അവിശ്വസനീയം! 6 മാച്ച് പോയിന്റുകൾ രക്ഷിച്ച് സ്റ്റിസ്റ്റിപാസിനെ അട്ടിമറിച്ച് കോരിച്

യു.എസ് ഓപ്പണിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച മത്സരത്തിൽ നാലാം സീഡ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസിനെ അട്ടിമറിച്ച് ക്രൊയേഷ്യൻ താരം ബോർണ കോരിച്. 5 സെറ്റ് നീണ്ട പോരാട്ടത്തിൽ 6 മാച്ച് പോയിന്റുകൾ രക്ഷിച്ചാണ് 27 സീഡ് ജയം പിടിച്ച് എടുത്തത്. എല്ലാ നിലക്കും ആവേശം നിറഞ്ഞ മത്സരത്തിൽ അവിശ്വസനീയമായ കാഴ്ചകൾ ആണ് അരങ്ങേറിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ ടൈബ്രേക്കറിൽ ആധിപത്യം നേടി ഗ്രീക്ക് താരം ആ സെറ്റ് സ്വന്തമാക്കി.

എന്നാൽ രണ്ടാം സെറ്റിൽ സ്റ്റിസ്റ്റിപാസിനെതിരെ ബ്രൈക്ക് കണ്ടത്തിയ ബോർണ 6-4 നു സെറ്റ് കയ്യിലാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ തിരിച്ചടിച്ച സ്റ്റിസ്റ്റിപാസ് ക്രൊയേഷ്യൻ താരത്തിന്റെ സർവീസിൽ വിള്ളലുകൾ കണ്ടത്തി സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് അകലെയാക്കി. നാലാം സെറ്റിലാണ് അവിശ്വസനീയമായ കാഴ്ചകൾ അരങ്ങേറിയത്. സെറ്റിൽ തുടക്കത്തിലെ ആധിപത്യം നേടിയ ഗ്രീക്ക് താരം ജയത്തിനു തൊട്ടരികിൽ എത്തി. എന്നാൽ 6 മാച്ച് പോയിന്റുകൾ രക്ഷിച്ച ബോർണ തുടർച്ചയായി 3 ബ്രൈക്ക് പോയിന്റുകൾ കണ്ടത്തി സെറ്റ് അസാധാരണമായ വിധം 7-5 കയ്യിലാക്കിയത് അത്ഭുതകരമായ കാഴ്ച തന്നെയായിരുന്നു.

നാലാം സെറ്റിലെ തിരിച്ചടി ഞെട്ടിച്ചു എങ്കിലും അഞ്ചാം സെറ്റിൽ പരമാവധി പൊരുതുന്ന സ്റ്റിസ്റ്റിപാസിനെ ആണ് മത്സരത്തിൽ കണ്ടത്. എന്നാൽ ഇത്തവണ ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് കയ്യിലാക്കിയ ബോർണ സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ച് നാലാം റൗണ്ടിലേക്ക് മുന്നേറി. ലൂയിസ് ആംസ്ട്രോങ് മൈതാനത്തിൽ ഓർക്കാൻ നല്ലൊരു മത്സരം തന്നെയാണ് ഇരു താരങ്ങളും സമ്മാനിച്ചത്. സ്റ്റിസ്റ്റിപാസിനെ അട്ടിമറിച്ച ആത്മവിശ്വാസം വരും റൗണ്ടുകളിൽ തുടരാൻ ആവും കോരിച്ച് ശ്രമിക്കുക.

രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി സ്റ്റിസ്റ്റിപാസ്, പിറകെ നിന്ന ശേഷം ജയം കണ്ടു ഷപോവലോവ്

യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഗ്രീക്ക് താരവും നാലാം സീഡുമായ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. സീഡ് ചെയ്യാത്ത അമേരിക്കൻ താരം മാക്‌സിം ക്രേസിക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ ജയം ആണ് താരം നേടിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു എങ്കിലും ടൈബ്രേക്കറിൽ ജയം കണ്ട ശേഷം സ്റ്റിസ്റ്റിപാസ് പിന്നീട്‌ വലിയ പ്രശ്നം ഒന്നും നേരിട്ടില്ല. രണ്ടും മൂന്നും സെറ്റുകളിൽ ഓരോ വീതം ബ്രൈക്ക് കണ്ടത്തിയ ഗ്രീക്ക് താരം 6-3, 6-4 എന്ന സ്കോറിന് സെറ്റുകൾ ജയിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

അതേസമയം ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം ആയിരുന്നു കൊറിയൻ താരം സൂൻ വൂനു എതിരെ കനേഡിയൻ താരവും 12 സീഡുമായ ഡെന്നിസ് ഷപോവലോവിന്റെ ജയം. ആദ്യ സെറ്റ് നഷ്ടമായ ശേഷം മികവിന്റെ സകല പൂർണ്ണതയിലേക്കും ഷപോവലോവ് എത്തി. എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത കനേഡിയൻ താരം 6-4, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി ജയത്തിനു അരികിലെത്തി. തുടർന്ന് നാലാം സെറ്റ് 6-2 നു നേടിയ താരം മൂന്നാം റൗണ്ട് ഉറപ്പിച്ചു.

19 സീഡ് അമേരിക്കയുടെ ടൈയ്‌ലർ ഫ്രിറ്റ്സ്, 20 സീഡ് സ്പാനിഷ് താരം പാബ്ലോ ബുസ്റ്റ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഇരു താരങ്ങളും ജയം കണ്ടത്. അർജന്റീനൻ യുവാൻ ലോൻഡരോയെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നു 27 സീഡ് ക്രൊയേഷ്യൻ താരം ബോർണ കോരിച്ചും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി നാലും അഞ്ചും സീഡുകൾ ആയ സിറ്റിപാസും സെരവും

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഗ്രീക്ക് താരവും നാലാം സീഡുമായ സ്റ്റെഫനോസ് സിറ്റിപാസ്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം ആൽബർട്ട് റാമോസിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് തകർത്താണ് ഗ്രീക്ക് താരം ജയം കണ്ടത്. തന്റെ മികച്ച ഫോമിലായിരുന്ന സിറ്റിപാസ് മത്സരത്തിൽ 13 ഏസുകൾ ആണ് ഉതിർത്തത്. എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്ത താരം 6-2, 6-1, 6-1 എന്ന സ്കോറിന് ആണ് ജയം കണ്ടത്. അതേസമയം അനുഭവസമ്പന്നനായ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റേഴ്സനെ ആണ് ജർമ്മൻ താരവും അഞ്ചാം സീഡുമായ അലക്‌സാണ്ടർ സെരവ് മറികടന്നത്.

ആന്റേഴ്സനെതിരെ ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് സ്വന്തമാക്കിയ സാഷ രണ്ടാം സെറ്റ് 7-5 നു കൈവിട്ടു. എന്നാൽ 6-3 നു മൂന്നാം സെറ്റ് സ്വന്തമാക്കിയ സാഷ മത്സരത്തിലേക്ക് തിരിച്ചു വന്നു. നാലാം സെറ്റ് 7-5 നു സ്വന്തമാക്കി താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ ആന്റേഴ്സൻ 20 ഏസുകളും സാഷ 18 ഏസുകളും ആണ് ഉതിർത്തത്. ആദ്യ റൗണ്ടുകളിൽ മികച്ച ജയം സ്വന്തമാക്കാൻ സാധിച്ചത് ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന യുവ താരങ്ങളെ സംബന്ധിച്ച് ആത്മവിശ്വാസം പകരും എന്നുറപ്പാണ്.

Exit mobile version