സ്മൃതി മന്ഥാന വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടി കളിക്കാന്‍ മടങ്ങിയെത്തും, ദീപ്തി ശര്‍മ്മയ്ക്കൊപ്പം കളിയ്ക്കും

2019 വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോമിനായി കളിക്കുവാന്‍ സ്മൃതി മന്ഥാന മടങ്ങിയെത്തും. കഴിഞ്ഞാഴ്ച കരാറിലെത്തിയ ദീപ്തി ശര്‍മ്മയ്ക്കൊപ്പം ഇന്ത്യന്‍ ഓപ്പണിംഗ് താരവും ഈ സീസണില്‍ വെസ്റ്റേണ്‍ സ്റ്റോമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായി. കഴിഞ്ഞ സീസണില്‍ ഒരു ശതകവും രണ്ട് അര്‍ദ്ധ ശതകവും ഉള്‍പ്പെടെ 421 റണ്‍സാണ് സ്മൃതി നേടിയത്.

വെസ്റ്റേണ്‍ സ്റ്റോമിലേക്ക് തിരികെ വരാനായതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് സ്മൃതി പറഞ്ഞു. താന്‍ ഇവിടെ കളിച്ച ഓരോ നിമിഷവും ആസ്വദിച്ചിരുന്നുവെന്നും ഈ വര്‍ഷം കപ്പ് നേടുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്മൃതി വ്യക്തമാക്കി.

കോഹ്‍ലി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ജസ്പ്രീത് ബുംറ മികച്ച ബൗളര്‍

ഇന്നലെ പ്രഖ്യാപിച്ച സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡില്‍ വിരാട് കോഹ‍‍്‍ലിയെ അന്താരാഷ്ട്ര ക്രിക്കറ്ററും ഏറ്റവും മികച്ച ബാറ്റ്സ്മാനുമായി തിരഞ്ഞെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ ഏറ്റവും മികച്ച അന്താരാഷ്ട്ര ബൗളറായി തിരഞ്ഞെടുക്കപ്പെട്ടു. അതേ സമയം മോഹിന്ദര്‍ അമര്‍നാഥിനു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയിട്ടുണ്ട്.

അമര്‍നാഥിനുള്ള അവാര്‍ഡ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ ആണ് നല്‍കിയത്. ചേതേശ്വര്‍ പുജാരയെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ആയി തിരഞ്ഞെടുത്തപ്പോള്‍ രോഹിത് ശര്‍മ്മ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ആരോണ്‍ ഫിഞ്ച്(അന്താരാഷ്ട്ര ടി20 താരം), റഷീദ് ഖാന്‍(അന്താരാഷ്ട്ര ടി20 ബൗളര്‍) എന്നിവരാണ് പട്ടികയിലുള്ള വിദേശ താരങ്ങള്‍. കുല്‍ദീപ് യാദവിനെ മികച്ച പ്രകടനത്തിനും സ്മൃതി മന്ഥാനയെ വനിത താരമായും തിരഞ്ഞെടുത്തു.

വെല്ലുവിളിയുമായി ഹര്‍മ്മന്‍പ്രീത്, അവസാന പന്തില്‍ റണ്ണൗട്ട്, 2 റണ്‍സിനു സൂപ്പര്‍നോവാസിനെ കീഴടക്കി ട്രെയില്‍ബ്ലേസേഴ്സ്

ഇന്നലെ നടന്ന വനിത ടി20 ചലഞ്ചിന്റെ ആദ്യ മത്സരത്തില്‍ ട്രെയില്‍ബ്ലേസേഴ്സിനു ജയം. ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സ് സ്മൃതി മന്ഥാനയുടെ 90 റണ്‍സിന്റെ ബലത്തില്‍ 140/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍നോവാസിനു 6 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് മാത്രമേ നേടാനായുള്ളു.

34 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറാണ് സൂപ്പര്‍നോവാസിനു വേണ്ടി പൊരുതി നിന്നത്. അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്നു സൂപ്പര്‍നോവാസ് ജൂലന്‍ ഗോസ്വാമിയുടെ ഓവറില്‍ നിന്ന് 16 റണ്‍സ് നേടുകയായിരുന്നു. ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി നേടിയ ഹര്‍മ്മന്‍പ്രീത് മൂന്നാം പന്തില്‍ ബീറ്റണായെങ്കിലും നാലും അഞ്ചും പന്ത് വീണ്ടും ബൗണ്ടറി പായിച്ച് അവസാന പന്തില്‍ ജയിക്കുവാന്‍ മൂന്ന് റണ്‍സെന്ന നിലയില്‍ എത്തിച്ചു. എന്നാല്‍ അവസാന പന്തില്‍ ലിയ തഹുഹു റണ്ണൗട്ടായതോടെ ജയമെന്ന സൂപ്പര്‍നോവാസിന്റെ മോഹങ്ങള്‍ തകര്‍ന്നു.

ട്രെയില്‍ബ്ലേസേഴ്സിനു വേണ്ടി സോഫി എക്സെല്‍സ്റ്റോണും രാജേശ്വരി ഗായക്വാഡും രണ്ട് വീതം വിക്കറ്റ് നേടി. ചാമരി അട്ടപ്പട്ടു(26), സോഫി ഡിവൈന്‍(32), ജെമീമ റോഡ്രിഗസ്(24) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

മൂന്നാം വര്‍ഷവും കോഹ്‍ലിയെ ലീഡിംഗ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്ത് വിസ്ഡന്‍, സ്മൃതി മന്ഥാന വനിത താരം

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി കോഹ്‍ലിയെ തിരഞ്ഞെടുത്ത് വിഡ്സന്‍ അല്‍മാനാക്. 2018ല്‍ മൂന്ന് ഫോര്‍മാറ്റുകളിലായി 2735 റണ്‍സാണ് വിരാട് കോഹ്‍ലി നേടിയിട്ടുള്ളത്. അഞ്ച് ടെസ്റ്റ് ശതകങ്ങളാണ് കോഹ്‍ലി 2018ല്‍ നേടിയത്. ഈ അവാര്‍ഡ് മൂന്നിലധികം തവണ നേടിയിട്ടുള്ളത് ഡോണ്‍ ബ്രാഡ്മാനും(10 തവണ) ജാക്ക് ഹോബ്സുമാണ്(8 തവണ). വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ നേട്ടം കോഹ്‍ലിയ്ക്കൊപ്പം മറ്റു അഞ്ച് താരങ്ങള്‍ കൂടിയാണ് നേടിയത്. താമി ബ്യൂമോണ്ട്, ജോസ് ബട്‍ലര്‍, സാം കറന്‍, റോറി ബേണ്‍സ് എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങള്‍.

ഏകദിനത്തില്‍ 669 റണ്‍സും ടി20യില്‍ 662 റണ്‍സും നേടിയാണ് സ്മൃതി മന്ഥാന ലീഡിംഗ് വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. വനിത സൂപ്പര്‍ ലീഗിലും മികച്ച് ഫോമിലാണ് താരം കളിച്ചത്.

2018ലെ ടി20 താരമായി വിസ്ഡന്‍ തിരഞ്ഞെടുത്തത് റഷീദ് ഖാനെയാണ്. 2018 ഐപിഎലില്‍ 21 വിക്കറ്റുകള്‍ നേടിയ താരം 22 വിക്കറ്റുകളാണ് അഫ്ഗാനിസ്ഥാന് വേണ്ടി കഴിഞ്ഞ വര്‍ഷം നേടിയത്.

ടി20 റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തി സ്മൃതി മന്ഥാന

ടി20 പരമ്പരയില്‍ ഇന്ത്യ നാണംകെട്ട് ഇംഗ്ലണ്ടിനോട് കീഴടങ്ങിയെങ്കിലും പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയി മാറിയ സ്മൃതി മന്ഥാന ഐസിസി വനിത ടി20 റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനത്തിനുള്ളിലെത്തി. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 72 റണ്‍സുമായി സ്മൃതിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇന്ത്യ പരമ്പര 0-3നു അടിയറവ് പറയുകയായിരുന്നു.

698 റേറ്റിംഗ് പോയിന്റുമായി സ്മൃതി മൂന്നാം റാങ്കിലേക്ക് ഉയര്‍ന്നു. അതേ സമയം ഇന്ത്യയുടെ ജെമീമ റോഡ്രിഗസ് പരമ്പരയിലെ മോശം പ്രകടനം കാരണം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 765 പോയിന്റുള്ള ന്യൂസിലാണ്ടിന്റെ സൂസി ബെയ്റ്റ്സ് ഒന്നാമതും വിന്‍ഡീസിന്റെ ഡിയാണ്ട്ര ഡോട്ടിന്‍ 727 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

അവസാന ഓവറില്‍ വിജയിക്കുവാന്‍ മൂന്ന് റണ്‍സ്, ഇന്ത്യയ്ക്ക് നേടാനായത് ഒരു റണ്‍സ്

മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ കാലിടറി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര ഇംഗ്ലണ്ടിനെ 119 റണ്‍സിനു പിടിച്ചുകെട്ടിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 118 റണ്‍സ് മാത്രമേ 20 ഓവറില്‍ നിന്ന് നേടാനായുള്ളു. ഇരു ടീമുകള്‍ക്കും ആറ് വിക്കറ്റാണ് നഷ്ടമായത്. സ്മൃതി മന്ഥാന മികച്ച തുടക്കം നല്‍കിയ ശേഷം ഇന്ത്യ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 39 പന്തില്‍ നിന്ന് സ്മൃതി 58 റണ്‍സ് നേടി പുറത്തായ ശേഷം ഇന്ത്യയുടെ സ്കോറിംഗ് വേഗത കുറയുകയായിരുന്നു. 30 റണ്‍സുമായി മിത്താലി രാജ് പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങള്‍ക്ക് മികവ് പുലര്‍ത്താനാകാതെ പോയത് ടീമിനു തിരിച്ചടിയായി.

6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് 118 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ ജയിക്കുവാന്‍ 3 റണ്‍സ് മാത്രം നേടേണ്ടിയിരുന്ന ടീമിനു ഒരു റണ്‍സാണ് ഓവറില്‍ നിന്ന് നേടാനായത്. ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ട ഭാരതി ഫുല്‍മാലി റണ്ണെടുക്കാനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ അടുത്ത പന്തില്‍ താരം പുറത്തായപ്പോള്‍ ലക്ഷ്യം രണ്ട് പന്തില്‍ നിന്ന് മൂന്നായി മാറി.

അടുത്ത പന്തില്‍ അനൂജ പാട്ടിലിനെ പുറത്താക്കി കേറ്റ് ക്രോസ് ഹാട്രിക്കിന്റെ വക്കിലെത്തി. അവസാന പന്തില്‍ നിന്ന് ടൈയ്ക്കായി 2 റണ്‍സ് വേണ്ടിയിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി ശിഖ പാണ്ടേയ്ക്ക് ഒരു റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയ കേറ്റ് ക്രോസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഡാനിയേല്‍ വയട്ട് പരമ്പരയിലെ താരമായി മാറി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു വേണ്ടി ഡാനിയേല്‍ വയട്ട്(24), താമി ബ്യൂമോണ്ട്(29), ആമി എല്ലെന്‍ ജോണ്‍സ്(26) എന്നിവര്‍ മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും അവസാന ഓവറിലെ പ്രകടനം ടീമിനെ പരമ്പര തൂത്തുവാരാന്‍ സഹായിച്ചു. ഇന്ത്യയ്ക്കായി അനൂജ പാട്ടിലും ഹര്‍ലീന്‍ ഡിയോളും രണ്ട് വീതം വിക്കറ്റ് നേടി.

ബാറ്റിംഗില്‍ സ്മൃതി തന്നെ മുന്നില്‍, മിത്താലി നാലാം സ്ഥാനത്ത്

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര വിജയത്തില്‍ മിന്നിത്തിളങ്ങിയ ബാറ്റിംഗ് താരം സ്മൃതി മന്ഥാന തന്റെ ഏകദിനത്തിലെ ഒന്നാം റാങ്ക് നിലനിര്‍ത്തി. ഏകദിന ചാമ്പ്യന്‍ഷിപ്പില്‍ 837 റണ്‍സുമായി ബാറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന താരം കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റ് സ്വന്തമാക്കിയാണ് നിലകൊള്ളുന്നത്. അതേ സമയം ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ മിത്താലി രാജ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കില്‍ എത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ എല്‍സെ പെറി രണ്ടാം റാങ്കിലും ന്യൂസിലാണ്ടിന്റെ ആമി സാത്തെര്‍ത്‍വൈറ്റ് മൂന്നാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ നത്താലി സ്കിവര്‍ ആണ് ആദ്യ അഞ്ച് പട്ടിക പൂര്‍ത്തിയാക്കുന്ന താരം.

സുരേഷ് റെയ്‍നയുടെ പേരിലുള്ള ഒരു റെക്കോര്‍ഡ് മറികടന്ന് സ്മൃതി മന്ഥാന

ടി20യില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റനായി സ്മൃതി മന്ഥാന. ഇന്ന് ഇംഗ്ലണ്ടിനെതിരൊയ ആദ്യ ടി20 മത്സരത്തിനിടെയാണ് സ്മൃതിയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനായത്. 22 വയസ്സും 229 ദിവസവും പ്രായമുള്ളപ്പോളാണ് സ്മൃതി ഇന്ത്യയെ ടി20യില്‍ നയിക്കുവാന്‍ എത്തുന്നത്. നേരത്തെ ഈ റെക്കോര്‍ഡ് സുരേഷ് റെയ്നയുടെ പേരിലായിരുന്നു. റെയ്‍ന 23 വയസ്സും 197 ദിവസവും പ്രായമുള്ളപ്പോളാണ് ടി20യില്‍ ഇന്ത്യയെ നയിച്ചത്.

ഇന്ത്യയുടെ സ്ഥിരം ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് പട്ടികയിലെ മൂന്നാമതുള്ളത്. ഇന്ത്യയെ നയിക്കുമ്പോള്‍ ഹര്‍മ്മന്‍പ്രീതിന്റെ പ്രായം 23 വയസ്സും 237 ദിവസവുമായിരുന്നു.

സ്മൃതിയുടെ പുതിയ ശീലം, പരമ്പരയിലെ താരം പദവി സ്വന്തമാക്കല്‍

ഇന്ത്യ വിജയം കുറിയ്ക്കുന്ന ഏകദിന പരമ്പരകളിലെ താരമെന്ന പദവി സ്വന്തമാക്കുന്നതില്‍ ഹരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഓപ്പണിംഗ് താരം സ്മൃതി മന്ഥാന. ഇന്ത്യ വിജയിച്ച കഴിഞ്ഞ നാല് പരമ്പരകളിലും സ്മൃതി തന്നെയാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ഇന്ത്യന്‍ ഓപ്പണര്‍ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ 2019ല്‍ ന്യൂസിലാണ്ട്, ഇംഗ്ലണ്ട് ഏകദിന പരമ്പരകളിലും സ്മൃതി തന്നെയാണ് താരം.

ഇന്ന് മുംബൈയില്‍ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും 66 റണ്‍സ് നേടിയ സ്മൃതിയാണ് മത്സരത്തിലെ ടോപ് സ്കോറര്‍. ആദ്യ മത്സരത്തില്‍ 24 റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളുവെങ്കിലും രണ്ടാം മത്സരത്തില്‍ 63 റണ്‍സാണ് സ്മൃതിയുടെ സംഭാവന. രണ്ട് അര്‍ദ്ധ ശതകങ്ങളാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ താരത്തിന്റെ നേട്ടം.

വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഹര്‍മ്മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുക എന്ന ദൗത്യം കൂടി സ്മൃതിയുടെ മേലുണ്ടാവും. ആ സമ്മര്‍ദ്ദത്തില്‍ ഇത്തരം ഒരു പ്രകടനം താരത്തിനു പുറത്തെടുക്കുവാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ആവേശപ്പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്

ഇന്ത്യ നേടിയ 205 റണ്‍സ് പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ ഏഴെണ്ണം നഷ്ടമായെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 30 റണ്‍സ് കൂട്ടുകെട്ടുമായി ജോര്‍ജ്ജിയ എല്‍വിസ്-കാത്തറിന്‍ ബ്രണ്ട് കൂട്ടുകെട്ട് ഒത്തുചേര്‍ന്നപ്പോള്‍ 48.5 ഓവറില്‍ വിജയം ഉറപ്പാക്കി സന്ദര്‍ശകര്‍. 45/5 എന്ന നിലയിലേക്ക് വീണ ശേഷമാണ് ഇംഗ്ലണ്ടിന്റെ ഈ വിജയം. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി മൂന്നും ശിഖ പാണ്ടേ, പൂനം യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പരമ്പര നേരത്തെ തന്നെ വിജയിച്ച ഇന്ത്യയ്ക്കെതിരെ ആശ്വാസ ജയം സ്വന്തമാക്കുവാന്‍ ഇംഗ്ലണ്ടിനു സാധിക്കുകയായിരുന്നു. 56 റണ്‍സ് നേടി ഡാനിയേല്‍ വയട്ടും 47 റണ്‍സുമായി ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റുമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയ മറ്റു താരങ്ങള്‍.

എന്നാല്‍ മത്സരം ഇംഗ്ലണ്ടിനു സ്വന്തമാക്കുവാന്‍ സഹായിച്ചത് ജോര്‍ജ്ജിയ എല്‍വിസിന്റെ പ്രകടനം തന്നെയാണ്. ഒപ്പം കാത്തറിന്‍ ബ്രണ്ടും ചേര്‍ന്നപ്പോള്‍ പരിഭ്രമം ഇല്ലാതെ ഇന്ത്യയെ കീഴടക്കുവാന്‍ ഇംഗ്ലണ്ടിനായി. എല്‍വിസ് 33 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബ്രണ്ട് 18 റണ്‍സാണ് വിജയികള്‍ക്കായി നേടിയത്. അവസാന ഓവറിനു മുമ്പ് ബ്രണ്ട് പുറത്തായെങ്കിലും ലക്ഷ്യം രണ്ട് റണ്‍സ് അകലെ മാത്രമായിരുന്നതിനാല്‍ അടുത്ത പന്തില്‍ തന്നെ ബൗണ്ടറി നേടി വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തില്‍ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് ജെമീമ റോഡ്രിഗസിനെ നഷ്ടമായെങ്കിലും സ്മൃതി മന്ഥാന(66), പൂനം റൗട്ട്(56) സഖ്യം നേടിയ 129 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ ഒരേ ഓവറില്‍ ഇന്ത്യയ്ക്ക് സ്മൃതിയെയും പൂനം റൗട്ടിനെയും നഷ്ടമായതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.

അടുത്ത ഓവറില്‍ മോന മേശ്രാമിനെയും അതിനടുത്ത ഓവറില്‍ മിത്താലിയെയും പുറത്താക്കി കാത്തറിന്‍ ബ്രണ്ട് തന്റെ വിക്കറ്റ് നേട്ടം മത്സരത്തില്‍ അഞ്ചാക്കി മാറ്റി. 129/1 എന്ന നിലയില്‍ നിന്ന് ഇന്ത്യ 50 ഓവര്‍ അവസാനിക്കുമ്പോള്‍ 205/8 എന്ന സ്കോറിലേക്ക് കഷ്ടപ്പെട്ട് നീങ്ങുകയായിരുന്നു. ശിഖ പാണ്ടേ(26) റണ്‍സ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മ 27 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യമായി ഇന്ത്യയെ നയിക്കുവാനൊരുങ്ങി സ്മൃതി, ടി20 സ്ക്വാ‍ഡ് പ്രഖ്യാപിച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യയെ സ്മൃതി നയിക്കും. പരമ്പരയ്ക്കുള്ള ടീമിലേക്ക് വേദ കൃഷ്ണമൂര്‍ത്തി തിരികെ എത്തുന്നു എന്നതാണ് പ്രത്യേകത. കഴിഞ്ഞ ടി20 ലോകകപ്പിലാണ് വേദ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. എന്നാല്‍ കളിച്ച അഞ്ച് മത്സരങ്ങളിലും രണ്ടക്ക സ്കോര്‍ നേടാനാകാതെ താരം പരാജയപ്പെട്ടപ്പോള്‍ ടി20-ഏകദിന ടീമില്‍ നിന്ന് താരത്തെ തഴയുകയായിരുന്നു.

ഹര്‍മ്മന്‍പ്രീത് കൗറിന്റെ പരിക്കാണ് ക്യാപ്റ്റന്‍സി ദൗത്യം സ്മൃതി മന്ഥാനയിലേക്ക് എത്തും. ഇതാദ്യമായാണ് ഇന്ത്യയെ സ്മൃതി മന്ഥാന നയിക്കുവാന്‍ പോകുന്നത്. ഹര്‍മ്മന്‍പ്രീത് കൗറിനു പകരം ഏകദിന ടീമില്‍ ഇടം പിടിച്ച ഹര്‍ലീന്‍ ഡിയോളിനെ ഇന്ത്യ ടി20 ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 4നു ഗുവഹാട്ടിയിലാണ് ആദ്യ മത്സരം നടക്കുക.

7, 10 തീയ്യതികളില്‍ അതേ വേദിയില്‍ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളും അരങ്ങേറും.

സ്ക്വാ‍ഡ്: സ്മൃതി മന്ഥാന, മിത്താലി രാജ്, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, ഭാരതി ഫുല്‍മാലി, അനൂജ പാട്ടില്‍, ശിഖ പാണ്ടേ, കോമല്‍ സന്‍സദ്, അരുന്ധതി റെഡ്ഢി, പൂനം യാദവ്, ഏക്ത ബിഷ്ട്, രാധ യാദവ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍ലീന്‍ ഡിയോള്‍

അനായാസ ജയം നേടി ഇന്ത്യ, നാല് വീതം വിക്കറ്റുമായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും ബാറ്റിംഗില്‍ തിളങ്ങി സ്മൃതി

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ച് കൂടിയായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 43.3 ഓവറില്‍ 161 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ലക്ഷ്യം 41.1 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. നത്താലി സ്കിവര്‍ 85 റണ്‍സുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര മികവ് പുറത്ത് വരാത്തതാണ് ടീമിനു തിരിച്ചടിയായത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും 4 വീതം വിക്കറ്റ് നേടിയപ്പോള്‍ പൂനം യാദവിനു രണ്ട് വിക്കറ്റ് ലഭിച്ചു. 28 റണ്‍സ് നേടിയ ലൗറന്‍ വിന്‍ഫീല്‍ഡും 20 റണ്‍സ് നേടിയ താമി ബ്യൂമോണ്ടുമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ജെമീമ റോഡ്രിഗസിനെ വേഗത്തില്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാനയുടെയും പൂനം റൗത്ത്, മിത്താലി രാജ് എന്നിവരുടെയും മികവില്‍ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. സ്മൃതി 63 റണ്‍സും പൂനം 32 റണ്‍സും നേടി പുറത്തായപ്പോള്‍ മിത്താലി 47 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

Exit mobile version