ട്രെവര്‍ ബെയിലിസ്സ് ഇനി പ‍ഞ്ചാബ് കിംഗ്സ് കോച്ച്

ഐപിഎൽ അടുത്ത സീസണിൽ ട്രെവര്‍ ബെയിലിസ്സ് പഞ്ചാബ് കിംഗ്സ് മുഖ്യ കോച്ചായി എത്തും. അനിൽ കുംബ്ലൈയുമായുള്ള കരാര്‍ പഞ്ചാബ് കിംഗ്സ് അവസാനിപ്പിച്ച ശേഷം ട്രെവര്‍ ബെയിലിസ്സുമായി ഫ്രാഞ്ചൈസി കരാറിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇംഗ്ലണ്ടിന്റെ 2019 ലോകകപ്പ് വിജയം നേടിയ ടീമിന്റെ പരിശീലകനായിരുന്ന ബെയിലിസ്സ് 2012, 14 വര്‍ഷങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചിരുന്നു.

പിന്നീട് സൺ റൈസേഴ്സിനൊപ്പം 2020, 21 സീസണിൽ ബെയിലിസ്സ് സഹകരിച്ചിരുന്നു. 2021ൽ സൺറൈസേഴ്സിന് 14ൽ 3 മത്സരം മാത്രമാണ് വിജയിക്കാനായത്.

ട്രെവര്‍ ബെയിലിസ്സ് പഞ്ചാബ് കിംഗ്സ് മുഖ്യ കോച്ചാവും

ട്രെവര്‍ ബെയിലിസ്സിനെ പഞ്ചാബ് കിംഗ്സ് തങ്ങളുടെ മുഖ്യ കോച്ചായി പ്രഖ്യാപിച്ചു. പ്രഖ്യാപനം ഉടന്‍ വരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ മൂന്ന് സീസണായി ടീമിന്റെ കോച്ചായിരുന്ന അനിൽ കുംബ്ലെയ്ക്ക് കീഴിൽ ടീം ആറാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്തത്.

ഇംഗ്ലണ്ട് 2019 ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ മുഖ്യ കോച്ചായിരുന്നു ബെയിലിസ്സ്. 2012, 14 വര്‍ഷങ്ങളിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടത്തിലേക്ക് എത്തിയപ്പോളും കോച്ചായി പ്രവര്‍ത്തിച്ചത് ബെയിലിസ്സ് ആയിരുന്നു.

2020, 2021 സീസണുകളിൽ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ മുഖ്യ കോച്ചായും ബെയിലിസ്സ് പ്രവര്‍ത്തിച്ചു.

ട്രെവര്‍ ബെയിലിസ് സൺറൈസേഴ്സ് മുഖ്യ കോച്ച് സ്ഥാനം രാജിവെച്ചു

സൺറൈസേഴ്സിന്റെ മുഖ്യ കോച്ചെന്ന സ്ഥാനം ഒഴി‍ഞ്ഞ് ട്രെവര്‍ ബെയിലിസ്. ബെയിലിസ് ലക്നൗ ഫ്രാഞ്ചൈസിയുടെ കോച്ചായി ചേരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് വിജയിച്ച ശേഷമാണ് ബെയിലിസിനെ സൺറൈസേഴ്സ് കോച്ചായി നിയമിച്ചത്. മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 2012, 2014 വര്‍ഷങ്ങളില്‍ കിരീടത്തിലേക്ക് നയിച്ചതും ബെയിലിസ് ആയിരുന്നു.

ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിനെയും ബെയിലിസ് കിരീടത്തിലേക്ക് എത്തിച്ചിട്ടുണ്ട്. 2011 ഏകദിന ലോകകപ്പിന്റെ റണ്ണേഴ്സ് അപ്പ് ആയ ശ്രീലങ്കയുടെയും കോച്ചായി ബെയിലിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍ണര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയില്ല, കാരണം വ്യക്തമാക്കി ട്രെവര്‍ ബെയിലിസ്സ്

രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള മത്സരത്തിൽ സൺറൈസേഴ്സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ടീമിൽ ഉള്‍പ്പെടുത്തിയിരുന്നില്ല. താരം ഇന്നലെ സ്റ്റേഡിയത്തിലേക്ക് എത്തിയില്ലെന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ഇതിൽ വലിയ പ്രസക്തിയില്ലെന്ന് പറഞ്ഞ് ട്രെവര്‍ ബെയിലിസ്സ്.

നോക്ക്ഔട്ട് ഘട്ടത്തിലേക്ക് ടീം എത്തില്ലെന്ന് ഉറപ്പായതോടെ ഏതാനും യുവ താരങ്ങളെ പരീക്ഷിക്കുവാന്‍ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ക്ക് പകരം ജേസൺ റോയിയ്ക്ക് ടീം അവസരം നല്‍കി.

ഡേവിഡ് വാര്‍ണര്‍ സ്റ്റേഡിയത്തിലേക്ക് വരാതിരുന്നതിന് ബെയിലിസ്സ് പറഞ്ഞത് വാര്‍ണര്‍ മാത്രമല്ല മറ്റു ചില പരിചയസമ്പത്തുള്ള താരങ്ങളെയും തങ്ങള്‍ ഹോട്ടലില്‍ തന്നെ നില്‍ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത് സ്റ്റേഡിയത്തിലേക്ക് മുഴുവന്‍ സംഘത്തെയും കൊണ്ട് വരരുതെന്ന നിയമമുണ്ടെന്നതിനാലാണെന്നും ബെയിലിസ്സ് വ്യക്തമാക്കി.

ട്രെവര്‍ ബെയിലിസ്സ് ബിഗ് ബാഷിൽ കോച്ചായി എത്തുന്നു, കരാറിലെത്തിയത് സിഡ്നി തണ്ടറുമായി

മുൻ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി തണ്ടറുമായി കരാറിലെത്തി. 2019 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ടിന്റെ പരിശീലകൻ ആയിരുന്നു ബെയിലിസ്സ്. തണ്ടറുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ട്രെവര്‍ എത്തിയിരിക്കുന്നത്. നിലവിലെ കോച്ച് ഷെയിൻ ബോണ്ട് കുടുംബത്തോടൊപ്പം ചെലവഴിക്കാനായി തീരുമാനിച്ചതോടെ വന്ന ഒഴിവിലേക്കാണ് ബെയിലിസ്സ് എത്തുന്നത്.

മുമ്പ് സിഡ്നി സിക്സേഴ്സിന്റെ കോച്ചായി ട്രെവര്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ടീം കിരീടം നേടിയപ്പോളും ബെയിലിസ്സ് ആയിരുന്നു കോച്ച്. നിലവിൽ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ കോച്ചാണ് ട്രെവര്‍ ബെയിലിസ്സ്. തണ്ടര്‍ കഴിഞ്ഞ കുറച്ച് സീസണായി മികച്ച രീതിയിലാണ് ബിഗ് ബാഷിൽ കളിക്കുന്നതെന്നും കുറച്ച് കൂടി മികച്ച നിലയിൽ വരും സീസണുകളിൽ ടീമിനെ എത്തിക്കുവാനാകും താന്‍ ലക്ഷ്യം വയ്ക്കുക എന്നും ബെയിലിസ്സ് വ്യക്തമാക്കി.

മാച്ച് ഫിറ്റാവാന്‍ കെയിന്‍ വില്യംസണ് കൂടുതല്‍ സമയം ആവശ്യം – ട്രെവര്‍ ബെയിലിസ്സ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ കെയിന്‍ വില്യംസണ് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. ജോണി ബൈര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, റഷീദ് ഖാന്‍, മുഹമ്മദ് നബി എന്നിവരാണ് നാല് വിദേശ താരങ്ങളായി എസ്ആര്‍എച്ച് നിരയില്‍ കളിച്ചത്.

കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത കെയിന്‍ വില്യംസണ്‍ ടീമില്‍ കളിക്കുമെന്നാണ് കരുതിയതെങ്കിലും താരത്തിന് സ്ഥാനം ലഭിക്കാതിരുന്നതിന് കാരണം സണ്‍റൈസേഴ്സ് കോച്ച് ട്രെവര്‍ ബെയിലിസ്സ് വ്യക്തമാക്കുകയായിരുന്നു.

കെയിന്‍ വില്യംസണ് മാച്ച് ഫിറ്റാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടി വരുമെന്നാണ് ബെയിലിസ്സ് പറഞ്ഞത്. താരത്തിന് നെറ്റ്സില്‍ കുറച്ച് സമയം കൂടി വേണമെന്നും ട്രെവര്‍ പറഞ്ഞു. ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം താരം കളിക്കുവാന്‍ സാധ്യതയുണ്ടായിരുന്നുവെങ്കിലും ബൈര്‍സ്റ്റോയുടെ ഇന്ത്യയിലെ വൈറ്റ് – ബോള്‍ ക്രിക്കറ്റിലെ ഫോം പരിഗണിച്ച് താരത്തിന് അവസരം നല്‍കുകയായിരുന്നുവെന്നും ബെയിലിസ്സ് പറഞ്ഞു.

ബൈര്‍സ്റ്റോ നാലാം നമ്പറില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും ടീമിന് മത്സരത്തില്‍ വിജയം നേടുവാന്‍ സാധിച്ചിരുന്നില്ല. ഇനിയുള്ള മത്സരങ്ങളില്‍ കെയിന്‍ വില്യംസണ്‍ ഫിറ്റായാല്‍ ബൈര്‍സ്റ്റോയെ ഓപ്പണിംഗില്‍ പരീക്ഷിക്കുവാനും സാധ്യതയുണ്ടെന്ന് ബെയിലിസ്സ് വ്യക്തമാക്കി.

ഈ തോല്‍വി ലോകത്തിന്റെ അവസാനമല്ലെന്ന് ടീം മനസ്സിലാക്കണം – ജോ റൂട്ട്

ന്യൂസിലാണ്ടിനോട് ഏറ്റ ഇന്നിംഗ്സ് തോല്‍വിയെന്നത് ലോകാവസാനമല്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ടീമംഗങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആദ്യ ടെസ്റ്റിലെ കനത്ത തോല്‍വിയ്ക്ക് ശേഷം ജോ റൂട്ട് വ്യക്തമാക്കി. അവസാന ദിവസം ചായയ്ക്ക് ശേഷം അധികം വൈകാതെ ഇംഗ്ലണ്ട് പത്തി മടക്കുകയായിരുന്നു. ഇതോടെ 14 എവേ ടെസ്റ്റുകളില്‍ റൂട്ടിന് കീഴില്‍ വെറും നാല് ടെസ്റ്റ് മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചിട്ടുള്ളത്.

ട്രെവര്‍ ബെയ്‍ലിസ് കാലഘട്ടത്തിന് ശേഷം ഇംഗ്ലണ്ടിന് വ്യത്യസ്തമായ ശൈലിയാവും ഇനിയുണ്ടാകുകയെന്നും അതിലേക്കുള്ള മാറ്റത്തിന് ടീമിന് സമയം എടുത്തേക്കാമെന്നും ജോ റൂട്ട് വ്യക്തമാക്കി. ഈ തോല്‍വി ലോകാവസാനമല്ലെന്നും കഠിന പ്രയത്നത്തിലൂടെ ടീമിന് ഇനിയും ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്ന് ജോ റൂട്ട് വ്യക്തമാക്കി.

റൂട്ടിന്റെ ക്യാപ്റ്റന്‍സിയ്ക്ക് വെല്ലുവിളിയുള്ളതായി തോന്നുന്നില്ല

ഇംഗ്ലണ്ടിന്റെ കോച്ചായി തന്റെ കരാര്‍ അടുത്ത ടെസ്റ്റോട് കൂടി അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ട്രെവര്‍ ബെയിലിസ്സ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായി ജോ റൂട്ട് തുടരണമെന്നാണ് പോകുന്നതിന് മുമ്പ് തന്റെ അവസാനത്തെ മീഡിയ കൂടിക്കാഴ്ചയില്‍ താരം പറഞ്ഞത്. ഓവലില്‍ നടക്കുന്ന അവസാന ടെസ്റ്റോടെ തന്റെ നാല് വര്‍ഷത്തെ ദൗത്യത്തിന് ബെയിലിസ്സ് വിരാമം കുറിയ്ക്കും. ലോകകപ്പ് കിരീടം സ്വന്തമാക്കുവാനായെങ്കിലും ആഷസ് ഓസ്ട്രേലിയ സ്വന്തമാക്കിയത് ബെയിലിസ്സിന് മികച്ചൊരു വിടവാങ്ങല്‍ സമ്മാനം നല്‍കുന്നതില്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നു. പരമ്പര കൈവിട്ടത്തോടെ റൂട്ടിന്റെ ക്യാപ്റ്റന്‍സിയ്ക്കായി മുറവിളി ഉയര്‍ന്ന് കഴിഞ്ഞു.

എന്നാല്‍ റൂട്ടിന്റെ ക്യാപ്റ്റന്‍സിയ്ക്ക് ഒരു സമ്മര്‍ദ്ദവുമില്ലെന്നാണ് ബെയിലിസ്സ് പറയുന്നത്. താരത്തിന്റെ സ്ഥാനം ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു സ്ഥിതി സംജാതമായിട്ടില്ലെന്ന് ട്രെവര്‍ ബെയിലിസ്സ് പറഞ്ഞു. ക്യാപ്റ്റന്‍സി ഇല്ലാതെ റൂട്ടിന്റെ ബാറ്റിംഗ് ശരാശരി 52 ആണെങ്കില്‍ ക്യാപ്റ്റന്‍സിയുള്ളപ്പോള്‍ അത് 40 ആണ്. ഇത് താരത്തിന്റെ ബാറ്റിംഗിനെ ക്യാപ്റ്റന്‍സി അല്പം ബാധിച്ചിട്ടുണ്ടെന്നുള്ള സൂചനയാണ്.

എന്നാല്‍ 3-4 സ്ഥാനങ്ങളില്‍ മാറി മാറി ഇറങ്ങേണ്ടി വന്നതാണ് റൂട്ടിന്റെ ബാറ്റിംഗിനെ ബാധിച്ചിരിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പരമ്പരയില്‍ ഇതുവരെ 3 അര്‍ദ്ധ ശതകങ്ങള്‍ മാത്രമാണ് താരം നേടിയത്. എന്നാല്‍ ഇതൊന്നും താരത്തിന്റെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്ന കാര്യമല്ലെന്ന് ബെയിലിസ്സ് പറഞ്ഞു.

ലോകകപ്പ് പരിശീലകനെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്

2020 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലേക്ക് ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകൻ ട്രെവർ ബേലിസ്സിനെ സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്.  ആഷസ് പരമ്പരക്ക് ശേഷം ഇംഗ്ലണ്ട് ടീമിന്റെ കൂടെ തന്റെ കരാർ കഴിയുന്നതോടെ ബേലിസ് സൺറൈസേഴ്സിന്റെ പരിശീലകനായി ചുമതലയേൽക്കും.  ഓസ്‌ട്രേലിയൻ പരിശീലകൻ ടോം മൂഡിയുടെ പകരക്കാരനായാണ് ബേലിസ് എത്തുന്നത്.

ടോം മൂഡിക്ക് കീഴിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ തവണ പ്ലേ ഓഫിൽ എത്തിയിരുന്നു.  നേരത്തെ മറ്റൊരു ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായും ബേലിസ് പ്രവർത്തിച്ചിട്ടുണ്ട്. ബേലിസിന് കീഴിൽ 2012ലും 2014ലും കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. കൊൽക്കത്തയെ കൂടാതെ ബിഗ് ബാഷ് ലീഗിൽ സിഡ്‌നി സിക്സേഴ്സിനെയും ശ്രീലങ്കൻ ദേശീയ ടീമിനെയും ബേലിസ് പരിശീലിപ്പിച്ചിട്ടുണ്ട്.  2015 മുതൽ ബേലിസ് ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാണ്.

ജോഫ്ര ആര്‍ച്ചറുടെ ഭീഷണി ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പുത്തനുണര്‍വ്

ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കുവാന്‍ തയ്യാറായി എത്തുമ്പോള്‍ തങ്ങളുടെ അവസരങ്ങള്‍ നഷ്ടമാകുമോ എന്ന ഭയം ഇംഗ്ലണ്ടിന്റെ ബൗളര്‍മാരെ വര്‍ദ്ധിച്ച വീര്യത്തോടെ പന്തെറിയുവാന്‍ സഹായിക്കുന്നുണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. ലോകകപ്പില്‍ താരം കളിക്കുമോ എന്നതിനെക്കുറിച്ച് പറഞ്ഞില്ലെങ്കിലും ഉടന്‍ താരം ഇംഗ്ലണ്ടിനു വേണ്ടി കളിക്കുമെന്ന് നേരത്തെ തന്നെ ബെയിലിസ്സ് സൂചിപ്പിച്ചിരുന്നു.

വരുന്ന ഞായറാഴ്ചയോടെ താരത്തിനു ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാനുള്ള അര്‍ഹത ലഭിയ്ക്കും. ഏപ്രില്‍ 23നാണ് ഇംഗ്ലണ്ടിന്റ് പ്രാഥമിക സംഘത്തിനെ നിശ്ചയിക്കേണ്ട അവസാന തീയ്യതി. അതിനു മുമ്പ് പാക്കിസ്ഥാന്‍ അയര്‍ലണ്ട് ഏകദിന മത്സരങ്ങളില്‍ താരത്തിനു അവസരം നല്‍കുമെന്ന് ബെയിലിസ്സ് നേരത്തെ പറഞ്ഞിരുന്നു.

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുവാനുള്ള കഴിവാണ് ആര്‍ച്ചറെ ഏവരുടെയും ശ്രദ്ധ കേന്ദ്രമാക്കി മാറ്റുന്നത്. ഇംഗ്ലണ്ടിന്റെ ടി20 വിജയത്തില്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ചാണ് ബെയിലിസ്സ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. നിലവിലെ ബൗളര്‍മാര്‍ക്ക് ജോഫ്രയെത്തിയാലുള്ള സ്ഥിതിയെക്കുറിച്ച് വ്യക്തതയുള്ളതിനാല്‍ അവര്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുവാനുള്ള ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ട്രെവര്‍ ബെയിലിസ്സ് പറഞ്ഞു.

സമ്മര്‍ദ്ദത്തിലാകുമ്പോളാണ് നമ്മുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്ന കാര്യം കൂടുതല്‍ ശക്തമാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പുറത്തെടുത്തിരിക്കുന്നതെന്നും ഇംഗ്ലണ്ടിന്റെ മുഖ്യ കോച്ച് അഭിപ്രായപ്പെട്ടു. ഇത്തരം സൗഹൃദപരമായ മത്സരം ഇംഗ്ലണ്ടിനാണ് ഗുണം ചെയ്യുന്നതെന്നും ബെയിലിസ്സ് കൂട്ടിചേര്‍ത്തു.

വിന്‍ഡീസിനെതിരെയുള്ള തോല്‍വി നിരാശാജനകം, ലോകകപ്പില്‍ വിജയ സാധ്യതയുണ്ടെന്ന് കരുതി കാര്യങ്ങള്‍ എളുപ്പമാക്കുന്നത് ശരിയല്ല

ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരും 2019 ലോകകപ്പില്‍ വിജയ സാധ്യതയില്‍ ഏവരും മുന്നിലുള്ള ടീമുകളിലും ഒന്നായി പരിഗണിക്കുന്ന ഇംഗ്ലണ്ട് ആ മേനി പറഞ്ഞ് മികവ് പുറത്തെടുക്കാതിരുന്നാല്‍ തിരിച്ചടിയാവും ഫലമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. വിന്‍ഡീസിനെതിരെ പരമ്പരയിലെ അവസാന മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയത് ടീമിന്റെ ആത്മവിശ്വാസത്തെ അധികം ബാധിക്കില്ലെങ്കിലും തോറ്റ രീതി നിരാശാജനകമെന്നാണ് ബെയിലിസ്സ് പറഞ്ഞത്.

ഇംഗ്ലണ്ട് 113 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍‍ഡീസിനോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റു വാങ്ങിയത്. ഇത്തരത്തിലുള്ള തോല്‍വി ടീമിനു നാണക്കേട് മാത്രമല്ല, ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നതിന്റെ സൂചന കൂടിയാണെന്നാണ് വിന്‍ഡീസ് കോച്ച് പറഞ്ഞത്. ലോകകപ്പില്‍ ഫേവറൈറ്റുകളായാണ് ഇംഗ്ലണ്ട് തുടങ്ങുന്നതെങ്കിലും അതിന്റെ ഗമ പറഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ അത്ര അനുകൂലമായി ഭവിക്കില്ലെന്നും ഇംഗ്ലണ്ടിന്റെ കോച്ച് പറഞ്ഞു.

ഞങ്ങള്‍ ലോകകപ്പ് വിജയിക്കുവാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്ന് മാത്രമാണ്, അതിനാല്‍ തന്നെ ആ പേരും പറഞ്ഞ് മികവ് പുറത്തെടുക്കാതിരുന്നാല്‍ ജയം വരില്ലെന്നാണ് ട്രെവര്‍ ബെയിലിസ്സ് പറഞ്ഞത്. മറ്റു ടീമുകളും സമ്മര്‍ദ്ദം സൃഷ്ടിച്ച് ടൂര്‍ണ്ണമെന്റിലുണ്ടാകുമെന്നുള്ളതിനാല്‍ യഥാര്‍ത്ഥ സമയത്ത് കളിക്കളത്തില്‍ മികവ് പുലര്‍ത്തുകയെന്നതാണ് പ്രധാനമെന്ന് ബെയിലിസ്സ് പറഞ്ഞു.

അന്ന് തങ്ങളെ രക്ഷിച്ചത് ദില്‍ഷന്‍

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചൊരു സംഭവം നടന്നിട്ട് ഇന്ന് പത്ത് വര്‍ഷം പിന്നിടുന്ന വേളയില്‍ അന്ന് ലോഹോറില്‍ തങ്ങളുടെ ബസ്സിനു നേരെ തീവ്രവാദി ആക്രമണം നടന്നത് ഓര്‍ത്തെടുക്കുകയാണ് നിലവിലെ ഇഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. ഇന്നത്തെ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സും ഉപ പരിശീലകന്‍ പോള്‍ ഫാര്‍ബ്രേസും അന്ന് ശ്രീലങ്കയുടെ കോച്ചിംഗ് സ്റ്റാഫുകളായിരുന്നു. മാര്‍ച്ച് 3 2009ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് 12 തോക്കുധാരികളാണ് ശ്രീലങ്കന്‍ ടീമിന്റെ ബസ്സിനു നേരെ നിറയൊഴിച്ചത്.

ആറ് പോലീസുകാരും മാച്ച് ഒഫീഷ്യലുകളുടെ ഡ്രൈവറും അന്നത്തെ ആക്രമണത്തില്‍ മരിച്ച് വീഴുകയായിരുന്നു. റൈഫിലുകളും റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളുമായാണ് അന്ന് ആ തീവ്രവാദികള്‍ തങ്ങളെ ആക്രമിച്ചതെന്ന് ഇന്ന് ആ സംഭവം ഓര്‍ത്തെടുത്ത് ട്രെവര്‍ ബെയില്ലിസ് പറയുകയായിരുന്നു. തലവേദനയായിരുന്നതിനാല്‍ താന്‍ പാതി മയക്കത്തിലായിരുന്നുവെന്നും ഒരു പൊട്ടിത്തെറി കേട്ടാണ് താന്‍ ഉണരുന്നതെന്നുമാണ് ബെയിലിസ്സ് പറഞ്ഞത്. ബസ്സില്‍ പലരുടെ ദേഹത്തും ഗ്രനേഡിന്റെ ചിന്തുകള്‍ തറച്ചിരുന്നുവെന്നും ഫാര്‍ബ്രേസിന്റെ കൈയ്യിലും അത്തരത്തില്‍ വസ്തുക്കള്‍ തറച്ചത് തന്റെ ശ്രദ്ധയില്‍ പെട്ടുവെന്ന് ബെയിലിസ്സ് പറഞ്ഞു.

തങ്ങളുടെ സംഘത്തില്‍ ആര്‍ക്കും മരണം സംഭവിച്ചില്ലെങ്കിലും ആറ് പോലീസുകാരും ഒരു ഡ്രൈവറും സംഭവത്തില്‍ മരിച്ചത് ഏറെ ദുഖകരമായ അവസ്ഥയായിരുന്നു. ഗ്രൗണ്ടിലെത്തിയ ശേഷം ആദ്യ സ്ഥിതിയില്‍ നിന്ന് ഏറെ സുരക്ഷിതരായി തങ്ങള്‍ക്ക് തോന്നിയെങ്കിലും ഏവരും മറ്റുള്ളവരുടെ മുറിവുകളെക്കുറിച്ച് അന്വേഷി്ക്കുന്ന തിരക്കായിരുന്നു. പാക്കിസ്ഥാന്‍ അധികാരികള്‍ പിന്നീട് എത്തിയപ്പോള്‍ തന്നെ പല താരങ്ങളും ദേഷ്യത്തോടെയാണ് അവരെ വരവേറ്റതെന്നും ട്രെവര്‍ ബെയിലിസ്സ് ഓര്‍ത്തു പറഞ്ഞു.

അന്നത്തെ ശ്രീലങ്കന്‍ ടീമിലെ അംഗങ്ങള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പലപ്പോഴായി കണ്ടിട്ടുള്ളതാണ്. ശ്രീലങ്കയില്‍ അന്ന് ആഭ്യന്തര കലഹത്തിന്റെ നാളുകളായിരുന്നു. അതിനാല്‍ തന്നെ അവര്‍ ബസ്സില്‍ തന്നെ തറയില്‍ കുനിഞ്ഞിരിക്കുകയായിരുന്നുവെന്ന് ബെയിലിസ്സ് പറഞ്ഞു.

തന്നോട് മറ്റുള്ളവര്‍ ആവശ്യപ്പെട്ടപ്പോളാണ് ഇത്തരത്തിലാണ് ആക്രമത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ചെയ്യേണ്ടതെന്ന് പോലും തനിക്ക് മനസ്സിലാകുന്നതെന്ന് പോള്‍ ഫാര്‍ബ്രേസ് പറഞ്ഞു. ഗ്രനേഡില്‍ നിന്നുള്ള പരിക്കും ചോരയില്‍ കുളിച്ച് നിന്ന താരങ്ങള്‍ക്കിടയിലും ഏവരും നിശബ്ദരായി ഇരിക്കുമ്പോള്‍ ബസ്സ് ഡ്രൈവറുടെ തൊട്ട് പുറകെയുണ്ടായിരുന്ന ദില്‍ഷന്‍ ഡ്രൈവറോട് വണ്ടി റിവേഴ്സ് ചെയ്യുവാന്‍ ആവശ്യപ്പെടുന്നത് മാത്രമാണ് അപ്പോള്‍ ബസ്സില്‍ മുഴങ്ങിയിരുന്നതെന്ന് ബെയിലിസ്സ് പറഞ്ഞു. ബസ്സില്‍ വന്ന് പതിക്കുന്ന ബുള്ളറ്റുകളുടെ ശബ്ദം വ്യക്തമായി കേള്‍ക്കുന്നതില്‍ നിന്ന് തീവ്രവാദികള്‍ ഞങ്ങളെ ആക്രമിക്കുന്നത് തുടരുകയായിരുന്നുവെന്ന് വ്യക്തമായിരുന്നുവെന്ന് പറഞ്ഞ ഫാര്‍ബ്രേസ് ദില്‍ഷന്റെ ഇടപെടലിനെ വാനോളം പുകഴ്ത്തുകയായിരുന്നു.

ഡ്രൈവര്‍ ആക്രമത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ സ്റ്റിയറിംഗിനു കീഴിലിരുന്ന ബസ്സ് നിയന്ത്രിച്ചപ്പോള്‍ ദില്‍ഷനാണ് അപകടത്തെ വകവയ്ക്കാതെ തലയുയര്‍ത്തി ബസ്സിന്റെ ദിശ നിശ്ചയിക്കുവാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഞങ്ങളെ ആ സാഹചര്യത്തില്‍ നിന്ന് രക്ഷിച്ചതിനു ഡ്രൈവറെ ഏവരും പ്രശംസിച്ചിരുന്നു പിന്നീട്, അദ്ദേഹം തീര്‍ച്ചയായും അതിനു അര്‍ഹനാണ്, അത് പോലെ തന്നെ അന്ന് ദില്‍ഷനും ഞങ്ങളെ പോലെ അവിടെ നിശബ്ദനായി കിടന്നിരുന്നുവെങ്കില്‍ ഇന്ന് ഞങ്ങളിലാരും രക്ഷപ്പെടുമെന്ന് തോന്നുന്നില്ലെന്നും തനിക്ക് തോന്നുന്നു എന്ന് പോള്‍ ഫാര്‍ബ്രേസ് പറഞ്ഞു.

ആംബുലന്‍സില്‍ തങ്ങളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ പാക്കിസ്ഥാന്‍ അധികൃതര്‍ തുനിഞ്ഞുവെങ്കിലും ഞങ്ങളാരും തന്നെ അതിനു തയ്യാറായിരുന്നില്ല. അതേ സമയം പരിക്ക് ഗുരുതരമായായിരുന്നു തിലന്‍ സമരവീരയെയും തരംഗ പരണവിതാനയെയും മാറ്റാതെ വേറെ നിവൃത്തിയില്ലാത്തതിനാല്‍ അധികാരികള്‍ അവരെ ആംബുലന്‍സില്‍ തന്നെ നീക്കം ചെയ്തു.

ഇവര്‍ പോയ ശേഷം ടീവിയില്‍ ആംബുലന്‍സ് തകര്‍ന്ന ചിത്രങ്ങള്‍ എത്തിയപ്പോള്‍ താരങ്ങള്‍ കണ്ടപ്പോള്‍ പലരും തകരുന്ന കാഴ്ചയായിരുന്നു കാരണം നമ്മുടെ താരങ്ങള്‍ ആശുപത്രിയിലേക്ക് യാത്രയായ ആംബുലന്‍സ് ആണ് അതെന്നാണ് തങ്ങള്‍ കരുതിയത്. എന്നാല്‍ അല്പ സമയം കഴിഞ്ഞ് ഇത് വേറെ ആംബുലന്‍സ് ആയിരുന്നവെന്ന് സ്ഥിതീകരിക്കപ്പെടുകയായിരുന്നു. അത് ഏറെ ആശ്വാസം പകരുന്ന കാഴ്ചയായിരുന്നു.

മാച്ച് ഒഫീഷ്യലുകളുടെ സ്ഥിതിയായിരുന്നു കൂടുതല്‍ അപകടകരമെന്നും മാച്ച് റഫറി ക്രിസ് ബ്രോഡ് ചോരയില്‍ കുളിച്ച് നില്‍ക്കുന്ന കാഴ്ച ഇന്നും തനിക്ക് ഓര്‍മ്മയുണ്ടെന്ന് പോള്‍ പറഞ്ഞു. അവരുടെ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. അവരുടെ വാഹനം ചെറിയതായിരുന്നതിനാല്‍ തന്നെ നാലാം ഒഫീഷ്യല്‍ അഹ്സാന്‍ റാസയ്ക്ക് വെടിയും കൊണ്ടു. ഡ്രൈവര്‍ മരിച്ചതിനാല്‍ ഒരു പോലീസുകാരന്‍ ആ വാനിലുള്ളിലെത്തിയാണ് അവരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി അവരുടെ ജീവന്‍ രക്ഷിച്ചതെന്ന് പിന്നീടാണ് അറിയുവാന്‍ കഴിഞ്ഞത്.

Exit mobile version