മാച്ച് ഫിറ്റാവാന്‍ കെയിന്‍ വില്യംസണ് കൂടുതല്‍ സമയം ആവശ്യം – ട്രെവര്‍ ബെയിലിസ്സ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ കെയിന്‍ വില്യംസണ് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. ജോണി ബൈര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, റഷീദ് ഖാന്‍, മുഹമ്മദ് നബി എന്നിവരാണ് നാല് വിദേശ താരങ്ങളായി എസ്ആര്‍എച്ച് നിരയില്‍ കളിച്ചത്.

കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത കെയിന്‍ വില്യംസണ്‍ ടീമില്‍ കളിക്കുമെന്നാണ് കരുതിയതെങ്കിലും താരത്തിന് സ്ഥാനം ലഭിക്കാതിരുന്നതിന് കാരണം സണ്‍റൈസേഴ്സ് കോച്ച് ട്രെവര്‍ ബെയിലിസ്സ് വ്യക്തമാക്കുകയായിരുന്നു.

കെയിന്‍ വില്യംസണ് മാച്ച് ഫിറ്റാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടി വരുമെന്നാണ് ബെയിലിസ്സ് പറഞ്ഞത്. താരത്തിന് നെറ്റ്സില്‍ കുറച്ച് സമയം കൂടി വേണമെന്നും ട്രെവര്‍ പറഞ്ഞു. ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം താരം കളിക്കുവാന്‍ സാധ്യതയുണ്ടായിരുന്നുവെങ്കിലും ബൈര്‍സ്റ്റോയുടെ ഇന്ത്യയിലെ വൈറ്റ് – ബോള്‍ ക്രിക്കറ്റിലെ ഫോം പരിഗണിച്ച് താരത്തിന് അവസരം നല്‍കുകയായിരുന്നുവെന്നും ബെയിലിസ്സ് പറഞ്ഞു.

ബൈര്‍സ്റ്റോ നാലാം നമ്പറില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും ടീമിന് മത്സരത്തില്‍ വിജയം നേടുവാന്‍ സാധിച്ചിരുന്നില്ല. ഇനിയുള്ള മത്സരങ്ങളില്‍ കെയിന്‍ വില്യംസണ്‍ ഫിറ്റായാല്‍ ബൈര്‍സ്റ്റോയെ ഓപ്പണിംഗില്‍ പരീക്ഷിക്കുവാനും സാധ്യതയുണ്ടെന്ന് ബെയിലിസ്സ് വ്യക്തമാക്കി.

Exit mobile version