ലോകകപ്പില്‍ ടീമിനെ സഹായിക്കുവാനുള്ള ശ്രീലങ്ക ക്രിക്കറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് മഹേല

ശ്രീലങ്ക ക്രിക്കറ്റിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തിയ്ക്കുവാന്‍ വേണ്ടി മഹേല ജയവര്‍ദ്ധനേയോട് ലോകകപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുംബൈ ഇന്ത്യന്‍സിനെ ഐപിഎലില്‍ നാലാം കിരീടത്തിലേക്ക് നയിച്ച് ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേലയുടെ സേവനം തങ്ങള്‍ക്ക് ലഭിയ്ക്കുവാനുള്ള ബോര്‍ഡിന്റെ ശ്രമത്തെ അതേ സമയം മുന്‍ താരം നിരസിയ്ക്കുകയായിരുന്നു.

മുമ്പ് പല തവണയും താരവും സംഗക്കാരയും എല്ലാം ഇതിനായി ബോര്‍ഡിനു പല റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിരുന്നുവെങ്കിലും അവയൊന്നും നടപ്പിലാക്കുവാന്‍ ബോര്‍ഡ് ശ്രമിച്ചിരുന്നില്ല, ഇതോടെയാണ് മഹേല ഇനി തുടര്‍ന്ന് സഹായങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുന്നത്. തനിക്ക് വേറെ പല ചുമതലകളുമുണ്ടെന്നും അതിനാല്‍ തന്നെ അവരുടെ ക്ഷണം നിരസിക്കുകയെ വഴിയുള്ളുവെന്നും മഹേല പറഞ്ഞു.

അതു കൂടാതെ താന്‍ എന്ത് റോളില്‍ ബോര്‍ഡുമായി സഹകരിക്കുമെന്ന് തനിക്ക് തന്നെ നിശ്ചയമില്ല, ലോകകപ്പിനു വേണ്ട ടീം സെലക്ഷനും മറ്റെല്ലാ കാര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതാണ്. അവിടേയ്ക്ക് താന്‍ ഇനി കടന്ന് വന്ന് അവരുടെ ഘടനയെ ഈ അവസാന നിമിഷം മാറ്റുന്നത് അത് ദോഷകരമാകുകയുള്ളുവെന്നും മഹേല പറഞ്ഞു.

എന്നാല്‍ തങ്ങള്‍(മഹേല, സംഗക്കാര, അരവിന്ദ ഡി സില്‍വ) എട്ട് മാസകാലത്തോളം എടുത്ത് തയ്യാറാക്കിയ പദ്ധതിയെ പരിഗണിക്കുക കൂടി ചെയ്യാതെ അവഗണിച്ചതാണ് താരത്തിന്റെ ഇപ്പോളത്തെയും അമര്‍ഷത്തിനു കാരണമെന്നാണ് അറിയുന്നത്. അത് തന്നെയാണ് ബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തതിനു പ്രധാന ഘടകമെന്നും താരം വെളിപ്പെടുത്തി. ചെറിയ രീതിയില്‍ ടീം മാനേജ്മെന്റുമായി സഹകരിക്കാമെങ്കിലും തനിക്ക് ബോര്‍ഡുമായി യാതൊരു തരത്തിലുള്ള സഹകരണത്തിനും താല്പര്യമില്ലെന്നും മഹേല വ്യക്തമാക്കി.

Exit mobile version