സൂപ്പർ താരങ്ങളുടെ പരിക്കിനിടയിൽ ഇന്ന് ടോട്ടൻഹാം – ബാഴ്‌സലോണ പോരാട്ടം

സൂപ്പർ താരങ്ങളുടെ പരിക്കിനിടയിൽ ഇന്ന് ലണ്ടനിലെ വെംബ്ലിയിൽ ടോട്ടൻഹാം – ബാഴ്‌സലോണ പോരാട്ടം. തങ്ങളുടെ സീസണിൽ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇന്റർ മിലാനോട് തോറ്റ ടോട്ടൻഹാമിന് ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്റർ മിലാന് എതിരെ അവസാന നിമിഷം വഴങ്ങിയ ഗോളുകളാണ് അവർക്ക് തിരിച്ചടിയായത്.

ബാഴ്‌സലോണയാവട്ടെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി.എസ്.വിയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് വരുന്നത്. ലിയോണൽ മെസ്സിയുടെ ഹാട്രിക്കിലായിരുന്നു ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. എന്നാൽ ഈ മത്സരത്തിന് ശേഷം കളിച്ച മൂന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ ബാഴ്‌സലോണക്കായിരുന്നില്ല. ഒരു മത്സരം പരാജയപ്പെട്ടപ്പോൾ മറ്റു രണ്ടു മത്സരങ്ങൾ സമനിലയിലാവസാനിക്കുകയായിരുന്നു.

പരിക്ക് മൂലം അഞ്ചോളം താരങ്ങൾക്ക് ടോട്ടൻഹാം നിരയിൽ ഇന്നത്തെ മത്സരം നഷ്ടമാവും. എറിക്‌സൺ, ഡെംമ്പലെ, വെർട്ടോഗ്നൻ, ഡെലെ അലി, സെർജിയോ ഓറിയോർ എന്നിവർക്കാണ് പരിക്ക് മൂലം ഇന്നത്തെ മത്സരം നഷ്ടമാവുക. അതെ സമയം പരിക്ക് മാറി ഗോൾ കീപ്പർ ലോറിസ് തിരിച്ചു വരുന്നത് ടോട്ടൻഹാമിന്‌ ആശ്വാസം നൽകും.

ബാഴ്‌സലോണ നിരയിൽ സെർജിയോ റോബർട്ടോക്കും സാമുവൽ ഉംറ്റിറ്റിക്കും ഇന്നത്തെ മത്സരം നഷ്ട്ടമാകും. കഴിഞ്ഞ മത്സരത്തിൽ പി.എസ്.വി ഐന്തോവനെതിരെ ചുവപ്പ് കാർഡ് കണ്ടതാണ് ഉംറ്റിറ്റിക്ക് തിരിച്ചടിയായത്.

 

അലിക്ക് പരിക്ക്, നിർണായക മത്സരങ്ങൾ നഷ്ടമാകും

സ്പർസ് മിഡ്ഫീൽഡർ ഡലെ അലിക്ക് പരിക്ക്. ഹാം സ്ട്രിംഗ് പരിക്കുള്ള താരത്തിന് ഇതോടെ നിർണായക മത്സരങ്ങൾ നഷ്ടമാകും. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് എതിരെയുള്ള മത്സരവും താരത്തിന് നഷ്ടമാകും എന്ന് ഉറപ്പായി.

ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ താരത്തിന് ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാന് എതിരായ മത്സരവും ലീഗിൽ ലിവർപൂളിന് എതിരായ മത്സരവും നേരത്തെ തന്നെ നഷ്ടമായിരുന്നു. പക്ഷെ ലീഗ് കപ്പിൽ വാട്ട്ഫോഡിന് എതിരെ താരം ഇറങ്ങിയെങ്കിലും വീണ്ടും പരിക്ക് പിടികൂടുകയായിരുന്നു.

കെയ്നിന് ആശ്വാസ ഗോൾ, സ്പർസിന് ജയം

തുടർച്ചയായ തോൽവികൾക്ക് ശേഷം ടോട്ടൻഹാമിന് പ്രീമിയർ ലീഗിൽ ആശ്വാസ ജയം. ബ്രയിട്ടൻ ഹോവ് ആൽബിയനെ 1-2 നാണ് അവർ മറികടന്നത്. ജയത്തോടെ 12 പോയിന്റുമായി സ്പർസ് അഞ്ചാം സ്ഥാനത്താണ്. 5 പോയിന്റുള്ള ബ്രയിട്ടൻ 13 ആം സ്ഥാനത്തും.

ടോട്ടൻഹാം ആക്രമണത്തെ ആദ്യപകുതിയുടെ മിക്ക സമയത്തും തടുത്ത ബ്രയിട്ടൻ നിർഭാഗ്യത്തിലാണ് ഗോൾ വഴങ്ങിയത്. ട്രിപ്പിയറിന്റെ പവർ ഷോട്ട് ഫ്രീ കിക്ക് മറി ബോക്സിൽ കൈകൊണ്ട് തടുത്തതിന് 42 ആം മിനുട്ടിൽ റഫറി സ്പർസിന് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത കെയ്ൻ പിഴവ് കൂടാതെ പന്ത് വലയിലാക്കി.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ബ്രയിട്ടൻ തുടർച്ചയായി ശ്രമിച്ചതോടെ സ്പർസ് പ്രതിരോധം പലപ്പോഴും പാളിയെങ്കിലും ബ്രയിട്ടന്റെ മോശം ഫിനിഷിങ് സ്പർസിന് രക്ഷയായി. 76 ആം മിനുട്ടിൽ ലമേലയിലൂടെ സ്പർസ് ജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടിൽ നോക്കാർട്ടിലൂടെ ബ്രയിട്ടൻ ഒരു ഗോൾ മടക്കിയപ്പോഴേക്ക് സമയം ഏറെ വൈകിയിരുന്നു.

സ്റ്റേഡിയം വൈകും, ടോട്ടൻഹാം – ലിവർപൂൾ മത്സരം വെംബ്ലിയിൽ തന്നെ

പുതിയ സ്റ്റേഡിയത്തിലേക്ക് ഉടൻ മാറാമെന്ന ടോട്ടൻഹാമിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി. നേരത്തെ പ്രഖ്യാപിച്ച പ്രകാരം സെപ്റ്റംബർ 15ന് നടക്കേണ്ട ടോട്ടൻഹാം – ലിവർപൂൾ പോരാട്ടമായിരുന്നു പുതിയ സ്റ്റേഡിയത്തിലെ ആദ്യ മത്സരം. എന്നാൽ സ്റ്റേഡിയത്തിന്റെ സുരക്ഷിതത്വവുമായ ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണം സ്റ്റേഡിയത്തിലെ ആദ്യ മത്സരം വൈകുമെന്ന് ടോട്ടൻഹാം വ്യക്തമാക്കി.

പ്രീമിയർ ലീഗിൽ സെപ്റ്റംബർ 15ന് നടക്കേണ്ടിയിരുന്ന ലിവർപൂളിനെതിരായ മത്സരവും ഒക്ടോബർ 6ന് നടക്കേണ്ട കാർഡിഫ് സിറ്റിക്കെതിരായ മത്സരവുമാണ് വെംബ്ലിയിൽ വെച് നടക്കുക. ടോട്ടൻഹാമിന്റെ പുതിയ ഗ്രൗണ്ടിൽ നടക്കേണ്ടിയിരുന്ന എൻ.എഫ്.എൽ( അമേരിക്കൻ ഫുട്ബോൾ ലീഗ് ) മത്സരവും വെംബ്ലിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒക്ടോബർ 28ന് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരവും മാറ്റിവെക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

ഈ ആഴ്ച നടക്കുന്ന ഫുൾഹാമിന്‌ എതിരായ മത്സരം മാത്രമാണ് വെംബ്ലിയിൽ നടക്കുക എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടോട്ടൻഹാമിന്റെ തിരിച്ചുവരവും മറികടന്ന് ബാഴ്‌സലോണക്ക് ജയം

പൊരുതി നിന്ന ടോട്ടൻഹാമിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ച് ബാഴ്‌സലോണ തങ്ങളുടെ പ്രീ സീസൺ വിജയത്തോടെ തുടങ്ങി. ഒരു വേളയിൽ ടോട്ടൻഹാമിന്റെ മികച്ച തിരിച്ചുവരവ് കണ്ട മത്സരത്തിൽ പെനാൽറ്റിയിൽ 5-3നാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ മത്സരം പൂർണമായി നിയന്ത്രിച്ച ബാഴ്‌സലോണ ആദ്യ പകുതി അവസാനിക്കുമ്പോൾ 2-0 മുൻപിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടോട്ടൻഹാം രണ്ടു ഗോൾ തിരിച്ചടിക്കുകയും മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ്  ബാഴ്‌സലോണ രണ്ടു ഗോളുകൾ നേടിയത്. മുനീർ എൽ ഹദ്ദാദിയും ഈ സീസണിൽ ബാഴ്‌സലോണയിലെത്തിയ ആർതറുമാണ് ബാഴ്‌സലോണയുടെ ഗോളുകൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ടോട്ടൻഹാം രണ്ടു മിനിറ്റിനിടെ രണ്ടു ഗോളടിച്ച് ബാഴ്‌സലോണയെ ഞെട്ടിച്ചു. സോണും കൗഡൗവുമാണ് ഗോളുകൾ നേടിയത്.

തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആന്റണി ജോർജിയോയുടെ പെനാൽറ്റി ഗോൾ കീപ്പർ സില്ലേസൺ രക്ഷപെടുത്തുകയുമായിരുന്നു. അവസാന പെനാൽറ്റി കിക്ക്‌ എടുത്ത മാൽകം ഗോൾ നേടിയതോടെ ബാഴ്‌സലോണ വിജയമുറപ്പിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version