ശാന്തം അചാന്ത, ശരത് കമാൽ ഫൈനലില്‍

കോമൺവെൽത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ അചാന്ത ശരത് കമാൽ. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിംഗ്ഹാളിനെ 4-2 എന്ന സ്കോറിനാണ് ശരത് കമാൽ പരാജയപ്പെടുത്തിയത്. ഫൈനലില്‍ സത്യന്‍ ജ്ഞാനശേഖരന്‍ – ലിയാം പിച്ച്ഫോര്‍ഡ് മത്സരത്തിലെ വിജയികളെയാണ് ശരത് നേരിടുക.

ആദ്യ രണ്ട് ഗെയിമിലും ശരത് മേൽക്കൈ നേടിയപ്പോള്‍ മൂന്നാം ഗെയിമിൽ ഇംഗ്ലണ്ട് താരം വിജയം കണ്ടു. നാലാം ഗെയിമിൽ ശരത് ജയിച്ചപ്പോള്‍ അഞ്ചാം ഗെയിമിൽ 4-8ന് പിന്നിലായിരുന്ന ശരത് 7-8 എന്ന രീതിയിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ഗെയിം 11-9ന് വിജയിച്ച് പോള്‍ ഡ്രിംഗ്ഹാള്‍ മത്സരത്തിൽ തന്റെ സാധ്യത നിലനിര്‍ത്തി.

6ാം ഗെയിമിൽ 5-0 ന് ശരത് കമാൽ മുന്നിലെത്തിയെങ്കിലും പോള്‍ മൂന്ന് പോയിന്റ് നേടി ലീഡ് കുറച്ചു. ഇന്ത്യന്‍ താരം തന്റെ ടൈം ഔട്ട് എടുത്ത ശേഷം മത്സരത്തിൽ വീണ്ടും ട്രാക്കിലായി

11-8, 11-8, 8-11, 11-7, 9-11, 11-8

ഗോള്‍ഡ് കോസ്റ്റിന്റെ തനിയാവര്‍ത്തനം!!! ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് വെള്ളി മാത്രം

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. ഇന്ത്യയുടെ ശരത് കമാൽ – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട് 2-3 എന്ന സ്കോറിന് ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിംഗഹാള്‍ – ലിയാം പിച്ച്ഫോര്‍ഡ് കൂട്ടുകെട്ടിനോട് പരാജയപ്പെടുകയായിരുന്നു.

നിലവിലെ ചാമ്പ്യന്മാരായിരുന്നു ലിയാം പിച്ച്ഫോര്‍ഡ് – പോള്‍ ഡ്രിംഗ്ഹാള്‍ . 2018 ഗോള്‍ഡ്കോസ്റ്റിൽ ഫൈനലിൽ ഈ ടീമുകള്‍ തന്നെ ഏറ്റുമുട്ടിയപ്പോള്‍ വിജയം 3-2ന് ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

ആദ്യ ഗെയിം ഇന്ത്യന്‍ താരങ്ങള്‍ നേടിയപ്പോള്‍ അടുത്ത രണ്ട് ഗെയിമുകളിൽ ഇംഗ്ലണ്ട് കൂട്ടുകെട്ട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം ഗെയിമിൽ ഇന്ത്യയ്ക്ക് നിലയുറപ്പിക്കുവാന്‍ കൂടി സാധിച്ചില്ല. എന്നാൽ ശരത് – സത്യന്‍ കൂട്ടുകെട്ട് അടുത്ത ഗെയിം നേടി മത്സരം 2-2ന് ഒപ്പമെത്തിച്ചു.

നിര്‍ണ്ണായകമായ അഞ്ചാം ഗെയിമിൽ കോര്‍ട്ട് സ്വിച്ച് ചെയ്യുന്നത് വരെ ഇരു ടീമുകളും ഒപ്പമായിരുന്നുവെങ്കിലും പിന്നീട് ഒരു പോയിന്റ് പോലും നേടുവാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

സ്കോര്‍: 11-8, 8-11, 3-11, 11-7, 4-11

വെങ്കലമില്ലെങ്കിലും ശ്രീജയുടെ പ്രകടനത്തിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് വനിത സിംഗിള്‍സ് വെങ്കല മെഡൽ മത്സരത്തിൽ പൊരുതി വീണ് ഇന്ത്യയുടെ ശ്രീജ അകുല. സെമി ഫൈനലിലെ പോലെ 3-4 എന്ന സ്കോറിനാണ് ശ്രീജ പൊരുതി വീണത്.

ഓസ്ട്രേലിയയുടെ യാംഗ്സി ലിയുവിനോട് 11-3, 6-11, 2-11, 11-7, 13-15, 11-9, 7-11 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പിന്നിൽ പോയത്. തന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ തന്നെ താരം ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്.

മിക്സഡ് ഡബിള്‍സിൽ ശരത് കമാലുമായി ശ്രീജ ഫൈനലിന് ഇന്ന് ഇറങ്ങുന്നുണ്ട്.

ഫെംഗ് ടിയാന്‍വേയോട് പൊരുതി വീണ് ശ്രീജ

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് വനിതകളുടെ സിംഗിള്‍സ് സെമിയിൽ പൊരുതി വീണ് ശ്രീജ അകുല. സിംഗപ്പൂരിന്റെ ടിയാന്‍വേയ് ഫെംഗിനോട് 3-4 എന്ന സ്കോറിനാണ് ശ്രീജയുടെ പരാജയം.

നിലവിൽ ലോക റാങ്കിംഗിൽ 9ാം സ്ഥാനത്താണ് ഫെംഗ്. 2010ൽ തന്റെ ഏറ്റവും മികച്ച റാങ്കായ രണ്ടാം റാങ്കിലേക്ക് താരം എത്തിയിരുന്നു. അവസാന ഗെയിമിൽ ഇന്ത്യന്‍ താരം 10-12ന് ആണ് പിന്നിൽ പോയത്.

സ്കോര്‍: 6-11, 11-8, 11-6, 9-11, 8-11, 10-12.

സത്യനും ശരത്തും ക്വാര്‍ട്ടറിൽ, മണികയ്ക്ക് തോൽവി

ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ശരത് കമാലും സത്യന്‍ ജ്ഞാനശേഖരനും. ഇരുവരും തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരം 4-2 എന്ന സ്കോറിനാണ് വിജയിച്ചത്. അതേ സമയം ഇന്ത്യയുടെ വനിത താരം മണിക ബത്രയ്ക്ക് തോൽവിയായിരുന്നു ഫലം.

താരം ക്വാര്‍ട്ടര്‍ ഫൈനലില്‍ സിംഗപ്പൂരിന്റെ തന്നെക്കാള്‍ കുറഞ്ഞ റാങ്കിലുള്ള സെംഗ് ജിയാനോട് 0-4 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഇന്നലെ മിക്സഡ് ഡബിള്‍സിലും ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള സത്യന്‍ – മണിക കൂട്ടുകെട്ട് മലേഷ്യയുടെ അത്ര പേര് കേള്‍ക്കാത്ത കൂട്ടുകെട്ടിനോട് ക്വാര്‍ട്ടറിൽ പരാജയം ഏറ്റു വാങ്ങിയിരുന്നു.

ആദ്യ കോമൺവെൽത്ത് ഗെയിംസിൽ സെമിയിലെത്തി ശ്രീജ അകുല

ഇന്ത്യയുടെ ദേശീയ ചാമ്പ്യന്‍ ശ്രീജ അകുല കോമൺവെൽത്ത് ഗെയിംസ് വനിത ടേബിള്‍ ടെന്നീസിന്റെ സെമി ഫൈനലില്‍ കടന്നു. കാനഡയുടെ മോ ഷാംഗിനെയാണ് ശ്രീജ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ പരാജയപ്പെടുത്തിയത്.

1-3ന് മത്സരത്തിൽ പിന്നിൽ പോയ ശേഷം അവസാന മൂന്ന് ഗെയിമും വിജയിച്ചാണ് ശ്രീജ മത്സരത്തിലേക്ക് തിരികെ എത്തിയത്. 4-3 എന്ന സ്കോറിന് ആവേശകരമായ മത്സരത്തിനൊടുവിലാണ് താരത്തിന്റെ വിജയം. 9-11, 11-4, 6-11, 9-11, 11-5, 11-4, 11-8.

അവിശ്വസനീയ തിരിച്ചുവരവുമായി ശ്രീജ, രക്ഷിച്ചത് 3 മാച്ച് പോയിന്റുകള്‍, ടേബിള്‍ ടെന്നീസിൽ ഇന്ത്യ മുന്നേറുന്നു

വനിതകളുടെ ടേബിള്‍ ടെന്നീസിൽ അവിശ്വസീനയ തിരിച്ചുവരവുമായി ഇന്ത്യയുടെ ശ്രീജ അകുല. 1-3ന് പിന്നിലായിരുന്ന മത്സരത്തിൽ താരം 3 മാച്ച് പോയിന്റുകള്‍ രക്ഷിച്ച് മത്സരത്തിലേക്ക് തിരികെ വന്ന് 4-3ന് വെയിൽസ് താരം ചാര്‍ലട്ട് കാറേയ്ക്കെതിരെ വിജയം നേടുകയായിരുന്നു. നിര്‍ണ്ണായകമായ ഏഴാം ഗെയിമിലും താരം 4-7, 7-9 എന്നിങ്ങനെ പിന്നിലായിരുന്നുവെങ്കിലും 12-10ന് വിജയം കുറിച്ചു.

അതേ സമയം വനിത ഡബിള്‍സിൽ മണിക ബത്ര – ദിയ ചടാലേ കൂട്ടുകെട്ട് പ്രീ ക്വാര്‍ട്ടറിൽ കടന്നു. പുരുഷ ഡബിള്‍സിൽ ഹര്‍മീത് ദേശായി – സനിൽ ഷെട്ടി, ,ശരത് – സത്യന്‍ കൂട്ടുകെട്ടുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലും പ്രവേശിച്ചു. മിക്സഡ് ഡബിള്‍സിൽ ശരത് കമാൽ – ശ്രീജ അകുല കൂട്ടുകെട്ടും ക്വാര്‍ട്ടറിൽ കടന്നു.

പുരുഷ സിംഗിള്‍സിൽ ശരത് കമാല്‍ പ്രീക്വാര്‍ട്ടറിലും വനിത സിംഗിള്‍സിൽ മണിക ബത്ര ക്വാര്‍ട്ടറിലും കടന്നു.

സത്യന്‍ – മണിക കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറിലേക്ക്, സനിൽ ഷെട്ടി – റീഥ് ടെന്നിസൺ കൂട്ടുകെട്ടിന് തോൽവി

കോമൺവെൽത്തിലെ ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിൽ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. സത്യന്‍ ജ്ഞാനശേഖരന്‍ – മണിക ബത്ര കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ മറ്റൊരു ജോഡിയായ സനിൽ ഷെട്ടി – റീഥ് ടെന്നിസൺ കൂട്ടുകെട്ട് ആദ്യ റൗണ്ടിൽ പുറത്താകുകയായിരുന്നു.

സത്യന്‍ – മണിക കൂട്ടുകെട്ട് 3-0 എന്ന നിലയിൽ തങ്ങളുടെ രണ്ടാം റൗണ്ട് മത്സരം വിജയിക്കുകയായിരുന്നു. ഈ കൂട്ടുകെട്ടിന് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. സനിൽ – റീഥ് കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോട് 2-3 എന്ന സ്കോറിനാണ് കീഴടങ്ങിയത്.

ഇത്തവണയും ചാമ്പ്യന്മാര്‍!!! ടേബിള്‍ ടെന്നീസിൽ സിംഗപ്പൂരിനെ വീഴ്ത്തി ഇന്ത്യന്‍ പുരുഷ ടീമിന് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിള്‍ ടെന്നീസ് ടീം ഇവന്റിൽ ചാമ്പ്യന്മാരായി ഇന്ത്യ. സിംഗപ്പൂരിനെ 3-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് ഇന്ത്യ.

ഡബിള്‍സിൽ ഇന്ത്യ 3-0ന് വിജയം കുറിച്ചപ്പോള്‍ ആദ്യ സിംഗിള്‍സിൽ ഇന്ത്യയുടെ ശരത് കമാലിന് തോൽവിയായിരുന്നു ഫലം. സിംഗപ്പൂരിന്റെ ക്ലാരന്‍സ് ച്യു 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ എക്കാലത്തയും മികച്ച താരത്തിലൊരാളായ ശരതിനെ പരാജയപ്പെടുത്തിയത്.

മൂന്നാം മത്സരത്തിൽ സത്യന്‍ ജ്ഞാനശേഖരന്‍ 3-1 എന്ന സ്കോറിന് സിംഗപ്പൂര്‍ താരത്തെ കീഴടക്കി ഇന്ത്യയ്ക്ക് 2-1ന്റെ ലീഡ് നേടിക്കൊടുത്തു.

ശരത്തിനെ പരാജയപ്പെടുത്തി ച്യൂവിനെതിരെ തുടക്കം മുതൽ ആധിപത്യം പുലര്‍ത്തുവാന്‍ ഹര്‍മീത് ദേശായിയ്ക്ക് സാധിച്ചപ്പോള്‍ നാലാം മത്സരം ഇന്ത്യ 3-0ന് സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയുടെ പുരുഷ ടേബിള്‍ ടെന്നീസ് ടീം ഫൈനലില്‍

കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിള്‍ ടെന്നീസ് ടീം വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലില്‍. ലോക റാങ്കിംഗിൽ 15ാം നമ്പര്‍ താരമായ നൈജീരിയയുടെ ക്വാഡ്രി അരുണയെ ശരത് കമാൽ തോല്പിച്ചത് ഈ മത്സരത്തിലെ വലിയ നേട്ടം ആണ്. 3-1 എന്ന സ്കോറിനായിരുന്നു ശരത്തിന്റെ വിജയം.

ഇന്ത്യ 3-0 എന്ന സ്കോറിനാണ് വിജയം കരസ്ഥമാക്കിയത്. ആദ്യ മത്സരത്തിൽ ഡബിള്‍സിൽ ഹര്‍മീത് ദേശായി – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട് അനായാസ വിജയം നേടിയിരുന്നു. മൂന്നാം മത്സരമായ സിംഗിള്‍സിൽ സത്യന്‍ ജ്ഞാനശേഖരന്‍ 3-1ന് വിജയം കരസ്ഥമാക്കി.

ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് നിരാശ, മലേഷ്യയോട് ക്വാര്‍ട്ടറിൽ പരാജയം

വനിത വിഭാഗം ടേബിള്‍ ടെന്നീസ് ടീം വിഭാഗം മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. മലേഷ്യയോട് 2-3 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഡബിള്‍സിൽ പരാജയത്തോടെ തുടങ്ങിയ ഇന്ത്യയ്ക്കായി മണിക ബത്രയും ശ്രീജ ആകുലയും തങ്ങളുടെ ഓരോ സിംഗിള്‍സുകള്‍ ജയിച്ചുവെങ്കിലും റിവേഴ്സ് സിംഗിള്‍സിൽ മണിക പരാജയമേറ്റു വാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

അവസാന സിംഗിള്‍സിൽ റീത്ത് ടെന്നിസണ് വിജയം കണ്ടെത്താനാകാതെ പോയപ്പോള്‍ ഇന്ത്യ മത്സരം കൈവിട്ടു. റീത്ത് തന്റെ സിംഗിള്‍സിൽ 2-3 എന്ന സ്കോറിനാണ് തന്നെക്കാള്‍ വളരെ അധികം റാങ്ക് താഴെയുള്ള താരത്തോട് പരാജയപ്പെട്ടത്.

വനിത ടീം വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

ബാര്‍ബഡോസിനെ തകര്‍ത്ത് പുരുഷന്മാര്‍, ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് വനിതകള്‍, ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

കോമൺവെൽത്ത് ഗെയിംസിന്റെ ടേബിള്‍ ടെന്നീസിൽ വിജയത്തുടക്കവുമായി ഇന്ത്യന്‍ പുരുഷ – വനിത ടീമുകള്‍. ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെ 3-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ പുരുഷന്മാര്‍ ബാര്‍ബഡോസിനെയാണ് ഇതേ മാര്‍ജിനിൽ പരാജയപ്പെടുത്തിയത്.

വനിത ടീമിൽ മണിക ബത്രയും ശ്രീജ ആകുലയും സിംഗിള്‍സ് മത്സരത്തിനിറങ്ങിയപ്പോള്‍ റീത്ത് ടെന്നിസൺ – ശ്രീജ ആകുല ടീം ആണ് ഡബിള്‍സിൽ വിജയം കണ്ടത്. അടുത്ത മത്സരത്തിൽ ഫിജിയാണ് ഇന്ത്യയുടെ എതിരാളികള്‍.

പുരുഷന്മാരുടെ ടീമിൽ ഹര്‍മീത് ദേശായി – സത്യന്‍ ജ്ഞാനശേഖരന്‍ ടീം ആണ് ഡബിള്‍സിനെത്തിയത്. സത്യനും ശരത് കമാലും സിംഗിള്‍സ് മത്സരങ്ങളിൽ കളിച്ചു. സിംഗപ്പൂരിനെയാണ് ഇന്ത്യ അടുത്തതായി നേരിടുന്നത്.

Exit mobile version