചു അമേരിക്കയുടെ 22 സീഡ് ഫ്രാൻസസ് ടിയഫോയും അവസാന പതിനാറിൽ എത്തി.

മുഗുരുസയെ വീഴ്ത്തി ക്വിറ്റോവയും അനായാസ ജയവുമായി അസരങ്കയും യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി മൂന്നു തവണ ഫൈനലിസ്റ്റും 26 സീഡും ആയ വിക്ടോറിയ അസരങ്ക. പെട്ര മാർടിചിനെ 6-3, 6-0 എന്ന സ്കോറിന് ആണ് മൂന്നാം റൗണ്ടിൽ അസരങ്ക തകർത്തത്. 5 തവണ എതിരാളിയുടെ സർവീസ് അസരങ്ക ബ്രൈക്ക് ചെയ്തു. ചൈനീസ് താരം യുവാനെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു എട്ടാം സീഡും അമേരിക്കൻ താരവും ആയ ജെസിക്ക പെഗ്യുലയും അവസാന പതിനാറിൽ എത്തി. രണ്ടാം സെറ്റ് ടൈബ്രൈക്കറിൽ നഷ്ടമായെങ്കിലും ആദ്യ സെറ്റ് 6-2 നു നേടിയ പെഗ്യുല അവസാന സെറ്റ് 6-0 നു ആണ് നേടിയത്.

ഒമ്പതാം സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസയെ 21 സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി. ഉഗ്രൻ പോരാട്ടം കണ്ട മത്സരത്തിൽ ആദ്യ സെറ്റ് 7-5 നു കൈവിട്ട ചെക് താരം രണ്ടാം സെറ്റ് 6-3 നു നേടി തിരിച്ചറിച്ചു. സൂപ്പർ ടൈബ്രൈക്കറിലേക്ക് നീണ്ട മൂന്നാം സെറ്റ്(7-6/12-10) ജയം കണ്ടാണ് ചെക് താരം അവസാന പതിനാറിൽ ഇടം നേടിയത്. മത്സരത്തിൽ 12 തവണ സർവീസ് ഇരട്ട പിഴവ് വരുത്തിയ ക്വിറ്റോവ 14 ഏസുകളും തൊടുത്തു. നാലാം റൗണ്ടിൽ ജെസിക്ക പെഗ്യുലയെ ആണ് പെട്ര ക്വിറ്റോവ നേരിടുക.

മുൻ ചാമ്പ്യൻ ബിയാങ്ക ആന്ദ്രീസ്കുവിനെ വീഴ്ത്തി കരോളിന ഗാർസിയ യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

സെറീന വില്യംസിന്റെ കണ്ണീർ കണ്ട യു.എസ് ഓപ്പണിൽ ഇന്ന് മൂന്നാം റൗണ്ടിൽ മുൻ ചാമ്പ്യൻ കാനഡയുടെ ബിയാങ്ക ആന്ദ്രീസ്കുവിനെ വീഴ്ത്തി ഫ്രഞ്ച് താരവും 17 സീഡും ആയ കരോളിന ഗാർസിയ. 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഗാർസിയ ബിയാങ്കയെ മറികടന്നത്. മത്സരത്തിൽ വലിയ അവസരം ഒന്നും കനേഡിയൻ താരത്തിന് ഗാർസിയ നൽകിയില്ല.

ചൈനീസ് താരം വാങിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു വരുന്ന അമേരിക്കൻ താരവും 29 സീഡും ആയ അലീസിൺ റിസ്ക് ആണ് ഗാർസിയയുടെ നാലാം റൗണ്ടിലെ എതിരാളി. നല്ല പോരാട്ടം കണ്ട മത്സരത്തിൽ 6-4, 3-6, 6-4 എന്ന സ്കോറിന് ആയിരുന്നു അമേരിക്കൻ താരത്തിന്റെ ജയം. ഒന്നാം സീഡ് ഇഗ സ്വിറ്റെക്, ആറാം സീഡ് ആര്യാന സബലങ്ക തുടങ്ങിയവർ നാളെ തങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് ഇറങ്ങും

അനായാസ ജയവുമായി മെദ്വദേവ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ, നാലാം റൗണ്ടിൽ നിക് എതിരാളി

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി നിലവിലെ ജേതാവും ഒന്നാം സീഡും ആയ ഡാനിൽ മെദ്വദേവ്. ചൈനീസ് താരം വു യിബിങിനെ 6-4, 6-2, 6-2 എന്ന സ്കോറിന് ആണ് മെദ്വദേവ് തകർത്തത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത മെദ്വദേവ് 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. നാലാം റൗണ്ടിൽ വിംബിൾഡൺ ഫൈനലിസ്റ്റ് ആയ നിക് കിർഗിയോസ് ആണ് ലോക ഒന്നാം നമ്പറിന്റെ എതിരാളി.

വൈൽഡ് കാർഡ് ആയി എത്തിയ അമേരിക്കൻ താരം ജെ.ജെ വോൾഫിനെ 6-4, 6-2, 6-3 എന്ന സ്കോറിന് ആണ് നിക് തകർത്തത്. മത്സരത്തിൽ 21 ഏസുകൾ ഉതിർത്ത നിക് 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. ഉഗ്രൻ ഫോമിലുള്ള ഓസ്‌ട്രേലിയൻ താരം മെദ്വദേവിനു വെല്ലുവിളി ആവാൻ തന്നെയാണ് സാധ്യത. 18 സീഡ് ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡിമിനോറിനെ 6-1, 6-1 3-6, 7-6 എന്ന സ്കോറിന് തോൽപ്പിച്ചു 12 സീഡ് പാബ്ലോ കരെനോ ബുസ്റ്റയും അവസാന പതിനാറിൽ എത്തി.

Exit mobile version