മുന്‍ ലങ്കന്‍ നായകന് രണ്ട് വര്‍ഷത്തെ വിലക്ക്

മുന്‍ ലങ്കന്‍ നായകന്‍ സനത് ജയസൂര്യയെ അഴിമതി ആരോപണങ്ങള്‍ സമ്മതിച്ചതിനു രണ്ട് വര്‍ഷത്തെ വിലക്കുമായി ഐസിസി. ക്രിക്കറ്റ് സംബന്ധമായ ഒരു കാര്യങ്ങളിലും താരത്തിനു അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇടപെടുവാന്‍ ആകില്ല. ഐസിസിയുടെ അഴിമതി വിരുദ്ധ കോഡിന്റെ രണ്ട് ലംഘനങ്ങള്‍ സമ്മതിച്ചതോടെയാണ് ജയസൂര്യയ്ക്കെതിരെ വിലക്ക് വന്നത്. അന്വേഷണത്തോട് സഹകരിക്കാതിരിക്കുക തെളിവുകള്‍ മറച്ച് വയ്ക്കുക, തിരുത്തുക, നശിപ്പിക്കുക എന്നിവയാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നടത്തിയ ലംഘനങ്ങള്‍.

2012ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലങ്കയുടെ സെലക്ടര്‍മാരുടെ ചെയര്‍മാനായി താരം കുറച്ച് കാലം പ്രവര്‍ത്തിച്ചിരുന്നു. ലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട ഐസിസിയുടെ അന്വേഷണത്തിലാണ് ഈ നടപടി.

സെലക്ടറുടെ ജോലി ചെയ്യേണ്ട, കോച്ചായി മാത്രമിരുന്നാല്‍ മതിയെന്ന് ഹതുരുസിംഗയോട് ശ്രീലങ്കന്‍ ബോര്‍ഡ്

ടൂറില്‍ സെലക്ടറുടെ ജോലിയില്‍ നിന്ന് ശ്രീലങ്കയുടെ കോച്ച് ഹതുരുസിംഗയെ ഒഴിവാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബ്രിസ്ബെയിനിലെ കനത്ത തോല്‍വിയ്ക്ക് ശേഷമാണ് ഈ പുതിയ തീരുമാനം. ഇനി മുതല്‍ ടീം മാനേജരും ക്യാപ്റ്റനും അടങ്ങുന്ന കമ്മിറ്റി നാഷണല്‍ സെലക്ഷന്‍ കമ്മിറ്റിയുമായി ചേര്‍ന്ന് ആവും അവസാന ഇലവനെ തീരുമാനിക്കുകയെന്ന് ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.

ഈ മാറ്റത്തോടെ സെലക്ഷന്‍ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കല്‍ കോച്ചിനു ഇനിയുണ്ടാവില്ലെന്ന് വേണം മനസ്സിലാക്കുവാന്‍. ഹോം മത്സരങ്ങളില്‍ നേരത്തെ തന്നെ ഹതുരുസിംഗയ്ക്ക് സെലക്ടറുടെ റോള്‍ ഇല്ലായിരുന്നുവെന്ന് വേണം മനസ്സിലാക്കുവാന്‍. എന്നാല്‍ വിദേശ ടൂറുകളില്‍ താരത്തിനു ഇത്തരം തിരഞ്ഞെടുപ്പുകളില്‍ ഭാഗം ആകുവാന്‍ നേരത്തെ അവസരമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

വെള്ളിയാഴ്ച കാന്‍ബറയിലാണ് ലങ്കയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ്.

ശ്രീലങ്കയ്ക്ക് പുതിയ സെലക്ഷന്‍ പാനല്‍

ശ്രീലങ്കയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ശ്രീലങ്കന്‍ ബോര്‍ഡിന്റെ പുതിയ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ നിയമിച്ച് കായിക മന്ത്രി ഫൈസര്‍ മുസ്തപ്പ. പാനലിനെ നയിക്കുക അസാന്ത ഡി മെല്‍ ആണ്. മുന്‍ പേസ് ബൗളറും സെലക്ടറുമായ അസാന്തയ്ക്കൊപ്പം ബ്രെണ്ടന്‍ കുറുപ്പു, ഹേമന്ത വിക്രമരത്നേ, ചാമിന്ദ മെന്‍ഡിസ് എന്നിവരും പാനലില്‍ അടങ്ങിയിരിക്കുന്നു.

ശ്രീലങ്കയുടെ ന്യൂസിലാണ്ട് ടൂറാവും ഇവരുടെ ആദ്യ ദൗത്യം. ന്യൂസിലാണ്ടില്‍ ടീം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും പുറമെ ഒരു ടി20 അന്താരാഷ്ട്ര മത്സരവും കളിയ്ക്കും. ഡിസംബര്‍ 15നാണ് ശ്രീലങ്കയുടെ ന്യൂസിലാണ്ട് പര്യടനം ആരംഭിക്കുക.

തന്നെ ബലിയാടാക്കിയെന്ന് പറഞ്ഞ് ആഞ്ചലോ മാത്യൂസ്

ശ്രീലങ്കന്‍ ക്രിക്കറ്റ് സെലക്ടര്‍മാര്‍ക്കും കോച്ചിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആഞ്ചലോ മാത്യൂസ്. ഏഷ്യ കപ്പ് പരാജയത്തിനു ശേഷം തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് താരം തുറന്നടിച്ചിരിക്കുന്നത്. ടീമിന്റെ പരാജയത്തിനെത്തുടര്‍ന്ന് താരത്തിനോട് സെലക്ഷന്‍ കമ്മിറ്റിയും കോച്ചും ക്യാപ്റ്റന്‍സി ഒഴിയുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 2013 മുതല്‍ 2017 ശ്രീലങ്കയെ നയിച്ച മാത്യൂസ് ടീമിന്റെ മോശം പ്രകടനത്തിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍സി നേരത്തെ ഒഴിഞ്ഞിരുന്നുവെങ്കിലും മറ്റു പല താരങ്ങളെയും ക്യാപ്റ്റനായി പരിഗണിച്ച് പരാജയപ്പെട്ട ലങ്ക വീണ്ടും മാത്യൂസിനു തന്നെ ദൗത്യം ഏല്പിക്കുകയായിരുന്നു.

ഇപ്പോള്‍ സംഭവിച്ച സാഹചര്യങ്ങളില്‍ അതൃപ്തനായ മാത്യൂസ് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്‍ലി ഡി സില്‍വയ്ക്ക് തന്നെ മാത്രം മോശം പ്രകടനത്തിനു കുറ്റക്കാരനാക്കി മാറ്റാനാകില്ലെന്ന് എഴുതുകയായിരുന്നു. തന്നെ ബലിയാടാക്കി മാറ്റിയതായാണ് തനിക്ക് തോന്നുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കും ഭാഗികമായി ഉണ്ടെങ്കിലും തന്നെ മാത്രം ഇപ്പോള്‍ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്നത് ഏറെ വിഷമകരമായ അവസ്ഥയാണെന്നും ആഞ്ചലോ മാത്യൂസ് അഭിപ്രായപ്പെട്ടു. കോച്ചിന്റെയും സെലക്ടര്‍മാരുടെയും അറിവോടു കൂടിയുള്ള തീരുമാനങ്ങളാണ് ടീം തിരഞ്ഞെടുപ്പില്‍ വരെ നടന്നിട്ടുള്ളത്. അതിനാല്‍ തന്നെ കുറ്റക്കാരായുള്ളത് താന്‍ മാത്രമല്ലെന്നും ഇവര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും മാത്യൂസ് പറഞ്ഞു.

എന്തൊക്കെ സാഹചര്യമാണെങ്കിലും സെലക്ഷന്‍ കമ്മിറ്റിയുടെയും കോച്ചിന്റെയും ആവശ്യം മാനിച്ച് താന്‍ തന്റെ സ്ഥാനം രാജി വയ്ക്കുകയാണെന്നും മാത്യൂസ് ബോര്‍ഡിനയയ്ച്ച കത്തില്‍ അഭിപ്രായപ്പെട്ടു.

ഗുണതിലകയ്ക്ക് 6 മത്സരങ്ങളില്‍ നിന്ന് വിലക്ക്

ശ്രീലങ്കന്‍ ഓപ്പണര്‍ ധനുഷ്ക ഗുണതിലകയ്ക്ക് 6 മത്സരങ്ങളില്‍ നിന്ന് വിലക്ക് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കിയതിനു പിന്നില്‍ രണ്ട് പെരുമാറ്റ ചട്ട ലംഘനങ്ങളാണ് കാരണം. രണ്ടാം പെരുമാറ്റ ചട്ട ലംഘനം നടന്നെന്ന് പറയപ്പെടുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ മാച്ച് ഫീ താരത്തിനു നല്‍കില്ലെന്നും ബോര്‍ഡ് അറിയിച്ചു. മത്സരത്തില്‍ നിന്നുള്ള ബോണസിനും താരം അര്‍ഹനല്ല.

ലൈംഗിക ആരോപണമാണ് താരത്തിനെതിരെ ഇപ്പോളത്തെ നടപടിയ്ക്ക് കാരണം. താരത്തിന്റെ സുഹൃത്തായ ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഒരു ശ്രീലങ്കന്‍ വംശജന്‍ നോര്‍വീജിയന്‍ വനിതയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വാര്‍ത്ത് പുറത്ത് വന്നിരുന്നു. ടീമിന്റെ ഹോട്ടലില്‍ നടന്ന സംഭവത്തില്‍ ഗുണതിലകയുടെ മുറിയാലണ് സംഭവം നടന്നതെങ്കിലും താരത്തെ ചോദ്യം ചെയ്തതില്‍ നിന്ന് ആ സമയത്ത് താന്‍ ഉറക്കത്തിലായിരുന്നതിനാല്‍ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഗുണതിലക പറഞ്ഞത്.

തന്റെ സുഹൃത്തും നോര്‍വീജിയന്‍ വനിതയും തമ്മില്‍ നടന്നതെന്തെന്ന് തനിക്ക് അറിയില്ലെന്നാണ് ഗുണതിലക പോലീസുകാരോട് വ്യക്തമാക്കിയത്. സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഗുണതിലകയെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. 2017 ഒക്ടോബറില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് പിറ്റേ ദിവസത്തെ പരിശീലനത്തില്‍ നിന്ന് താരം വിട്ട് നിന്നതിനു മൂന്ന് മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് വിവാദത്തില്‍ താരം ഉള്‍പ്പെടുന്നത്. മിര്‍പ്പൂരില്‍ ഏകദിന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനിടെയും താരത്തിനെതിരെ പെരുമാറ്റ ചട്ട ലംഘനം വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശ്രീലങ്കന്‍ മന്ത്രിതല പ്രതിനിധിയ്ക്ക് യോഗങ്ങളില്‍ നിരീക്ഷകനായി പങ്കെടുക്കാം: ഐസിസി

ശ്രീലങ്ക ക്രിക്കറ്റിലെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ശ്രീലങ്കന്‍ കായിക മന്ത്രിയുടെ പ്രതിനിധിയ്ക്ക് ഐസിസിയുടെ ബോര്‍ഡ്, ഫുള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ നിരീക്ഷകനായി പങ്കെടുക്കാമെന്ന് അറിയിച്ച് ഐസിസി. ശ്രീലങ്ക ക്രിക്കറ്റിന്റെ ചുമതല ഇപ്പോള്‍ രാജ്യത്തെ കായിക മന്ത്രാലയം ആണ് മേല്‍നോട്ടം വഹിക്കുന്നത്. പുതിയ ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് കോടതി ഇടപെട്ട് തടയുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ അംഗത്തിനോട് യോഗങ്ങളില്‍ പങ്കെടുക്കാമെന്ന് ഐസിസി പറഞ്ഞിട്ടുണ്ടെങ്കിലും ആറ് മാസത്തെ കാലയളവിനുള്ളില്‍ ശ്രീലങ്ക ക്രിക്കറ്റ് തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റിയെ നിയമിച്ചില്ലെങ്കില്‍ ശ്രീലങ്ക ക്രിക്കറ്റിന്റെ അംഗത്വത്തിനെക്കുറിച്ച് ഐസിസിയുടെ കടുത്ത നടപടിയുണ്ടെന്നാണ് അറിയിപ്പ് എത്തിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version