പരമ്പര കൈവിട്ടെങ്കിലും റാങ്കിംഗില്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ താരങ്ങള്‍, ജെമീമയ്ക്ക് രണ്ടാം റാങ്ക്

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പര 3-0നു നഷ്ടപ്പെട്ടുവെങ്കിലും റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി ഇന്ത്യന്‍ താരങ്ങള്‍. ജെമീമ റോഡ്രിഗസ് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലേക്ക് കുതിച്ചപ്പോള്‍ സ്മൃതി മന്ഥാന ആറാം സ്ഥാനവും ഹര്‍മ്മന്‍പ്രീത് കൗര്‍ ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. 765 റേറ്റിംഗ് പോയിന്റോടെ ന്യൂസിലാണ്ടിന്റെ സൂസി ബെയ്റ്റ്സ് ആണ് ഒന്നാം റാങ്കിലുള്ളത്.

132 റണ്‍സാണ് മൂന്ന് മത്സരങ്ങളില്‍ നിന്നായി ജെമീമ സ്വന്തമാക്കിയത്. 737 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. തൊട്ടു പുറകില്‍ മൂന്നാം സ്ഥാനത്ത് വിന്‍ഡീസിന്റെ ഡിയാന്‍ഡ്ര ഡോട്ടിന്‍ ആണ്. 727 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത് . 180 റണ്‍സ് പരമ്പരയില്‍ നിന്ന് നേടിയ സ്മൃതി 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആറാം സ്ഥാനത്തേക്ക് എത്തിയത്. ഇന്ത്യ അവസാന മത്സരത്തില്‍ 2 റണ്‍സിനു പരാജയപ്പെട്ടപ്പോള്‍ 86 റണ്‍സാണ് സ്മൃതി നേടിയത്.

മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ഇന്ത്യ, ആദ്യ ടി20യില്‍ പരാജയം

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ പരാജയം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന് ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ഇന്ത്യയുടെ റണ്ണൊഴുക്ക് നഷ്ടമാവുകയും ഇന്ത്യ 23 റണ്‍സ് തോല്‍വിയിലേക്ക് വീഴുകയുമായിരുന്നു. 160 റണ്‍സ് വിജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് പ്രിയ പൂനിയയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാന-ജെമീമ റോഡ്രിഗസ് കൂട്ടുകെട്ട് 98 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

തന്റെ ഏറ്റവും വേഗതയേറിയ ടി20 അര്‍ദ്ധ ശതകം തികച്ച ശേഷം പുറത്തായ സ്മൃതിയ്ക്ക്(58) തൊട്ടുപിന്നാലെ ജെമീമയും(39) പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ലിയ തഹാഹുവും അമേലിയ കെറും ഇന്ത്യയെ വരിഞ്ഞു മുറുക്കി വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പൊരുതി നോക്കി. 17 റണ്‍സ് നേടി താരവും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 19.1 ഓവറില്‍ ഇന്ത്യ 136 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു . ലിയ തഹുഹു മൂന്ന് വിക്കറ്റും അമേലിയ കെര്‍ രണ്ട് വിക്കറ്റുമാണ് നേടിയത്. ലെയ്ഗ് കാസ്പെറെക്കിനു രണ്ട് വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി സോഫി ഡിവൈന്‍ 62 റണ്‍സ് നേടിയപ്പോള്‍ ആമി സാറ്റെര്‍ത്‍വൈറ്റ്(33), കേറ്റി മാര്‍ട്ടിന്‍(27*) എന്നിവരും തിളങ്ങി. 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്.

വനിത ക്രിക്കറ്റില്‍ ഇന്ത്യയുടെ അതിവേഗ ടി20 അര്‍ദ്ധ ശതകവുമായി സ്മൃതി മന്ഥാന

വനിത ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം സ്വന്തമാക്കി സ്മൃതി മന്ഥാന. ഇന്ന് ന്യൂസിലാണ്ടിനെതിരെ തന്റെ അര്‍ദ്ധ ശതകം 24 പന്തില്‍ നിന്ന് തികച്ചപ്പോളാണ് സ്മൃതി ഈ നേട്ടം കൊയ്തത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ 25 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ തന്റെ തന്നെ റെക്കോര്‍ഡാണ് സ്മൃതി ഇന്നത്തെ പ്രകടനത്തിലൂടെ മറികടന്നത്.

ഇന്ത്യയുടെ അഞ്ച് മികച്ച വേഗതയേറിയ ടി20 അര്‍ദ്ധ ശതകങ്ങളില്‍ നാലും സ്മൃതി മന്ഥാനയുടെ പേരില്‍ തന്നെയാണ്. അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം 58 റണ്‍സില്‍ സ്മൃതി ഇന്ന് പുറത്താകുകയായിരുന്നു. 34 പന്തുകളാണ് സ്മൃതി തന്റെ ഇന്നിംഗ്സില്‍ നേരിട്ടത്.

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി സ്മൃതി മന്ഥാന

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഐസിസി ഏകദിന റാങ്കിംഗിന്റെ തലപ്പത്തെത്തി ഇന്ത്യയുടെ സ്മൃതി മന്ഥാന. 105, 90*, 1 എന്നിങ്ങനെയുള്ള താരത്തിന്റെ സ്കോറുകളാണ് റാങ്കിംഗില്‍ മുന്നിലെത്തുവാന്‍ സഹായിച്ചത്. പരമ്പര 2-1നു ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ സ്മൃതിയായിരുന്നു പരമ്പരയില്‍ ഏറ്റവും അധികം റണ്‍സ് കണ്ടെത്തിയ താരം.

ഓസ്ട്രേലിയയുടെ എല്‍സെ പെറി, മെഗ് ലാന്നിംഗ് എന്നിവരാണ് റാങ്കിംഗില്‍ രണ്ടും മൂന്നും സ്ഥാനത്ത്. അതേ സമയം ഇന്ത്യയുടെ മിത്താലി രാജ് ഒരു സ്ഥാനം പുറകോട്ട് പോയി അഞ്ചാം സ്ഥാനത്തായി. 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ന്യൂസിലാണ്ടിന്റെ ആമി സാറ്റെര്‍ത്‍വൈറ്റ് ആണ് റാങ്കിംഗില്‍ നാലാമതെത്തിയത്.

രണ്ടാം ഏകദിനത്തിലും ഇന്ത്യ തന്നെ

പുരുഷ ടീമിന്റേത് പോലെ തന്നെ ന്യൂസിലാണ്ടിനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ വനിതകളു. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരെ 161 റണ്‍സിനു പുറത്താക്കിയ ശേഷം 35.2 ഓവറില്‍ നിന്ന് 2 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയം കുറിച്ചത്. 15 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാനയും ക്യാപ്റ്റന്‍ മിത്താലി രാജും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 150 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 8 വിക്കറ്റിന്റെ വിജയം നേടുകയായിയരുന്നു. സ്മൃതി പുറത്താകാതെ 90 റണ്‍സും മിത്താലി 62 റണ്‍സും നേടിയാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. വിജയ റണ്‍സ് സിക്സറിലൂടെ നേടി മിത്താലിയാണ് ഇന്ത്യയെ പരമ്പരയില്‍ 2-0നു മുന്നിലെത്തിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 4.2 ഓവറില്‍ 161 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 71 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആമി സാറ്റെര്‍വെയ്റ്റ് മാത്രമാണ് ന്യൂസിലാണ്ട് നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി മൂന്നും എക്ത ബിഷ്ട്, ദീപ്തി ശര്‍മ്മ, പൂനം യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി തിളങ്ങി.

അപൂര്‍വ്വ നേട്ടവുമായി സ്മൃതി, ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരം

ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിനിടെ തന്റെ നാലാം ഏകദിന ശതകം പൂര്‍ത്തിയാക്കിയ സ്മൃതി മന്ഥാനയുടെ അപൂര്‍വ്വ നേട്ടം. ഈ നാല് ശതകങ്ങളും ഇന്ത്യയ്ക്ക് പുറത്താണ് സ്മൃതി നേടിയത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ട് എന്നിവിടങ്ങളില്‍ ശതകം നേടുന്ന ലോകത്തിലെ രണ്ടാമത്തെ വനിത താരമെന്ന നേട്ടം കൂടി സ്മൃതി ഇന്നത്തെ പ്രകടനത്തിലൂടെ സ്വന്തമാക്കി. ക്ലയര്‍ ടെയിലര്‍ ആണ് സമാനമായ നേട്ടം ആദ്യം സ്വന്തമാക്കിയ താരം.

192 റണ്‍സിനു ന്യൂസിലാണ്ടിനെ പുറത്താക്കിയ ശേഷം 190 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ശേഷമാണ് സ്മൃതി തന്റെ വ്യക്തിഗത സ്കോര്‍ 105ല്‍ നില്‍ക്കെ പുറത്തായത്. ഇന്ത്യ 9 വിക്കറ്റിന്റെ വിജയമാണ് മത്സരത്തില്‍ നേടിയത്.

53 പന്തില്‍ 99 റണ്‍സ് നേടിയിട്ടും ടീം ജയിച്ചില്ല, ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ആ കര്‍ത്തവ്യം നിര്‍വഹിച്ച് സോഫി ഡിവൈന്‍, തോല്‍വിയിലും തിളങ്ങി മന്ഥാന

വനിത ബിഗ് ബാഷില്‍ ഇന്ന് നടന്ന അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്-ഹോബാര്‍ട്ട് ഹറികെയന്‍സ് മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ വിഫലമായെന്ന് തോന്നിയത് അഡിലെയ്ഡിന്റെ സോഫി ഡിവൈന്റെ പുറത്താകാതെ നേടിയ 99 റണ്‍സായിരുന്നു. 53 പന്തില്‍ നിന്ന് 10 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു ഡിവൈന്റെ പ്രകടനം. ഒപ്പം താഹില മഗ്രാത്ത് 63 റണ്‍സ് നേടിയപ്പോള്‍ 189/5 എന്ന ജയിക്കുവാന്‍ പോന്ന സ്കോര്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് നേടിയിരുന്നു.

എന്നാല്‍ ഹോബാര്‍ട്ടിനു വേണ്ടി സ്മൃതി മന്ഥാനയും ജോര്‍ജ്ജിയ റെഡ്മെയിനും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ ടീം 189 റണ്‍സ് നേടി. ജോര്‍ജ്ജിയ 54 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ സ്മൃതി 25 പന്തില്‍ നിന്ന് 52 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. സാറ കോയ്ടേ മൂന്ന് വിക്കറ്റുമായി അഡിലെയ്ഡിനു വേണ്ടി തിളങ്ങി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ടിനു വേണ്ടി സ്മൃതി ആദ്യ പന്തില്‍ സിക്സ് നേടി . എന്നാല്‍ ഓവറില്‍ നിന്ന് 12 റണ്‍സ് മാത്രമേ ഒരു വിക്കറ്റ് നഷ്ടത്തില്‍ ടീമിനു നേടാനായുള്ളു. സാറ കോയ്ടെയാണ് ഓവര്‍ എറിഞ്ഞത്. ബാറ്റിംഗിനിറങ്ങിയ സോഫി ആദ്യ മൂന്ന് പന്തില്‍ നിന്ന് തന്നെ അഡിലെയ്ഡിനെ സൂപ്പര്‍ ഓവര്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആദ്യ രണ്ട് പന്തും സിക്സര്‍ പറത്തി സോഫി സ്കോര്‍ ഒപ്പമെത്തിച്ച ശേഷം മൂന്നാം പന്തില്‍ ബൗണ്ടറി നേടി വിജയം ഉറപ്പാക്കി.

ഐസിസി അവാര്‍ഡ് പെരുമയില്‍ സ്മൃതി മന്ഥാന

ഐസിസി വനിത അവാര്‍ഡ് പെരുമയില്‍ ഇന്ത്യയുടെ സ്മൃതി മന്ഥാന. റേച്ചല്‍ ഹേയ്ഹോ-ഫ്ലിന്റ് അവാര്‍ഡ് നേടിയ സ്മൃതി ഐസിസി ഏകദിന താരമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018ലെ വനിത ക്രിക്കറ്റര്‍ക്ക് നല്‍കുന്ന അവാര്‍ഡ് ആണ് റേച്ചല്‍ ഹേയ്ഹോ-ഫ്ലിന്റ് അവാര്‍ഡ്. ഇന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. ഈ വര്‍ഷം 12 ഏകദിനത്തില്‍ നിന്ന് 22 വയസ്സുകാരി ഇടംകൈ ബാറ്റിംഗ് താരം 669 റണ്‍സാണ് നേടിയിട്ടുള്ളത്. 25 ടി20 മത്സരങ്ങളില്‍ നിന്ന് സ്മൃതി 622 റണ്‍സ് നേടി.

ഐസിസി ടി20 താരമായി ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റിംഗ് താരം അലൈസ ഹീലിയെ തിരഞ്ഞെടുക്കു. ഐസിസി എമേര്‍ജിംഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഇംഗ്ലണ്ടിന്റെ സോഫി എക്സല്‍സ്റ്റോണിനു ലഭിച്ചു.

വനിത ബിഗ് ബാഷില്‍ ഇന്ത്യന്‍ താരങ്ങള്‍ വീണ്ടുമെത്തുന്നു

ഹോബാര്‍ട്ട് ഹറികെയിന്‍സുമായി 2018-19 സീസണിലേക്കുള്ള കരാര്‍ ഒപ്പുവെച്ച് ഇന്ത്യന്‍ വനിത ടി20 വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന. രണ്ടാം സീസണില്‍ താരം ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടി കളിച്ചിരുന്നു. എന്നാല്‍ അന്ന് താരത്തിനു ടൂര്‍ണ്ണമെന്റിനിടെ പരിക്കേറ്റിരുന്നു. ഡിസംബര്‍ 1നു പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെയാണ് ഹറികെയിന്‍സിന്റെ ആദ്യ മത്സരം. എന്നാല്‍ താരം ഡിസംബര്‍ എട്ടിനു മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള മത്സരത്തിനാവും ടീമിനൊപ്പം ചേരുക.

അതേ സമയം ഇന്ത്യന്‍ നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ സിഡ്നി തണ്ടറുമായി നേരത്തെ തന്നെ രണ്ട് വര്‍ഷത്തെ കരാര്‍ 2017ല്‍ ഒപ്പുവെച്ചതിനാല്‍ ഈ സീസണിലും മടങ്ങിയെത്തും. ഇക്കഴിഞ്ഞ വനിത ലോക ടി20യില്‍ ന്യൂസിലാണ്ടിനെതിരെ ശതകം നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ മികച്ച ഫോമിലാണ്. തണ്ടറിന്റെ ആദ്യ മത്സരം മെല്‍ബേണ്‍ റെനേഗേഡ്സുമായാണ്.

സ്മൃതി മന്ഥാനയുടെ മികവില്‍ ഓസ്ട്രേലിയയെയും വീഴ്ത്തി ഇന്ത്യ, ഗ്രൂപ്പ് ചാമ്പ്യന്മാരായി

വനിത ലോക ടി20യില്‍ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 48 റണ്‍സ് വിജയം നേടി ഇന്ത്യ. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നേരത്തെ തന്നെ ഇന്ത്യയും ഓസ്ട്രേലിയയും സെമി യോഗ്യത നേടിയതിനാല്‍ മത്സരം ഗ്രൂപ്പ് ചാമ്പ്യന്മാരാകുവാന്‍ നിര്‍ണ്ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. അതേ സമയം ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 119 റണ്‍സില്‍ അവസാനിച്ചു. 19.4 ഓവറില്‍ 9ാം വിക്കറ്റ് വീണപ്പോള്‍ പരിക്കേറ്റ അലീസ ഹീലി ബാറ്റിംഗിനിറങ്ങാതിരുന്നപ്പോള്‍ ഓസീസ് ഇന്നിംഗ്സിനു തിരശ്ശീല വീഴുകയായിരുന്നു.

താനിയ ഭാട്ടിയ, ജെമീമ റോഡ്രിഗെസ് എന്നിവരെ തുടക്കത്തില്‍ നഷ്ടമായ ശേഷം സ്മൃതി മന്ഥാന, ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മൂന്നാം വിക്കറ്റില്‍ 68 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഹര്‍മ്മന്‍പ്രീത് കൗര്‍ 27 പന്തില്‍ 43 റണ്‍സ് നേടി പുറത്തായപ്പോള്‍ 55 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയാണ് സ്മൃതി മടങ്ങിയത്. എല്‍സെ പെറിയും ഡെലീസ കിമ്മിന്‍സും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ കുതിപ്പിനു വിഘ്നം സൃഷ്ടിച്ചിരുന്നു. മത്സരത്തില്‍ എല്‍സെ പെറി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആഷ്‍ലെ ഗാര്‍ഡ്നെര്‍, ഡെലീസ കിമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഓപ്പണര്‍ അലീസ ഹീലിയെ ഓപ്പണിംഗിനു ഇറക്കാതെയാണ് ഓസ്ട്രേലിയ ബാറ്റിംഗിനിറങ്ങിയത്. പിന്നീട് മത്സരത്തില്‍ തന്നെ താരത്തിന്റെ പങ്കാളിത്തം അസാധ്യമായതോടെ അത് ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും റണ്‍സ് വിട്ടു നല്‍കാതെയും സമ്മര്‍ദ്ദം സൃഷ്ടിക്കാനും ഇന്ത്യയ്ക്കായി.

39 റണ്‍സുമായി പുറത്താകാതെ നിന്ന ഓസീസ് താരം എല്‍സെ പെറി ആണ് ടീമിന്റെ ടോപ് സ്കോറര്‍. ബെത്ത് മൂണി 19 റണ്‍സും ആഷ്ലെ ഗാര്‍ഡ്നെര്‍ 20 റണ്‍സും നേടി. ഇന്ത്യയ്ക്കായി അനൂജ പാട്ടില്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മ, രാധ യാദവ്, പൂനം യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി തിളങ്ങി.

സെമി ഉറപ്പാക്കി ഇന്ത്യ, അയര്‍ലണ്ടിനെതിരെ 52 റണ്‍സ് വിജയം

വനിത ലോക ടി20യില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഉറപ്പാക്കി ഇന്ത്യ. ഓസ്ട്രേലിയയ്ക്ക് പിന്നാലെ മൂന്നാം ജയം കരസ്ഥമാക്കി ഇന്ത്യയും സെമി ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് നടന്ന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ 52 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മിത്താലി രാജ് നേടിയ അര്‍ദ്ധ ശതകത്തിന്റെയും സ്മൃതി മന്ഥാനയുടെ പിന്തുണയോടും കൂടി 145 റണ്‍സിലേക്ക് നീങ്ങുകയായിരുന്നു.

6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 20 ഓവറില്‍ നിന്ന് ഈ സ്കോര്‍ നേടുന്നത്. മിത്താലി 51 റണ്‍സ് നേടിയപ്പോള്‍ സ്മൃതി 33 റണ്‍സാണ് നേടിയത്. അയര്‍ലണ്ടിനായി കിം ഗാര്‍ത്ഥ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിനു 93 റണ്‍സ് മാത്രമേ 20 ഓവറില്‍ നിന്ന് നേടാനായുള്ളു. ഇസോബെല്‍ ജോയ്സ് 33 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്ലെയര്‍ ഷില്ലിംഗ്ടണ് 23 റണ്‍സ് നേടി പുറത്തായി. 8 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഇന്ത്യയ്ക്കായി രാധ യാദവ് മൂന്നും ദീപ്തി ശര്‍മ്മ മൂന്നും വിക്കറ്റാണ് നേടിയത്.

അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ സ്മൃതി മന്ഥാനയും ഹിമ ദാസും

മലയാളിത്താരം ജിന്‍സണ്‍ ജോണ്‍സണോടൊപ്പം അത്‍ലറ്റിക്സില്‍ നിന്ന് നീരജ് ചോപ്ര, ഹിമ ദാസ് എന്നിവരും അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍. ഇവര്‍ക്ക് പുറമേ ബാഡ്മിന്റണ്‍ ഡബിള്‍സ് താരം സിക്കി റെഡ്ഢി ക്രിക്കറ്റില്‍ നിന്ന് സ്മൃതി മന്ഥാന ഹോക്കിയില്‍ നിന്ന് മന്‍പ്രീത് സിംഗ്, സവിത എന്നിവരും ഷൂട്ടിംഗില്‍ അങ്കുര്‍ മിത്തല്‍, രാഹി സര്‍ണോബട്ട് എന്നിവരും അര്‍ജ്ജുന അവാര്‍ഡിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്

ഇവര്‍ക്ക് പുറമേ കേണല്‍ രവി രാഥോര്‍ പോളോയിലും സതീഷ് കുമാര്‍ ബോക്സിംഗിലും അവാര്‍ഡിനു ശുപാര്‍ശ ചെയ്യപ്പെട്ടു.

Exit mobile version