വിക്രം സോളങ്കി സറേ കോച്ച്

സറേയുടെ പുതിയ കോച്ചായി വിക്രം സോളങ്കി. മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ഡി വെനൂടോയ്ക്ക് പകരം ആണ് ഇംഗ്ലണ്ട് മുന്‍ ബാറ്റ്സ്മാന്‍ വിക്രം സോളങ്കി ചുമതലയേല്‍ക്കുന്നത്. 2013ല്‍ സോളങ്കി സറേയില്‍ ചേര്‍ന്നത്. 2016ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കുന്നത് വരെ താരം കൗണ്ടിയ്ക്ക് വേണ്ടി കളിച്ചു.

സോളങ്കി ഇംഗ്ലണ്ടിനായി 51 ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സഹ പരിശീലകനായും ചുമതല വഹിച്ചിട്ടുണ്ട്.

സറേ മുഖ്യ കോച്ച് മൈക്കല്‍ ഡി വെനൂടോ ഇനി ക്ലബിനൊപ്പമില്ല

സറേയുടെ മുഖ്യ കോച്ച് മൈക്കല്‍ ഡി വെനൂടോ ക്ലബിലേക്ക് മടങ്ങിയെത്തില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് കൗണ്ടി ക്ലബ്. മുഖ്യ കോച്ചിന്റെ കരാര്‍ 2021 വരെയാണെങ്കിലും മൈക്കല്‍ ഇനി തിരികെ വരുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. നിലവില്‍ ടാസ്മാനിയയോടൊപ്പമുള്ള മൈക്കല്‍ ഇംഗ്ലീഷ് സീസണ്‍ അനിശ്ചിതമായി നീട്ടപ്പെട്ടതോടെയാണ് മടങ്ങി വരവെന്ന ചിന്ത ഉപേക്ഷിച്ചത്.

നാല് വര്‍ഷത്തെ കോച്ചിംഗ് ദൗത്യത്തില്‍ സറേയെ 16 വര്‍ഷത്തില്‍ ആദ്യമായി കൗണ്ടി ചാമ്പ്യന്മാരാക്കുവാന്‍ 2018ല്‍ മൈക്കളിന് സാധിച്ചു. സറേയിലെ സമയം താന്‍ ഏറെ ആസ്വദിച്ചതാണെന്നും ടീമിന് ഭാവിയിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനാകുമെന്നും മൈക്കല്‍ ഡി വെനൂടോ പറഞ്ഞു.

ദി ഹണ്ട്രെഡ് ഇപ്പോള്‍ ലാഭത്തിലാവില്ല, ടൂര്‍ണ്ണമെന്റ് മാറ്റുവാനുള്ളത് മികച്ച തീരുമാനം – സറേ ചീഫ് എക്സിക്യൂട്ടീവ്

ദി ഹണ്ട്രെഡ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചുവെങ്കിലും ബോര്‍ഡിന്റെ പല അംഗങ്ങള്‍ക്കും ഈ വര്‍ഷം നടത്തിയിരുന്നുവെങ്കിലും ടൂര്‍ണ്ണമെന്റ് ലാഭത്തിലാകുമായിരുന്നുവെന്ന ചിന്തയാണുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്നും ഇപ്പോള്‍ ഈ സാഹചര്യത്തില്‍ നടത്തിയാല്‍ ടൂര്‍ണ്ണമെന്റ് വലിയ നഷ്ടത്തിലേക്ക് വരുമെന്നും ടൂര്‍ണ്ണമെന്റ് മാറ്റുവാനുള്ള ബോര്‍ഡ് തീരുമാനം ഉചിതമാണെന്നും സറേ ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ഗൗള്‍ഡ് പറഞ്ഞു.

ഇസിബി ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസണ്‍ ആണ് കൊറോണയ്ക്ക് ഇടയിലും ദി ഹണ്ട്രെഡ് ലാഭത്തില്‍ നടത്താനാകും എന്ന് വാദിക്കുന്നവരില്‍ മുന്‍പില്‍. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോര്‍ഡിനെ സഹായിക്കുവാന്‍ ഈ ടൂര്‍ണ്ണമെന്റിനാകുമെന്നാണ് ടോം ഹാരിസണിന്റെ വാദം. 40 മില്യണ്‍ ഗ്രേറ്റ് ബ്രിട്ടന്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ടൂര്‍ണ്ണമെന്റിന് 51 മില്യണ്‍ വരുമാനം ഉണ്ടാക്കാനാകുമെന്നാണ് ഹാരിസണ്‍ പ്രതീക്ഷിക്കുന്നത്.

തനിക്ക് ഇംഗ്ലണ്ട് ബോര്‍ഡുമായി വാഗ്വാദത്തിന് താല്പര്യമില്ലെങ്കിലും ഇത്തരത്തില്‍ ഒരു ലാഭം ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉണ്ടാവില്ലെന്ന് ഗൗള്‍ഡ് വ്യക്തമാക്കി. ഇംഗ്ലണ്ട് കൗണ്ടികള്‍ക്ക് കൊടുക്കുവാനുള്ള പണവും ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തണമെന്നും എന്നാല്‍ മാത്രമേ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാകുകയുള്ളുവെന്നും സറേ ചീഫ് വ്യക്തമാക്കി.

ഷദബ് ഖാന്റെയും ഡാര്‍സി ഷോര്‍ട്ടിന്റെയും കരാറുകള്‍ റദ്ദാക്കി സറേ

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് കൗണ്ടി തങ്ങളുടെ വിദേശ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുലുകള്‍ തുടരുകയാണ്. ഇപ്പോള്‍ സറേ പുതുതായി രണ്ട് താരങ്ങളുടെ കരാറുകള്‍ കൂടി റദ്ദാക്കുകയാണന്ന് അറിയിച്ചു. പാക്കിസ്ഥാന്‍ താരം ഷദബ് ഖാന്റെയും ഓസ്ട്രേലിയന്‍ താരം ഡാര്‍സി ഷോര്‍ട്ടിന്റെയും കരാറുകളാണ് സറേ റദ്ദാക്കിയത്.

ടി20 ബ്ലാസ്റ്റ് നീട്ടി വെക്കുവാനുള്ള തീരുമാനം ഇംഗ്ലീഷ് ബോര്‍ഡ് കൈക്കൊണ്ടതോടെയാണ് കൗണ്ടി ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇരു താരങ്ങളുടെയും സമ്മതത്തോടെയാണ് ഈ നീക്കമെന്നും കൗണ്ടി വ്യക്തമാക്കി. ഈ താരങ്ങള്‍ ദി ഹണ്ട്രെഡിലും ടീമിനെ പ്രതിനിധീകരിക്കുവാനിരുന്നതായിരുന്നുവെങ്കില്‍ ടൂര്‍ണ്ണമെന്റ് അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.

നേരത്തെ സറേ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മൈക്കല്‍ നീസെറിന്റെ കരാര്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചിരുന്നു.

സറേയുടെ ആറ് താരങ്ങള്‍ സെല്‍ഫ് ഐസോലേഷനില്‍

സറേയുടെ ആറ് താരങ്ങള്‍ കൊറോണ ഭീതിയെത്തുടര്‍ന്ന് സെല്‍ഫ് ഐസലോഷനില്‍. ഇവര്‍ക്കാര്‍ക്കും തന്നെ നിലവില്‍ യാതൊരുവിധ ലക്ഷണങ്ങളുമില്ലെങ്കിലും ഇവരോട് ഈ ആഴ്ച വീട്ടില്‍ തന്നെ തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു. താരങ്ങളാരാണെന്ന് വെളിപ്പെടുത്തില്ലെന്നും സറേ വ്യക്തമാക്കി.

സറേയുടെ മറ്റു താരങ്ങള്‍ ജിമ്മിലും മറ്റു പരിശീലനങ്ങളിലും ഏര്‍പ്പെടുമെന്നാണ് അറിയുന്നത്. എന്നാല്‍ ക്ലബ് തങ്ങളുടെ ദുബായിയില്‍ നടക്കേണ്ടിയിരുന്ന പ്രീ-സീസണ്‍ ക്യാമ്പ് ഉപേക്ഷിച്ചിട്ടുണ്ട്.

കൊല്‍പക് കരാറില്‍ സറേയിലെത്തി ഹഷിം അംല

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ലോകകപ്പിന് ശേഷം വിരമിച്ച ഹഷിം അംല കൗണ്ടി കളിക്കാനായി സറേയിലേക്ക്. സറേയുമായി രണ്ട് വര്‍ഷത്തെ കൊല്‍പക് കരാര്‍ ആണ് താരം ഒപ്പിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ സഹതാരം മോണേ മോര്‍ക്കലിനൊപ്പം 2021 വരെ താരത്തിന് കളിക്കാനാകും. 2013-14 സീസണുകളില്‍ സറേയ്ക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് അംല.

349 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 18672 റണ്‍സാണ് അംല നേടിയിട്ടുള്ളത്. തന്റെ നല്ല സുഹൃത്തായ മോണേ മോര്‍ക്കലിനൊത്ത് കളിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അംല വ്യക്തമാക്കി.

റീസ് ടോപ്ലേയ്ക്ക് സറേയില്‍ രണ്ട് വര്‍ഷത്തെ പുതിയ കരാര്‍

റീസ് ടോപ്ലേയ്ക്ക് പുതിയ വൈറ്റ് ബോള്‍ കരാര്‍ നല്‍കി സറേ. രണ്ട് വര്‍ഷത്തെ കരാറാണ് 25 വയസ്സുകാരന്‍ ഇടം കൈയ്യന്‍ പേസര്‍ക്ക് ടീം നല്‍കിയിരിക്കുന്നത്. പരിക്ക് സ്ഥിരമായി അലട്ടിയിരുന്ന താരം സസ്സെക്സിലൂടെ കഴിഞ്ഞ സീസണിലാണ് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ടി20 ബ്ലാസ്റ്റില്‍ 11 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റാണ് താരം നേടിയത്. സൗത്ത് ഗ്രൂപ്പില്‍ സസ്സെക്സ് ഒന്നാമതായപ്പോള്‍ ടോപ്ലേയുടെ പ്രകടനവും നിര്‍ണ്ണായക ഘടകമായി മാറി.

എന്നാല്‍ സസ്സെക്സ് നല്‍കിയ പുതിയ കരാര്‍ താരം നിരസിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വേറെ കൗണ്ടികള്‍ താരത്തിനായി രംഗത്തെത്തിയെങ്കിലും സറേയ്ക്കൊപ്പം പോകുവാനാണ് റീസ് തീരുമാനിച്ചത്. ദി ഹണ്ട്രഡില്‍ ഓവല്‍ ആസ്ഥാനമായ ഓവല്‍ ഇന്‍വിന്‍സിബിസ് താരത്തെ സ്വന്തമാക്കിയിരുന്നു.

ടി20 ബ്ലാസ്റ്റിന് സറേയുടെ രണ്ടാമത്തെ വിദേശ താരമായി ഡാര്‍സി ഷോര്‍ട്ട്

ഷദബ് ഖാന് പിന്നാലെ സറേയുടെ രണ്ടാമത്തെ വിദേശ താരമായി വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ കളിക്കാനായി ഡാര്‍സി ഷോര്‍ട്ട് എത്തുന്നു. ഡര്‍ഹം താരമായ ഷോര്‍ട്ട് അവിടുത്തെ തന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് സറേയിലേക്ക് എത്തുന്നത്. ആരോണ്‍ ഫിഞ്ചിന് പകരക്കാരനായാണ് സറേയിലേക്ക് ഷോര്‍ട്ട് എത്തുന്നത്. ഡര്‍ഹത്തില്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് 483 റണ്‍സാണ് ഷോര്‍ട്ട് നേടിയത്.

ബിഗ് ബാഷില്‍ മികച്ച പ്രകടനമാണ് ഹോബര്‍ട്ട് ഹറികെയന്‍സിന് വേണ്ടി ഷോര്‍ട്ട് പുറത്തെടുത്തിട്ടുള്ളത്. രണ്ട് സീസണിലും റണ്‍ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ സമാനമായ പ്രകടനം ഐപിഎലില്‍ പുറത്തെടുക്കുവാന്‍ ഷോര്‍ട്ടിന് സാധിച്ചിരുന്നില്ല.

ടി20 ബ്ലാസ്റ്റിന് സറേയ്ക്കൊപ്പം ഷദബ് ഖാന്‍

2020 വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ സറേയ്ക്ക് വേണ്ടി കളിക്കുവാന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാനും എത്തുന്നു. 21 വയസ്സ് മാത്രമുള്ള താരത്തിന് 117 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടുവാനായിട്ടുണ്ട്. ഇന്ന് രണ്ട് താരങ്ങളെയാണ് സറേ പ്രഖ്യാപിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തെ താരമാണ് ഷദബ് ഖാന്‍. പാക്കിസ്ഥാനായി 2017ല്‍ അരങ്ങേറ്റം നടത്തിയ താരം 35 ടി20കളിലും 43 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

2019 ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 9 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗിന് പുറമെ ബിഗ് ബാഷിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും ശ്രദ്ധേയമായ പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്.

2020 സീസണില്‍ മൈക്കല്‍ നീസര്‍ സറേയ്ക്ക് വേണ്ടി കളിക്കും

2020 കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയുടെ വിദേശ താരമായി ഓസ്ട്രേലിയന്‍ പേസര്‍ മൈക്കല്‍ നീസര്‍ എത്തുന്നു. ഓസ്ട്രേലിയയുടെ ആഷസ് ടീമില്‍ അംഗമായിരുന്ന 29 വയസ്സുകാരന്‍ താരം രാജ്യത്തിനായി രണ്ട് ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഷെഫീല്‍ഡ് ഷീല്‍ഡിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്. സറേയില്‍ കളിക്കുവാനുള്ള അവസരം ആകാംക്ഷയോടെയാണ് താന്‍ ഉറ്റുനോക്കുന്നതെന്നും താരം പറഞ്ഞു.

2018ല്‍ സറേയ്ക്ക് കിരീടം നേടുവാനായെങ്കിലും ഈ വര്‍ഷം രണ്ട് വിജയം മാത്രമാണ് ടീമിന് നേടാനായത്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് മാത്രമാണ് ടീമിന് എത്തുവാന്‍ സാധിച്ചത്.

ഐപിഎലിലെ പ്രകടനത്തിനു ശേഷം താഹിര്‍ ഇനി ടി20 ബ്ലാസ്റ്റിലേക്ക്

ഐപിഎലിലെ പര്‍പ്പിള്‍ ക്യാപ് ഉടമ കൂടിയായ ഇമ്രാന്‍ താഹിര്‍ വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ സറേയ്ക്ക് വേണ്ടി കളിയ്ക്കും. ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നറുമായി കരാറിലെത്തിയത് ക്ലബ് ഇന്നാണ് അറിയിച്ചത്. ടീമിലെ രണ്ടാമത്തെ വിദേശ താരമായാണ് താഹിര്‍ എത്തുന്നത്. ഫിഞ്ച് ആണ് ടീം കരാറിലെത്തിയ മറ്റൊരു വിദേശ താരം.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ടീമിലംഗമായ ഇമ്രാന്‍ താഹിര്‍ ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നിന്ന് വിരമിയ്ക്കുവാന്‍ ഇരിയ്ക്കുകയാണ്. ഇതിനാല്‍ തന്നെ സീസണ്‍ മുഴുവന്‍ സറേയ്ക്കായി താരം കളിയ്ക്കാനുണ്ടാകും. ജൂലൈ 19നു എസ്സെക്സുമായാണ് സറേയുടെ ആദ്യ മത്സരം. സറേയുടെ 14 ഗ്രൂപ്പ് ഘട്ട മത്സരത്തിലും താരം കളിയ്ക്കുമെന്നത് ഉറപ്പാണെങ്കിലും നോക്ക്ഔട്ട് ഘട്ടത്തില്‍ താരം കളിയ്ക്കുമോ എന്നതില്‍ ഉറപ്പില്ല.

ഐപിഎലില്‍ 26 വിക്കറ്റുകളുമായി ഇമ്രാന്‍ താഹിര്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കുകയായിരുന്നു.

സറേയ്ക്കെതിരെ എംസിസിയെ സ്റ്റുവര്‍ട് ബ്രോഡ് നയിക്കും

വാര്‍ഷിക ചാമ്പ്യന്‍ കൗണ്ടി മാച്ചില്‍ സറേയ്ക്കെതിരെ എംസിസിയെ സ്റ്റുവര്‍ട് ബ്രോഡ് നയിക്കും. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിക്കുന്ന താരമാണ് സ്റ്റുവര്‍ട് ബ്രോഡ്. ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തിലുള്ള താരം ഏകദിന ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ എംസിസിയ്ക്ക് വേണ്ടി കളിക്കാനെത്തുമെന്ന് ഉറപ്പാണ്.

യുഎഇയില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കൗണ്ടി ചാമ്പ്യന്മാര്‍ തിരഞ്ഞെടുത്ത ഒരു ഇലവനുമായി കളിക്കുന്നൊരു ഫിക്സ്ച്ചര്‍ ആണ് വാര്‍ഷിക ചാമ്പ്യന്‍ കൗണ്ടി മാച്ച്. മത്സരം മാര്‍ച്ച് 24നു ദുബായിയില്‍ നടക്കും. ചതുര്‍ദിന മത്സരമായാണ് ഈ മത്സരം അരങ്ങേറുക. 2019 എംസിസി സ്ക്വാഡിനെ പതിയെ നാമനിര്‍ദ്ദേശം ചെയ്യുമെന്നാണ് അറിയുന്നത്.

Exit mobile version