ഗാബയിലേത് ആഷസിലെ വളരെ പ്രാധാന്യമുള്ള ടെസ്റ്റ് – സ്റ്റുവര്‍ട് ബ്രോഡ്

ആഷസ് പരമ്പരയില്‍ ഏറ്റവും നിര്‍ണ്ണായകമാണ് ഗാബയിലെ ആദ്യ ടെസ്റ്റെന്ന് പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. ഗാബയിലെ ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ പ്രകടനം ആഷസിന്റെ ഗതി നിര്‍ണ്ണയിക്കുമെന്നാണ് ബ്രോഡ് പറഞ്ഞത്.

നവംബര്‍ 8ന് ബ്രിസ്ബെയിനിലാണ് പരമ്പര ആരംഭിക്കുന്നത്. ഓസ്ട്രേലിയയുടെ കോട്ടയായി കണക്കാക്കിയ ഈ വേദി കഴി‍ഞ്ഞ ഡിസംബറിൽ ഇന്ത്യ ഓസ്ട്രേലിയയെ ഞെട്ടിച്ചതോടെ മൂന്ന് ദശാബ്ദക്കാലത്തെ റെക്കോര്‍ഡാണ് ഓസ്ട്രേലിയ കൈവിട്ടത്.

ഈ വേദിയിൽ ഓസ്ട്രേലിയയുടെ ആഷസ് റെക്കോര്‍ഡ് മികച്ചതായതിനാൽ തന്നെ അവിടെ നന്നായി തുടങ്ങിയാൽ ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ടീമിന് സാധിക്കുമെന്ന് സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കി.

മുന്‍ നിര പേസര്‍മാരുടെ അഭാവം ടീമിനെ തളര്‍ത്തില്ല – ജോണി ബൈര്‍സ്റ്റോ

മുന്‍ നിര പേസര്‍മാരായ സ്റ്റുവര്‍ട് ബ്രോഡ് ലോര്‍ഡ്സിൽ കളിക്കില്ലെന്നത് വ്യക്തമായതിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സൺ കളിക്കുന്നതും സംശയത്തിലായ സാഹചര്യത്തിൽ ഇവരുടെ അഭാവം വലിയ നഷ്ടമാണെങ്കിലും ടീമിന്റെ സന്തുലിതാവസ്ഥയെ അത് തകര്‍ക്കില്ലെന്ന് പറഞ്ഞ് ജോണി ബൈര്‍സ്റ്റോ.

ഇരുവരും തമ്മിൽ 1000ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ളതിനാൽ അവരുടെ അഭാവം വലിയ നഷ്ടമാണ്, എന്നാൽ രണ്ട് പുതിയ താരങ്ങള്‍ക്ക് അവിടെ അവസരം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അത് ഏറ്റെടുക്കുവാന്‍ കെല്പുള്ള താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ടെന്നും മുമ്പും കണ്ടിട്ടുള്ള കാര്യമാണെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി.

ജോഫ്ര ആര്‍ച്ചര്‍, ഒല്ലി സ്റ്റോൺ, ക്രിസ് വോക്സ് എന്നിവരും ഇംഗ്ലണ്ട് പേസര്‍മാരിൽ പരിക്കിന്റെ പിടിയിലാണ്. മാര്‍ക്ക് വുഡ്, സാഖിബ് മഹമ്മൂദ് എന്നിവര്‍ക്കാവും നറുക്ക് വീഴുക. എന്നാൽ ഈ സ്ഥിതി ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കില്ലെന്നാണ് ഇംഗ്ലണ്ട് താരം ബൈര്‍സ്റ്റോയുടെ അഭിപ്രായം.

പരിക്കുകളും അസുഖവുമെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണെന്നും തങ്ങളുടെ ടീമിന് അതിനെ അതിജീവിക്കുവാനുള്ള ശേഷിയുണ്ടെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി.

ബ്രോഡിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് സൂചന

സ്റ്റുവര്‍ട് ബ്രോഡ് ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് അറിയിച്ചതിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും ടെസ്റ്റിൽ കളിക്കുന്നത് സംശയത്തിലാണെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

ഇംഗ്ലണ്ടിന്റെ മുന്‍ നിര പേസര്‍മാരുടെ അഭാവം ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016ന് ശേഷം ഇത് ആദ്യമായാണ് രണ്ട് താരങ്ങളുമില്ലാതെ ഇംഗ്ലണ്ട് ഒരു ടെസ്റ്റിന് ഇറങ്ങുന്നത്. ഇതിന് മുമ്പ് സമാനമായ സാഹചര്യം 2007ലാണ് ഉണ്ടായത്.

ഇരു താരങ്ങളുമില്ലാത്തതിനാൽ ലങ്കാഷയറിന്റെ പേസര്‍ സാഖിബ് മഹമ്മൂദിനെ ഇംഗ്ലണ്ട് സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിന് തിരിച്ചടിയായി സ്റ്റുവര്‍ട് ബ്രോഡിന്റെ പരിക്ക്, താരം ലോര്‍ഡ്സിൽ കളിക്കുന്നതിനെക്കുറിച്ച് ഇന്ന് തീരുമാനം ഉണ്ടാകും

ലോര്‍ഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് നിരയിൽ സ്റ്റുവര്‍ട് ബ്രോഡ് കളിച്ചേക്കില്ലെന്ന് സൂചന. താരത്തിന്റെ വലത് കാല്‍വണ്ണയിലെ പരിക്ക് കാരണം താരം രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്നാണ് അറിയുന്നത്. എന്നാൽ അന്തിമ തീരുമാനം ഇന്ന് നടത്തുന്ന സ്കാനുകള്‍ക്ക് ശേഷം മാത്രമാവും പുറത്ത് വിടുക.

ട്രെന്റ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റിൽ താരത്തിന് ഒരു വിക്കറ്റ് മാത്രമേ നേടാനായിരുന്നുള്ളു. എന്നാൽ ലോര്‍ഡ്സിൽ മികച്ച റെക്കോര്‍ഡുള്ള താരമാണ് സ്റ്റുവര്‍ട് ബ്രോഡ്. 95 ടെസ്റ്റ് വിക്കറ്റുകള്‍ താരം ലോര്‍ഡ്സിൽ മാത്രം നേടിയിട്ടുണ്ട്.

ബ്രോഡിന്റെ പരിക്ക് മോയിന്‍ അലിയ്ക്ക് ടീമിൽ ഇടം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടീമിൽ മാര്‍ക്ക് വുഡ് ആണ് റിസര്‍വ് താരമായി ഉള്ളത്. ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ്, ഒല്ലി സ്റ്റോൺ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ബെന്‍ സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് നീണ്ട ഇടവേളയെടുക്കുകയും ചെയ്തു.

ന്യൂസിലാണ്ട് 388 റൺസിന് പുറത്ത്, ലീഡ് 85 റൺസ്

എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 388 റൺസിൽ അവസാനിച്ചു. 85 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന് നേടാനായത്. അവസാന അഞ്ച് വിക്കറ്റുകള്‍ ലഞ്ചിന് ശേഷം ഇംഗ്ലണ്ട് വേഗത്തിൽ വീഴ്ത്തുകയായിരുന്നു. അവസാന വിക്കറ്റിൽ അജാസ് പട്ടേലും ട്രെന്റ് ബോള്‍ട്ടും 27 നിര്‍ണ്ണായക റൺസാണ് നേടിയത്.

അജാസ് പട്ടേൽ 20 റൺസ് നേടി അവസാന വിക്കറ്റായി വീണപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 12 റൺസുമായി പുറത്താകാതെ നിന്നു. ടോം ബ്ലണ്ടൽ(34), അജാസ് പട്ടേൽ എന്നിവരുടേത് ഉള്‍പ്പെടെ നാല് വിക്കറ്റ് സ്റ്റുവര്‍ട് ബ്രോഡ് നേടിയപ്പോൾ മാര്‍ക്ക് വുഡ്, ഒല്ലി സ്റ്റോൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അമ്പയറുടെ തീരുമാനത്തിനെതിരെ എതിര്‍പ്പ്, സ്റ്റുവര്‍ട് ബ്രോഡിന് വിലക്ക് വന്നേക്കും

അമ്പയറുടെ തീരുമാനത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡിനെതിരെ വിലക്ക് വരാന്‍ സാധ്യത. 24 മാസത്തെ കാലയളവിനുള്ളിൽ നാല് ഡീ മെറിറ്റ് പോയിന്റ് വരുന്ന താരത്തെ ഒരു അന്താരാഷ്ട്ര മത്സരത്തിൽ നിന്ന് വിലക്കാം എന്നാണ് പെരുമാറ്റചട്ട ലംഘനത്തിനുള്ള നടപടി.

സാക്ക് ക്രോളി ബ്രോഡിന്റെ പന്തിൽ ഡെവൺ കോൺവേയെ ക്യാച്ച് എടുത്ത തീരുമാനം അമ്പയര്‍ സോഫ്ട് സിഗ്നലിൽ നോട്ട് ഔട്ട് പറ‍‍ഞ്ഞതിനാൽ വിക്കറ്റ് നഷ്ടമായതോടെയാണ് ബ്രോഡ് പ്രതിഷേധിച്ചത്. 22 റൺസായിരുന്നു അപ്പോൾ കോൺവേയുടെ സംഭാവന.

നിലവിൽ താരത്തിന് രണ്ട് ഡീമെറിറ്റ് പോയിന്റാണുള്ളത്. താരത്തിന് ഈ സംഭത്തിൽ ഒരു പോയിന്റിൽ കൂടുതൽ ഡീമെറിറ്റ് പോയിന്റ് വന്നാൽ വിലക്ക് നേരിടേണ്ടി വരും.

ബ്രോഡിനൊപ്പം കളിച്ചത് ഗുണം ചെയ്യും – റോസ് ടെയിലർ

നോട്ടിംഗാംഷയറിൽ 2018ൽ സ്റ്റുവർട് ബ്രോഡിനൊപ്പം കളിച്ചത് താരത്തെ നേരിടുവാൻ സഹയാകിക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് സീനിയർ താരം റോസ് ടെയിലർ. തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ പത്ത് പ്രാവശ്യം സ്റ്റുവർട് ബ്രോഡ് പുറത്താക്കിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരെ 17 മത്സരങ്ങളിൽ നിന്ന് 1145 റൺസ് നേടിയിട്ടുള്ള റോസ് ടെയിലർ ആണ് അവർക്കെതിരെ ഏറ്റവും അധികം റൺസ് നേടിയിട്ടുള്ള ന്യൂസിലാണ്ട് താരം.

താൻ കൌണ്ടി കളിച്ചപ്പോൾ താരത്തെ സസൂക്ഷ്മം നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ബൌളർമാരുമായി സംസാരിച്ചതും പന്തെറിഞ്ഞതും താനുമായി പങ്കുവെച്ച കാര്യങ്ങളുമെല്ലാം തന്നെ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് റോസ് ടെയിലർ പറഞ്ഞു.

ബ്രോഡും ആൻഡേഴ്സണും ഡ്യൂക്ക് ബോളിൽ വളരെ അപകടകാരികളായ താരങ്ങളാണെന്നും ബ്രോഡ് തന്നെ പല വട്ടം പുറത്താക്കിയിട്ടുണ്ടെന്നതും താൻ മറ്ക്കുന്നില്ലെന്നും എന്നാൽ അന്ന് തനിക്ക് താരത്തിനെക്കുറിച്ച് ഇത്രയധികം വിവരം ഇല്ലായിരുന്നുവെന്നും റോസ് ടെയിലർ അഭിപ്രായപ്പെട്ടു.

ഗോളില്‍ ലങ്കാദഹനം നടത്തി ഇംഗ്ലണ്ട്, ഡൊമിനിക് ബെസ്സിന് അഞ്ച് വിക്കറ്റ്

ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം രണ്ടാം സെഷനില്‍ തന്നെ ഓള്‍ഔട്ട് ആയി ശ്രീലങ്ക. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം 46.1 ഓവറില്‍ 135 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഡൊമിനിക് ബെസ്സും സ്റ്റുവര്‍ട് ബ്രോഡും ചേര്‍ന്നാണ് ലങ്കയുടെ നടുവൊടിച്ചത്.

65/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് ആഞ്ചലോ മാത്യൂസിന്റെ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 27 റണ്‍സ് നേടിയ മാത്യൂസിനെ ബ്രോഡ് പുറത്താക്കുമ്പോള്‍ നാലാം വിക്കറ്റില്‍ ലങ്ക 56 റണ്‍സ് നേടിയിരുന്നു. രണ്ട് പന്തുകള്‍ക്ക് ശേഷം ദിനേശ് ചന്ദിമലിനെ ജാക്ക് ലീഷ് പുറത്താക്കുമ്പോള്‍ ലങ്കയുടെ പതനം ഉറപ്പാകുകയായിരുന്നു. 28 റണ്‍സാണ് ചന്ദിമല്‍ നേടിയത്.

പിന്നീട് മത്സരത്തില്‍ ഡൊമിനിക് ബെസ്സ് മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയപ്പോള്‍ ലങ്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ** റണ്‍സില്‍ അവസാനിപ്പിക്കുകയായിരുന്നു. ദസുന്‍ ഷനക(23), വനിന്‍ഡു ഹസരംഗ(19), നിരോഷന്‍ ഡിക്ക്വെല്ല(12) എന്നിവരാണ് രണ്ടാം സെഷനില്‍ ചെറുത്ത്നില്പിനായി ശ്രമിച്ചത്.

ഇംഗ്ലണ്ടിനായി ഡൊമിനിക് ബെസ്സ് നാലും സ്റ്റുവര്‍ട് ബ്രോഡ് മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ശ്രീലങ്കയുടെ രക്ഷയ്ക്കെത്തി സീനിയര്‍ താരങ്ങള്‍, ബ്രോഡിന് രണ്ട് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ ഗോള്‍ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ 25/3 എന്ന നിലയിലേക്ക് വീണ ടീമിനെ സീനിയര്‍ താരങ്ങളായ ദിനേശ് ചന്ദിമലും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 40 റണ്‍സ് കൂടി നേടി ലഞ്ചിന് പിരിയുമ്പോള്‍ 65/3 എന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്.

മാത്യൂസ് 17 റണ്‍സും ചന്ദിമല്‍ 22 റണ്‍സുമാണ് ആതിഥേയര്‍ക്കായി നേടിയത്. സ്റ്റുവര്‍ട് ബ്രോഡ് ഇംഗ്ലണ്ടിനായി 2 വിക്കറ്റും ഡൊമിനിക് ബെസ്സ് ഒരു വിക്കറ്റും നേടി. ലഹിരു തിരിമന്നേ(4), കുശല്‍ മെന്‍ഡിസ്(0), കുശല്‍ പെരേര(20) എന്നിവരുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്.

ഇംഗ്ലണ്ട് താരങ്ങള്‍ വേതനം കുറയ്ക്കുവാന്‍ തയ്യാര്‍ – സ്റ്റുവര്‍ട് ബ്രോഡ്

ഇപ്പോളത്തെ പ്രത്യേക സാഹചര്യത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളുടെ വേതനം വെട്ടിക്കുറയ്ക്കുവാന്‍ തയ്യാറാണെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ലോകവും ക്രിക്കറ്റ് ബോര്‍ഡുകളും കായിക രംഗവുമെല്ലാം കടന്ന് പോകുന്ന വിഷമസ്ഥിതിയെക്കുറിച്ച് കൃത്യമായ ബോധമുള്ളവരാണ് ഇംഗ്ലണ്ട് താരങ്ങള്‍ എന്നും 60ലധികം സ്റ്റാഫുകള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളുടെ വേതനത്തില്‍ ഉറച്ച് നില്‍ക്കുകയെന്നത് തെറ്റായ കാര്യമായിരിക്കുമെന്നും, അത് താരങ്ങള്‍ ഒരിക്കലും ചെയ്യുകയില്ലെന്നും ഇംഗ്ലണ്ട് ടെസ്റ്റ് പേസര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ട് അടുത്തിടെയാണ് തങ്ങളുടെ പുതിയ കരാറുകള്‍ താരങ്ങള്‍ക്ക് നല്‍കിയത്. കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പോലെ ആകില്ല ഈ വര്‍ഷത്തേതെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. പേ കട്ട് ഉണ്ടാകുമെന്ന് തനിക്കും മറ്റു താരങ്ങള്‍ക്കും വ്യക്തമായിട്ട് അറിയാമെന്നും ബ്രോഡ് വ്യക്തമാക്കി.

ഈ നീക്കത്തിനെക്കുറിച്ച് ഒരു താരവും പരാതി പറയുമെന്ന് താന്‍ കരുതുന്നുമില്ലെന്നും സ്റ്റുവര്‍ട് ബ്രോഡ് സൂചിപ്പിച്ചു. തങ്ങളെല്ലാം ഭാഗ്യം ചെയ്തവരാണെന്നും ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുവാന്‍ ഈ വിഷമസ്ഥിതിയിലും സാധിച്ചവരാണെന്നും അത് വഴി ക്രിക്കറ്റിനെ തന്നെ പിന്തുണയ്ക്കുവാനുള്ള അവസരം ലഭിച്ച താരങ്ങളാണ് തങ്ങളെന്നും സ്റ്റുവര്‍ട് ബ്രോഡ് അഭിപ്രായപ്പെട്ടു.

ആ ഒരു ബോള്‍ മിസ്സ് ആക്കിയതിന് നന്ദി, തെവാത്തിയയോട് യുവരാജ് സിംഗ്

ഷെല്‍ഡണ്‍ കോട്രെല്ലിനെ സിക്സറുകള്‍ പറത്തി രാഹുല്‍ തെവാത്തിയ രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും ആ ഓവറിലെ അഞ്ചാം പന്ത് താരത്തിന് അതിര്‍ത്തി കടത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ക്കെല്ലാം നിരാശയായിരുന്നു തോന്നിയതെങ്കില്‍ വേറെ ഒരാള്‍ മാത്രം അതില്‍ സന്തോഷിച്ചിരുന്നു.

ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട് ബോര്‍ഡിനെ ആറ് സിക്സര്‍ പറത്തിയ യുവരാജ് സിംഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തുവാനുള്ള അവസരമായിരുന്നു രാഹുല്‍ തെവാത്തിയയ്ക്ക് അഞ്ചാം പന്തിലെ അവസരം നഷ്ടമായപ്പോള്‍ കൈപ്പിടിയില്‍ നിന്ന് വഴുതി പോയത്. തമാശരൂപേണ രാഹുല്‍ തെവാത്തിയയ്ക്ക് ആ സിക്സ് നഷ്ടപ്പെടുത്തിയതിന് ട്വിറ്ററില്‍ നന്ദി കുറിയ്ക്കുവാനും യുവരാജ് സിംഗ് മറന്നില്ല.

ബാബര്‍ അസം ക്ലാസ്സ് ഉള്ള കളിക്കാരന്‍, അദ്ദേഹത്തെ പുറത്താക്കുവാന്‍ സാധിച്ചതില്‍ സന്തോഷം – സ്റ്റുവര്‍ട് ബ്രോഡ്

ബാബര്‍ അസമിനെ പുറത്താക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ബാബര്‍ ഒരു ക്ലാസ്സി പ്ലെയര്‍ ആണെന്നും അദ്ദേഹത്തെ സൗത്താംപ്ടണില്‍ പുറത്താക്കുവാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് ബ്രോഡ് അഭിപ്രായപ്പെട്ടു. 47 റണ്‍സാണ് ബാബര്‍ അസം നേടിയത്. 127 പന്തില്‍ നിന്ന് കരുതലോടെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയപ്പോളാണ് താരത്തിന് ബ്രോഡിന് വിക്കറ്റ് നല്‍കി മടങ്ങേണ്ടി വന്നത്.

രണ്ടര മണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച ബാബര്‍ നിലയുറപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഈ വിക്കറ്റ് ബ്രോഡ് നേടിയത്. അത് വളരെ വലിയ വിക്കറ്റാണെന്ന് ഇംഗ്ലണ്ട് ടീം മനസ്സിലാക്കുന്നുണ്ടായിരുന്നുവെന്നും ബ്രോഡ് വ്യക്തമാക്കി.

Exit mobile version