ജോഫ്ര ആര്‍ച്ചറുടെ ഭീഷണി ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പുത്തനുണര്‍വ്

ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കുവാന്‍ തയ്യാറായി എത്തുമ്പോള്‍ തങ്ങളുടെ അവസരങ്ങള്‍ നഷ്ടമാകുമോ എന്ന ഭയം ഇംഗ്ലണ്ടിന്റെ ബൗളര്‍മാരെ വര്‍ദ്ധിച്ച വീര്യത്തോടെ പന്തെറിയുവാന്‍ സഹായിക്കുന്നുണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. ലോകകപ്പില്‍ താരം കളിക്കുമോ എന്നതിനെക്കുറിച്ച് പറഞ്ഞില്ലെങ്കിലും ഉടന്‍ താരം ഇംഗ്ലണ്ടിനു വേണ്ടി കളിക്കുമെന്ന് നേരത്തെ തന്നെ ബെയിലിസ്സ് സൂചിപ്പിച്ചിരുന്നു.

വരുന്ന ഞായറാഴ്ചയോടെ താരത്തിനു ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാനുള്ള അര്‍ഹത ലഭിയ്ക്കും. ഏപ്രില്‍ 23നാണ് ഇംഗ്ലണ്ടിന്റ് പ്രാഥമിക സംഘത്തിനെ നിശ്ചയിക്കേണ്ട അവസാന തീയ്യതി. അതിനു മുമ്പ് പാക്കിസ്ഥാന്‍ അയര്‍ലണ്ട് ഏകദിന മത്സരങ്ങളില്‍ താരത്തിനു അവസരം നല്‍കുമെന്ന് ബെയിലിസ്സ് നേരത്തെ പറഞ്ഞിരുന്നു.

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുവാനുള്ള കഴിവാണ് ആര്‍ച്ചറെ ഏവരുടെയും ശ്രദ്ധ കേന്ദ്രമാക്കി മാറ്റുന്നത്. ഇംഗ്ലണ്ടിന്റെ ടി20 വിജയത്തില്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ചാണ് ബെയിലിസ്സ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. നിലവിലെ ബൗളര്‍മാര്‍ക്ക് ജോഫ്രയെത്തിയാലുള്ള സ്ഥിതിയെക്കുറിച്ച് വ്യക്തതയുള്ളതിനാല്‍ അവര്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുവാനുള്ള ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ട്രെവര്‍ ബെയിലിസ്സ് പറഞ്ഞു.

സമ്മര്‍ദ്ദത്തിലാകുമ്പോളാണ് നമ്മുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്ന കാര്യം കൂടുതല്‍ ശക്തമാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പുറത്തെടുത്തിരിക്കുന്നതെന്നും ഇംഗ്ലണ്ടിന്റെ മുഖ്യ കോച്ച് അഭിപ്രായപ്പെട്ടു. ഇത്തരം സൗഹൃദപരമായ മത്സരം ഇംഗ്ലണ്ടിനാണ് ഗുണം ചെയ്യുന്നതെന്നും ബെയിലിസ്സ് കൂട്ടിചേര്‍ത്തു.

Exit mobile version