പാക്കിസ്ഥാന്‍ 236 റണ്‍സിന് ഓള്‍ഔട്ട്

മൂന്നാം ദിവസം പൂര്‍ണ്ണമായി നഷ്ടമായതിന് ശേഷം നാലാം ദിവസം കളി പുനരാരംഭിച്ച് ഏതാനും ഓവറുകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് അവസാനം. അവശേഷിച്ച ഒരു വിക്കറ്റ് സ്റ്റുവര്‍ട് ബ്രോഡ് വീഴ്ത്തിയതോടെയാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 236 റണ്‍സില്‍ അവസാനിച്ചത്. മുഹമ്മദ് റിസ്വാന്‍ 72 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായി.

91.2 ഓവറിലാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചത്. അവസാന രണ്ട് വിക്കറ്റ് കൂട്ടുകെട്ടില്‍ നിന്ന് റിസ്വാന്‍ 60 റണ്‍സാണ് നേടിയത്. മികച്ച തുടക്കം കിട്ടിയില്ലെങ്കിലും പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോറിലേക്ക് എത്താനായതിന് നന്ദി പറയേണ്ടത് മുഹമ്മദ് റിസ്വാനോടാണ്. ഒരു റണ്‍സുമായി നസീം ഷാ പുറത്താകാതെ നിന്നു.

ആബിദ് അലിയാണ്(60) ഇന്നിംഗ്സില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ബാബര്‍ അസം 47 റണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ടിനായി ബ്രോഡ് നാലും ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും വിക്കറ്റ് ആദ്യ ഇന്നിംഗ്സില്‍ നേടി.

അസഭ്യകരമായ സംസാരം, സ്റ്റുവര്‍ട് ബ്രോഡിന് പിഴ

മാഞ്ചസ്റ്ററിലെ പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ അസഭ്യം പറഞ്ഞതിന് സ്റ്റുവര്‍ട് ബ്രോഡിനെതിരെ പിഴ. 15 ശതമാനം മാച്ച് ഫീയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിന് മേല്‍ പിഴയായി ചുമത്തിയി്ടടുള്ളത്. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ 46ാം ഓവറിലാണ് സംഭവം നടക്കുന്നത്.

പാക് താരം യസീര്‍ ഷായെ പുറത്താക്കിയ ശേഷമാണ് സ്റ്റുവര്‍ട് ബ്രോഡ് അസഭ്യം പറഞ്ഞത്. 24 മാസ കാലയളവില്‍ താരത്തിന് ഇപ്പോള്‍ മൂന്ന് ഡീമെറിറ്റ് പോയിന്റാണുള്ളത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വാണ്ടറേഴ്സിലും ഇന്ത്യയ്ക്കെതിരെ ട്രെന്‍ഡ് ബ്രിഡ്ജിലും താരത്തിനെതിരെ ഡീമെറ്റിറ് പോയിന്റുകള്‍ നല്‍കിയിട്ടുണ്ട്.

മാച്ച റഫറിയും ബ്രോഡിന്റെ പിതാവായ ക്രിസ് ബ്രോഡിനോട് താരം കുറ്റങ്ങളെല്ലാം സമ്മതിച്ചതിനാല്‍ ഔദ്യോഗിക ഹിയറിംഗ് ഉണ്ടായിട്ടില്ല.

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തി സ്റ്റുവര്‍ട് ബ്രോഡ്, ബെന്‍ സ്റ്റോക്സ് ഒന്നാമത്

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്തി ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട് ബ്രോഡ്. ഇംഗ്ലണ്ടിന് വേണ്ടി പന്ത് കൊണ്ടും ബാറ്റ് കൊണ്ടും നിര്‍ണ്ണായക സംഭാവനകളാണ് താരം ക്രിക്കറ്റ് വീണ്ടും പുനരാരംഭിച്ചപ്പോള്‍ നടത്തി വരുന്നത്. 220 റേറ്റിംഗ് പോയിന്റുമായാണ് താരം ആദ്യ പത്തിലെത്തിയത്. ഒരു സ്ഥാനമാണ് താരം മെച്ചപ്പെടുത്തിയിട്ടുള്ളത്.

ഇംഗ്ലണ്ടിന്റെ തന്നെ ബെന്‍ സ്റ്റോക്സ് ആണ് പട്ടികയില്‍ ഒന്നാമത്. 464 പോയിന്റാണ് സ്റ്റോക്സിനുള്ളത്. രണ്ടാം സ്ഥാനത്ത് ജേസണ്‍ ഹോള്‍ഡറും(447) മൂന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജയുമാണ് (397) നിലകൊള്ളുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക്, രവീന്ദ്ര ജഡേജ, കോളിന്‍ ഡി ഗ്രാന്‍ഡോം, ക്രിസ് വോക്സ്, പാറ്റ്കമ്മിന്‍സ്, റോസ്ടണ്‍ ചേസ് എന്നിവരാണ് മറ്റു ആദ്യ പത്തിലെ സ്ഥാനക്കാര്‍.

മാഞ്ചസ്റ്ററിലെ ഓള്‍റൗണ്ട് മികവ് ക്രിസ് വോക്സിന് രണ്ട് സ്ഥാനം മെച്ചപ്പെടുത്തുവാന്‍ സഹായകരമായിട്ടുണ്ട്. വോക്സ് നിലവില്‍ 7ാം സ്ഥാനത്താണ്.

പാക്കിസ്ഥാന്‍ 169 റണ്‍സിന് പുറത്ത്, യസീര്‍ ഷാ ടോപ് സ്കോറര്‍, ഇംഗ്ലണ്ടിന് 277 റണ്‍സ് വിജയ ലക്ഷ്യം

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 277 റണ്‍സ് വിജയ ലക്ഷ്യം. ഇന്നലത്തെ സ്കോറായ 137/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 32 റണ്‍സ് കൂടിയാണ് നേടിയത്. യസീര്‍ ഷായുടെ അതിവേഗ സ്കോറിംഗ് ആണ് പാക്കിസ്ഥാനെ 276 റണ്‍സ് ലീഡിലേക്ക് നയിച്ചത്. ജോഫ്രയെയും സ്റ്റുവര്‍ട് ബ്രോഡിനെയും പലവട്ടം അതിര്‍ത്തി കടത്തിയ താരത്തിനെ ബ്രോഡ് ആണ് പുറത്താക്കിയത്.

24 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ യസീര്‍ ഷാ 5 ഫോറും ഒരു സിക്സുമാണ് നേടിയത്. യസീര്‍ ഷായാണ് ടീമിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. തൊട്ടടുത്ത ഓവറില്‍ നസീം ഷായെ ജോഫ്ര പുറത്താക്കിയതോടെ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 169 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് മൂന്നും ക്രിസ് വോക്സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടും വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

ലഞ്ചിന് ശേഷം യസീര്‍ ഷായുടെ പ്രഹരങ്ങളില്‍ തകര്‍ന്ന് ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ 107 റണ്‍സ് ലീഡ്

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 219 റണ്‍സിന് പുറത്ത്. ലഞ്ചിന് പോകുമ്പോള്‍ 159/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് യസീര്‍ ഷായുടെ പ്രഹരങ്ങള്‍ക്ക് മുന്നില്‍ തകരുകയായിരുന്നു. ജോസ് ബട്‍ലറെ ലഞ്ചിന് ശേഷം ഒരു റണ്‍സ് പോലും നേടുന്നതിന് മുമ്പ് പുറത്താക്കിയ യസീര്‍ ഷാ അധികം വൈകാതെ ഡൊമിനിക് ബെസ്സിനെയും പുറത്താക്കി. 38 റണ്‍സാണ് ബട്‍ലറുടെ സ്കോര്‍.

19 റണ്‍സ് നേടിയ ക്രിസ് വോക്സ് ആയിരുന്നു യസീര്‍ ഷായുടെ അടുത്ത ഇര. സ്കോര്‍ ബോര്‍ഡില്‍ 170 റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്. സ്റ്റുവര്‍ട് ബ്രോഡും ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 27 റണ്‍സ് നേടി മുന്നോട്ട് നീങ്ങുമ്പോള്‍ ഷദബ് ഖാന്‍ ജോഫ്രയെ പുറത്താക്കി.

16 റണ്‍സാണ് ജോഫ്ര ആര്‍ച്ചര്‍ നേടിയത്. അവസാന വിക്കറ്റായി ജെയിംസ് ആന്‍ഡേഴ്സണ്‍ വീണപ്പോള്‍ ഇംഗ്ലണ്ട് 219 റണ്‍സാണ് നേടയത്. ലഞ്ചിന് ശേഷം വീണ അഞ്ച് വിക്കറ്റുകളും നേടിയത് സ്പിന്നര്‍മാരായിരുന്നു. യസീര്‍ ഷാ മൂന്നും ഷദബ് ഖാന്‍ രണ്ടും വിക്കറ്റാണ് നേടിയത്. ബ്രോഡ് 29 റണ്‍സുമായി പുറത്താകാതെ നിന്നു.

ഷാന്‍ മസൂദിന്റെ പ്രതിരോധത്തെ ഭേദിച്ച് പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് അവസാനം കുറിച്ച് ബ്രോഡ്

ചായയ്ക്ക് പിരിയുമ്പോള്‍ ഉള്ള സ്കോറായ 312/8 എന്ന നിലയില്‍ നിന്ന് മത്സരം പുരോഗമിച്ച് ഏറെ കഴിയുന്നതിന് മുമ്പ് പാക്കിസ്ഥാനെ എറിഞ്ഞിട്ട് സ്റ്റുവര്‍ട് ബ്രോഡ്. പാക്കിസ്ഥാന്റെ നങ്കൂരമായിരുന്ന ഓപ്പണര്‍ ഷാന്‍ മസൂദിനെയും അവസാന വിക്കറ്റായി നസീം ഷായുടെ വിക്കറ്റും ബ്രോഡ് ആണ് വീഴ്ത്തിയത്. 9 റണ്‍സുമായി ഷഹീന്‍ അഫ്രീദി പുറത്താകാതെ നിന്നു. 326 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്.

ഷാന്‍ മസൂദ് 156 റണ്‍സ് നേടി ബ്രോഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ബ്രോഡും ആര്‍ച്ചറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്സിന് രണ്ട് വിക്കറ്റ് ലഭിച്ചു.

സൗത്താംപ്ടണില്‍ പുറത്തിരുത്തിയപ്പോള്‍ റിട്ടയര്‍മെന്റ് ചിന്തകളും സജീവമായിരുന്നു – സ്റ്റുവര്‍ട് ബ്രോഡ്

സൗത്താംപ്ടണില്‍ ഇംഗ്ലണ്ട് പിച്ച് പേസിനെ തുണയ്ക്കുന്നു എന്ന കാരണം പറഞ്ഞാണ് സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തിയത്. അത് താരത്തെ വളരെ അധികം സങ്കടത്തിലും ദേഷ്യത്തിലുമാക്കിയെന്ന് സ്റ്റുവര്‍ട് ബ്രോഡ് തന്നെ വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ പേസുള്ള ജോഫ്രയെയും മാര്‍ക്ക് വുഡിനെയും കളിപ്പിക്കുവാന്‍ വേണ്ടി തന്നെ പുറത്തിരുത്തിയപ്പോള്‍ ബ്രോഡിന് ടീമിലെ നഷ്ടമായത് എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ്.

കൊറോണ ആരംഭിച്ച് കളി തടസ്സപ്പെടുന്നതിന് മുമ്പുള്ള കാലം മികച്ച രീതിയില്‍ പന്തെറിയുകയായിരുന്ന തന്നെ പുറത്തിരുത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്നും അതിന് യാതൊരു ബോധമുള്ള ന്യായീകരണവും തനിക്ക് കാണാനായില്ലെന്നുമാണ് സ്റ്റുവര്‍ട് ബ്രോഡ് പറഞ്ഞത്. താന്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് അതിശക്തമായി തന്നെ ആലോചിക്കുകയും ചെയ്തിരുന്നുവെന്ന് സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കി.

താന്‍ അത്രയ്ക്ക് തകര്‍ന്നിരുന്നുവെന്നും അതിനാല്‍ തന്നെ റിട്ടയര്‍മെന്റിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് ബ്രോഡ് വ്യക്തമാക്കിയത്. പിന്നീടുള്ള രണ്ട് മത്സരങ്ങളിലും കളിച്ച താരം 16 വിക്കറ്റ് നേടി മാന്‍ ഓഫ് ദി സീരീസ് മാത്രമല്ല തന്റെ 500ാം വിക്കറ്റെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു.

തന്നെ ഒരു മത്സരത്തിലേക്ക് മാത്രമാണ് പുറത്തിരുത്തിയതെങ്കിലും തന്റെ മനസ്സ് അത് അംഗീകരിക്കുവാന്‍ തയ്യാറായിരുന്നില്ലെന്നും അതിനാല്‍ തന്നെ താന്‍ ഇതിന് മുമ്പെല്ലാം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ കടന്ന് പോയ ഒരു സാഹചര്യത്തിലൂടെയല്ല ഇത്തവണ പോയിരുന്നതെന്നും സ്റ്റോക്സ് തന്നോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തന്റെ ശരീരം നുറുങ്ങുന്ന തരത്തിലുള്ള വേദന തനിക്കുണ്ടായിരുന്നുവെന്നും സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കി.

ടെസ്റ്റ് റാങ്കിങ്ങിൽ മികച്ച മുന്നേറ്റവുമായി സ്റ്റുവർട്ട് ബ്രോഡ്

ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ മികച്ച മുന്നേറ്റം നടത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ സ്റ്റുവർട്ട് ബ്രോഡ് 7 സ്ഥാനങ്ങൾ കയറി മൂന്നാം സ്ഥാനത്ത് എത്തി.

നിലവിൽ 904 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് ആണ് ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.  843 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാൻഡ് ബൗളർ നീൽ വാഗ്നറാണ് രണ്ടാം സ്ഥാനത്ത്. 823 റേറ്റിംഗ് പോയിന്റുമായാണ് സ്റ്റുവർട്ട് ബ്രോഡ് മൂന്നാം സ്ഥാനത്ത് എത്തിയത്.

ബാറ്റ്സ്മാൻമാരുടെ ടെസ്റ്റ് പട്ടികയിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ആണ് ഒന്നാം സ്ഥാനത്ത്. ഓൾ റൗണ്ടർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ആണ് ഒന്നാം സ്ഥാനത്ത്.

കളിയിലെ താരമായി സ്റ്റുവര്‍ട് ബ്രോഡ്, പരമ്പരയിലെ താരം പദവി ബ്രോഡിനൊപ്പം പങ്കുവെച്ച് റോസ്ടണ്‍ ചേസ്

ആദ്യ ടെസ്റ്റില്‍ പിച്ചിന്റെ കാരണം പറഞ്ഞ് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഏറെ നിരാശനായിരുന്നു സ്റ്റുവര്‍ട് ബ്രോഡ്. തന്റെ നിരാശയും അരിശവും മറച്ച് വയ്ക്കാതെ തുറന്നടിയ്ക്കുകയായിരുന്നു ഇംഗ്ലണ്ട് സീനിയര്‍ താരം. എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ട് ടെസ്റ്റ് ഇലവനില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് യാതൊരുവിധ ന്യായീകരണവും ഇല്ലെന്നാണ് ബ്രോഡ് പറഞ്ഞത്.

ബ്രോഡിന്റെ അഭാവമാണോ കാരണമെന്ന് പറയാനാകില്ലെങ്കിലും ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് തോറ്റു. സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ ബ്രോഡിനെ പുറത്ത് ഇരുത്തുമെന്ന് ഇംഗ്ലണ്ട് കോച്ചും അന്നത്തെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും പറഞ്ഞുവെങ്കിലും ജോ റൂട്ട് മടങ്ങിയെത്തിയതോടെ ഇംഗ്ലണ്ട് ടീമിലേക്ക് സ്റ്റുവര്‍ട് ബ്രോഡ് തിരികെ എത്തി.

മാഞ്ചസ്റ്ററിലെ പിന്നീടുള്ള രണ്ട് ടെസ്റ്റും ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ അതില്‍ 16 വിക്കറ്റാണ് ബ്രോഡ് നേടിയത്. അവസാന ടെസ്റ്റില്‍ നിന്ന് പത്ത് വിക്കറ്റും താരം നേടി. തന്റെ അഞ്ഞൂറാം ടെസ്റ്റ് വിക്കറ്റും മത്സരത്തില്‍ നേടിയ സ്റ്റുവര്‍ട് ബ്രോഡ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സില്‍ 62 റണ്‍സിന്റെ നിര്‍ണ്ണായക സംഭാവനയും ബാറ്റ് കൊമ്ട് ബ്രോഡ് നേടി. 280/8 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ടിനെ 356/9 എന്ന നിലയിലേക്ക് എത്തിച്ചതില്‍ വലിയ പങ്ക് ബ്രോഡിന്റെയായിരുന്നു. ഈ രണ്ട് ടെസ്റ്റിലെയും പ്രകടനം താരത്തിനെ പരമ്പരയിലെ താരമായും പ്രഖ്യാപിക്കുവാന്‍ ഇടയായി.

വിന്‍ഡീസിന്റെ റോസ്ടണ്‍ ചേസിനും ബ്രോഡിനൊപ്പം ഈ അംഗീകാരം നേടുവാന്‍ ആയി.

ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വിന്‍ഡീസ്, പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച വിജയം നേടി ഇംഗ്ലണ്ട്. 399 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ 129 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഇംഗ്ലണ്ട് 269 റണ്‍സിന്റെവിജയം കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 5 വിക്കറ്റ് നേടി ബൗളിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു. തന്റെ 500ാം ടെസ്റ്റ് വിക്കറ്റ് ഉള്‍പ്പെടെ 4വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ സ്റ്റുവര്‍ട് ബ്രോഡ് നേടിയത്.

മത്സരത്തിന്റെ നാലാം ദിവസം പൂര്‍ണ്ണമായി നഷ്ടപ്പെടുകയും അഞ്ചാം ദിവസം രണ്ട് തവണ മഴ വില്ലനായി വന്ന ശേഷവുമാണ് ഇംഗ്ലണ്ടിന്റെ വിജയം. വിന്‍ഡീസ് നിരയില്‍ 31 റണ്‍സുമായി ഷായി ഹോപ് ടോപ് സ്കോറര്‍ ആയി. 23 റണ്‍സ് നേടിയ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് പുറത്തായതോടെയാണ് വിന്‍ഡീസ് ചെറുത്ത്നില്പ് അവസാനിച്ചത്. മത്സരത്തില്‍ ബ്രോഡ് 10 വിക്കറ്റാണ് നേടിയത്.

വിന്‍ഡീസിന് ആശ്വാസമായി മഴ, ടീമിന് അഞ്ച് വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ടിന് വിജയം കൈയകലത്തില്‍

മാഞ്ചസ്റ്ററിലെ ഇംഗ്ലണ്ടിന്റെ വിജയത്തിലേക്കുള്ള കുതിപ്പിന് തടസ്സമായി മഴ. 23.3 ഓവറില്‍ 84/5 എന്ന നിലയില്‍ പരുങ്ങലിലായി നില്‍ക്കുമ്പോളാണ് മഴ വിന്‍ഡീസിന് ആശ്വാസമായി എത്തുന്നത്. 10/2 എന്ന നിലയില്‍ അഞ്ചാം ദിവസം കളി ആരംഭിച്ച വിന്‍ഡീസിന് സ്കോര്‍ 45ല്‍ നില്‍ക്കെ ക്രെയിഗ് ബ്രാത്‍വൈറ്റിനെ നഷ്ടമായി. സ്റ്റുവര്‍ട് ബ്രോഡ് തന്റെ അഞ്ഞൂറാം ടെസ്റ്റ് വിക്കറ്റും ഈ വിക്കറ്റ് നേട്ടത്തിലൂടെ സ്വന്തമാക്കി. 19 റണ്‍സാണ് ബ്രാത്‍വൈറ്റ് നേടിയത്.

സ്കോര്‍ 71 ല്‍ നില്‍ക്കവെ 31 റണ്‍സ് നേടിയ ഷായി ഹോപിനെ ക്രിസ് വോക്സ് പുറത്താക്കിയതോടെ വിന്‍ഡീസിന്റെ കാര്യം പരുങ്ങലിലായി. തന്റെ തൊട്ടടുത്ത ഓവറില്‍ ക്രിസ് വോക്സ് ഷമാര്‍ ബ്രൂക്സിനെയും മടക്കി. റോസ്ടണ്‍ ചേസ്(5*) ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(3*) എന്നിവരാണ് വിന്‍ഡീസിനായി ക്രീസിലുള്ളത്.

ക്രെയിഗ് ബ്രാത്‍വൈറ്റ് – ഇംഗ്ലണ്ട് രാജകീയ പേസ് ബൗളിംഗ് സഖ്യത്തിന്റെ അഞ്ഞൂറാം വിക്കറ്റ്

ക്രെയിഗ് ബ്രാത്‍വൈറ്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട് ബ്രോഡ് തന്റെ അഞ്ഞൂറാം വിക്കറ്റ് നേടിയപ്പോള്‍ ബ്രോഡിന്റെ സഹതാരം ജെയിംസ് ആന്‍ഡേഴ്സണും തന്റെ അഞ്ഞൂറാം വിക്കറ്റായി വീഴ്ത്തിയത് ക്രെയിഗ് ബ്രാത്‍വൈറ്റിനെ ആയിരുന്നു എന്ന പ്രത്യേകത ഈ പുറത്താകലിനുണ്ട്. ട്രെന്റ് ബോള്‍ട്ടിന്റെ ഇരുനൂറാം വിക്കറ്റിലും ഇരയായി മാറിയത് ഈ വിന്‍ഡീസ് താരമായിരുന്നു.

ഇത്തരത്തില്‍ നാഴികക്കല്ലായ വിക്കറ്റില്‍ ഇരയാവുന്നതിന്റെ റെക്കോര്‍ഡ് കൈവശമുള്ളത് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസിനാണ്. അഞ്ച് തവണയാണ് താരം ഇത്തരത്തില്‍ പുറത്തായത്. ജെയിംസ് ആന്‍ഡേഴ്സണിന്റെയും ആന്‍ഡ്രൂ കാഡിക്കിന്റെയും നൂറാം വിക്കറ്റായി പുറത്തായ താരം ഷെയിന്‍ വോണിന്റെയും സഹീര്‍ ഖാന്റെയും മുന്നൂറാം ടെസ്റ്റ് വിക്കറ്റുമാണ്. കോര്‍ട്നി വാല്‍ഷിന്റെ അഞ്ഞൂറെന്ന നാഴിക്കക്കല്ല് നേട്ടത്തിന്റെ അങ്ങേ തലയ്ക്കല്‍ കാലിസ് ഉണ്ടായിരുന്നു.

Exit mobile version