ലണ്ടൻ ഡർബിയിൽ ചെൽസി ഇന്ന് സ്പർസിനെതിരെ

പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടൻ ഡർബി ആവേശം. പ്രീമിയർ ലീഗിൽ അപരാജിതരായ ചെൽസിക്ക് ഇന്ന് സ്പർസിനെതിരെയാണ് മത്സരം. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരത്തിന് കൊടിയേറുക.

മൗറീസിയോ സാരി പരിശീലകനായി എത്തിയ ശേഷം തോൽവി അറിയാത്ത ചെൽസിക്ക് ഇന്ന് പക്ഷെ ജയിച്ചു കയറുക എളുപമാക്കില്ല. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് കേവലം 1 പോയിന്റ് പിറകിൽ നാലാം സ്ഥാനത്താണ് സ്പർസ്. ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡിനെ തടയുക എന്നത് തന്നെയാവും സ്പർസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഡിഫൻഡർ വേർതൊഗൻ പരിക്ക് മാറി തിരിച്ചെത്തിയത് അവർക്ക് ഊർജമാവുമെങ്കിലും മറ്റൊരു ഡിഫൻഡർ ഡേവിസൻ സാഞ്ചസ് പരിക്കേറ്റ് പുറത്താണ്. ചെൽസി നിരയിൽ പരിക്ക് മാറി മറ്റെയോ കൊവാചിച് തിരിച്ചെത്തും.

കഴിഞ്ഞ സീസണിൽ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഏറ്റ തോൽവിക്ക് പ്രതികാരം ചെയ്യുക എന്നത് തന്നെയാവും ചെൽസിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം പക്ഷെ വെംബ്ലിയിൽ നടന്ന മത്സരത്തിൽ 2-1 ന് ചെൽസിക്കായിരുന്നു ജയം.

പ്രീമിയർ ലീഗ്: സ്പർസ് ഇന്ന് പാലസിനെ നേരിടും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ സ്പർസ് ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിടും. പാലസിന്റെ മൈതാനത്ത് ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം കിക്കോഫ്.

പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് തുടരുന്ന സ്പർസ് ഇന്ന് ജയത്തോടെ നില മെച്ചപ്പെടുത്താനാവും ശ്രമിക്കുക. ലീഗിൽ പതിനാലാം സ്ഥാനത്ത് ആണെങ്കിലും സ്വന്തം മൈതാനത്ത് മികച്ച പ്രകടനം നടത്താൻ കെൽപുള്ളവരാണ്‌ പാലസ്. പക്ഷെ സ്പർസിനെതിരെ അവസാനം കളിച്ച 6 മത്സരങ്ങളിലും പാലസിന് തോൽവി വഴങ്ങേണ്ടി വന്നിട്ടുണ്ട്.

സ്പർസ് നിരയിലേക്ക് പരിക്ക് മാറി എറിക് ഡയർ, അലി, എറിക്സൻ, വൻയാമ എന്നിവർ തിരിച്ചെത്തും. പാലസ് നിരയിൽ ബെൻന്റെകെ, വികാം, സ്കോട്ട് ഡാൻ എന്നിവർ ഏറെ നാളായി പരിക്കിന്റെ പിടിയിലാണ്. സ്പർസിന് ഇന്ന് ജയിക്കാൻ ആയില്ലെങ്കിൽ ആഴ്സണൽ അവരെ മറികടന്ന് നാലാം സ്ഥാനത്തേക്ക് മുന്നേറാൻ സാധ്യത കൂടുതലാണ്.

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ കാർഡിഫ് ബ്രയ്റ്റനേയും, ഹഡേഴ്‌സ്ഫീൽഡ് വെസ്റ്റ് ഹാമിനെയും, ലെസ്റ്റർ ബേൺലിയെയും, ന്യൂകാസിൽ ബൗന്മൗത്തിനെയും, വാട്ട്ഫോർഡ് സൗത്താംപ്ടനെയും നേരിടും.

കാരബാവോ കപ്പ് : ആഴ്സണലിനും സ്പർസിനും ജയം

കാരബാവോ കപ്പിൽ ആഴ്സണലിനും ടോട്ടൻഹാമിനും ജയം. ആഴ്സണൽ 2-1 ന് ബ്ലാക്പൂളിനെ മറികടന്നപ്പോൾ സ്പർസ് 3-1 നാണ് വെസ്റ്റ് ഹാമിനെ തോൽപിച്ചത്. ഇതേ സമയം ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത ഒരു ഗോളിന് മിഡിൽസ്ബറോയോട് തോറ്റ് പുറത്തായി.

ഇരു ടീമുകളും ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ കഷ്ടപ്പെട്ടാണ് ആഴ്സണൽ ജയിച്ചു കയറിയത്. സ്റ്റെഫാൻ ലേയ്ച്ചസ്റ്റൈനറിന്റെ ഗോളിൽ മുന്നിൽ എത്തിയ ആഴ്സണൽ രണ്ടാം പകുതിയിൽ സ്മിത്ത് റോയുടെ ഗോളിൽ ലീഡ് ഉയർത്തി. പക്ഷെ മത്സരം 25 മിനിറ്റോളം ബാക്കി നിൽക്കേ ബ്ളാക്പൂൾ ഗോൾ മടക്കിയത് ആഴ്സണലിന് ആശങ്ക സമ്മാനിച്ചെങ്കിലും രണ്ടാം ഗോൾ നേടാൻ ബ്ലാക്ക്‌പൂളിനായില്ല.

ഹ്യുങ് മിൻ സോണിന്റെ മികച്ച ഫോമാണ് സ്പർസിന് വെസ്റ്റ്ഹാമിനെതിരെ ജയം സമ്മാനിച്ചത്. സോൺ രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ സ്പർസിനായി യോറന്റെ ഒരു ഗോളും നേടി. ലൂക്കസ് പെരസാണ് ഹാമേഴ്സിന്റെ ഏക ഗോൾ നേടിയത്.

ഇഞ്ചുറി ടൈമിൽ ജയം ഉറപ്പാക്കി ഇന്റർ, സ്പർസ് സാൻസിറോയിൽ വീണു

സാൻസിറോയിൽ ഇന്ററിന്റെ കിടിലൻ തിരിച്ചു വരവ്. 85 മിനുട്ട് പിറകിൽ നിന്ന് ശേഷം 2 ഗോളുകൾ തിരിച്ചടിച്ച ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ സ്പർസിനെ 2-1 ന് മറികടന്നു.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ സ്പർസിന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. എറിക്സന്റെ പാസിൽ കെയ്ന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന് ഫിനിഷ് ചെയ്യാനായില്ല. പിന്നീട് ഒറിയേയിലൂടെ സ്പർസിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇന്റർ ഗോളിയുടെ സേവ് തടസമായി. ഇന്റർ പക്ഷെ മുൻ നിരയിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വിഷമിച്ചു. ഇക്കാർഡിക്കും പെരിസിച്ചിനും കാര്യമായി ഒന്നും ചെയ്യാനായില്ല.

രണ്ടാം പകുതിയിലും സ്പർസ് മികച്ച മുന്നേറ്റങ്ങളുമായി മുന്നിട്ട് നിന്നപ്പോൾ ഇന്റർ ആക്രമണ നിര തണുപ്പൻ ഫോം തുടർന്നു. 53 ആം മിനുട്ടിൽ സ്പർസിന് അർഹിച്ച ലീഡ് പിറന്നു. എറിക്സന്റെ ഷോട്ട് ജാവോ മിറാണ്ടയുടെ ദേഹത്ത് തട്ടി ഇന്റർ വലയിൽ പതിക്കുകയായിരുന്നു. പിന്നീടും ലമേലയിലൂടെ സ്പർസിന് ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ലീഡ് ഉയർത്തനായില്ല.

ഏറെ നേരം മത്സരത്തിൽ ഒന്നും ചെയ്യാനാവാതെ നിന്ന ഇക്കാർഡി പക്ഷെ 85 ആം മിനുട്ടിൽ ഇന്ററിന്റെ രക്ഷക്കത്തി. അസമാവോയുടെ പാസിൽ ക്യാപ്റ്റൻ ഇക്കാർടിയുടെ കിടിലൻ വോളിയിൽ ഇന്ററിന്റെ സമനില ഗോൾ പിറന്നു. പിന്നീടുള്ള സമയം ഇന്റർ തുടർച്ചയായി സ്പർസ് ഗോൾ മുഖം ആക്രമിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടിൽ വസിനോയിലൂടെ ഇന്റർ ലീഡ് നേടി അവരുടെ തിരിച്ചുവരവ് പൂർത്തിയാക്കി.

ജയത്തോടെ ബാഴ്സ അടങ്ങുന്ന ഗ്രൂപ്പിൽ ഇന്ററിന്റെ സാധ്യത ഉയർന്നു.

ഓൾഡ് ട്രാഫോഡ് നിശ്ചലം, സ്പർസിനോട് നാണം കെട്ട് യുണൈറ്റഡ്

സ്വന്തം മൈതാനത്തെ സരക്ഷിതത്വവും ജോസ് മൗറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ചില്ല. ഓൾഡ് ട്രാഫോഡിൽ സ്പർസിനെ നേരിട്ട അവർക്ക് എതിരില്ലാത്ത 3 ഗോളുകളുടെ തോൽവി. ഹാരി കെയ്ൻ, ലൂക്കാസ് മോറയുടെ രണ്ട് ഗോളുകളാണ് സ്പർസിന് ജയം ഒരുക്കിയത്. ഇന്നത്തെ തോൽവിയോടെ യുണൈറ്റഡ് 3 മത്സരങ്ങളിൽ നിന്ന് വെറും 3 പോയിന്റുമായി  13 ആം സ്ഥാനത്താണ്. സ്പർസ് 9 പോയിന്റുമായി 3 ആം സ്ഥാനത്താണ്

ബ്രൈറ്റനെതിരെ തോൽവി വഴങ്ങിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് മൗറീഞ്ഞോ ടീമിനെ ഇറക്കിയത്. പെരേര, ബായി, ലിണ്ടലോഫ്, യങ് എന്നിവർക്ക് പകരം ഹെരേര, മാറ്റിച്, സ്മാളിങ്, ജോൻസ്, വലൻസിയ എന്നിവർ ടീമിലെത്തി.

ആദ്യ പകുതിയിൽ യുണൈറ്റഡ് മികച്ച ആധിപത്യമാണ് പുലർത്തിയത്. പക്ഷെ ഗോൾ കണ്ടെത്താൻ അവർക്കായില്ല. ഡാനി റോസിന്റെ പിഴവിൽ നിന്ന് ലുകാക്കുവിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. സ്പർസ് പക്ഷെ എതിർ ഗോൾ മുഖത്ത് കാര്യമായ വെല്ലുവിളി ഉയർത്തിയതുമില്ല.

രണ്ടാം പകുതിയിൽ പക്ഷെ സ്പർസ് ആക്രമണത്തിന് മുൻപിൽ യുണൈറ്റഡ് പ്രതിരോധം ചിന്നി ചിതറുന്ന കാഴ്ചയാണ് കണ്ടത്. 50 ആം മിനുട്ടിൽ ട്രിപ്പിയറിന്റെ കോർണറിൽ നിന്ന് കെയ്ൻ നേടിയ ഹെഡർ ഗോളിലൂടെ ലീഡ് സ്വന്തമാക്കിയ സ്പർസ് ഏറെ വൈകാതെ 52 ആം മിനുട്ടിൽ ലൂക്കാസ് മോറയുടെ ഗോളിൽ ലീഡ് രണ്ടാക്കി. ഇതോടെ ഹെരേരയെ പിൻവലിച്ച മൗറീഞ്ഞോ സാഞ്ചസിനെ കളത്തിൽ ഇറക്കി. പക്ഷെ 84 ആം മിനുട്ടിൽ മോറയുടെ രണ്ടാം ഗോളും പിറന്നതോടെ യുണൈറ്റഡിന്റെ പതനം പൂർത്തിയായി.

Exit mobile version