ബോര്‍ഡിനോട് ശ്രീലങ്കന്‍ താരങ്ങള്‍ ഐപിഎൽ പങ്കാളിത്തത്തെക്കുറിച്ച് അറിയിച്ചിട്ടില്ല

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പകരക്കാരായി പ്രഖ്യാപിച്ച ശ്രീലങ്കന്‍ താരങ്ങളായ വനിന്‍ഡു ഹസരംഗയും ദുഷ്മന്ത ചമീരയും ഈ വിവരം ബോര്‍ഡിനോട് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് അറിയിച്ച് ലങ്കന്‍ ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സിൽവ. താരങ്ങള്‍ ഇതുവരെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷിച്ചിട്ടില്ലെന്നും അപ്പോള്‍ മാത്രമേ ഇതിനുള്ള അനുമതി നല്‍കുന്നത് ആലോചിക്കാനാകൂ എന്നും മോഹന് വ്യക്തമാക്കി.

ഐപിഎൽ ലേലത്തിൽ ഇരുവരെയും ആരും വാങ്ങിച്ചില്ലെങ്കിലും ആഡം സംപയും ഡാനിയേൽ സാംസും പിന്മാറിയതോടെ പകരക്കാരായാണ് താരങ്ങളെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍് സ്വന്തമാക്കിയത്.

താരങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനെക്കുറിച്ച് ബോര്‍ഡ് അവരുടെ അപേക്ഷ ലഭിച്ചാൽ മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്നാണ് ശ്രീലങ്ക ക്രിക്കറ്റിന്റെ തീരുമാനം.

ഇന്ത്യയുടെ ലങ്കന്‍ ടൂര്‍ പൂര്‍ത്തിയാക്കുവാന്‍ സഹായിച്ച ദ്രാവിഡിന് നന്ദി അറിയിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്

ഇന്ത്യന്‍ ടീമിൽ കോവിഡ് ബാധിച്ചിട്ടും പരമ്പര പൂര്‍ത്തീകരിക്കുവാന്‍ മുന്നോട്ട് വന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നടപടിയ്ക്ക് നന്ദി അറിയിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്. ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ച ശേഷം ക്രുണാൽ പാണ്ഡ്യ കോവിഡ് ബാധിതനായതോടെയാണ് ഇന്ത്യയുടെ ടീമിലെ മറ്റ് ഒമ്പത് പ്രധാന താരങ്ങള്‍ കൂടി ഐസൊലേഷനിലേക്ക് മാറേണ്ട സാഹചര്യം വന്നത്.

നെറ്റ് ബൗളര്‍മാരെയും ടീമിലുള്‍പ്പെടുത്തി ഇന്ത്യ പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ പരാജയപ്പെടുകയായിരുന്നു. എന്നാൽ ദ്രാവിഡ് ആണ് പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചതെന്നും അദ്ദേഹത്തിന് വേണമെങ്കിൽ പരമ്പര മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങാമായിരുന്നുവെന്നും ശ്രീലങ്കന്‍ ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വ പറഞ്ഞു.

സാഹചര്യം മനസ്സിലാക്കി പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ സന്നദ്ധത കാണിച്ച രാഹുല്‍ ദ്രാവിഡ് ശ്രീലങ്കന്‍ ബോര്‍ഡ് ഒരുക്കിയ ബയോ സുരക്ഷിതമായ മാനദണ്ഡങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നടപടി കൂടിയാണ് കൈക്കൊണ്ടതെന്നും ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.

കോവിഡ് ബാധിതനായ ഗ്രാന്റ് ഫ്ലവറിനെ പുറത്താക്കി ശ്രീലങ്ക

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവറിനെ പുറത്താക്കുവാന്‍ തീരുമാനിച്ച് ലങ്കന്‍ ബോര്‍ഡ്. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ ഫ്ലവറും ടെക്നിക്കൽ അനലിസ്റ്റും കോവിഡ് ബാധിതരായതോടെ പരമ്പര തന്നെ നീട്ടിവയ്ക്കേണ്ട സാഹചര്യം വരികയായിരുന്നു.

എന്നാൽ ശ്രീലങ്കയുടെ അടുത്തിടെയുള്ള മോശം ബാറ്റിംഗ് പ്രകടനം ആണ് ഗ്രാന്റ് ഫ്ലവറിനെ പുറത്താക്കുവാന്‍ കാരണം. ഗ്രാന്റിന്റെ സേവനത്തിൽ ക്രിക്കറ്റ് ടെക്നിക്കൽ കമ്മിറ്റിയ്ക്ക് തൃപ്തിയില്ലെന്നും മറ്റൊരു കോച്ചിന്റെ സേവനം ഉറപ്പാക്കുവാനുമാണ് ബോര്‍ഡ് ഉദ്ദേശിക്കുന്നതെന്നും അറിയുന്നു.

ഇംഗ്ലണ്ടിൽ ബയോ സെക്യൂരിറ്റി ബബിള്‍ ഗ്രാന്റ് ഫ്ലവര്‍ ലംഘിച്ചുവെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

ഐപിഎല്‍ നടത്തുവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും

യുഎഇയ്ക്കും ഇംഗ്ലീഷ് കൗണ്ടികള്‍ക്കും പിന്നാലെ മറ്റൊരു രാജ്യം കൂടി ഐപിഎല്‍ നടത്തുവാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുകയാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് സെപ്റ്റംബറില്‍ അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ തങ്ങളുടെ നാട്ടില്‍ നടത്താമെന്ന് ബിസിസിഐയെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കൊറോണ വളരെ അധികം വ്യാപിച്ച് ഐപിഎല്‍ ബയോ ബബിളിലും എത്തിയതോടെ ടൂര്‍ണ്ണമെന്റ് നിര്‍ത്തി വയ്ക്കുവാന്‍ ബിസിസിഐ നിര്‍ബന്ധിതരാകുകയായിരുന്നു. സെപ്റ്റംബറില്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിന് ശേഷവും ടി20 ലോകകപ്പിനും മുമ്പായുള്ള ചെറിയ ജാലകത്തിലാണ് ഇപ്പോള്‍ ബിസിസിഐ ഐപിഎല്‍ പൂര്‍ത്തിയാക്കുവാനുള്ള സാധ്യത കാണുന്നത്.

യുഎഇ ആണ് ഇപ്പോള്‍ വേദികളില്‍ ഏറ്റവും മുന്നിലുള്ളത്.

 

ശ്രീലങ്ക ക്രിക്കറ്റിന് ഇനി പുതിയ സെലക്ഷന്‍ കമ്മിറ്റി

ശ്രീലങ്കയ്ക്ക് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ആറംഗ സെലക്ഷന്‍ കമ്മിറ്റിയെയാണ് നിയമിച്ചത്. ശ്രീലങ്കയുടെ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് മന്ത്രി നമല്‍ രാജപക്സയാണ് ഈ പാനലിനെ അംഗീകരിച്ചിരിക്കുന്നത്.

മുന്‍ ലങ്കന്‍ പേസര്‍ പ്രമോദയ വിക്രമസിംഗേ ആണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. അശാന്ത ഡേ മെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് 2021ല്‍ രാജി വെച്ച ശേഷം വിക്രമസിംഗേയും ചാമിന്ദ മെന്‍ഡിസുമായിരുന്നു താത്കാലികമായി സെലക്ഷന്‍ കമ്മിറ്റിയെ നയിച്ചത്.

റോമേഷ് കലുവിതരണ, ഹേമന്ത വിക്രമരത്നേ, വരുണ വറഗോഡ, കര്‍നൈന്‍, തിലക നിലിമനി ഗുണരത്നേ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അഞ്ച് അംഗങ്ങള്‍.

പ്രശ്നങ്ങള്‍ പരിഹരിച്ചു, ചാമിന്ദ വാസ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റായി തുടരും

ചാമിന്ദ വാസ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റായി തുടരും. വാസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി ശ്രീലങ്കന്‍ ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു. ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റായി ചുമതലയേറ്റെടുത്ത വാസ് മൂന്ന് ദിവസത്തിന് ശേഷം വേതനം സംബന്ധിച്ച പ്രശ്നങ്ങള്‍ കാരണം രാജി വയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ലങ്കന്‍ ടീം വെസ്റ്റിന്‍ഡീസിലേക്ക് യാത്രയാകുന്നതിന് തൊട്ടു മുമ്പായിരുന്നു വാസിന്റെ ഈ തീരുമാനം.

ശ്രീലങ്കന്‍ ബോര്‍ഡും വാസുമായി നടത്തിയ ചര്‍ച്ചയില്‍ താരത്തിന്റെ രാജിയിലേക്ക് നയിച്ച കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയെന്നാണ് ലങ്കന്‍ ബോര്‍ഡ് അറിയിച്ചത്. തന്റെ രാജിക്കത്ത് വാസ് പിന്‍വലിച്ചുവെന്നും ബോര്‍ഡ് അറിയിച്ചു. വിദേശ കോച്ചുമാര്‍ക്ക് നല്‍കുന്ന അത്രയും തന്നെ വേതനം ലങ്കന്‍ കോച്ചുമാര്‍ക്കും നല്‍കണമെന്നായിരുന്നു വാസിന്റെ ആവശ്യം.

വിദേശ കോച്ചുമാരുടേതിന് തുല്യമായ വേതനം ആവശ്യപ്പെട്ടതായിരുന്നു താന്‍ ചെയ്ത തെറ്റ് – ചാമിന്ദ വാസ്

ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കോച്ചായി ചുമതലയെടുത്ത് മൂന്ന് ദിവസം കഴിഞ്ഞ് തന്റെ രാജി സമര്‍പ്പിച്ച ചാമിന്ദ വാസിനെതിരെ ലങ്കന്‍ ബോര്‍ഡ് പുറത്ത് വിട്ട കാര്യം മുന്‍ താരം ടീം വെസ്റ്റിന്‍ഡീസിലേക്ക് യാത്രയാകുന്നതിന് തൊട്ടുമുമ്പ് വേതനം കൂട്ടിചോദിച്ചുവെന്നതായിരുന്നു. ഈ അവസാന നിമിഷത്തെ വര്‍ദ്ധനവ് വാസില്‍ നിന്നുള്ള നിരുത്തരവാദിത്വപരമായ സമീപനമെന്നാണ് ബോര്‍ഡ് അറിയിച്ചത്.

മുന്‍ പേസ് ബൗളിംഗ് കോച്ച് ഡേവിഡ് സാക്കറിന്റെ അതേ വേതനമേ താന്‍ ആവശ്യപ്പെട്ടുള്ളുവെന്നും വാസ് പറഞ്ഞു. അന്താരാഷ്ട്ര പരിചയം വളരെ കുറച്ച് മാത്രമുള്ള വിദേശ കോച്ചുമാര്‍ക്ക് ശ്രീലങ്ക ഉയര്‍ന്ന വേതനം നല്‍കുമ്പോളും സ്വദേശ കോച്ചുകള്‍ക്ക് തീരെ കുറഞ്ഞ വേതനമാണ് ബോര്‍ഡ് നല്‍കുന്നതെന്നാണ് പൊതുവേയുള്ള ആരോപണം.

13 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ ഉള്ള താരമാണ് ചാമിന്ദ വാസ്. 761 അന്താരാഷ്ട്ര വിക്കറ്റുകളാണ് മൂന്ന് ഫോര്‍മാറ്റുകളിലായി താരം സ്വന്തമാക്കിയിട്ടുള്ളത്.

ലങ്ക പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 28ന് ആരംഭിക്കുവാന്‍ ബോര്‍ഡിന്റെ അംഗീകാരം

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 20 വരെ നീളുന്ന ലങ്ക പ്രീമിയര്‍ ലീഗിന് അനുമതി നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ബോര്‍ഡ് ഈ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന പതിപ്പിന് അനുമതി കൊടുത്തത്. 4 അന്താരാഷ്ട്ര വേദികളിലായി 23 മത്സരങ്ങളാവും ലീഗിലുണ്ടാകുക.

കൊളംബോ, കാന്‍ഡി, ഗോള്‍, ഡാംബുല്ല, ജാഫ്ന എന്നിവിടങ്ങളിലെ അഞ്ച് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, രണഗിരി ഡാംബുല്ല അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, പല്ലേകീലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, സൂര്യവേവ മഹിന്ദ രാജപക്സേ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവയാണ് മത്സരവേദി.

70 അന്താരാഷ്ട്ര താരങ്ങളും 10 മുന്‍ നിര കോച്ചുമാരും ടൂര്‍ണ്ണമെന്റുമായി സഹകരിക്കുമെന്നാണ് അറിയുന്നത്.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ഔദ്യോഗികമായി മാറ്റി വെച്ചതറിയിച്ച് ലങ്കന്‍ ബോര്‍ഡ്

ശ്രീലങ്കയില്‍ ജൂണില്‍ മൂന്ന് ഏകദിനങ്ങള്‍ക്കും മൂന്ന് ടി20യ്ക്കുമായി എത്തേണ്ടിയിരുന്ന ഇന്ത്യന്‍ ടീം അതിന് എത്തുകയില്ലെന്ന് അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റ്. നേരത്തെ തന്നെ പരമ്പര മാറ്റി വയ്ക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും ഇന്നാണ് ലങ്കന്‍ ബോര്‍ഡിന്റെ ഔദ്യോഗിക സ്ഥിരീകരണം എത്തുന്നത്.

പരമ്പര ഉപേക്ഷിച്ചിട്ടില്ലെന്നും പകരം സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും ഇരു ബോര്‍ഡുകളും എഫ്ടിപി പ്രകാരം ഉള്ള പരമ്പര കളിക്കുവാന്‍ സന്നദ്ധരാണെന്ന് അറിയിച്ചിട്ടുണ്ടെന്നുമാണ് മീഡിയ റിലീസില്‍ അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഓഗസ്റ്റില്‍ ഇന്ത്യ ശ്രീലങ്ക സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

സെലക്ഷന്‍ പാനലിനെ വീണ്ടും പുനഃക്രമീകരിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്

9 മാസത്തെ കാലാവധി മാത്രമുള്ള നിലവിലെ സെലക്ഷന്‍ പാനലിനെ പുനഃക്രമീകരിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്. നിലവിലെ ചെയര്‍മാന്‍ അശാന്ത ഡി മെല്‍ തന്റെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബ്രെണ്ടന്‍ കുറുപ്പുവും ഹേമന്ത വിക്രമരത്നേയും പാനലില്‍ നിന്ന് പുറത്ത് പോകുന്നു. പകരം വിനോതന്‍ ജോണ്‍ പാനലിലേക്ക് എത്തുന്നു. ഒരു വര്‍ഷത്തെ കാലാവധിയാണ് പുതിയ പാനലിന് ലങ്കന്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. മുന്‍ പാനലില്‍ അംഗമായിരുന്ന ചാമിന്ദ മെന്‍ഡിസ് തന്റെ സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.

ലോകകപ്പിലെ മോശം ഫോമും കഴിഞ്ഞ കാലമായി ടീമിന്റെ മോശം പ്രകടനവുമാണ് ലങ്കന്‍ ബോര്‍ഡിന്റെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്.

ലോകകപ്പില്‍ ടീമിനെ സഹായിക്കുവാനുള്ള ശ്രീലങ്ക ക്രിക്കറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് മഹേല

ശ്രീലങ്ക ക്രിക്കറ്റിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തിയ്ക്കുവാന്‍ വേണ്ടി മഹേല ജയവര്‍ദ്ധനേയോട് ലോകകപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുംബൈ ഇന്ത്യന്‍സിനെ ഐപിഎലില്‍ നാലാം കിരീടത്തിലേക്ക് നയിച്ച് ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേലയുടെ സേവനം തങ്ങള്‍ക്ക് ലഭിയ്ക്കുവാനുള്ള ബോര്‍ഡിന്റെ ശ്രമത്തെ അതേ സമയം മുന്‍ താരം നിരസിയ്ക്കുകയായിരുന്നു.

മുമ്പ് പല തവണയും താരവും സംഗക്കാരയും എല്ലാം ഇതിനായി ബോര്‍ഡിനു പല റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിരുന്നുവെങ്കിലും അവയൊന്നും നടപ്പിലാക്കുവാന്‍ ബോര്‍ഡ് ശ്രമിച്ചിരുന്നില്ല, ഇതോടെയാണ് മഹേല ഇനി തുടര്‍ന്ന് സഹായങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുന്നത്. തനിക്ക് വേറെ പല ചുമതലകളുമുണ്ടെന്നും അതിനാല്‍ തന്നെ അവരുടെ ക്ഷണം നിരസിക്കുകയെ വഴിയുള്ളുവെന്നും മഹേല പറഞ്ഞു.

അതു കൂടാതെ താന്‍ എന്ത് റോളില്‍ ബോര്‍ഡുമായി സഹകരിക്കുമെന്ന് തനിക്ക് തന്നെ നിശ്ചയമില്ല, ലോകകപ്പിനു വേണ്ട ടീം സെലക്ഷനും മറ്റെല്ലാ കാര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതാണ്. അവിടേയ്ക്ക് താന്‍ ഇനി കടന്ന് വന്ന് അവരുടെ ഘടനയെ ഈ അവസാന നിമിഷം മാറ്റുന്നത് അത് ദോഷകരമാകുകയുള്ളുവെന്നും മഹേല പറഞ്ഞു.

എന്നാല്‍ തങ്ങള്‍(മഹേല, സംഗക്കാര, അരവിന്ദ ഡി സില്‍വ) എട്ട് മാസകാലത്തോളം എടുത്ത് തയ്യാറാക്കിയ പദ്ധതിയെ പരിഗണിക്കുക കൂടി ചെയ്യാതെ അവഗണിച്ചതാണ് താരത്തിന്റെ ഇപ്പോളത്തെയും അമര്‍ഷത്തിനു കാരണമെന്നാണ് അറിയുന്നത്. അത് തന്നെയാണ് ബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തതിനു പ്രധാന ഘടകമെന്നും താരം വെളിപ്പെടുത്തി. ചെറിയ രീതിയില്‍ ടീം മാനേജ്മെന്റുമായി സഹകരിക്കാമെങ്കിലും തനിക്ക് ബോര്‍ഡുമായി യാതൊരു തരത്തിലുള്ള സഹകരണത്തിനും താല്പര്യമില്ലെന്നും മഹേല വ്യക്തമാക്കി.

കരുണാരത്നേയ്ക്ക് പിഴ

ടെസ്റ്റ് നായകന്‍ ദിമുത് കരുണാരത്നേയ്ക്കെതിരെ ബോര്‍ഡുമായുള്ള കളിക്കാരുടെ കരാര്‍ ലംഘിച്ചതിനുള്ള പിഴയ ചുമത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. 7000 യുഎസ് ഡോളറാണ് പിഴയായി ബോര്‍ഡ് വിധിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ചതിനു കരുണാരത്നെ ശ്രീലങ്കയില്‍ അറസ്റ്റിലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് താരത്തിനെതിരെ പിഴ ചുമത്തുവാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

എന്നാല്‍ താരം ഒരു കളിക്കാരനെന്ന നിലയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിട്ടുള്ളതിനാല്‍ കൂടുതല്‍ നടപടികളുണ്ടാകില്ലെന്നും ബോര്‍ഡ് അറിയിച്ചു.

Exit mobile version